തെരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടർമാർക്കിടയിൽ വൻ ഹിറ്റായി കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്റെ സി-വിജിൽ ആപ്പ്: പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം പരാതിക്കായുള്ള ആപ്ലിക്കേഷനിലൂടെ ഇതുവരെ റിപ്പോർട്ട് ചെയ്തത് 79,000-ത്തിലധികം ലംഘനങ്ങൾ; 99% കേസുകൾ തീർപ്പാക്കി
സ്വതന്ത്രവും നീതിയുക്തവും പ്രലോഭനരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളുടെ ഭാഗമാണു സി-വിജിൽ
Posted On:
29 MAR 2024 1:52PM by PIB Thiruvananthpuram
തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ cVIGIL ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000-ത്തിലധികം പരാതികൾ ലഭിച്ചു. ഇവയിൽ 99% പരാതികളും തീർപ്പാക്കി. ഇതിൽ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് cVIGIL ആപ്ലിക്കേഷന്റെ അടിത്തറ.
ലഭിച്ച 58,500-ലധികം പരാതികൾ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400-ലധികം പരാതികൾ ലഭിച്ചു. ഏകദേശം 3% പരാതികളും (2454) വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തോക്കു കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെ നിരോധിതകാലയളവിനപ്പുറം പ്രചാരണം നടത്തിയതിനാണ് 1000 പരാതികൾ റിപ്പോർട്ട് ചെയ്തത്.
cVIGIL ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പു മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിനായുള്ള വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ രാജീവ് കുമാർ പൗരന്മാരോടു ജാഗ്രത പാലിക്കാനും മാതൃകാപെരുമാറ്റച്ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും വോട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങൾ നൽകുന്നത് അറിയിക്കാനും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അഭ്യർഥിച്ചിരുന്നു.
ജാഗ്രതയുള്ള പൗരന്മാരെ ജില്ലാ കൺട്രോൾ റൂം, റിട്ടേണിങ് ഓഫീസർ, ഫ്ലയിങ് സ്ക്വാഡ് സംഘം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഉപയോക്തൃസൗഹൃദവും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് cVigil. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ, റിട്ടേണിങ് ഓഫീസറുടെ ഓഫീസിലേക്കു പോകാതെ, രാഷ്ട്രീയ ദുരുപയോഗം നടന്നാൽ മിനിറ്റുകൾക്കുള്ളിൽ പൗരന്മാർക്കു റിപ്പോർട്ട് ചെയ്യാൻ കഴിയും. cVigil ആപ്ലിക്കേഷനിൽ പരാതി അയച്ചാലുടൻ, പരാതിക്കാരനു പ്രത്യേക തിരിച്ചറിയൽ നമ്പർ ലഭിക്കും. അതിലൂടെ വ്യക്തിക്ക് അവരുടെ മൊബൈലിൽ പരാതിയുടെ തൽസ്ഥിതി അറിയാൻ കഴിയും.
ഒരേസമയം പ്രവർത്തിക്കുന്ന വിവിധ ഘടകങ്ങൾ cVIGIL-നെ വിജയകരമാക്കുന്നു. ഉപയോക്താക്കൾ തത്സമയം ഓഡിയോയോ ഫോട്ടോയോ വീഡിയോയോ പകർത്തുന്നു. കൂടാതെ, പരാതികളിൽ സമയബന്ധിതമായി പ്രതികരിക്കുന്നതിന് “100 മിനിറ്റ്” കൗണ്ട്‌ഡൗൺ ഉറപ്പാക്കുന്നു. ഒരു ലംഘനം റിപ്പോർട്ട് ചെയ്യുന്നതിനായി ഉപയോക്താവ് cVIGIL-ൽ ക്യാമറ ഓണാക്കുമ്പോൾ ഉടൻ ആപ്ലിക്കേഷനിലെ ജിയോ-ടാഗിങ് സവിശേഷത പ്രവർത്തനക്ഷമമാകുന്നു. ഇതിനർഥം ഫ്ലൈയിങ് സ്ക്വാഡുകൾക്കു റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനത്തിന്റെ കൃത്യമായ സ്ഥാനം അറിയാനും പൗരന്മാർ പകർത്തിയ ചിത്രം കോടതിയിൽ തെളിവായി ഉപയോഗിക്കാനും കഴിയും എന്നാണ്. പൗരന്മാർക്കു പേരു വെളിപ്പെടുത്താതെ പരാതികൾ അറിയിക്കാനാകും.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും വോട്ടർമാർക്കും രാഷ്ട്രീയകക്ഷികൾക്കും സൗകര്യമൊരുക്കുന്നതിനും കമ്മീഷൻ നിർമിച്ച ആപ്ലിക്കേഷനുകളുടെ ശേഖരത്തിൽ ഒന്നാണ് സി-വിജിൽ ആപ്ലിക്കേഷൻ.
NK
(Release ID: 2016664)
Visitor Counter : 127
Read this release in:
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Kannada