പ്രധാനമന്ത്രിയുടെ ഓഫീസ്
ആർബിഐ@90 ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
റിസർവ് ബാങ്കിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ചു സ്മാരകനാണയം പുറത്തിറക്കി
“നമ്മുടെ രാജ്യത്തിന്റെ വളർച്ചാപാത മുന്നോട്ടുകൊണ്ടുപോകുന്നതിൽ റിസർവ് ബാങ്ക് നിർണായക പങ്കു വഹിക്കുന്നു”
“സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള കാലഘട്ടങ്ങൾക്കു റിസർവ് ബാങ്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്; പ്രൊഫഷണലിസത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ ലോകമെമ്പാടും പ്രതിച്ഛായ സൃഷ്ടിച്ചു”
“ഇന്ത്യൻ ബാങ്കിങ് സംവിധാനം ലോകത്തെ ശക്തവും സുസ്ഥിരവുമായ ബാങ്കിങ് സംവിധാനമായി കാണുന്ന ഘട്ടത്തിലേക്കു നാം ഇന്ന് എത്തി”
“അംഗീകാരം, പരിഹാരം, പുനർമൂലധനവൽക്കരണം എന്നീ തന്ത്രങ്ങളിൽ ഗവണ്മെന്റ് പ്രവർത്തിച്ചു”
“സജീവമായ വിലനിരീക്ഷണവും സാമ്പത്തിക ഏകീകരണവും പോലുള്ള നടപടികൾ കൊറോണയുടെ പ്രയാസകരമായ സമയങ്ങളിൽപ്പോലും പണപ്പെരുപ്പം മിതമായ തലത്തിൽ നിലനിർത്തി”
“ഇന്ന്, ആഗോള ജിഡിപി വളർച്ചയിൽ 15 ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യ ആഗോള വളർച്ചയുടെ എൻജിനായി മാറുകയാണ്”
“വികസിത ഭാരതത്തിന്റെ ബാങ്കിങ് കാഴ്ചപ്പാടിന്റെ സമഗ്രമായ മതിപ്പിന് അനുയോജ്യമായ സ്ഥാപനമാണു റിസർവ് ബാങ്ക്”
Posted On:
01 APR 2024 12:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 വർഷം ആഘോഷിക്കുന്ന RBI@90 എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. ആർബിഐയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് സ്മാരകനാണയവും ശ്രീ മോദി പുറത്തിറക്കി. 1935 ഏപ്രിൽ ഒന്നിനു പ്രവർത്തനം ആരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് 90-ാം വർഷത്തിലേക്കു കടന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് 90 വർഷം പൂർത്തിയാക്കി ചരിത്രപരമായ നാഴികക്കല്ലിൽ എത്തിയെന്ന്, ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള കാലഘട്ടങ്ങൾക്കു റിസർവ് ബാങ്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അതിന്റെ പ്രൊഫഷണലിസത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ ലോകമെമ്പാടും പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആർബിഐ 90 വർഷം പൂർത്തിയാക്കിയതിൽ എല്ലാ ജീവനക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നത്തെ റിസർവ് ബാങ്ക് ജീവനക്കാരെ ഭാഗ്യവാന്മാരായി കണക്കാക്കിയ പ്രധാനമന്ത്രി, ഇന്നു തയ്യാറാക്കിയ നയങ്ങൾ ആർബിഐയുടെ അടുത്ത ദശകത്തെ രൂപപ്പെടുത്തുമെന്നും അടുത്ത 10 വർഷം ആർബിഐയെ അതിന്റെ ശതാബ്ദിവർഷത്തിലേക്കു കൊണ്ടുപോകുമെന്നും പറഞ്ഞു. “അടുത്ത ദശകം വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തിനു വളരെ പ്രധാനമാണ്” - വേഗതയേറിയ വളർച്ചയ്ക്കും വിശ്വാസത്തിലും സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ആർബിഐയുടെ മുൻഗണന ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ലക്ഷ്യങ്ങളും തീരുമാനങ്ങളും പൂർത്തീകരിക്കുന്നതിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.
രാജ്യത്തിന്റെ ജിഡിപിയിലും സമ്പദ്‌വ്യവസ്ഥയിലും പണ-ധനനയങ്ങളുടെ ഏകോപനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, 2014 ലെ ആർബിഐയുടെ 80 വർഷത്തെ ആഘോഷം അനുസ്മരിക്കുകയും അക്കാലത്തു രാജ്യം നേരിട്ട എൻപിഎ, ബാങ്കിങ് സംവിധാനത്തിന്റെ സ്ഥിരത തുടങ്ങിയ വെല്ലുവിളികളും പ്രശ്നങ്ങളും ഓർമ്മിക്കുകയും ചെയ്തു. അവിടെ നിന്ന് ആരംഭിച്ച്, ലോകത്തിലെ ശക്തവും സുസ്ഥിരവുമായ ബാങ്കിങ് സംവിധാനമായി കാണുന്ന ഘട്ടത്തിലേക്കു നാം എത്തിയെന്നും അക്കാലത്തെ മോശം ബാങ്കിങ് സംവിധാനം ഇപ്പോൾ ലാഭത്തിലാണെന്നും റെക്കോർഡ് ക്രെഡിറ്റ് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിവർത്തനത്തിനായുള്ള നയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും തീരുമാനങ്ങളുടെയും വ്യക്തതയെ പ്രധാനമന്ത്രി പ്രശംസിച്ചു. “ഉദ്ദേശ്യങ്ങൾ ശരിയാകുന്നിടത്തു ഫലങ്ങളും ശരിയാകും” - പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങളുടെ സമഗ്ര സ്വഭാവത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, അംഗീകാരം, പ്രമേയം, പുനർമൂലധനവൽക്കരണം എന്നീ തന്ത്രങ്ങളിലാണു ഗവണ്മെന്റ് പ്രവർത്തിച്ചതെന്നു പറഞ്ഞു. ഭരണവുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങൾക്കൊപ്പം പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം ഏറ്റെടുത്തു. പാപ്പരത്ത കോഡ് 3.25 ലക്ഷം രൂപയുടെ വായ്പകൾ പരിഹരിച്ചു - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 9 ലക്ഷം കോടിയിലധികം രൂപയുടെ വീഴ്ച വരുത്തിയ 27,000-ലധികം അപേക്ഷകൾ ഐബിസിക്കുകീഴിൽ പ്രവേശനത്തിനു മുമ്പുതന്നെ പരിഹരിച്ചതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു. 2018ൽ 11.25 ശതമാനമായിരുന്ന ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 2023 സെപ്‌റ്റംബറോടെ 3 ശതമാനത്തിൽ താഴെയായി. ഇരട്ട ബാലൻസ് ഷീറ്റുകളുടെ പ്രശ്നം പഴയകാല പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിവർത്തനത്തിനു റിസർവ് ബാങ്ക് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആർബിഐയുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും സാമ്പത്തിക നിർവചനങ്ങളിലും സങ്കീർണമായ പദാവലികളിലും ഒതുങ്ങുന്നുവെങ്കിലും ആർബിഐയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സാധാരണ പൗരന്മാരുടെ ജീവിതത്തിൽ നേരിട്ടു സ്വാധീനം ചെലുത്തുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടയിൽ, കേന്ദ്ര ബാങ്കുകൾ, ബാങ്കിങ് സംവിധാനങ്ങൾ, ഗുണഭോക്താക്കൾ എന്നിവ തമ്മിലുള്ള ബന്ധം ഗവണ്മെന്റ് ഉയർത്തിക്കാട്ടിയെന്നു പറഞ്ഞ പ്രധാനമന്ത്രി, പാവപ്പെട്ടവരെ സാമ്പത്തികമായി ഉൾപ്പെടുത്തുന്നതിന്റെ ഉദാഹരണവും നൽകി. രാജ്യത്തെ 52 കോടി ജൻധൻ അക്കൗണ്ടുകളിൽ 55 ശതമാനവും സ്ത്രീകളുടേതാണെന്ന് അദ്ദേഹം പരാമർശിച്ചു. 7 കോടിയിലധികം കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി ഉടമകൾക്കും പിഎം കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്ന കാർഷിക-മത്സ്യബന്ധന മേഖലകളിലെ സാമ്പത്തിക ഉൾപ്പെടുത്തലിന്റെ സ്വാധീനവും അദ്ദേഹം പരാമർശിച്ചു. ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു ഗണ്യമായ ഉത്തേജനം നൽകുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സഹകരണ മേഖലയ്ക്കുണ്ടായ വളർച്ച പരാമർശിച്ച്, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങളുടെ പ്രാധാന്യത്തിലേക്കു പ്രധാനമന്ത്രി വെളിച്ചം വീശി. യുപിഐ വഴി 1200 കോടിയിലധികം പ്രതിമാസ ഇടപാടുകൾ നടക്കുന്നുണ്ടെന്നും ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംവിധാനമായി മാറിയതായും അദ്ദേഹം പരാമർശിച്ചു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷത്തെ പരിവർത്തനങ്ങൾ പുതിയ ബാങ്കിങ് സംവിധാനം, സമ്പദ്‌വ്യവസ്ഥ, കറൻസി അനുഭവം എന്നിവ സൃഷ്ടിക്കാൻ പ്രാപ്തമാക്കിയെന്ന് പറഞ്ഞു.
അടുത്ത 10 വർഷത്തെ ലക്ഷ്യങ്ങളിൽ വ്യക്തത വരുത്തേണ്ടതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ കറൻസിരഹിത സമ്പദ്‌വ്യവസ്ഥ വരുത്തിയ മാറ്റങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉൾപ്പെടുത്തലുകളും ശാക്തീകരണ പ്രക്രിയകളും ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.
ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ബാങ്കിംഗ് ആവശ്യങ്ങള്‍ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ബാങ്കിംഗ് സുഗമമാക്കുന്നത് മെച്ചപ്പെടുത്തേണ്ടതിന്റെയും പൗരന്മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ സേവനങ്ങള്‍ നല്‍കേണ്ടതിന്റെയും ആവശ്യകതയ്ക്ക് അടിവരയിടുകയും ചെയ്തു. നിര്‍മ്മിത ബുദ്ധിയുടെയും മെഷീന്‍ ലേണിങ്ങിന്റെയും പങ്കിന് അദ്ദേഹം അടിവരയിടുകയും ചെയ്തു.
രാജ്യത്തിന്റെ വേഗത്തിലുള്ളതും സുസ്ഥിരവുമായ വളര്‍ച്ചയിലെ ആര്‍.ബി.ഐയുടെ പങ്ക് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ബാങ്കിംഗ് മേഖലയിലെ നിയമാധിഷ്ഠിത അച്ചടക്കവും സാമ്പത്തിക വിവേകപൂര്‍ണ്ണമായ നയങ്ങളും ആവിഷ്‌കരിക്കുന്നതിലെ ആര്‍.ബി.ഐയുടെ നേട്ടം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവണ്‍മെന്റിന്റെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സജീവമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബാങ്കുകള്‍ വിവിധ മേഖലകളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണക്കാക്കണമെന്നും നിര്‍ദ്ദേശിച്ചു. ആര്‍.ബി.ഐക്ക് പണപ്പെരുപ്പ നിയന്ത്രണാവകാശങ്ങൾ നല്‍കുന്നതുപോലുള്ള പണപ്പെരുപ്പ നിയന്ത്രണ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ഇക്കാര്യത്തില്‍ ധനനയ സമിതിയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. കൊറോണയുടെ പ്രയാസകരമായ സമയങ്ങളില്‍ പോലും സജീവമായ വില നിരീക്ഷണവും സാമ്പത്തിക ഏകീകരണവും പോലുള്ള നടപടികള്‍ പണപ്പെരുപ്പത്തെ മിതമായ നിലയില്‍ നിലനിര്‍ത്തി.
''മുന്‍ഗണനകള്‍ വ്യക്തമാണെങ്കില്‍ രാജ്യത്തെ പുരോഗതിയില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക വിവേകത്തിനും സാധാരണക്കാരുടെ ജീവിതത്തിന് മുനഗണന നല്‍കാനും ഗവണ്‍മെന്റ് കാട്ടിയ ജാഗ്രതയാണ് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് കരകയറ്റാനും രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ചലനക്ഷമതയ്ക്കും സഹായിച്ചതെന്നതിന്റെ ഉദാഹരണം നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞു. ''ലോകത്തിലെ പല രാജ്യങ്ങളും മഹാമാരിയുടെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിജയങ്ങളെ ആഗോള തലത്തിലേക്ക് എത്തിക്കുന്നതിലെ ആര്‍.ബി.ഐയുടെ പങ്കിന് അദ്ദേഹം അടിവരയിട്ടു. ഏതൊരു വികസ്വര രാജ്യത്തിനും പണപ്പെരുപ്പ നിയന്ത്രണവും വളര്‍ച്ചയും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഇക്കാര്യത്തില്‍ ആര്‍.ബി.ഐക്ക് ഒരു മാതൃകയാകാനും ലോകത്ത് നേതൃത്വപരമായ പങ്ക് വഹിക്കാനും അതുവഴി ഗ്ലോബല്‍ സൗത്ത് മേഖലയെ മുഴുവന്‍ പിന്തുണയ്ക്കാനും കഴിയുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ യുവശക്തിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുവാക്കളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ആര്‍.ബി.ഐ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്നും പരാമർശിച്ചു. യുവജനങ്ങള്‍ക്ക് അനവധി പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചതിനുള്ള ബഹുമതി രാജ്യത്ത് പുതിയ മേഖലകള്‍ തുറക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് അദ്ദേഹം നല്‍കി. ഹരിത ഊര്‍ജ്ജ മേഖലകളുടെ വിപുലീകരണത്തിന്റെ ഉദാഹരണമായി സൗരോര്‍ജ്ജം, ഹരിത ഹൈഡ്രജന്‍, എഥനോള്‍ മിശ്രിണം എന്നിവയെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു. തദ്ദേശീയമായി നിര്‍മ്മിച്ച 5ജി സാങ്കേതികവിദ്യയേയും പ്രതിരോധ മേഖലയിലെ കയറ്റുമതിയേയും അദ്ദേഹം പരാമര്‍ശിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ നട്ടെല്ലായി മാറുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്നതിനായി കോവിഡ് മഹാമാരി സമയത്ത് വായ്പാ ഉറപ്പുപദ്ധതി (ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം) നടപ്പാക്കിയത് എടുത്തുപറഞ്ഞു. പുതിയ മേഖലകളുമായി ബന്ധപ്പെട്ട യുവജനങ്ങള്‍ക്ക് വായ്പ ലഭ്യത ഉറപ്പാക്കാന്‍ ആര്‍.ബി.ഐ ശ്രദ്ധേയമായ (ഔട്ട് ഓഫ് ദി ബോക്‌സ്) നയങ്ങള്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നൂതനാശയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ടീമുകളുമൊത്തുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ നിര്‍ദ്ദേശങ്ങള്‍ തയാറാക്കാനും, ദൗത്യത്തിനായുള്ള ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിര്‍ദ്ദേശിച്ചു. ബഹിരാകാശം, വിനോദസഞ്ചാരം തുടങ്ങിയ പുതിയതും പരമ്പരാഗതമായതുമായ മേഖലകളുടെ ആവശ്യങ്ങള്‍ക്കായി ബാങ്കര്‍മാരോടും റെഗുലേറ്റര്‍മാരോടും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും വര്‍ഷങ്ങളില്‍ അയോദ്ധ്യ ലോകത്തിലെ ഏറ്റവും വലിയ മത വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ പോകുന്നുവെന്ന വിദഗ്ധ വീക്ഷണവും അദ്ദേഹം പരാമര്‍ശിച്ചു.
ചെറുകിട വ്യവസായങ്ങളുടെയും വഴിയോര കച്ചവടക്കാരുടെയും സാമ്പത്തിക ശേഷിയില്‍ സുതാര്യത സൃഷ്ടിച്ച സാമ്പത്തിക ഉള്‍പ്പെടുത്തലിനും ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുമായി ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. "അവരെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കണം," പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
ആഗോള പ്രശ്നങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "ഇന്ന്, ആഗോള ജിഡിപി വളര്‍ച്ചയില്‍ 15 ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യ ആഗോള വളര്‍ച്ചയുടെ യന്ത്രമായി മാറുകയാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ രൂപയെ ലോകമെമ്പാടും കൂടുതല്‍ പ്രാപ്യവും സ്വീകാര്യവുമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. അമിതമായ സാമ്പത്തിക വികാസത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന കടത്തിന്റെയും ഏറിവരുന്ന പ്രവണതകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയും പല രാജ്യങ്ങളുടെയും സ്വകാര്യമേഖലയുടെ കടം അവരുടെ ജിഡിപി ഇരട്ടിയാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. പല രാജ്യങ്ങളുടെയും കടബാധ്യത ലോകത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയുടെ സാധ്യതകളും പരിപ്രേക്ഷ്യവും കണക്കിലെടുത്ത് ആര്‍ബിഐ ഇത് സംബന്ധിച്ച് ഒരു പഠനം നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ പദ്ധതികള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിന് ശക്തമായ ബാങ്കിംഗ് വ്യവസായത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി അടിവരയിട്ടു. എഐ, ബ്ലോക് ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ വരുത്തിയ മാറ്റങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തില്‍ സൈബര്‍ സുരക്ഷയുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. പുതിയ സാമ്പത്തിക, പ്രവര്‍ത്തന, വ്യവസായ മാതൃകകള്‍ ആവശ്യമായതിനാല്‍ ഫിന്‍-ടെക് നവീകരണത്തിന്റെ വെളിച്ചത്തില്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. 'ആഗോള വിദഗ്ദരുടെ വായ്പാ ആവശ്യങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ക്കും, അത്യാധുനിക മേഖലകളില്‍ നിന്നു പരമ്പരാഗതമായവയ്ക്കും ഇടം നല്‍കേണ്ടത് വികസിത ഭാരതത്തിന് നിര്‍ണായകമാണ്, വികസിത ഭാരതത്തിന്റെ ബാങ്കിംഗ് കാഴ്ചപ്പാടിന്റെ സമഗ്രമായ വിലയിരുത്തലിന് ആര്‍ബിഐ ഉചിതമായ സ്ഥാപനമാണ്', പ്രധാനമന്ത്രി ഉപസംഹരിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍, ശ്രീ രമേഷ് ബെയിന്‍സ്, മഹാരാഷ്ട്ര മുഖ്യമന്ത്രി, ശ്രീ ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, ധനകാര്യ സഹമന്ത്രിമാരായ ശ്രീ ഭഗവത് കിഷന്റാവു കരാഡ്, ശ്രീ പങ്കജ് ചൗധരി, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
*****
SK
(Release ID: 2016831)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada