പ്രധാനമന്ത്രിയുടെ ഓഫീസ്‌

പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 10 FEB 2024 8:44PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിലെ സുപ്രധാന ദിനമാണ് ഇന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17-ാം ലോക്സഭ രാഷ്ട്ര സേവനത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. നിരവധി വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു വിധത്തില്‍ പറഞ്ഞാല്‍, രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ച അഞ്ച് വര്‍ഷത്തെ ആദര്‍ശപരമായ യാത്രയെക്കുറിച്ച് ചിന്തിക്കാനും നമ്മുടെ പ്രമേയങ്ങള്‍ ഒരിക്കല്‍ കൂടി രാജ്യത്തിന് സമര്‍പ്പിക്കാനുമുള്ള അവസരമാണ് ഇന്ന് നമുക്കെല്ലാവര്‍ക്കും കൈവന്നിട്ടുള്ളത്. ഈ അഞ്ചുവര്‍ഷത്തെ പരിഷ്‌കരണവും പ്രകടനവും രൂപാന്തരവും വളരെ അസാധാരണമാണ്. പരിഷ്‌കാരങ്ങള്‍ സംഭവിക്കുന്നതും മികച്ച പ്രകടനം കൈവരിക്കുന്നതും നമ്മുടെ കണ്‍മുമ്പില്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നതും അപൂര്‍വവും പുതിയ ആത്മവിശ്വാസം പകരുന്നതുമാണ്. 17-ാം ലോക്സഭയില്‍ നിന്ന് രാജ്യം ഇന്ന് ഈ ഉറപ്പ് അനുഭവിക്കുകയാണ്. 17-ാം ലോക്സഭയെ രാഷ്ട്രം തുടര്‍ന്നും അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഭയിലെ എല്ലാ ബഹുമാന്യരായ അംഗങ്ങളും ഈ പ്രക്രിയകളിലെല്ലാം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും നേതാവെന്ന നിലയിലും ഒരു സഹയാത്രികനെന്ന നിലയിലും ഈ സമയം ഞാന്‍ നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഞാന്‍ നിങ്ങളോട് ഹൃദയംഗമമായ നന്ദിയും അറിയിക്കുന്നു. സുമിത്ര (മഹാജന്‍) ജി ഇടയ്ക്കിടെ നേരിയ നര്‍മ്മത്തില്‍ മുഴുകുമായിരുന്നു (അവര്‍ അഞ്ച് വര്‍ഷം സഭാ സ്പീക്കറായിരുന്ന കാലത്ത്). എന്നിരുന്നാലും, നിങ്ങള്‍ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി നിലനിര്‍ത്തിയിരുന്നു. (സഭയില്‍) എന്ത് സംഭവിച്ചാലും ആ പുഞ്ചിരി ഒരിക്കലും മാഞ്ഞിരുന്നില്ല. നിരവധി വ്യത്യസ്ത സാഹചര്യങ്ങളില്‍, നിങ്ങള്‍ ഈ സഭയെ വളരെ സന്തുലിതമായും നിഷ്പക്ഷമായും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വഴികാട്ടുകയും നയിക്കുകയും ചെയ്തു. നിങ്ങളുടെ പെരുമാറ്റത്തിന് ഞാന്‍ നിങ്ങളെ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. ദേഷ്യത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും നിമിഷങ്ങളുണ്ടായിരുന്നു, എന്നാല്‍ നിങ്ങള്‍ ഈ സാഹചര്യങ്ങളെല്ലാം പൂര്‍ണ്ണ ക്ഷമയോടെയും ഉള്‍ക്കാഴ്ചയോടെയും കൈകാര്യം ചെയ്ത്, സഭയെ നയിക്കുകയും ഞങ്ങളെ എല്ലാവരെയും വഴികാട്ടുകയും ചെയ്തു. ഇതിന് ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ മനുഷ്യരാശിയും സഹിച്ചത്. ആര് അതിജീവിക്കും? ഒരാള്‍ക്ക് ആരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമോ? അതായിരുന്നു അവസ്ഥ. അത്തരം സമയങ്ങളില്‍ സഭയില്‍ വരുന്നതും വീടുവിട്ടിറങ്ങുന്നതും പ്രതിസന്ധിയുടെ കാലമായിരുന്നു. എന്നിട്ടും, എന്ത് പുതിയ ക്രമീകരണങ്ങള്‍ ചെയ്യേണ്ടിവന്നാലും, രാഷ്ട്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അനുവദിക്കാതെ നിങ്ങള്‍ അവ ചെയ്തു. സഭയുടെ അന്തസ്സ് ഉറപ്പാക്കുന്നതിനും രാജ്യത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനും വേണ്ടി, സഭയുടെ നടത്തിപ്പില്‍ നിങ്ങള്‍ അല്‍പ്പം പോലും പിന്നിലായില്ല. നിങ്ങള്‍ അത് വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുകയും ലോകത്തിന് ഒരു മാതൃകയായി മാറുകയും ചെയ്തു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ആ കാലയളവിലെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇത്തരമൊരു നിര്‍ദ്ദേശം വന്നപ്പോള്‍ ഒരു നിമിഷം പോലും താമസിക്കാതെ തങ്ങളുടെ MPLAD ഫണ്ട് വിട്ടുനല്‍കാന്‍ സമ്മതിച്ചതിന് ബഹുമാനപ്പെട്ട എംപിമാരോട് എന്റെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇതു മാത്രമല്ല, പൗരന്മാര്‍ക്ക് ശുഭകരമായ സന്ദേശം നല്‍കാനും സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്താനും വേണ്ടി തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം വെട്ടിക്കുറയ്ക്കാനും എം പിമാര്‍ സ്വയം തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആദ്യം മുന്നിട്ടിറങ്ങുന്നത് എം പിമാരാണെന്ന വിശ്വാസത്തിലേക്ക് അത് രാജ്യത്തെ നയിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

തങ്ങള്‍ക്കു ലഭിക്കുന്ന പ്രത്യേകാവകാശങ്ങളുടെ പേരിലും പാര്‍ലമെന്റ് കാന്റീനില്‍ സബ്സിഡി നിരക്കിലുള്ള ഭക്ഷണം കഴിക്കുന്നതിന്റെ പേരിലും  നാം എംപിമാര്‍ ഒരു കാരണവുമില്ലാതെ വര്‍ഷത്തില്‍ രണ്ടു തവണ ചില വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളാല്‍ വിമര്‍ശിക്കപ്പെടുന്നു. പുറത്തു കിട്ടുന്നതിനെ അപേക്ഷിച്ച് പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ വില ചൂണ്ടിക്കാട്ടി ഞങ്ങള്‍ നിരന്തരം പരിഹസിക്കപ്പെടുന്നത് പോലെയാണ് ഇത്. ക്യാന്റീനില്‍ എല്ലാവര്‍ക്കും ഏകീകൃത നിരക്കുകള്‍ ഉണ്ടായിരിക്കുമെന്ന് താങ്കള്‍ തീരുമാനിച്ചു, എംപിമാര്‍ ഒരിക്കലും അതിനെ എതിര്‍ക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ഒരു കാരണവുമില്ലാതെ എല്ലാ എംപിമാരെയും നാണം കെടുത്തിയിരുന്നവര്‍ മുമ്പ് പാര്‍ലമെന്റ് കാന്റീനില്‍ ലഭ്യമായിരുന്ന സബ്സിഡി ഭക്ഷണവും ആസ്വദിച്ചിരുന്നു. ആ പരിഹാസത്തില്‍ നിന്ന് താങ്കള്‍ ഞങ്ങളെ എല്ലാവരെയും രക്ഷിച്ചു, ഇതിനും ഞാന്‍ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു.


ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

15-ാമതോ, 16-ാമതോ 17-ാമതോ ലോക്‌സഭയാകട്ടെ, പുതിയൊരു പാര്‍ലമെന്റ് മന്ദിരം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. എല്ലാവരും ഒരേ സ്വരത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും എടുക്കാനായില്ല. താങ്കളുടെ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതും, കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതും, സര്‍ക്കാരുമായി വിവിധ യോഗങ്ങള്‍ നടത്തിയതും. അതിന്റെ ഫലമായാണ് ഇന്ന് രാജ്യത്തിന് ഈ പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

നമ്മുടെ പൈതൃകത്തിന്റെ ഒരു ഭാഗം കാത്തുസൂക്ഷിക്കുകയും സ്വാതന്ത്ര്യത്തിന്റെ ആദ്യ നിമിഷം ഒരു വഴികാട്ടിയായി നിലനിര്‍ത്തുകയും ചെയ്യുന്ന ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുക എന്നത് നിങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഒരു മഹത്തായ ദൗത്യമാണ്. ഭാരതത്തിന്റെ ഭാവി തലമുറകളെ സ്വാതന്ത്ര്യത്തിന്റെ ആ നിമിഷവുമായി എന്നെന്നേക്കും ബന്ധിപ്പിക്കുന്ന പ്രതിവര്‍ഷവും നടക്കുന്ന ആചാരപരമായ പരിപാടിയുടെ ഭാഗമായി ഇന്നത് മാറുകയാണ്. നിങ്ങള്‍ നിര്‍വഹിച്ച ഒരു പാവന ദൗത്യത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ആ സുപ്രധാന നിമിഷം നമ്മുടെ ഓര്‍മ്മകളില്‍ പതിഞ്ഞുകിടക്കും, രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പ്രചോദനമായി അത് വര്‍ത്തിക്കും

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,


ഇക്കാലയളവില്‍ ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷതയില്‍ ഭാരതത്തിന് ഏറെ പ്രശംസ ലഭിച്ചുവെന്നതും സത്യമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഭാരതത്തിന്റെ ശക്തിയും സ്വന്തം വ്യക്തിത്വവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു (വിവിധ G20 മീറ്റിംഗുകള്‍ നടത്തി), അതിന്റെ സ്വാധീനം ഇന്നും ആഗോള വേദിയില്‍ അനുഭവപ്പെടുന്നു. അതോടൊപ്പം ജി20 കഴിഞ്ഞയുടനെ പല രാജ്യങ്ങളില്‍ നിന്നുള്ള പ്രാസംഗികര്‍ ഇവിടെ വന്നപ്പോള്‍ നിങ്ങളുടെ നേതൃത്വത്തില്‍ P20 ഉച്ചകോടി നടന്നു. ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും നൂറ്റാണ്ടുകളായി തുടരുന്ന ജനാധിപത്യ മൂല്യങ്ങളും നാം മുന്നോട്ട് കൊണ്ടുപോയി. സംവിധാനങ്ങള്‍ മാറിയിട്ടുണ്ടാകാം, പക്ഷേ ഭാരതത്തിന്റെ ജനാധിപത്യ ചൈതന്യം എല്ലായ്പ്പോഴും നിലനിന്നിരുന്നു, ജനാധിപത്യ സംവിധാനങ്ങളില്‍ ഭാരതത്തിന് ആദരവ് ലഭിക്കുന്ന തരത്തില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ലോകത്തെ പ്രാസംഗികരുടെ മുമ്പാകെ നിങ്ങള്‍ ആ വസ്തുത മികച്ച രീതിയില്‍ അവതരിപ്പിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

നമ്മുടെ ബഹുമാന്യരായ എംപിമാരോ മാധ്യമങ്ങളോ ശ്രദ്ധിക്കാത്ത ഒരു കാര്യത്തിന് നിങ്ങളെ പ്രത്യേകം അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. മഹത് വ്യക്തികളുടെ ജന്‍മവാര്‍ഷികത്തില്‍ സംവിധാന്‍ സദനില്‍ (പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുതിയ പേര്) ഞങ്ങള്‍ ഒത്തുകൂടി, അവരുടെ  പ്രതിമകളില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കും. എന്നാല്‍ ഇത് 10 മിനിറ്റ് പരിപാടിയായിരുന്നു, തുടര്‍ന്ന് ഞങ്ങള്‍ പോകും (പാര്‍ലമെന്റില്‍ ഞങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍). ഈ മഹത് വ്യക്തിത്വങ്ങള്‍ക്കായി നിങ്ങള്‍ രാജ്യത്തുടനീളം പ്രസംഗ, ഉപന്യാസ മത്സരങ്ങളുടെ ഒരു കാമ്പയിന്‍ ആരംഭിച്ചു. മികച്ച പ്രാസംഗികരും ഉപന്യാസ രചയിതാക്കളുമായി പുരസ്‌കാരം ലഭിച്ച ഓരോ സംസ്ഥാനത്തു നിന്നുമുള്ള രണ്ട് കുട്ടികള്‍ അന്ന് ഡല്‍ഹിയില്‍ വരികയും രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മഹാനായ വ്യക്തിയുടെ ജന്മവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് പ്രസംഗിക്കുകയും ചെയ്യും. അവര്‍ ഡല്‍ഹിയിലെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ഭാരതത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യവുമായി നിരന്തരം ഇടപഴകുന്നതിനായി നിങ്ങള്‍ ഒരു മികച്ച കാര്യമാണ്് ചെയ്യുന്നത്. ഈ പാരമ്പര്യത്താല്‍ നിങ്ങള്‍ അംഗീകരിക്കപ്പെടും. ഭാവിയില്‍ എല്ലാവരും ഈ പാരമ്പര്യം അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിനും ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

പാര്‍ലമെന്റ് ലൈബ്രറി ഉപയോഗിക്കേണ്ടിയിരുന്ന അവര്‍ക്ക് അത് എത്രമാത്രം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് എനിക്ക് പറയാനാവില്ല, പക്ഷേ നിങ്ങള്‍ അതിന്റെ വാതിലുകള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു. ഈ അറിവിന്റെ നിധി, പാരമ്പര്യങ്ങളുടെ ഈ പൈതൃകം, പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് നിങ്ങള്‍ മഹത്തായ സേവനമാണ് ചെയ്തത്. ഈ സംരംഭത്തിന് ഞാന്‍ നിങ്ങളെ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. പേപ്പര്‍ രഹിത പാര്‍ലമെന്റും ഡിജിറ്റലൈസേഷനും വഴി നിങ്ങള്‍ ആധുനിക സാങ്കേതികവിദ്യ നമ്മുടെ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. തുടക്കത്തില്‍, ചില സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ഇപ്പോള്‍ എല്ലാവരും അത് ശീലിച്ചു. നിങ്ങള്‍ ഇവിടെ ഇരുന്ന് നിരന്തരം എന്തെങ്കിലും ചെയ്യുന്നത് ഞാന്‍ കാണുമ്പോള്‍, നിങ്ങള്‍ ഒരു കാര്യമായ നേട്ടമാണ് കൈവരിച്ചത്. നിങ്ങള്‍ സ്ഥിരമായ സംവിധാനങ്ങള്‍ സ്ഥാപിച്ചു. ഇതിനും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.


ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

നിങ്ങളുടെ വൈദഗ്ധ്യവും ഈ ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ അവബോധവും അവരുടെ കൂട്ടായ പരിശ്രമവും കാരണം 17-ാം ലോക്സഭ 97 ശതമാനം ഉത്പാദനക്ഷമത കൈവരിച്ചുവെന്ന് എനിക്ക് പറയാന്‍ കഴിയും. 97 ശതമാനം ഉത്പാദനക്ഷമത എന്നത് അതില്‍ തന്നെ സംതൃപ്തി നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് 17-ാം ലോക്സഭയുടെ സമാപനത്തിലേക്കും 18-ാം ലോക്സഭയുടെ തുടക്കത്തിലേക്കും നീങ്ങുമ്പോള്‍ (ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍), ഞങ്ങളുടെ ഉത്പാദനക്ഷമത 100 ശതമാനത്തില്‍ കൂടുതലാകുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 17-ാം ലോക്സഭയില്‍ ഉല്‍പ്പാദനക്ഷമത 100 ശതമാനത്തില്‍ കൂടുതലായ ഏഴു സെഷനുകളും ഉണ്ടായിരുന്നു. എല്ലാ പാര്‍ലമെന്റ് അംഗങ്ങളുടെയും ആശങ്കകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിങ്ങള്‍ രാത്രിയിലുടനീളം ഇരുന്ന് നിരന്തരം ശ്രമിക്കുന്നത് ഞാന്‍ കണ്ടു. ഈ നേട്ടങ്ങള്‍ക്ക് എല്ലാ ബഹുമാന്യരായ അംഗങ്ങള്‍ക്കും എല്ലാ ഫ്‌ളോര്‍ ലീഡര്‍മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇരുസഭകളും 30 ബില്ലുകള്‍ പാസാക്കി, ഇത് തന്നെ ഒരു റെക്കോര്‍ഡാണ്. പതിനേഴാം ലോക്സഭയിലും പുതിയ അളവുകോലുകള്‍ തീര്‍ത്തിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നത് നമുക്കെല്ലാവര്‍ക്കും വലിയ ഭാഗ്യമാണ്, എല്ലാ മേഖലകളിലും നമ്മുടെ പാര്‍ലമെന്റ് നിര്‍ണായകമായ നേതൃപരമായ പങ്ക് വഹിച്ച ഒരു സുപ്രധാന സന്ദര്‍ഭമാണിത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം അതത് മേഖലകളില്‍ ആഘോഷമാക്കുന്നതില്‍ പങ്കുവഹിക്കാത്ത ഒരു പാര്‍ലമെന്റ് അംഗവും ഉണ്ടാകില്ല. തീര്‍ച്ചയായും, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികഞ്ഞ ആവേശത്തോടെ ആഘോഷിച്ചത്, ഇതില്‍ നമ്മുടെ ബഹുമാനപ്പെട്ട എംപിമാരുടെയും ഈ പാര്‍ലമെന്റിന്റെയും സുപ്രധാന പങ്ക് വിസ്മരിക്കാനാവില്ല. നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികം ഈ സമയത്തോടൊപ്പമാണ്, ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചു. ഭരണഘടനയുടെ ഉത്തരവാദിത്തങ്ങള്‍ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്, അതുമായി സഹകരിക്കുന്നത് സഹജമായും വളരെ പ്രചോദനകരമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഈ കാലയളവില്‍, കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്, അവ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നവയാണ്. 21-ാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ ശക്തമായ അടിത്തറ ഈ കാര്യങ്ങളിലെല്ലാം പ്രകടമാണ്. രാജ്യം ഒരു വലിയ പരിവര്‍ത്തനത്തിലേക്ക് അതിവേഗം മുന്നേറി, ഇതില്‍, സഭയിലെ എല്ലാ സഹപ്രവര്‍ത്തകരും അവരുടെ പങ്കാളിത്തത്തോടെ മികച്ച മാര്‍ഗനിര്‍ദേശം നല്‍കുകയും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തു. തലമുറകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പതിനേഴാം ലോക്സഭയിലൂടെ ഏറെക്കാലമായി കാത്തിരിക്കുന്ന പല മാറ്റങ്ങളും സാധ്യമായി എന്ന് സംതൃപ്തിയോടെ പറയാം. നിരവധി തലമുറകള്‍ ഒരു ഭരണഘടന സ്വപ്നം കണ്ടു, എന്നാല്‍ ഓരോ നിമിഷവും ഒരു വിള്ളലും ഒരു കുഴിയും തടസ്സവും ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ, സഭ അതിന്റെ പൂര്‍ണ പ്രഭയോടെ ഭരണഘടനയുടെ പൂര്‍ണ്ണമായ സാക്ഷാത്കാരമാണ് പ്രകടമാക്കിയത്. ഭരണഘടനയുടെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, ഭരണഘടനയ്ക്ക് രൂപം നല്‍കിയ ആ മഹാന്മാരുടെ ആത്മാക്കള്‍ എവിടെയായിരുന്നാലും, ഈ ദൗത്യം പൂര്‍ത്തിയാക്കിയതില്‍ അവര്‍ നമ്മെ അനുഗ്രഹിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കപ്പെട്ടിരുന്നു. ഇന്ന്, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിലൂടെ, ജമ്മു കശ്മീരിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാരിലേക്കും ഞങ്ങള്‍ എത്തിച്ചേരുന്നു എന്നതില്‍ ഞങ്ങള്‍ സംതൃപ്തരാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഭീകരത ഒരു രാക്ഷസനെപ്പോലെ രാജ്യത്തെ വേട്ടയാടുന്നു, എല്ലാ ദിവസവും രാജ്യത്തിന്റെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ തൊടുത്തുവിടുന്നു, ഭാരതാംബയുടെ ഭൂമിയിയില്‍ രക്തം ഇറ്റിക്കുന്നു. രാജ്യത്തെ ധീരരും കഴിവുറ്റവരുമായ നിരവധി വ്യക്തികള്‍ തീവ്രവാദത്തിന് ഇരയാകുന്നു. ഭീകരതയ്ക്കെതിരെ ഞങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നു, ഈ സഭ തന്നെ അവ നിര്‍മ്മിച്ചു. മുമ്പ് ഇത്തരം പ്രശ്നങ്ങളുമായി പോരാടിയവര്‍ ഇപ്പോള്‍ ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മാനസികമായി ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഭീകരതയില്‍ നിന്ന് പൂര്‍ണമായ മോചനം ഭാരതത്തിന് അനുഭവപ്പെടുന്നു. ഒപ്പം ആ സ്വപ്നവും സഫലമാകും. 75 വര്‍ഷമായി ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച ശിക്ഷാനിയമത്തിന് കീഴിലാണ് ജീവിച്ചത്. എന്നാല്‍ 75 വര്‍ഷം ശിക്ഷാ നിയമത്തിന് കീഴില്‍ കഴിഞ്ഞ രാജ്യത്തെ വരും തലമുറകള്‍ നീതിന്യായ നിയമത്തിന് കീഴില്‍ ജീവിക്കുമെന്ന് ഞങ്ങള്‍ അഭിമാനത്തോടെ രാജ്യത്തോട് പറയും, പുതുതലമുറയോട് പറയും, നിങ്ങളുടെ പേരക്കുട്ടികളോട് പറയാന്‍ നിങ്ങള്‍ക്ക് കഴിയും. അതാണ് യഥാര്‍ത്ഥ ജനാധിപത്യം.


ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഒരു കാര്യത്തില്‍ കൂടി നിങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം, അതിന്റെ എല്ലാ മഹത്വങ്ങളോടും കൂടി, ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു പ്രവൃത്തിയോടെ ആരംഭിച്ചു, അതാണ് നാരി ശക്തി വന്ദന്‍ അധീനിയം (സ്ത്രീ ശാക്തീകരണ നിയമം). ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം നാരീശക്തി വന്ദന്‍ അധീനിയത്തിന്റെ പരാമര്‍ശം ഉണ്ടാകും. ഹ്രസ്വമായ സെഷനായിരുന്നെങ്കിലും ദൂരവ്യാപകമായ തീരുമാനങ്ങളെടുത്ത സെഷനായിരുന്നു അത്. ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിശുദ്ധി ആ നിമിഷം മുതല്‍ ആരംഭിച്ചു, അത് നമുക്ക് ഒരു പുതിയ ശക്തി നല്‍കുന്നു. തല്‍ഫലമായി, വരും കാലങ്ങളില്‍ ഒരു വലിയ വിഭാഗം നമ്മുടെ അമ്മമാരും സഹോദരിമാരും ഇവിടെ ഇരിക്കുമ്പോള്‍, രാജ്യത്തിന് അഭിമാനിക്കാം. നമ്മുടെ മുസ്ലീം സഹോദരിമാര്‍ മുത്തലാഖില്‍ നിന്ന് മോചനത്തിനായി കാത്തിരുന്നു. കോടതികള്‍ അവര്‍ക്ക് അനുകൂലമായി വിധിച്ചെങ്കിലും അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചില്ല. പ്രയാസങ്ങള്‍ സഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ചിലര്‍ അത് തുറന്ന് പറഞ്ഞേക്കാം, ചിലര്‍ പരോക്ഷമായും. എന്നാല്‍ മുത്തലാഖില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്ന സുപ്രധാന ദൗത്യമാണ് പതിനേഴാം ലോക്‌സഭ ചെയ്തത്. എല്ലാ ബഹുമാന്യരായ അംഗങ്ങളും, അവരുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ പരിഗണിക്കാതെ, ഈ പെണ്‍മക്കള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ഒരിക്കല്‍ പറയും. തലമുറകളോട് ചെയ്ത അനീതി ഞങ്ങള്‍ പരിഹരിച്ചു, ഈ സഹോദരിമാര്‍ ഞങ്ങളെ അനുഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

വരാനിരിക്കുന്ന 25 വര്‍ഷം നമ്മുടെ രാജ്യത്തിന് വളരെ പ്രധാനമാണ്. രാഷ്ട്രീയത്തിലെ തിക്കിനും തിരക്കിനും അതിന്റേതായ സ്ഥാനമുണ്ട്. രാഷ്ട്രീയ രംഗത്തെ ആളുകളുടെ അഭിലാഷങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പ്രതീക്ഷകളും രാജ്യത്തിന്റെ ആശങ്കകളും രാജ്യത്തിന്റെ സ്വപ്നങ്ങളും രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യമായി മാറിയിരിക്കുന്നു. അതിനാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യം ആഗ്രഹിച്ച നേട്ടങ്ങള്‍ കൈവരിക്കും. 1930-ല്‍ മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ച് ആരംഭിച്ചപ്പോള്‍ ഉപ്പു സത്യാഗ്രഹം നടക്കുമ്പോള്‍ ജനങ്ങള്‍ അത്ര ഉത്സാഹം കാണിച്ചിരുന്നില്ല. അത് സ്വദേശി പ്രസ്ഥാനമായാലും, സത്യാഗ്രഹത്തിന്റെ പാരമ്പര്യമായാലും, ഉപ്പ് സത്യാഗ്രഹമായാലും. അക്കാലത്ത്, ഈ സംഭവങ്ങള്‍ ചെറുതായി തോന്നിയെങ്കിലും 1947-ല്‍, ആ 25 വര്‍ഷത്തെ കാലഘട്ടം, രാജ്യത്തില്‍ ഇപ്പോള്‍ നമുക്ക് സ്വതന്ത്രമായി ജീവിക്കണം എന്ന മനോഭാവം വളര്‍ത്തി. ഇന്ന് അതേ ഊര്‍ജജം രാജ്യത്ത് ഉള്‍ച്ചേരുന്നതായാണ് എനിക്ക് കാണാന്‍ കഴിയുന്നത്. 25 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരു 'വികസിത ഭാരതം സൃഷ്ടിക്കും എന്നാണ് ഓരോ തെരുവിന്റെ കോണില്‍ നിന്നും, ഓരോ കുട്ടിയുടെയും ചുണ്ടില്‍ നിന്നും കേള്‍ക്കുന്നത്. അതിനാല്‍, ഈ 25 വര്‍ഷം എന്റെ രാജ്യത്തിന്റെ യുവശക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. 25 വര്‍ഷത്തിനുള്ളില്‍ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറണമെന്ന് ആഗ്രഹിക്കാത്ത ആരും നമുക്കിടയില്‍ ഉണ്ടാകില്ല. എല്ലാവര്‍ക്കും ഒരു സ്വപ്നമുണ്ട്, ചിലര്‍ അവരുടെ സ്വപ്നം ഇതിനകം തന്നെ ഒരു പ്രമേയമാക്കിയിട്ടുണ്ട്, ചിലര്‍ക്ക് അത് ഒരു പ്രമേയമാക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം, പക്ഷേ എല്ലാവരും ചേരേണ്ടിവരും, ഒപ്പം ചേരാന്‍ കഴിയാത്തവരും ജീവിച്ചിരിക്കുന്നവരും തീര്‍ച്ചയായും പ്രതിഫലം കൊയ്യും, ഇതാണ് എന്റെ വിശ്വാസം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഈ കഴിഞ്ഞ 5 വര്‍ഷവും യുവാക്കള്‍ക്കായി ചരിത്രപരമായ നിയമങ്ങള്‍ നടപ്പാക്കി. സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരുന്നത് യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ യുവാക്കളെ ആശങ്കപ്പെടുത്തുന്ന പേപ്പര്‍ ചോര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ വളരെ കര്‍ശനമായി കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാ ബഹുമാന്യരായ അംഗങ്ങളും, രാജ്യത്തെ യുവാക്കളുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും സംവിധാനത്തെക്കുറിച്ചുള്ള അവരുടെ മനസ്സിലുള്ള ചോദ്യങ്ങളോ ആശങ്കകളോ അഭിസംബോധന ചെയ്യുകയും ഇതു സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഗവേഷണമില്ലാതെ ഒരു മനുഷ്യ സമൂഹത്തിനും പുരോഗതിയില്ല എന്നത് സത്യമാണ്. തുടര്‍ച്ചയായ പരിണാമത്തിന് ഗവേഷണം അനിവാര്യമാണ്. ജീവന്റെ പുരോഗതിയിലേക്കും വികാസത്തിലേക്കും നയിക്കുന്ന ഗവേഷണങ്ങള്‍ ഓരോ കാലഘട്ടത്തിലും നടന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ആയിരക്കണക്കിന് വര്‍ഷത്തെ മനുഷ്യരാശിയുടെ ചരിത്രം. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു നിയമ ചട്ടക്കൂട് ഔപചാരികമായി സ്ഥാപിച്ചുകൊണ്ട് ഈ സഭ സുപ്രധാനമായ ഒരു നടപടി കൈക്കൊണ്ടിട്ടുണ്ട്.. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, ദൈനംദിന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിഷയമല്ലെങ്കിലും, ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കും, 17-ാം ലോക്സഭ ഏറ്റെടുത്തിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണിത്. നമ്മുടെ യുവാക്കളുടെ കഴിവ് മൂലം നമ്മുടെ രാജ്യത്തിന് ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രമായി മാറാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്നും നിരവധി ആഗോള കമ്പനികള്‍ ഭാരതത്തില്‍ അവരുടെ നൂതന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് നമ്മുടെ യുവാക്കളുടെ കഴിവ്. എന്നാല്‍ നമ്മുടെ രാജ്യം ഒരു പ്രധാന കേന്ദ്രമായി മാറുമെന്നതില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ 21-ാം നൂറ്റാണ്ടില്‍ സമ്പൂര്‍ണമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ ഒരു വിലയും ഇല്ലാതിരുന്ന, ശ്രദ്ധിക്കാതിരുന്നത് വളരെ വിലപ്പെട്ടതായി മാറിയിരിക്കുന്നു. അത് ഡാറ്റയാണ്... ഡാറ്റയുടെ സാധ്യതകളെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ അവതരിപ്പിക്കുന്നതിലൂടെ, മുഴുവന്‍ ഭാവി തലമുറയുടെയും സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കി. മുഴുവന്‍ ഭാവി തലമുറയ്ക്കും ശരിയായ വിധത്തില്‍ ഉപയോഗിച്ച് അവരുടെ ഭാവി കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ഒരു പുതിയ ഉപകരണം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയിലും താല്‍പ്പര്യം ജനിപ്പിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ അത് പഠിക്കുന്നുണ്ട്. അതിനനുസരിച്ച് തങ്ങളുടെ പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അവര്‍. ഡാറ്റ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. സുരക്ഷ ആ രീതിയില്‍ കൈകാര്യം ചെയ്യുമ്പോഴാണ് സ്വര്‍ണഖനി, പുതിയ ഇന്ധനം എന്ന് ജനങ്ങള്‍ വിളിക്കുന്ന തരത്തില്‍ അതിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത്. വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യമായതുകൊണ്ടാണ് ഭാരതത്തിന് ഈ സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഞങ്ങളുടെ പക്കലുള്ള വിവരങ്ങളും ഡാറ്റയും... നമ്മുടെ റെയില്‍വേ യാത്രക്കാരുടെ ഡാറ്റ പരിഗണിക്കുക... അത് ലോകത്തിന് വലിയ ഗവേഷണ വിഷയമായി മാറും. ഞങ്ങള്‍ അതിന്റെ ശക്തി തിരിച്ചറിഞ്ഞ് നിയമസംവിധാനം നല്‍കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ജലം, ഭൂമി, ആകാശം തുടങ്ങിയ ഈ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നൂറ്റാണ്ടുകളായി തുടരുന്നു. എന്നാല്‍ ഇപ്പോള്‍, ലോകം കടന്നുപോകുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് സമുദ്രശക്തി, ബഹിരാകാശ ശക്തി, സൈബര്‍ ശക്തി എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ലോകം ചിന്തയിലൂടെ സ്വാധീനം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, ഈ മേഖലകളില്‍ സകാരാത്മകമായ കഴിവുകള്‍ സൃഷ്ടിക്കുകയും നിഷേധാത്മക ശക്തികളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ നമ്മെത്തന്നെ ശാക്തീകരിക്കുകയും വേണം. അതിനാല്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ വളരെ ആവശ്യമായിരുന്നു, ദീര്‍ഘദര്‍ശിത്വത്തോടെ, നമ്മുടെ രാജ്യത്ത് ബഹിരാകാശ പരിഷ്‌കരണത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായി.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

പതിനേഴാം ലോക്സഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍ രാജ്യം കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അനുവര്‍ത്തിക്കേണ്ട ആയിരക്കണക്കിന് വ്യവസ്ഥകള്‍ പൊതുജനങ്ങളെ അനാവശ്യമായി കുരുക്കിലാക്കി. വികസിച്ചുവന്ന വികലമായ ഭരണസംവിധാനങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്നത് അഭിമാനകരമാണ്, അതിന്റെ ബഹുമതി ഈ സഭയ്ക്കും അവകാശപ്പെട്ടതാണ്. ഇത്തരം അനുവര്‍ത്തനങ്ങള്‍ സാധാരണക്കാരെ ഭാരപ്പെടുത്തുന്നു. ചെങ്കോട്ടയില്‍ നിന്നുപോലും ഞാന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, നമ്മള്‍ 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജനജീവിതത്തില്‍ നിന്ന് സര്‍ക്കാര്‍ എത്രയും വേഗം പുറത്തുകടക്കുന്നുവോ അത്രയും ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഗവണ്‍മെന്റ് ഓരോ ഘട്ടത്തിലും ഇടപെടുന്നത്? അതെ, ആവശ്യമുള്ളവര്‍ക്കായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും, പക്ഷേ ഗവണ്‍മെന്റ് ഇടപെടല്‍ ജനജീവിതത്തില്‍ തടസ്സമായാല്‍ ഒരു ജനാധിപത്യത്തിന് അഭിവൃദ്ധി പ്രാപിക്കാനാവില്ല. അതിനാല്‍, നമ്മുടെ ലക്ഷ്യം സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ പരമാവധി കുറയ്ക്കുക, അങ്ങനെ സമ്പന്നമായ ജനാധിപത്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. ആ സ്വപ്നം ഞങ്ങള്‍ നിറവേറ്റും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

കമ്പനീസ് ആക്റ്റ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ് എന്നിവയുള്‍പ്പെടെ 60-ലധികം അനാവശ്യ നിയമങ്ങള്‍ ഞങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുന്നതിന് ഇത് ഒരു നിര്‍ണായക ആവശ്യകതയായിരുന്നു, കാരണം രാജ്യം പുരോഗമിക്കണമെങ്കില്‍, അത് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യണം. നിസാര കാരണങ്ങളാല്‍ ആളുകള്‍ ജയിലില്‍ കഴിയുന്ന തരത്തിലായിരുന്നു നമ്മുടെ പല നിയമങ്ങളും. ഉദാഹരണത്തിന്, ഒരു ഫാക്ടറിയിലെ വിശ്രമമുറി ആറുമാസത്തിലൊരിക്കല്‍ വെള്ള പൂശിയില്ലെങ്കില്‍, അത് എത്ര വലിയ കമ്പനിയുടെ ഉടമയാണെങ്കിലും അത് ജയില്‍വാസത്തിന് ഇടയാക്കും. ഇടതുപക്ഷ-ലിബറലുകള്‍ എന്ന് സ്വയം വിളിക്കുന്നവരില്‍ നിന്നും, അവരുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും, ഈ രാജ്യത്ത് 'കുമാര്‍ ഷാഹി'യുടെ കാലഘട്ടത്തില്‍ നിന്നും മുക്തി നേടാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകണം. അതിനാല്‍, പതിനേഴാം ലോക്സഭ പൊതുജനവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജന്‍ വിശ്വാസ് നിയമത്തെ കുറിച്ച് പറയാം. ഈ നിയമത്തിന് കീഴില്‍ 180-ലധികം വകുപ്പുകള്‍ കുറ്റവിമുക്തമാക്കിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് ആളുകളെ ജയിലിലടച്ചതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഇവ കുറ്റവിമുക്തരാക്കുന്നതിലൂടെ ഞങ്ങള്‍ പൗരന്മാരെ ശാക്തീകരിച്ചു. ഈ സഭ അത് ചെയ്തു, ബഹുമാനപ്പെട്ട അംഗങ്ങള്‍ അത് ചെയ്തു. കോടതികളുടെ കുരുക്കുകളില്‍ നിന്ന് ജീവന്‍ രക്ഷിക്കുക, കോടതിക്ക് പുറത്തുള്ള തര്‍ക്കങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുക, ആ ദിശയിലുള്ള മധ്യസ്ഥ നിയമങ്ങള്‍ എന്നിവ നിര്‍ണായകമാണ്, ബഹുമാന്യരായ അംഗങ്ങള്‍ അതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ആരും അവരെക്കുറിച്ച് ആലോചിച്ചിരുന്നില്ല,, ഒരു ഗവണ്‍മെന്റിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കി. അതെ, കോവിഡ് കാലത്ത് സൗജന്യ വാക്‌സിനേഷന്‍ ലഭ്യമായപ്പോള്‍ ഗവണ്‍മെന്റിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കി. അവിടെയുള്ള ഗവണ്‍മെന്റ് പ്രധാനമായിരുന്നു, സാധാരണക്കാരുടെ ജീവിതത്തില്‍ ഇത് വളരെ ആവശ്യമാണ്. നിസ്സഹായതയുടെ അനുഭവം ഇപ്പോള്‍ ഉണ്ടാകരുത്.


ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം വിവേചനം അനുഭവിക്കുന്നു. പിന്നെ ആവര്‍ത്തിച്ച് വിവേചനം കാണിച്ചപ്പോള്‍ അവരുടെ ഉള്ളില്‍ വികലതകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടി വന്നു...അത്തരം വിഷയങ്ങളില്‍ നിന്ന് നമ്മള്‍ ഒഴിഞ്ഞു മാറാറുണ്ടായിരുന്നു. പതിനേഴാം ലോക്സഭയിലെ എല്ലാ ബഹുമാന്യരായ അംഗങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോട് സഹതാപം പ്രകടിപ്പിക്കുകയും അവരുടെ ജീവിതം മികച്ചതാക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്തു. ഇന്ന്, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങളും അവര്‍ക്കായി എടുത്ത തീരുമാനങ്ങളും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഗര്‍ഭകാലത്ത് 26 ആഴ്ചത്തെ പ്രസവാവധി ഉണ്ടെന്ന് പറയുമ്പോള്‍ ലോകം ആശ്ചര്യപ്പെടുന്നു ... ലോകത്തിലെ സമ്പന്ന രാജ്യങ്ങള്‍ പോലും അമ്പരക്കുന്നു. ഇതിനര്‍ത്ഥം ഈ പുരോഗമനപരമായ തീരുമാനങ്ങള്‍ ഈ പതിനേഴാം ലോക്സഭയില്‍ എടുത്തതാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഞങ്ങള്‍ ഒരു വ്യക്തിത്വം നല്‍കിയിട്ടുണ്ട്. ഇതുവരെ, ഏകദേശം 16-17 ആയിരം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്, അങ്ങനെ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നു. ഇപ്പോള്‍ അവര്‍ മുദ്ര സ്‌കീമില്‍ നിന്നുള്ള പണം ഉപയോഗിച്ച് ചെറുകിട ബിസിനസ്സുകള്‍ ആരംഭിക്കുന്നത് ഞാന്‍ കണ്ടു, അവര്‍ സമ്പാദിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഞങ്ങള്‍ പത്മ പുരസ്‌കാരങ്ങള്‍ നല്‍കി, മാന്യമായ ജീവിതം നയിക്കുന്നതിനുള്ള അംഗീകാരമാണ്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം അവര്‍ക്ക് തുടര്‍ന്നും ലഭിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു, അവര്‍ മാന്യമായ ജീവിതം നയിക്കാന്‍ തുടങ്ങി.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഒന്നര മുതല്‍ രണ്ട് വര്‍ഷം വരെ കോവിഡ് മഹാമാരി നമ്മുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയ വളരെ പ്രയാസകരമായ സമയമായിരുന്നു അത്, എന്നാല്‍ അങ്ങനെയാണെങ്കിലും 17-ാം ലോക്സഭ രാജ്യത്തിന് വളരെ പ്രയോജനകരമായ വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തു. എന്നിരുന്നാലും, ഈ സമയത്ത്, ഞങ്ങള്‍ക്ക് നിരവധി സഹപ്രവര്‍ത്തകരെയും നഷ്ടപ്പെട്ടു. ഒരു പക്ഷെ അവര്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ യാത്രയയപ്പ് ചടങ്ങില്‍ അവര്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, കൊവിഡ് കാരണം ഇതിനിടയില്‍ കഴിവുള്ള നിരവധി സഹപ്രവര്‍ത്തകരെ നമുക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ആ നഷ്ടത്തിന്റെ ദുഃഖം എന്നും നമ്മില്‍ നിലനില്‍ക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനവും അവസാന മണിക്കൂറുമാണ് ഇത്. ജനാധിപത്യത്തിന്റെയും ഭാരതത്തിന്റെയും യാത്ര അനന്തമാണ്. ഈ രാജ്യം ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണ്, അതിന് മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ള ഒരു ലക്ഷ്യമുണ്ട്. അത് അരബിന്ദോയോ സ്വാമി വിവേകാനന്ദനോ കണ്ടതായാലും... ആ വാക്കുകളിലെ, ആ ദര്‍ശനത്തിലെ, നമ്മുടെ കണ്‍മുന്നില്‍ തന്നെയുള്ള കഴിവിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു. ലോകം ഭാരതത്തിന്റെ മഹത്വം അംഗീകരിക്കുന്നു, ഭാരതത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു, ഈ യാത്രയില്‍ കൂടുതല്‍ കരുത്തോടെ നാം മുന്നേറേണ്ടതുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

തിരഞ്ഞെടുപ്പ് വിദൂരമല്ല. ചില ആളുകള്‍ക്ക് അല്‍പ്പം പരിഭ്രാന്തി തോന്നിയേക്കാം, പക്ഷേ ഇത് ജനാധിപത്യത്തിന്റെ അന്തര്‍ലീനവും അനിവാര്യവുമായ സ്വഭാവമാണ്. നാമെല്ലാവരും അത് അഭിമാനത്തോടെ സ്വീകരിക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് രാജ്യത്തിന് അഭിമാനമായി തുടരുമെന്നും നമ്മുടെ ജനാധിപത്യ പാരമ്പര്യം തുടരുമെന്നും ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്നത് തുടരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത് എന്റെ ഉറച്ച വിശ്വാസമാണ്.


ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

എല്ലാ ബഹുമാന്യരായ അംഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ച പിന്തുണ, ഞങ്ങള്‍ക്ക് എടുക്കാന്‍ കഴിഞ്ഞ തീരുമാനങ്ങള്‍, ചിലപ്പോള്‍ ആക്രമണങ്ങള്‍ വളരെ രസകരമായിരുന്നു, അത് ഞങ്ങളുടെ ഉള്ളിലെ ശക്തി പുറത്തെടുക്കാന്‍ സഹായിച്ചു. വെല്ലുവിളികള്‍ വരുമ്പോള്‍ ഒരു സന്തോഷവും ഉണ്ടാകുന്നത് സര്‍വ്വശക്തന്റെ കൃപയാല്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയുമാണ് ഞങ്ങള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടത്. ഇന്ന്, രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ സഭ പാസാക്കിയ പ്രമേയം ഈ രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളില്‍ അഭിമാനിക്കാനുള്ള ഭരണഘടനാപരമായ അധികാരം നല്‍കും. അത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവര്‍ക്കും ധൈര്യമില്ല എന്നത് ശരിയാണ്; ചിലര്‍ കളം വിടുന്നു. എന്നിട്ടും, ഭാവിയുടെ രേഖകള്‍, ഇന്നത്തെ പ്രസംഗങ്ങള്‍, പ്രകടിപ്പിക്കുന്ന വികാരങ്ങള്‍, മുന്നോട്ട് വച്ച പ്രമേയങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍, സഹാനുഭൂതി, ദൃഢനിശ്ചയം, അനുകമ്പ എന്നിവയുണ്ട്, കൂടാതെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന മന്ത്രം മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു ഘടകവുമുണ്ട്.

ഈ രാഷ്ട്രം, എത്ര മോശം ദിനങ്ങള്‍ കണ്ടാലും, ഭാവി തലമുറയ്ക്കുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്തുകൊണ്ടേയിരിക്കും. ഈ സഭ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും, കൂട്ടായ ദൃഢനിശ്ചയത്തോടും കൂട്ടായ ശക്തിയോടും കൂടി, ഭാരതത്തിലെ യുവതലമുറയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് സാധ്യമായ ഏറ്റവും മികച്ച ഫലങ്ങള്‍ക്കായി ഞങ്ങള്‍ പരിശ്രമിക്കും.

ഈ വിശ്വാസത്തോടെ, ബഹുമാനപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി അറിയിക്കുന്നു.

വളരെ നന്ദി!

 

NS



(Release ID: 2015172) Visitor Counter : 54