പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
രാജസ്ഥാനിലെ പൊഖ്രാനിൽ ‘ഭാരത് ശക്തി’ അഭ്യാസത്തിനു പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും
മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന ‘ഭാരത് ശക്തി’, പ്രതിരോധത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കരുത്തുറ്റ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്
പ്രധാനമന്ത്രി അഹമ്മദാബാദിൽ 85,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും
സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും
10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കോച്ച്‌രബ് ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സാബർമതിയിലെ ഗാന്ധി ആശ്രമ സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും
Posted On:
10 MAR 2024 5:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി, കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.
പ്രധാനമന്ത്രി പൊഖ്രാനിൽ
രാജസ്ഥാനിലെ പൊഖ്രാനിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.
‘ഭാരത് ശക്തി’ അഭ്യാസപ്രകടനത്തിൽ, രാജ്യത്തിന്റെ സ്വയംപര്യാപ്ത ഉദ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള, രാജ്യത്തിന്റെ കഴിവിന്റെ പ്രകടനമായി തദ്ദേശീയ ആയുധസംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ശ്രേണി പ്രദർശിപ്പിക്കും. കര, വായു, കടൽ, സൈബർ, ബഹിരാകാശ മേഖലകളിലുടനീളമുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യൻ സായുധസേനയുടെ സംയോജിത പ്രവർത്തനശേഷി പ്രദർശിപ്പിക്കുന്ന, യാഥാർഥ്യബോധമുള്ള, സംയോജിത ബഹുമേഖലാപ്രവർത്തനങ്ങൾക്ക് ഇത് ഉത്തേജനമേകും.
കരസേനയുടെ ഭാഗമായുള്ള, നൂതനമായ യുദ്ധമാർഗങ്ങളും വ്യോമനിരീക്ഷണശേഷിയും പ്രദർശിപ്പിക്കുന്ന T-90 (IM) ടാങ്കുകൾ, ധനുഷ്, സാരംഗ് ഗൺ സിസ്റ്റംസ്, ആകാശ് ആയുധസംവിധാനം, ലോജിസ്റ്റിക് ഡ്രോണുകൾ, റോബോട്ടിക് മ്യൂൾസ്, അത്യാധുനിക ലഘു ഹെലികോപ്റ്റർ (ALH), ആളില്ലാ ആകാശവാഹനങ്ങൾ തുടങ്ങിയവ അഭ്യാസത്തിൽ പങ്കെടുക്കും.
നാവികസേനയുടെ ആന്റി-ഷിപ്പ് മിസൈലുകൾ, ചരക്കുനീക്കം നടത്തുന്ന സ്വയംപ്രവർത്തിക്കുന്ന ഗഗനയാനങ്ങൾ, എക്സ്പെൻഡബിൾ ആകാശ ലക്ഷ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഇതു സൈന്യത്തിന്റെ സമുദ്രമേഖലയിലെ ശക്തിയും സാങ്കേതിക വൈദഗ്ധ്യവും ഉയർത്തിക്കാട്ടുന്നു. തദ്ദേശീയമായി വികസിപ്പിച്ച ലഘു പോർവിമാനം തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, അത്യാധുനിക ലഘു ഹെലികോപ്റ്ററുകൾ എന്നിവ ഇന്ത്യൻ വ്യോമസേന വിന്യസിക്കും. ഇതു വ്യോമമേഖലയിലെ പ്രവർത്തനങ്ങളിലെ മികവും വൈദഗ്ധ്യവും പ്രകടമാക്കും.
സമകാലിക-ഭാവി വെല്ലുവിളികളെ തദ്ദേശീയ പ്രതിവിധികളിലൂടെ നേരിടാനും അതിജീവിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധതയുടെ വ്യക്തമായ സൂചനയായി ‘ഭാരത് ശക്തി’ ആഗോളതലത്തിൽ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധശേഷിയുടെ അതിജീവനശേഷിയും നവീകരണവും കരുത്തും ഉയർത്തിക്കാട്ടും. ഇന്ത്യൻ സായുധസേനയുടെ ശക്തിയും പ്രവർത്തനവൈദഗ്ധ്യവും തദ്ദേശീയ പ്രതിരോധവ്യവസായത്തിന്റെ ചാതുര്യവും പ്രതിബദ്ധതയും പ്രദർശിപ്പിച്ച്, പ്രതിരോധത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കരുത്തുറ്റ മുന്നേറ്റത്തിന് ഈ പരിപാടി ഉദാഹരണമാകും.
പ്രധാനമന്ത്രി അഹമ്മദാബാദിൽ
റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പർക്കസൗകര്യങ്ങൾക്കും വലിയ ഉത്തേജനം പകരുന്നതിനായി, അഹമ്മദാബാദിലെ ഡിഎഫ്‌സി പ്രവർത്തന നിയന്ത്രണകേന്ദ്രം സന്ദർശിക്കുന്ന പ്രധാനമന്ത്രി, 85,000 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്യും.
റെയിൽവേ പണിശാലകൾ, ലോക്കോ ഷെഡ്ഡുകൾ, പിറ്റ് ലൈനുകൾ/ കോച്ചിങ് ഡിപ്പോകൾ; ഫൽടൺ-ബാരാമതി പുതിയ പാത; വൈദ്യുത ട്രാക്ഷൻ സിസ്റ്റം നവീകരണപ്രവർത്തനങ്ങൾ എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ചരക്ക് ഇടനാഴിയുടെ കിഴക്കൻ ഡിഎഫ്‌സിയുടെ ന്യൂ ഖുർജ മുതൽ സാനേവാൾ വരെയുള്ള (401 Rkm) ഭാഗവും പടിഞ്ഞാറൻ ഡിഎഫ്‌സിയുടെയുടെ ന്യൂ മകർപുര മുതൽ ന്യൂ ഘോൽവഡ് (244 Rkm) വരെയുള്ള ഭാഗവും; പടിഞ്ഞാറൻ ഡിഎഫ്‌സിയുടെ അഹമ്മദാബാദിലെ പ്രവർത്തന നിയന്ത്രണകേന്ദ്രം (ഒസിസി) എന്നിവ രാജ്യത്തിനു സമർപ്പിക്കും.
അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു- ഡോ. എം ജി ആർ സെൻട്രൽ (ചെന്നൈ), പട്‌ന- ലഖ്‌നൗ, ന്യൂ ജൽപായ്ഗുരി-പട്‌ന, പുരി-വിശാഖപട്ടണം, ലഖ്നൗ-ദെഹ്‌രാദൂൻ, കലബുറഗി- സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു, റാഞ്ചി-വാരാണസി, ഖജുരാഹോ- ഡൽഹി (നിസാമുദ്ദീൻ) എന്നീ പത്തു പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
നാലു വന്ദേഭാരത് ട്രെയിനുകൾ ദീർഘിപ്പിക്കുന്നതിന്റെ ഫ്ലാഗ് ഒാഫും പ്രധാനമന്ത്രി നിർവഹിക്കും. അഹമ്മദാബാദ്-ജാംനഗർ വന്ദേ ഭാരത് ദ്വാരകവരെയും അജ്മെർ- ഡൽഹി സരായ് രോഹില്ല വന്ദേ ഭാരത് ചണ്ഡീഗഢ്‌വരെയും ഗൊരഖ്പുർ-ലഖ്നൗ വന്ദേ ഭാരത് പ്രയാഗ്‌രാജ്‌വരെയും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗളൂരുവരെയും നീട്ടും. പുതുതായി ആസൻസോൾ-ഹടിയ, തിരുപ്പതി-കൊല്ലം പാസഞ്ചർ ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും.
ന്യൂ ഖുർജ ജങ്ഷൻ, സാനേവാൾ, ന്യൂ റെവാരി, ന്യൂ കിഷൻഗഢ്, ന്യൂ ഘോൽവഡ്, ന്യൂ മകർപുര എന്നിവിടങ്ങളിൽ സമർപ്പിത ചരക്ക് ഇടനാഴിയിലെ ചരക്കുട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
റെയില്‍വേ സ്‌റ്റേഷനുകളിലെ 50 പ്രധാന്‍ മന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ജനറിക് മരുന്നുകള്‍ ഈ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.
51 ഗതി ശക്തി ബഹുമാതൃകാ കാര്‍ഗോ ടെര്‍മിനലുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. വ്യത്യസ്ത ഗതാഗതമാര്‍ഗ്ഗങ്ങളിലൂടെ തടസ്സമില്ലാതെയുള്ള ചരക്കുനീക്കം ഈ ടെര്‍മിനലുകള്‍ പ്രോത്സാഹിപ്പിക്കും.
80 വിഭാഗങ്ങളിലെ 1045 ആര്‍.കെ.എം ഓട്ടോമാറ്റിക് സിഗ്‌നലിംഗും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഈ നവീകരണം ട്രെയിനുകളുടെ പ്രവര്‍ത്തന സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കും. 2646 സ്‌റ്റേഷനുകളിലെ റെയില്‍വേ സ്‌റ്റേഷന്‍ ദേശീയ ഡിജിറ്റല്‍ നിയന്ത്രണ സംവിധാനവും പ്രധാനമന്ത്രി സമര്‍പ്പിക്കും. ഇത് ട്രെയിനുകളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തും.
35 റെയില്‍ കോച്ച് റെസ്‌റ്റോറന്റുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. റെയില്‍വേയ്ക്ക് ടിക്കറ്റിതര വരുമാനം ഉണ്ടാക്കുന്നതിനൊടൊപ്പം യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുക എന്നതുകൂടിയാണ് റെയില്‍ കോച്ച് റെസ്‌റ്റോറന്റ് ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളമുള്ള 1500-ലധികം ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്ന സ്റ്റാളുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ സ്റ്റാളുകള്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും വരുമാനം ഉണ്ടാക്കികൊടുക്കുകയും ചെയ്യും.
975 കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനുകള്‍/കെട്ടിടങ്ങള്‍ എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ മുന്‍കൈ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുകയും റെയില്‍വേയുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കുകയും ചെയ്യും.
പുതുതായി വൈദ്യുതീകരിച്ച സെക്ഷനുകള്‍, ട്രാക്കുകളുടെ ഇരട്ടിപ്പിക്കല്‍/മള്‍ട്ടി ട്രാക്കിംഗ് ഓഫ് ട്രാക്ക്‌സ്, വികസിപ്പിച്ച റെയില്‍വേ ഗുഡ്‌സ് ഷെഡുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ലോക്കോ ഷെഡുകള്‍, പിറ്റ് ലൈനുകള്‍/കോച്ചിംഗ് ഡിപ്പോകള്‍ തുടങ്ങിയ വിവിധ പദ്ധതികളുടെ സമര്‍പ്പണവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ആധുനികവും കരുത്തുറ്റതുമായ റെയില്‍വേ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ സമര്‍പ്പണത്തിനുള്ള തെളിവാണ് ഈ പദ്ധതികള്‍. ഈ നിക്ഷേപം ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുക മാത്രമല്ല, സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പ്രധാനമന്ത്രി സബര്‍മതിയില്‍
പുനര്‍വികസിപ്പിച്ച കൊച്ച്രാബ് ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1915-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം മഹാത്മാഗാന്ധി സ്ഥാപിച്ച ആദ്യത്തെ ആശ്രമമാണിത്. ഇപ്പോഴും ഇതിനെ ഒരു സ്മാരകമായും വിനോദസഞ്ചാര കേന്ദ്രമായും ഗുജറാത്ത് വിദ്യാപീഠം സംരക്ഷിക്കുന്നു. ഗാന്ധി ആശ്രമ സ്മാരകത്തിന്റെ മാസ്റ്റര്‍ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മഹാത്മാഗാന്ധി കൈക്കൊണ്ട ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പരിപാലിക്കുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന വേദികള്‍ വികസിപ്പിക്കുകയും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുകയും ചെയ്യുക എന്നതിനുള്ള നിരന്തര പരിശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ ശ്രമത്തിലെ മറ്റൊരു പരിശ്രമായി, വര്‍ത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കുമായി മഹാത്മാഗാന്ധിയുടെ അനുശാസനങ്ങളും തത്ത്വചിന്തകളും പുനരുജ്ജീവിപ്പിക്കാന്‍ ഗാന്ധി ആശ്രമം സ്മാരക പദ്ധതി സഹായകമാകും. ഈ മാസ്റ്റര്‍പ്ലാന്‍ പ്രകാരം ആശ്രമത്തിന്റെ നിലവിലുള്ള അഞ്ച് ഏക്കര്‍ സ്ഥലം 55 ഏക്കറായി വിപുലീകരിക്കും. നിലവിലുള്ള 36 കെട്ടിടങ്ങള്‍ പുനരുദ്ധാരണത്തിന് വിധേയമാകും, അതില്‍ ഗാന്ധിയുടെ വസതിയായി പ്രവര്‍ത്തിച്ചിരുന്ന 'ഹൃദയ് കുഞ്ച്' ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടുകയും, 13 എണ്ണം പുനരുദ്ധാരണത്തിന് വിധേയമാകുകയും, 3 എണ്ണം പുനര്‍നിര്‍മ്മിക്കകയും ചെയ്യും.
ഭരണപരമായ സൗകര്യങ്ങള്‍, ഓറിയന്റേഷന്‍ സെന്റര്‍ പോലുള്ള സന്ദര്‍ശക സൗകര്യങ്ങള്‍, ചര്‍ക്ക ചുറ്റലിനെക്കുറിച്ചുള്ള സംവാദാത്മക വര്‍ക്ക്‌ഷോപ്പുകള്‍, കൈകൊണ്ട് നിര്‍മ്മിക്കുന്ന കടലാസ്, പരുത്തി നെയ്ത്ത്, തുകല്‍ പ്രവര്‍ത്തികള്‍, പൊതു ആവശ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടങ്ങള്‍ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നു. ഗാന്ധിജിയുടെ ജീവിതത്തിന്റെ വശങ്ങളും ആശ്രമത്തിന്റെ പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവേദനാത്മക പ്രദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരിക്കും.
ഗാന്ധിജിയുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ലൈബ്രറിയും ആര്‍ക്കൈവ്‌സ് കെട്ടിടവും നിര്‍മ്മിക്കുന്നതും മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്യുന്നുണ്ട്. സന്ദര്‍ശിക്കുന്ന പണ്ഡിതന്മാര്‍ക്ക് ആശ്രമത്തിന്റെ ലൈബ്രറിയും ആര്‍ക്കൈവുകളും ഉപയോഗിക്കാനുള്ള സൗകര്യവും ഇത് ഒരുക്കും. വിവിധ ഭാഷകളിലുള്ളവരും വ്യത്യസ്തമായ പ്രതീക്ഷകളോടെ വരുന്നവരുമായ സന്ദര്‍ശകര്‍ക്ക് അവരുടെ സാംസ്‌ക്കാരിക ബൗദ്ധിക അനുഭവം കൂടുതല്‍ ഉന്മേഷദായകവും സമ്പന്നവുമാക്കുന്നതിലേക്ക് അവരെ നയിക്കാന്‍ കഴിയുന്ന ഒരു വ്യാഖ്യാനകേന്ദ്രത്തിന്റെ സൃഷ്ടിയും പദ്ധതി വിഭാവന ചെയ്യുന്നുണ്ട്.
ഗാന്ധിയന്‍ ചിന്തകള്‍ പരിപോഷിപ്പിച്ചും ട്രസ്റ്റിഷിപ്പിന്റെ തത്വങ്ങളെ അറിയിക്കുന്ന പ്രക്രിയയിലൂടെ ഗാന്ധിയന്‍ മൂല്യങ്ങളുടെ സത്തയെ ചൈതന്യവത്താക്കിയും ഭാവിതലമുറകള്‍ക്ക് ഒരു പ്രചോദനമായി ഈ സ്മാരകം സേവനമനുഷ്ഠിക്കും.
--SK--
(Release ID: 2013285)
Visitor Counter : 104
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu