പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


സ്മരണിക സ്റ്റാമ്പും നാണയവും പുറത്തിറക്കി

“ഭഗവാൻ മഹാവീരന്റെ മൂല്യങ്ങളോടുള്ള യുവാക്കളുടെ പ്രതിബദ്ധത രാഷ്ട്രം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നതിന്റെ അടയാളമാണ്”

“2500 വർഷങ്ങൾക്കുശേഷവും നാം ഭഗവാൻ മഹാവീരന്റെ നിർവാണ ദിവസം ആഘോഷിക്കുകയാണ്; വരാനിരിക്കുന്ന ആയിരക്കണക്കിനു വർഷങ്ങളിലും രാജ്യം ഭഗവാൻ മഹാവീരന്റെ മൂല്യങ്ങൾ തുടർന്നും ആഘോഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”

“ലോകത്തെ നിരവധി യുദ്ധങ്ങളുടെ കാലഘട്ടത്തിൽ നമ്മുടെ തീർഥങ്കരരുടെ ശി‌ക്ഷണങ്ങൾ പുതിയ പ്രസക്തി കൈവരിച്ചു”

“വിഭജിക്കപ്പെട്ട ലോകത്ത് ‘വിശ്വബന്ധു’ എന്ന നിലയിൽ ഇന്ത്യ സ്വന്തമായി സ്ഥാനം സൃഷ്ടിക്കുകയാണ്”

“ഇന്ത്യയുടെ സ്വത്വം അതിന്റെ അഭിമാനമാണെന്നു പുതിയ തലമുറ വിശ്വസിക്കുന്നു. ആത്മാഭിമാനം ഉണരുമ്പോൾ ഒരു രാഷ്ട്രത്തെ തടയുക അസാധ്യമാണെന്നതിന്റെ തെളിവാണ് ഇന്ത്യ”

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആധുനികത ശരീരവും ആത്മീയത ആത്മാവുമാണ്”

Posted On: 21 APR 2024 12:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീര വിഗ്രഹത്തിൽ അരിയും പുഷ്പദളങ്ങളും നൽകി ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഭഗവാൻ മഹാവീര സ്വാമിയെക്കുറിച്ചു സ്കൂൾ കുട്ടികൾ അവതരിപ്പിച്ച “വർത്തമാൻ മേ വർധമാൻ” എന്ന നൃത്തനാടകത്തിനു സാക്ഷ്യം വഹിച്ചു. ചടങ്ങിൽ സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവത്തിന് ഇന്ന് മഹത്തായ ഭാരത് മണ്ഡപം സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “വർത്തമാൻ മേ വർധമാൻ” എന്ന പേരിൽ ഭഗവാൻ മഹാവീര സ്വാമിയെക്കുറിച്ചു സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്തനാടകം പരാമർശിച്ച്, ഭഗവാൻ മഹാവീരന്റെ മൂല്യങ്ങളോടുള്ള യുവാക്കളുടെ സമർപ്പണവും പ്രതിബദ്ധതയും രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തദവസരത്തിൽ സ്മരണിക സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ജൈനസമൂഹത്തിന്റെ മാർഗനിർദേശത്തിനും അനുഗ്രഹങ്ങൾക്കും നന്ദി രേഖപ്പെടുത്തി. മഹാവീര ജയന്തി ദിനത്തിൽ ജൈന സമുദായത്തിൽ നിന്നുള്ള സന്ന്യാസിമാർക്കു പ്രണമാം അർപ്പിച്ച ശ്രീ മോദി, എല്ലാ പൗരന്മാർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. ആചാര്യ ശ്രീ വിദ്യാസാഗർജി മഹാരാജിനു ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ആചാര്യനുമായി‌ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ഇപ്പോഴും നമ്മെ നയിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, രാജ്യം സ്വാതന്ത്ര്യത്തിന്റെ സുവർണനൂറ്റാണ്ടിനായി പ്രയത്നിക്കുന്ന അമൃതകാലത്തിന്റെ പ്രാരംഭഘട്ടം പോലുള്ള വിവിധ സന്തോഷകരമായ യാദൃച്ഛികതകൾ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 75-ാം വർഷവും രാജ്യത്തിന്റെ ഭാവിദിശ നിർണയിക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമൃതകാലം എന്ന ആശയം കേവലം പ്രമേയമല്ലെന്നും അമരത്വത്തിലൂടെയും നിത്യതയിലൂടെയും ജീവിക്കാൻ നമ്മെ അനുവദിക്കുന്ന ആത്മീയ പ്രചോദനമാണെന്നും ശ്രീ മോദി പറഞ്ഞു. “2500 വർഷങ്ങൾക്കുശേഷവും നാം ഭഗവാൻ മഹാവീരന്റെ നിർവാണദിവസം ആഘോഷിക്കുകയാണ്; വരാനിരിക്കുന്ന ആയിരക്കണക്കിനു വർഷങ്ങളിലും രാജ്യം ഭഗവാൻ മഹാവീരന്റെ മൂല്യങ്ങൾ തുടർന്നും ആഘോഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും വിഭാവനം ചെയ്യാനുള്ള ശക്തിയും ദീർഘവീക്ഷണത്തോടെയുള്ള സമീപനവും ഇന്ത്യയെ ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ നാഗരികതയാക്കി മാറ്റുകയും ഇന്ന് മനുഷ്യരാശിയുടെ അഭയസ്ഥാനമാക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. “സ്വന്തം കാര്യത്തിനായല്ല, മറിച്ച്, എല്ലാവർക്കും വേണ്ടി ചിന്തിക്കുകയും എല്ലാവരിലും വിശ്വസിക്കുകയും ചെയ്യുന്ന ഇന്ത്യയാണിത്. പാരമ്പര്യങ്ങളെക്കുറിച്ച് മാത്രമല്ല നയങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഇന്ത്യയാണ്. ശരീരത്തിലെ പ്രപഞ്ചത്തെക്കുറിച്ചും ലോകത്തിലെ ബ്രഹ്മാവിനെക്കുറിച്ചും ജീവജാലങ്ങളിലെ ശിവനെക്കുറിച്ചും സംസാരിക്കുന്നത് ഇന്ത്യയാണ്” - അദ്ദേഹം പറഞ്ഞു.

നിശ്ചലമായ കാഴ്ചപ്പാടുകൾ അഭിപ്രാലവ്യത്യാസങ്ങളായി മാറിയേക്കാമെന്നും, എന്നിരുന്നാലും, ചർച്ചയുടെ സ്വഭാവമനുസരിച്ച് ചർച്ച പുതിയ കാഴ്ചപ്പാടുകളിലേക്കും നാശത്തിലേക്കും നയിച്ചേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 75 വർഷത്തെ ഈ മഥനം ഈ അമൃതകാലത്ത് അമൃതിലേക്കു നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ പല രാജ്യങ്ങളും യുദ്ധത്തിലേർപ്പെടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ തീർഥങ്കരരുടെ ശിക്ഷണത്തിന് പുതിയ പ്രസക്തി കൈവന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനും നമ്മെ പഠിപ്പിക്കുന്ന അനേകാന്തവാദ, സ്യാദ്‌വാദ തുടങ്ങിയ തത്വചിന്തകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.

സംഘർഷത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യരാശി ഇന്ന് ഇന്ത്യയിൽനിന്ന് സമാധാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്കാരിക പ്രതിച്ഛായ, വളർന്നുവരുന്ന കഴിവുകൾ, വിദേശനയം എന്നിവയാണ് ഈ വളർച്ചയ്ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് നാം ആഗോള വേദികളിൽ പൂർണ വിശ്വാസത്തോടെ സത്യത്തിന്റെയും അഹിംസയുടെയും തത്വങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ആഗോള പ്രശ്‌നത്തിനുള്ള പരിഹാരം പുരാതന ഇന്ത്യൻ സംസ്‌കാരത്തിലും പാരമ്പര്യത്തിലും കണ്ടെത്തിയിട്ടുണ്ടെന്ന് ഞങ്ങൾ ലോകത്തോട് പറയുന്നു. അതുകൊണ്ടാണ് വിഭജിക്കപ്പെട്ട ലോകത്ത് ഇന്ത്യ ‘വിശ്വബന്ധു’ എന്ന നിലയിൽ സ്വയം ഇടം നേടുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മിഷൻ ലൈഫ് പോലുള്ള ഇന്ത്യൻ സംരംഭങ്ങളും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന കാഴ്ചപ്പാടും ‘ഏകലോകം- ഏക സൂര്യൻ- ഏക ഊർജശൃംഖല’ മാർഗരേഖയും അദ്ദേഹം പരാമർശിച്ചു. അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള ദീർഘവീക്ഷണമുള്ള ആഗോള സംരംഭത്തിന് ഇന്ത്യ ഇന്ന് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഈ സംരംഭങ്ങൾ ലോകത്ത് പ്രത്യാശ ഉളവാക്കുക മാത്രമല്ല, നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ആഗോള ധാരണയിൽ മാറ്റം വരുത്താൻ കാരണമാകുകയും ചെയ്തു” - പ്രധാനമന്ത്രി പറഞ്ഞു.

ജൈനമതത്തിന്റെ അർഥത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അത് വിജയ‌ികളുടെ പാതയാണെന്ന് പറഞ്ഞു. ഇന്ത്യ ഒരിക്കലും മറ്റൊരു രാഷ്ട്രത്തെ കീഴടക്കാനായി ആക്രമിച്ചിട്ടില്ലെന്നും പകരം സ്വയം മെച്ചപ്പെടുത്താനാണു പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ നിരവധി നാഗരികതകൾ നശിച്ചുപോയിട്ടും ഇരുണ്ട കാലഘട്ടത്തിൽ രാജ്യത്തെ അതിന്റെ വഴി കണ്ടെത്തുന്നതിന് മഹദ് സന്ന്യാസിമാരും ഋഷിമാരും നയിച്ചതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന നിരവധി ആഘോഷങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, ജൈന ആചാര്യരുടെ ക്ഷണപ്രകാരമുള്ള പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. “പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, എന്റെ മൂല്യങ്ങൾ ഓർമിപ്പിക്കുന്നതിനായി ‘മിച്ഛാമി ദുക്കഡം’ ചൊല്ലിയത് ഞാൻ ഓർക്കുന്നു” -  പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകം, യോഗ, ആയുർവേദം എന്നിവയുടെ സൗന്ദര്യവൽക്കരണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ഇന്ത്യയുടെ സ്വത്വം അതിന്റെ അഭിമാനമാണെന്ന് പുതുതലമുറ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആത്മാഭിമാനം ഉണരുമ്പോൾ ഒരു രാഷ്ട്രത്തെ തടയുക അസാധ്യമാണെന്നതിന്റെ തെളിവാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആധുനികത ശരീരവും ആത്മീയത ആത്മാവുമാണ്. ആധുനികതയിൽ നിന്ന് ആത്മീയത ഇല്ലാതായാൽ അരാജകത്വം ജനിക്കും” - പ്രധാനമന്ത്രി പറഞ്ഞു. ആ മൂല്യങ്ങളുടെ പുനരുജ്ജീവനമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്നതിനാൽ ഭഗവാൻ മഹാവീരന്റെ ശിക്ഷണങ്ങൾ പിന്തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.

25 കോടിയിലധികം ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്നു കരകയറിയതോടെ അഴിമതിയുടെയും നിരാശയുടെയും കാലഘട്ടത്തിൽനിന്ന് ഇന്ത്യ കരകയറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിമിഷം പ്രയോജനപ്പെടുത്താൻ പൗരന്മാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ‘അസ്തേയയുടെയും അഹിംസയുടെയും’ പാത പിന്തുടരാൻ എല്ലാവരോടും ആവശ്യപ്പെടുകയും രാജ്യത്തിന്റെ ഭാവിക്കായി പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധത ആവർത്തിക്കുകയും സന്ന്യാസിമാരുടെ പ്രചോദനാത്മകമായ വാക്കുകൾക്കു നന്ദി പറയുകയും ചെയ്തു.

കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള പാർലമെന്ററികാര്യ-സാംസ്കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, ജൈന സമുദായത്തിലെ മറ്റു വിശിഷ്ട വ്യക്തികൾ, സന്ന്യാസിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

24-ാമതു തീർഥങ്കരനായ ഭഗവാൻ മഹാവീരൻ, അഹിംസ, സത്യം, അസ്തേയ (മോഷ്ടിക്കാതിരിക്കൽ), ബ്രഹ്മചര്യം, അപരിഗ്രഹം (എല്ലാ കാര്യങ്ങളിൽ നിന്നുമുള്ള വിടുതൽ) തുടങ്ങിയ ജൈനതത്വങ്ങളിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും പാത പ്രകാശിപ്പിച്ചു.

ച്യവന/ഗർഭ (ഉൽപ്പത്തി) കല്യാണക്; ജന്മ (ജനനം) കല്യാണക്ക്; ദീക്ഷ (ത്യാഗം) കല്യാണക്; കേവലജ്ഞാന (സർവജ്ഞാനം) കല്യാണക്, നിർവാണ (മോചനം/പരമമായ രക്ഷ) കല്യാണക് എന്നിങ്ങനെ, മഹാവീര സ്വാമിജിയുടേതുൾപ്പെടെ ഓരോ തീർഥങ്കരന്റെയും അഞ്ച് ‘കല്യാണക്കുകൾ’ (പ്രധാന സംഭവങ്ങൾ) ജൈനർ ആഘോഷിക്കുന്നു. 2024 ഏപ്രിൽ 21 ഭഗവാൻ മഹാവീര സ്വാമിയുടെ ജന്മകല്യാണക്കാണ്. ഭാരത് മണ്ഡപത്തിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച്, ഗവൺമെന്റ് ജൈന സമൂഹത്തോടൊപ്പം ഈ അവസരം അനുസ്മരിക്കുകയാണ്.

__NK__



(Release ID: 2018374) Visitor Counter : 55