പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ ജോര്‍ഹട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 09 MAR 2024 6:20PM by PIB Thiruvananthpuram

നമസ്‌കാരം! നിങ്ങള്ക്ക് സുഖമാണെന്നു വിശ്വസിക്കുന്നു!

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരേ, ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇത്രയധികം കൂട്ടത്തോടെ നിങ്ങള്‍ ഇവിടെ വന്നത്. നമ്ര ശിരസ്‌ക്കനായി ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. മാത്രമല്ല, 200 സ്ഥലങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ ഈ വികസന ആഘോഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി എന്നെ ഇപ്പോള്‍ അറിയിച്ചു. ഞാന്‍ അവരെയും സ്വാഗതം ചെയ്യുന്നു. ഗോലാഘട്ടിലെ ആളുകള്‍ ആയിരക്കണക്കിന് വിളക്കുകള്‍ കത്തിക്കുന്നത് എങ്ങനെയെന്ന് ഞാന്‍ സാമൂഹികമാധ്യമത്തില്‍ കാണുകയും ചെയ്തു. അസമിലെ ജനങ്ങളുടെ ഈ വാത്സല്യവും അടുപ്പവുമാണ് എന്റെ വലിയ സമ്പത്ത്. ഇന്ന്, അസമിലെ ജനങ്ങള്‍ക്കായി 17,000 കോടിയിലധികംരൂപ ചെലവു വരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആരോഗ്യം, ഭവനം, പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഈ പദ്ധതികള്‍. ഈ പദ്ധതികള്‍ അസമിന്റെ വികസനത്തിന് ആക്കം കൂട്ടും. ഈ വികസന പദ്ധതികള്‍ക്ക് അസമിലെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളെ,
ഇവിടെ വരുന്നതിന് മുമ്പ് കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ വിശാലതയും പ്രകൃതി ഭംഗിയും അടുത്ത് കാണാനുള്ള അവസരം എനിക്കു ലഭിച്ചു. ു സവിശേഷമായ ഒരു ദേശീയ ഉദ്യാനവും കടുവ സംരക്ഷണ കേന്ദ്രവുമാണ് കാസിരംഗ. അതിന്റെ ജൈവവൈവിദ്ധ്യവും ആവാസവ്യവസ്ഥയും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായതിലും കാസിരംഗ അഭിമാനിക്കുന്നു. ലോകത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളില്‍ 70 ശതമാനവും കാസിരംഗയിലാണ്. കടുവകള്‍, ആനകള്‍, ചതുപ്പ് മാന്‍, കാട്ടുപോത്തുകള്‍, മറ്റ് വിവിധ വന്യമൃഗങ്ങള്‍ എന്നിവയെ ഈ പ്രകൃതിദത്ത അന്തരീക്ഷത്തില്‍ കാണുന്നതിന്റെ അനുഭവം ശരിക്കും മറ്റൊന്നാണ്. മാത്രമല്ല, പക്ഷി നിരീക്ഷകര്‍ക്ക് സ്വര്‍ഗം പോലെയാണ് കാസിരംഗ. നിര്‍ഭാഗ്യവശാല്‍, മുന്‍ ഗവണ്‍മെന്റുകളുടെ അനാസ്ഥയും മൃഗവേട്ടകളും കാരണം, അസമിന്റെ സ്വത്വമായ കാണ്ടാമൃഗങ്ങളും വംശനാശഭീഷണി നേരിട്ടു. 2013ല്‍ മാത്രം 27 കാണ്ടാമൃഗങ്ങളെയാണ് ഇവിടെ വേട്ടയാടിയത്. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റിന്റേയും ഇവിടുത്തെ ജനങ്ങളുടെയും പ്രയത്നത്താല്‍ 2022 ആകുമ്പോഴേക്കും ഈ സംഖ്യ പൂജ്യമായി. 2024-ല്‍ കാസിരംഗ നാഷണല്‍ പാര്‍ക്ക് അതിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കാന്‍ പോകുകയാണ്. ഇതിനും അസമിലെ ജനങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇവിടം സന്ദര്‍ശിച്ചുകൊണ്ട് കാസിരംഗയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കാന്‍ നാട്ടുകാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാസിരംഗയില്‍ നിന്ന് എനിക്ക് ലഭിച്ച ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ എന്നില്‍ നിലനില്‍ക്കും.

സുഹൃത്തുക്കളെ,
വീര്‍ ലചിത് ബോര്‍ഫുകന്റെ ഗംഭീര പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും ഇന്ന് എനിക്കുണ്ടായി. ആസാമിന്റെ ധീരതയുടെയും ധൈര്യത്തിന്റെയും പ്രതിരൂപമാണ് ലചിത് ബോര്‍ഫുകന്‍. 2022-ല്‍ ലച്ചിത് ബോര്‍ഫുകന്റെ 400-ാം ജന്മദിനം ഡല്‍ഹിയില്‍ വളരെ ആവേശത്തോടെ നമ്മള്‍ ആഘോഷിച്ചു. ധീര യോദ്ധാവ് ലച്ചിത് ബോര്‍ഫുകന് ഒരിക്കല്‍ കൂടി ഞാന്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ മന്ത്രമാണ് വിരാസത് (പൈതൃകം), വികാസ് (വികസനം) എന്നിവ രണ്ടും. പൈതൃക സംരക്ഷണത്തോടൊപ്പം, ആസാമിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പ്രദേശത്തിന്റെ വികസനത്തിനായി അതിവേഗം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യം, ആരോഗ്യ സംരക്ഷണം, ഊര്‍ജ്ജ്ം എന്നീ മേഖലകളില്‍ അസം മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത പുരോഗതി കൈവരിച്ചു. എയിംസിന്റെ നിര്‍മ്മാണം ഇവിടത്തെ ജനങ്ങള്‍ക്ക് വലിയ സൗകര്യമാണ് നല്‍കിയത്. ഇന്ന് ടിന്‍സുകിയ മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനവും നടന്നു. ഇത് ചുറ്റുമുള്ള ജില്ലകളിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കും. എന്റെ മുന്‍ അസം സന്ദര്‍ശന വേളയില്‍ ഗുവാഹത്തിയിലും കരിംഗഞ്ചിലും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ഞാന്‍ തറക്കല്ലിട്ടിരുന്നു. ഇന്ന് ശിവസാഗര്‍ മെഡിക്കല്‍ കോളേജിനും തറക്കല്ലിട്ടു. അതിനുപുറമെ, ജോര്‍ഹട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും നിര്‍മ്മിച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കുന്നതോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ സുപ്രധാന കേന്ദ്രമായി അസം മാറും.

സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ബറൗണി-ഗുവാഹത്തി പൈപ്പ് ലൈന്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. വടക്കുകിഴക്കന്‍ ഗ്രിഡിനെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായി ഈ വാതക പൈപ്പ് ലൈന്‍ ബന്ധിപ്പിക്കും. ഏകദേശം 30 ലക്ഷം കുടുംബങ്ങള്‍ക്കും 600-ലധികം സി.എന്‍.ജി സ്‌റ്റേഷനുകള്‍ക്കും ഇത് ഗ്യാസ് വിതരണം ചെയ്യും. ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ 30 ലധികം ജില്ലകള്‍ക്ക് ഈ പൈപ്പ്‌ലൈനിന്റെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
ദിഗ്‌ബോയ് എണ്ണ ശുദ്ധീകരണശാലയുടെയും ഗുവാഹത്തി എണ്ണ ശുദ്ധീകരണശാലയുടെയും ശേഷി വിപുലീകരണവും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. അസമിലെ എണ്ണ ശുദ്ധീകരണശാലകളുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി അസമിലെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളതാണ്. ഇവിടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. എന്നാല്‍ മുന്‍ ഗവണ്‍മെന്റുകള്‍ ഒരിക്കലും ഇവിടുത്തെ ജനങ്ങളുടെ വികാരത്തിന് ശ്രദ്ധി നല്‍കിയില്ല. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി അസമിലെ നാല് എണ്ണ ശുദ്ധീകരണശാലകളുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബി.ജെ.പി ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അസമിലെ എണ്ണ ശുദ്ധീകരണശാലകളുടെ മൊത്തം ശേഷി ഇരട്ടിയാകും. മാത്രമല്ല, നുമാലിഗഡ് എണ്ണ ശുദ്ധീകരണശാലയുടെ ശേഷി മൂന്നിരട്ടിയാകാന്‍ പോകുകയാണ്, അതെ, മൂന്നിരട്ടിയായി. ഒരു പ്രദേശത്തിന്റെ വികസനത്തിന് ശക്തമായ ഉദ്ദേശ്യമുണ്ടെങ്കില്‍, അതിന്റെ പ്രവൃത്തിയും കരുത്തോടെയും വേഗത്തിലും നടക്കും.
സുഹൃത്തുക്കളെ,
ആസാമിലെ 5.5 ലക്ഷത്തിലധികം കുടുംബങ്ങളുടെ സ്ഥിരമായ ഒരു വീട് എന്ന സ്വപ്‌നം ഇന്ന്, സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനത്ത് 5 ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തമായതും, ഇഷ്ടപ്പെട്ടതും, ഉടമസ്ഥതയിലുള്ളതുമായ വീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. സഹോദരീ സഹോദരന്മാരേ, നിങ്ങളെ സേവിക്കാന്‍ എനിക്ക് കഴിയുന്നത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ്.

സഹോദരീ സഹോദരന്മാരേ,
കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കാലത്ത് ജനങ്ങള്‍ വീടുകള്‍ക്കായി കൊതിച്ചിരുന്നു, എന്നാല്‍ നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഞങ്ങളുടെ ഗവണ്‍മെന്റ് അസമില്‍ മാത്രം 5.5 ലക്ഷത്തിലധികം വീടുകള്‍, 5.5 ലക്ഷത്തിലധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. വെറും നാലു ചുവരുകളല്ല ഈ വീടുകള്‍ ; ഈ വീടുകള്‍ക്കൊപ്പം ശുചിമുറി, ഗ്യാസ് കണക്ഷന്‍, വൈദ്യുതി, പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 18 ലക്ഷം കുടുംബങ്ങള്‍ക്ക് ആസാമില്‍ പക്കാ വീടുകള്‍ നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നല്‍കുന്ന ഭൂരിഭാഗം വീടുകളും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍, എന്റെ അമ്മമാരും സഹോദരിമാരും ഈ വീടുകളുടെ ഉടമകളായി. അതായത് ഈ വീടുകള്‍ ലക്ഷക്കണക്കിന് സ്ത്രീകളെ സ്വന്തം വീടിന്റെ ഉടമകളാക്കി.
സുഹൃത്തുക്കളെ,
അസമിലെ ഓരോ സ്ത്രീയുടെയും ജീവിതം സുഗമമാക്കാനും അവരുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സാമ്പത്തികമായി സ്ഥിരത കൈവരിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ഇന്നലെ, അന്താരാഷ്ട്ര വനിതാദിനത്തിലാണ് നമ്മുടെ ഗവണ്‍മെന്റ് ഗ്യാസ് സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചത്. നമ്മുടെ ഗവണ്‍മെന്റ് ആയുഷ്മാന്‍ കാര്‍ഡിലൂടെ നല്‍കുന്ന സൗജന്യ ചികിത്സയുടെ പ്രധാന ഗുണഭോക്താക്കള്‍ നമ്മുടെ അമ്മമാരും സഹോദരിമാരും സ്ത്രീകളുമാണ്. ജല്‍ ജീവന്‍ മിഷനു കീഴില്‍, കഴിഞ്ഞ 5 വര്‍ഷത്തിനിടെ അസമില്‍ 50 ലക്ഷത്തിലധികം പുതിയ കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചു. അമൃത് സരോവര്‍ സംഘടിതപ്രവര്‍ത്തനത്തിന് കീഴിലെ 3,000 അമൃത് സരോവരങ്ങളും വളരെ പ്രയോജനപ്രദമാണെന്ന് തെളിയിക്കുന്നു. അതിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. നല്ല തൊപ്പി ധരിച്ചിരിക്കുന്ന സഹോദരിമാരേ, ഞാന്‍ നിങ്ങളോട് ഇത് പറയുന്നു, രാജ്യത്തെ 3 കോടി സഹോദരിമാരെ ലക്ഷാധിപതി ദീദിമാര്‍ ആക്കാനുള്ള സംഘടിതപ്രവര്‍ത്തനത്തിലുമാണ് ബി.ജെ.പി ഗവണ്‍മെന്റ്. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കുകയും അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഈ സംഘടിതപ്രവര്‍ത്തനം. അസമിലെ ലക്ഷക്കണക്കിന് സ്ത്രീകളിലേക്കും ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ പ്രയോജനം എത്തുന്നുണ്ട്. അസമിലെ എല്ലാ ലക്ഷാധിപതി ദീദിമാരും ഇവിടെ സന്നിഹിതരാണെന്ന് മുഖ്യമന്ത്രി എന്നോട് പറയുകയായിരുന്നു. ഈ ലക്ഷാധിപതി ദീദിമാരെ കൈയടിച്ച് അഭിനന്ദിക്കുക. നയങ്ങള്‍ ശരിയായ ദിശയിലായിരിക്കുകയും സാധാരണക്കാര്‍ ഒത്തുചേരുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ഒരു വലിയ മാറ്റം കാണാനാകും. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളില്‍ ലക്ഷാധിപതി ദീദിമാരെ ഉണ്ടാക്കുമെന്നത് മോദിയുടെ ഉറപ്പാണ്്.


സുഹൃത്തുക്കളെ,
അസമില്‍ 2014 മുതല്‍ ചരിത്രപരമായ നിരവധി മാറ്റങ്ങള്‍ക്ക് അടിത്തറ പാകി. രണ്ടരലക്ഷത്തിലധികം ഭൂരഹിതരായ താമസക്കാര്‍ക്ക് ഭൂമിയുടെ അവകാശം അനുവദിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഏഴ് പതിറ്റാണ്ടുകളായിട്ടും തേയിലത്തോട്ടത്തിലെ തൊഴിലാളികളെ ബാങ്കിംഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തേയിലത്തോട്ടങ്ങളിലെ ഏകദേശം 8 ലക്ഷം തൊഴിലാളികളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ നമ്മുടെ ഗവണ്‍മെന്റ് തുടങ്ങി. ബാങ്കിംഗ് സംവിധാനവുമായി സംയോജിപ്പിക്കുക എന്നതിനര്‍ത്ഥം ഈ തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങി എന്നാണ്. ഗവണ്‍മെന്റില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭിച്ചു തുടങ്ങി. ഇടനിലക്കാര്‍ക്ക് മുന്നില്‍ എല്ലാ വാതിലുകളും ഞങ്ങള്‍ അടച്ചു. തങ്ങളെ പരിപാലിക്കുന്ന ഒരു ഗവണ്‍മെന്റ് ഉണ്ടെന്ന് പാവപ്പെട്ടവര്‍ക്ക് ആദ്യമായി തോന്നി, അത് ബി.ജെ.പി ഗവണ്‍മെന്റാണ്.
സുഹൃത്തുക്കളെ,
വികസിത് ഭാരത് എന്ന പ്രതിജ്ഞ നിറവേറ്റുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം അനിവാര്യമാണ്. കോണ്‍ഗ്രസ് ഭരണത്തിന്റെ നീണ്ട കാലത്ത് ഗവണ്‍മെന്റിന്റെ അവഗണന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളോളം സഹിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പിന്നീട് മറക്കാനുമായി പല വികസന പദ്ധതികളും കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തു. എന്നാല്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ മുഴുവന്‍ തന്റെ കുടുംബമായാണ് മോദി കണക്കാക്കുന്നത്. അതിനാല്‍, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതും, വെറും കടലാസില്‍ രേഖപ്പെടുത്തിവച്ചിട്ട് തൊട്ടുനോക്കാതെ ഉപേക്ഷിക്കുകയും ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സരാഘട്ടിലെ രണ്ടാമത്തെ പാലം, ധോല-സാദിയ പാലം, ബോഗിബീല്‍ പാലം എന്നിവയുടെ നിര്‍മ്മാണം ബി.ജെ.പി ഗവണ്‍മെന്റ് പൂര്‍ത്തിയാക്കി, അവ രാഷ്ട്ര സേവനത്തിനായി സമര്‍പ്പിച്ചു. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ കാലത്ത് ബ്രോഡ് ഗേജ് റെയില്‍ ബന്ധിപ്പിക്കല്‍ ബരാക് വാലിയിലേക്ക് വ്യാപിപ്പിച്ചു. വികസനത്തിന് ഊര്‍ജ്ജം പകരാന്‍ 2014 ന് ശേഷം നിരവധി പദ്ധതികള്‍ ആരംഭിച്ചു. ജോഗിഘോപയില്‍ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. ബ്രഹ്‌മപുത്ര നദിക്ക് കുറുകെ രണ്ട് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. 2014 വരെ അസമിന് ഒരു ദേശീയ ജലപാത മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ 18 ദേശീയ ജലപാതകളുണ്ട്. ഈ അടിസ്ഥാന സൗകര്യ വികസനം പുതിയ വ്യവസായ അവസരങ്ങള്‍ സൃഷ്ടിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഉന്നതി പദ്ധതിയുടെ വിപുലീകരണത്തിന് ഞങ്ങളുടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. അസമിലെ ചണ കര്‍ഷകര്‍ക്കു വേണ്ടിയും ഒരു സുപ്രധാനമായ തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം ചണത്തിന്റെ എം.എസ്.പി 285 രൂപയായി മന്ത്രിസഭായോഗം ഉയര്‍ത്തി. ഇപ്പോള്‍ ചണ കര്‍ഷകര്‍ക്ക് ഒരു ക്വിന്റല്‍ ചണത്തിന് 5,335 രൂപ ലഭിക്കും.


സുഹൃത്തുക്കളെ,
എന്റെ ഈ ശ്രമങ്ങള്‍ക്കിടയില്‍, നമ്മുടെ എതിരാളികള്‍ എന്താണ് ചെയ്യുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ എന്താണ് ചെയ്യുന്നത്? മോദിയെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസും സഖ്യകക്ഷികളും ഈയിടെയായി മോദിക്ക് കുടുംബമില്ലെന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രാജ്യം ഒന്നടങ്കം എഴുന്നേറ്റു. ''ഞാന്‍ മോദിയുടെ കുടുംബമാണ്'', ''ഞാന്‍ മോദിയുടെ കുടുംബമാണ്'', ''ഞാന്‍ മോദിയുടെ കുടുംബമാണ്'', ''ഞാന്‍ മോദിയുടെ കുടുംബമാണ്'', ''ഞാന്‍ മോദിയുടെ കുടുംബമാണ്'', ''ഞാനാണ് മോദിയുടെ കുടുംബം'' എന്ന് രാജ്യം മുഴുവന്‍ പറയുന്നു . ഇതാണ് സ്‌നേഹം, ഇതാണ് അനുഗ്രഹം. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളെ തന്റെ കുടുംബമായി കണക്കാക്കുന്നതുകൊണ്ട് മാത്രമല്ല, രാവും പകലും അവരെ സേവിക്കുകയും ചെയ്യുന്നതിനാലാണ് മോദിക്ക് രാജ്യം ഈ സ്‌നേഹം സമ്മാനിച്ചത്. ഇന്നത്തെ പരിപാടിയും അതിന്റെ പ്രതിഫലനമാണ്. ഇത്രയധികം ആളുകള്‍ വന്നതിന് ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. നന്ദി. മാത്രമല്ല, ഇത്രയും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. രണ്ട് കൈകളും ഉയര്‍ത്തി എന്നോടൊപ്പം പറയുക -
ഭാരത് മാതാ കി ജയ്!
നിങ്ങളുടെ ശബ്ദം വടക്കുകിഴക്ക് മുഴുവനും എത്തണം.
ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്!
ലക്ഷാധിപതി ദീദിമാരുടെ ശബ്ദം ഇതിലും ഉച്ചത്തിലായിരിക്കണം.
ഭാരത് മാതാ കിജയ്! ഭാരത് മാതാ കി ജയ്!
ഭാരത് മാതാ കി ജയ്!

വളരെയധികം നന്ദി.

--NS--
 


(Release ID: 2015097) Visitor Counter : 76