തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

കശ്മീരി കുടിയേറ്റ വോട്ടർമാർക്ക് വലിയ ആശ്വാസം; ജമ്മുവിലും ഉധംപുരിലും താമസിക്കുന്ന കുടിയേറ്റക്കാർക്കുള്ള സങ്കീർണമായ ഫോം-എം നടപടിക്രമം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി


ഈ പ്രദേശങ്ങൾക്കുപുറത്തു താമസിക്കുന്ന കുടിയേറ്റക്കാർക്ക്, ഫോം എം തുടരും; ഇവർക്ക്, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തല‌ിനു പകരം സ്വയംസാക്ഷ്യപ്പെടുത്തൽ

ജമ്മുവിലെയും ഉധംപുരിലെയും എല്ലാ കുടിയേറ്റ മേഖലകളിലും പ്രത്യേക പോളിങ് സ്റ്റേഷനുകൾ

Posted On: 12 APR 2024 5:40PM by PIB Thiruvananthpuram

2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കശ്മീരി കുടിയേറ്റക്കാർക്കു വോട്ടുചെയ്യൽ സുഗമമാക്കുന്നതിനുള്ള സുപ്രധാന തീരുമാനത്തിൽ, ജമ്മുവിലും ഉധംപുരിലും താമസിക്കുന്ന, താഴ്‌വരയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്കു ഫോം-എം പൂരിപ്പിക്കുന്നതിനുള്ള സങ്കീർണമായ നടപടിക്രമം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നിർത്തലാക്കി. കൂടാതെ, ജമ്മുവിനും ഉധംപുരിനും പുറത്തു താമസിക്കുന്ന കുടിയേറ്റക്കാർക്ക് (അവർ ഫോം എം സമർപ്പിക്കുന്നത് തുടരും), ഫോം-എമ്മിനൊപ്പം ചേർത്ത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തലിന് ECI അംഗീകാരം നൽകിയിട്ടുണ്ട്. അതിലൂടെ, ഈ സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി. സിഇസി ശ്രീ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ഡോ. സുഖ്ബീർ സിങ് സന്ധു എന്നിവരുൾപ്പെട്ട് ഇന്ന് നടന്ന യോഗത്തിന് ശേഷമാണ് കമ്മീഷൻ തീരുമാനമെടുത്തത്.

വോട്ടവകാശം വിനിയോഗിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന തരത്തിൽ, ഓരോ തെരഞ്ഞെടുപ്പിലും ഫോം-എം പൂരിപ്പിക്കുന്നതിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടി, നിരവധി കശ്മീരി കുടിയേറ്റ വിഭാഗങ്ങളിൽനിന്നു വിവിധ നിവേദനങ്ങൾ ലഭിച്ചു. ഫോം-എം നടപടിക്രമം ഈ വോട്ടർമാർക്ക് മറ്റ് വോട്ടർമാരെ അപേക്ഷിച്ച് അധിക ഉദ്യോഗസ്ഥതലത്തിലെ തടസ്സങ്ങൾക്ക് വിധേയമാക്കുന്നു. മാത്രമല്ല, ഫോം-എം പൂരിപ്പിക്കുന്ന പ്രക്രിയ പലപ്പോഴും സങ്കീർണവും ബുദ്ധിമുട്ടുള്ളതുമാണ്. പ്രത്യേക രേഖകളും കുടിയേറ്റവുമായി ബന്ധപ്പെട്ട് തൽസ്ഥിതിയുടെ തെളിവും ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. ജമ്മു-കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ 09.04.2024-ന് രാഷ്ട്രീയ കക്ഷികളുമായി നടത്തിയ കൃത്യമായ കൂടിയാലോചനകളോടെയും പൂർണ യോജിപ്പോടെയും തന്റെ അഭിപ്രായങ്ങൾ കമ്മീഷനു സമർപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കശ്മീരി കുടിയേറ്റ വിഭാഗങ്ങളിൽനിന്നു ലഭിച്ച നിവേദനങ്ങൾ, രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള പ്രതികരണം, ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ചീഫ് ഇലക്ടറൽ ഓഫീസറുടെ അഭിപ്രായങ്ങൾ എന്നിവ കണക്കിലെടുത്താണ് കമ്മീഷൻ, കശ്മീരി കുടിയേറ്റക്കാർക്ക് താൽക്കാലിക ക്യാമ്പുകളിൽ നേരിട്ട് വോട്ടുചെയ്യാനും 2024-ൽ ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ടുചെയ്യാനുമുള്ള പദ്ധതി 11.04.2024-ലെ ഓർഡർ നമ്പർ 3/J&KHP/2024(NS-I) പ്രകാരം വിജ്ഞാപനം ചെയ്തത്.

ജമ്മുവിലെയും ഉധംപുരിലെയും കുടിയേറ്റ വോട്ടർമാർക്ക്:

(i)    എല്ലാ 22 പ്രത്യേക പോളിങ് സ്റ്റേഷനുകളും (ജമ്മുവിലെ 21ഉം ഉധംപുരിലെ ഒന്നും) ക്യാമ്പുകളുമായി/സോണുകളുമായി വ്യക്തിഗതമായി മാപ്പ് ചെയ്യണം; ഓരോ സോണിലും കുറഞ്ഞത് 2 പ്രത്യേക പോളിങ് സ്റ്റേഷനെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. ഒരു സോണിൽ ഒന്നിലധികം പോളിങ് സ്‌റ്റേഷനുകൾ ഉണ്ടെങ്കിൽ, ഓരോ സെറ്റ് വോട്ടർമാരുടെയും ദൂരം/എത്താനുള്ള എളുപ്പം കണക്കിലെടുത്ത് സോണൽ ഓഫീസർമാർ അത്തരം ഓരോ പോളിങ് സ്‌റ്റേഷനുമുള്ള ഇൻട്രാ സോണൽ അധികാരപരിധി നിശ്ചയിക്കും. നിലവിലുള്ള പ്രത്യേക പോളിങ് സ്റ്റേഷനുകളൊന്നും ഇല്ലാത്ത ഏതെങ്കിലും സോണുണ്ടെങ്കിൽ, രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിക്കുന്നതുൾപ്പെടെ, ഒരു പോളിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് കമ്മീഷന്റെ നിലവിലുള്ള എല്ലാ നിർദേശങ്ങളും പാലിച്ച്, അനുയോജ്യമായ ഗവണ്മെന്റ് കെട്ടിടത്തിൽ ബന്ധപ്പെട്ട എആർഒ മൈഗ്രന്റ് പുതിയ പ്രത്യേക പോളിങ് സ്റ്റേഷൻ നിർദേശിക്കും. ഇതിന്റെ ഫലമായി, ഈ സോണുകളിൽ/ക്യാമ്പുകളിൽ താമസിക്കുന്ന വോട്ടർമാരെ ജമ്മുവിലെയും ഉധംപുരിലെയും അതത് എഇആർഒ മൈഗ്രന്റ്‌സ് അതത് പോളിങ് സ്റ്റേഷനുകളിലേക്കു മാപ്പ് ചെയ്യും.

(ii)   ഈ പ്രത്യേക പോളിങ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട വോട്ടർ പട്ടികകൾ അതത് നിയമസഭാ മണ്ഡലങ്ങളിലെ അടിസ്ഥാന വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യേണ്ടതാണ്. ഓരോ സോണിനുമുള്ള പ്രത്യേക പോളിങ് സ്റ്റേഷനുകൾക്കുള്ള പട്ടികയായി ഉപയോഗിക്കേണ്ട കരട് വോട്ടർപട്ടികകൾ ജമ്മുവിലെയും ഉധംപുരിലെയും അതത് എഇആർഒ മൈഗ്രന്റ്‌സ് വിജ്ഞാപനം ചെയ്യുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും, സോൺ ഓഫീസ് ഉൾപ്പെടെ സോണിലെ ശ്രദ്ധേയമായ എല്ലാ സ്ഥലങ്ങളി‌ലും, അതുപോലെ, ദുരിതാശ്വാസ-പുനരധിവാസ കമ്മീഷണറുടെ ഓഫീസ്, ജമ്മു കശ്മീർ, വെബ്‌സൈറ്റുകൾ തുടങ്ങി കുടിയേറ്റക്കാർക്ക് പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളിലും വ്യാപകമായ പ്രചാരണം നൽകണം. കരട് വോട്ടർ പട്ടിക വിജ്ഞാപനം ചെയ്ത് 7 ദിവസത്തിനുള്ളിൽ, ഇനിപ്പറയുന്ന സാഹചര്യത്തിൽ എല്ലാ വോട്ടർമാരും ജമ്മുവിലെയും ഉധംപുരിലെയും ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരെ (മൈഗ്രന്റ്) സമീപിക്കണം:

•         കരട് പട്ടികയിൽ അർഹതയുള്ള ഏതെങ്കിലും പേര് ഒഴിവാക്ക‌ിയിട്ടുണ്ടെങ്കിൽ

•         തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യാൻ അവൻ(ൾ) ആഗ്രഹിക്കുന്നുവെങ്കിൽ

•         കശ്മീർ താഴ്‌വരയിലെ യഥാർഥ പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ അവൻ(ൾ) ആഗ്രഹിക്കുന്നുവെങ്കിൽ

•         ഇതിനകം ഫോം-എം സമർപ്പിച്ചവർ, കരടിൽ അനുവദിച്ചിട്ടുള്ളതിൽനിന്നു വ്യത്യസ്തമായ പ്രത്യേക പോളിങ് സ്റ്റേഷൻ തിരഞ്ഞെടുത്ത്, ഫോം-എമ്മിൽ നൽകിയിരിക്കുന്ന മുൻഗണന അനുസരിച്ച് അത് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ.

7 ദിവസത്തെ കാലാവധി കഴിഞ്ഞശേഷം, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ (മൈഗ്രന്റ്) ഓരോ പ്രത്യേക പോളിങ് സ്റ്റേഷന്റെയും അന്തിമ വോട്ടർ പട്ടിക വിജ്ഞാപനം ചെയ്യുകയും പോളിങ് ദിവസം ഈ പോളിങ് സ്റ്റേഷനുകളിൽ അവ ഉപയോഗിക്കുകയും ചെയ്യും. ഈ അന്തിമ വോട്ടർ പട്ടികകളുടെ പകർപ്പ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ (മൈഗ്രന്റ്) കശ്മീരിലെ യഥാർഥ പോളിങ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നതിനായി കശ്മീരിലെ അതത് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർ/അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവരുമായി ഉടൻ പങ്കിടേണ്ടതാണ്.

(iii) ഫോം 12 സി പൂരിപ്പിച്ച് തപാൽ ബാലറ്റ് തിരഞ്ഞെടുക്കുന്ന വോട്ടർക്ക് ഈ പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ വോട്ടുചെയ്യാനുള്ള അവസരം ലഭിക്കുന്നില്ലെന്ന്, ഈ സ്‌കീമിന് കീഴിലുള്ള പോസ്റ്റൽ ബാലറ്റുകളുടെ നോഡൽ ഓഫീസറായ എആർഒ മൈഗ്രന്റ് ജമ്മു ഉറപ്പാക്കും. ഈ വോട്ടർമാരിൽ ആരിൽനിന്നെങ്കിലും ഫോം 12സി ലഭിക്കുകയും തപാൽ ബാലറ്റ് 3 അയയ്‌ക്കുകയും ചെയ്‌താൽ, ബന്ധപ്പെട്ട വോട്ടർ പട്ടികകളിൽ പ്രസ്തുത വോട്ടറുടെ പേരിന് നേരെ 'PB' എന്ന് അടയാളപ്പെടുത്തണം.

ജമ്മുവിനും ഉധംപുരിനും പുറത്ത് താമസിക്കുന്ന കുടിയേറ്റക്കാർക്കായി

ഫോം എമ്മിനൊപ്പം ചേർത്തിട്ടുള്ള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫീസറെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാൻ, ഈ ഫോമുകളുടെ ‘സ്വയം സാക്ഷ്യപ്പെടുത്തൽ’ മതിയാകും. എന്നിരുന്നാലും, പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ ആൾമാറാട്ടം ഒഴിവാക്കാൻ, പോളിങ് സ്റ്റേഷനുകളിലെ വോട്ടർമാരെ തിരിച്ചറിയുന്നതിന് കമ്മീഷൻ നിർദേശിച്ചിട്ടുള്ള ഏതെങ്കിലും ഇപിഐസി (വോട്ടർ ഐഡി കാർഡ്) അല്ലെങ്കിൽ ഏതെങ്കിലും ഇതര രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

(ഇതര തിരിച്ചറിയൽ രേഖകൾ:

https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqk1KivrUxbfqkDatmHyq5 Fsi8N4zYcCRaQ2199MM81QYarA39BJWGAJqpL2w0Jta9CSv%2B1yJkuMeCkTzY9fhBvw%3D%3D )

പശ്ചാത്തലം: കശ്മീരി കുടിയേറ്റക്കാർക്കുള്ള പദ്ധതി

22.03.2024 ലെ നമ്പർ 464/J&K-HP/2024 കത്ത് പ്രകാരം കശ്മീരി കുടിയേറ്റക്കാർക്ക് താൽക്കാലിക ക്യാമ്പുകളിൽ നേരിട്ട് വോട്ടുചെയ്യാനോ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 1. ബാരാമൂല, 2. ശ്രീനഗർ, 3. അനന്ത്നാഗ്-രാജൗരി എന്നീ മൂന്ന് പാർലമെന്റ് നിയോജക മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ തപാൽ ബാലറ്റിലൂടെ വോട്ടു ചെയ്യാനോ, ഉള്ള പദ്ധതി കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു.

പദ്ധതിപ്രകാരം, ഡൽഹി, ജമ്മു, ഉധംപുർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കശ്മീരി കുടിയേറ്റ വോട്ടർമാർക്കും 2024ലെ ലോക്‌സഭയിലേക്ക് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വഴി നേരിട്ട് വോട്ട് ചെയ്യാം. ഡൽഹി (4), ജമ്മു (21), ഉധംപുർ (1) എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന നിയുക്ത പോളിങ് സ്റ്റേഷനുകളിലൊന്നിൽ ഫോം എം പൂരിപ്പിച്ച് ഇവർക്കു വോട്ടു ചെയ്യാനാകും. തപാൽ ബാലറ്റുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ തീരുമാനിച്ച കുടിയേറ്റ വോട്ടർമാർക്ക് നിർദിഷ്ട ഫോം 12-സിയിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം.

ജമ്മു, ഉധംപുർ, ഡൽഹി ഒഴികെയുള്ള വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടിയേറ്റ വോട്ടർമാർക്കും നേരിട്ടോ തപാൽ ബാലറ്റ് ഉപയോഗിച്ചോ വോട്ടുചെയ്യാം. കൂടാതെ കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഫോം-എം, ഫോം 12-സി എന്നിവ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച ശേഷം അത്തരം ഫോമുകൾ അവൻ/അവൾ താമസിക്കുന്ന പ്രദേശങ്ങളുടെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുഖേന പരിശോധിക്കേണ്ടതാണ്. കശ്മീരിലെ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ എൻറോൾ ചെയ്തിട്ടുള്ള കുടിയേറ്റ വോട്ടർമാരുടെ വിശദാംശങ്ങൾ ഇആർഒ-നെറ്റ് വഴി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പ്രാപ്യമാകും. ബന്ധപ്പെട്ട ഇആർഒ, ഫോം-എമ്മിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, കൂടുതൽ ആവശ്യമായ നടപടികൾക്കായി ഡൽഹി, ജമ്മു, ഉധംപുർ എന്നിവിടങ്ങളിലെ എആർഒ കുടിയേറ്റക്കാർക്ക് ഇലക്ട്രോണിക് രീതിയിൽ കൈമാറുന്നതിന് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യും.

2024ലെ ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചിരുന്നു, ജമ്മു & കശ്മീരിൽ ഇനിപ്പറയുന്ന ഘട്ടങ്ങളിലാണു പോളിങ് നടത്തുക.

 

ഘട്ടം

പാർലമെന്റ് മണ്ഡലത്തിന്റെ നമ്പരും പേരും

പോളിങ് തീയതി

ഷെഡ്യൂൾ 1A

4-ഉധംപുർ

19.04.2024

ഷെഡ്യൂൾ 2B

5-ജമ്മു

26.04.2024

ഷെഡ്യൂൾ-III

3- അനന്ത്നാഗ്-രാജൗരി

07.05.2024

ഷെഡ്യൂൾ-IV

2-ശ്രീനഗർ

13.05.2024

ഷെഡ്യൂൾ-V

1-ബാരാമൂല

20.05.2024

 --NK--


(Release ID: 2017775) Visitor Counter : 76