പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മാർച്ച് 8 മുതൽ 10 വരെ അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കും


പ്രധാനമന്ത്രി കാസീരംഗ ദേശീയോദ്യാനം സന്ദർശിക്കും

പ്രധാനമന്ത്രി ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയിൽ പങ്കെടുക്കും

മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

അരുണാചൽ പ്രദേശിലെ ദിബാങ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി സെല തുരങ്കം രാജ്യത്തിന് സമർപ്പിക്കും; തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥായിലുമുള്ള ഗതാഗതസൗകര്യം തുരങ്കം ഉറപ്പാക്കും; 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയാണ് തുരങ്കത്തിനു തറക്കല്ലിട്ടത്

വടക്കുകിഴക്കൻ മേഖലയിലെ വ്യാവസായിക വികസനം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഏകദേശം 10,000 കോടി രൂപയുടെ ഉന്നതി പദ്ധതിക്കു തുടക്കംകുറിക്കും

സബ്റൂം ലാൻഡ് പോർട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഇത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ യാത്രക്കാരുടെയും ചരക്കുകളുടെയും സഞ്ചാരം സുഗമമാക്കും; ഈ പദ്ധതിയുടെ തറക്കല്ലിടലും 2021 മാർച്ചിൽ പ്രധാനമന്ത്രിയാണു നിർവഹിച്ചത്

റെയിൽ, റോഡ്, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ഐടി, ഊർജം, എണ്ണ, വാതകം തുടങ്ങിയ മേഖലകൾക്ക് വടക്കുകിഴക്കൻ മേഖലയിൽ ഉണർവു ലഭിക്കും

ജോർഹാട്ടിൽ വിഖ്യാത അഹോം ജനറൽ ലാചിത് ബർഫൂകന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

അസമിൽ 17,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

Posted On: 08 MAR 2024 3:18PM by PIB Thiruvananthpuram

പിഎംഎവൈ-ജിക്ക് കീഴിൽ അസമിലുടനീളം നിർമിച്ച ഏകദേശം 5.5 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

റെയിൽ, ആരോഗ്യം, എണ്ണ, വാതകം എന്നീ മേഖലകളിൽ അസമിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും

സിലിഗുരിയിലെ ‘വികസിത ഭാരതം വികസിത പശ്ചിമ ബംഗാൾ’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

പശ്ചിമ ബംഗാളിൽ റെയിൽ-റോഡ് മേഖലയിലെ 4500 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

വാരാണസിയിലെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും

ഉത്തർപ്രദേശിൽ 42,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനം പകർന്ന്, രാജ്യത്തെ 15 വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

പ്രധാനമന്ത്രി ലക്‌നൗവിലും റാഞ്ചിയിലും വിളക്കുമാടം പദ്ധതികൾ (എൽഎച്ച്പി) ഉദ്ഘാടനം ചെയ്യും; 2021 ജനുവരിയിൽ പ്രധാനമന്ത്രിയാണ് ഈ എൽഎച്ച്പികൾക്കു തറക്കല്ലിട്ടത്

27,000 കോടിയിലധികം രൂപയുടെ പദ്ധതികളിലൂടെ ഉത്തർപ്രദേശിൽ റെയിൽ, റോഡ് അടിസ്ഥാന സൗകര്യങ്ങൾ കരുത്താർജിക്കും

പിഎംജിഎസ്‌വൈയുടെ കീഴിൽ ഉത്തർപ്രദേശിൽ 3700 കോടിയിലധികം രൂപ മൂല്യമുള്ള 744 ഗ്രാമീണ റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഛത്തീസ്ഗഢിൽ മഹ്താരി വന്ദന യോജനയുടെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും

പ്രധാനമന്ത്രി 2024 മാർച്ച് 8 മുതൽ 10 വരെ അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കും.

മാർച്ച് എട്ടിന് പ്രധാനമന്ത്രി അസമിലേക്കു പോകും. മാർച്ച് 9ന് രാവിലെ 5.45നു പ്രധാനമന്ത്രി കാസീരംഗ ദേശീയോദ്യാനം സന്ദർശിക്കും. രാവിലെ 10.30ന് ഇറ്റാനഗറിൽ അദ്ദേഹം ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയിൽ പങ്കെടുക്കും. സെല തുരങ്കം രാജ്യത്തിന് സമർപ്പിക്കുകയും ഏകദേശം 10,000 കോടി രൂപയുടെ ഉന്നതി പദ്ധതി ആരംഭിക്കുകയും ചെയ്യും. പരിപാടിയിൽ മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഏകദേശം 12.15നു ജോർഹാട്ടിൽ എത്തുന്ന പ്രധാനമന്ത്രി, പ്രശസ്ത അഹോം ജനറൽ ലാചിത് ബർഫൂകന്റെ മഹത്തായ പ്രതിമ അനാച്ഛാദനം ചെയ്യും. ജോർഹാട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, അസമിൽ 17,500 കോടിയിലധികം രൂപയുടെവിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും.

അതിനുശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3.45നു പൊതുപരിപാടിയിൽ പങ്കെടുക്കും. പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. വൈകിട്ട് ഏഴിനു പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിലെത്തും. വാരാണസിയിലെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തും.

മാർച്ച് 10ന്, ഉച്ചയ്ക്ക് 12നു പ്രധാനമന്ത്രി പൊതു പരിപാടിയിൽ പങ്കെടുക്കും, അവിടെ അദ്ദേഹം ഉത്തർപ്രദേശിൽ 42,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നടത്തും. ഉച്ചക്ക് 2.15നു പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ മഹ്താരി വന്ദന യോജനയുടെ ആദ്യ ഗഡു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്യും.

പ്രധാനമന്ത്രി അസമിൽ

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ കാസീരംഗ ദേശീയോദ്യാനവും കടുവ സംരക്ഷണകേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കും. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പേരുകേട്ടതാണ് കാസീരംഗ ദേശീയോദ്യാനം. ആനകൾ, കാട്ടുപോത്ത്, ബാരസിംഗ മാൻ, കടുവ എന്നിവയും ഉദ്യാനത്തിലുണ്ട്.

മുഗളരെ പരാജയപ്പെടുത്തിയ അസമിലെ അഹോം രാജവംശത്തിന്റെ പ്രസിദ്ധനായ ജനറൽ ലാചിത് ബർഫൂകന്റെ 84 അടി ഉയരമുള്ള അതിമനോഹരമായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ലാചിത്, തായ്-അഹോം മ്യൂസിയം, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ലാചിത് ബർഫൂകന്റെ ധീരത ആഘോഷിക്കുന്നതിനും അദ്ദേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമുള്ള ശ്രമമാണു പദ്ധതി. ഇതു വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ജോർഹാട്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ, ആരോഗ്യം, എണ്ണ, വാതകം, റെയിൽ, ഭവന മേഖലകളെ ശക്തിപ്പെടുത്തുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസനസംരംഭ (പിഎം-ഡെവിഎൻഇ) പദ്ധതിക്കു കീഴിൽ ശിവസാഗറിലെ മെഡിക്കൽ കോളേജും ആശുപത്രിയും, ഗുവാഹാട്ടിയിലെ ഹെമറ്റോ-ലിംഫോയിഡ് സെന്റർ എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഡിഗ്ബോയ് എണ്ണശുദ്ധീകരണശാലയുടെ ശേഷി 0.65ൽനിന്ന് 1 എംഎംടിപിഎ (പ്രതിവർഷം മില്യൺ മെട്രിക് ടൺ) ആയി വർധിപ്പിക്കൽ, കാറ്റലിറ്റിക് റിഫോർമിങ് യൂണിറ്റ് (CRU) സ്ഥാപിക്കലും ഗുവാഹാട്ടി എണ്ണശുദ്ധീകരണശാല വിപുലീകരണവും (1.0 മുതൽ 1.2 MMTPA വരെ); ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ബേട്കുച്ചി (ഗുവാഹാട്ടി) ടെർമിനലിലെ സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങി എണ്ണ-വാതക മേഖലയിലെ സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ടിൻസുകിയയിലെ പുതിയ മെഡിക്കൽ മെഡിക്കൽ കോളേജും ആശുപത്രിയും; ഏകദേശം 3,992 കോടി രൂപ ചെലവിൽ നിർമ്മിച്ച 718 കിലോമീറ്റർ നീളമുള്ള ബറൗണി - ഗുവാഹത്തി പൈപ്പ് ലൈൻ (പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗം) എന്നിവ പോലുള്ള സുപ്രധാന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണിന് (പി.എംഎ.വൈ-ജി) കീഴിൽ ഏകദേശം 8,450 കോടി രൂപ ചെലവിൽ നിർമ്മിച്ച 5.5 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.


അസമിലെ ധൂപ്ധാര-ഛയ്ഗാവ് ഭാഗം (ന്യൂ ബോംഗൈഗാവ് - ഗുവാഹത്തി വഴി ഗോൾപാര ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗം), ന്യൂ ബോംഗൈഗാവ് - സോർബോഗ് ഭാഗം (ന്യൂ ബോംഗൈഗാവ് - അഗ്‌തോരി ഇരട്ടിപ്പ് പദ്ധതിയുടെ ഭാഗം) എന്നിവയുൾപ്പെടെ അസമിൽ 1300 കോടിയിലധികം രൂപയുടെ പ്രധാനപ്പെട്ട റെയിൽവേ പദ്ധതികളുടെ രാജ്യത്തിന് സമർപ്പിക്കൽ പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി അരുണാചൽ പ്രദേശിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനവും പുരോഗതിയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് ഇറ്റാനഗറിൽ നടക്കുന്ന 'വികസിത ഭാരത് വികസിത് വടക്കുകിഴക്കൻ മേഖല' പരിപാടി കരുത്തുപകരും. മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ റെയിൽവേ, റോഡ്, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, അതിർത്തി അടിസ്ഥാനസൗകര്യങ്ങൾ, ഐ.ടി. ഊർജ്ജം, എണ്ണയും വാതകവും തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി വികസന സംരംഭങ്ങൾക്ക് ഇറ്റാനഗറിലെ വികസിത് ഭാരത് വികസിത് നോർത്ത് ഈസ്റ്റ് പരിപാടി സാക്ഷ്യവും വഹിക്കും.

വടക്ക് കിഴക്കൻ മേഖലകൾക്കായുള്ള പുതിയ വ്യവസായ വികസന പദ്ധതിയായ ഉന്നതി (ഉത്തർ പൂർവ ട്രാൻസ്‌ഫോർമേറ്റീവ് ഇൻഡസ്ട്രിയലൈസേഷൻ സ്‌കീം) പരിപാടിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി വടക്കുകിഴക്കൻ മേഖലയിലെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപം ആകർഷിക്കുകയും പുതിയ ഉൽപ്പാദന, സേവന യൂണിറ്റുകൾ സ്ഥാപിക്കാൻ സഹായിക്കുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലവസരങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിക്ക് വേണ്ട 10,000 കോടി രൂപയും പൂർണമായും കേന്ദ്ര സഹായമായാണ് നൽകുന്നത്. മൂലധന നിക്ഷേപം, പലിശ ഇളവ്, അംഗീകൃത യൂണിറ്റുകളുമായി ബന്ധപ്പെട്ട ഉൽപ്പാദന, സേവനങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി പ്രോത്സാഹന ആനുകൂല്യം ലഭ്യമാക്കും. യോഗ്യതയുള്ള യൂണിറ്റുകളുടെ സുഗമവും സുതാര്യവുമായ രജിസ്‌ട്രേഷനായി ഒരു പോർട്ടലും ആരംഭിക്കും. വടക്കുകിഴക്കൻ മേഖലയുടെ വ്യാവസായിക വികസനത്തിന് ഉത്തേജനം നൽകാനും സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഉന്നതി സഹായകമാകും.

ഏകദേശം 825 കോടി രൂപ ചെലവിൽ നിർമ്മിച്ച സെല ടണൽ പദ്ധതി ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. അരുണാചൽ പ്രദേശിലെ ബലിപാറ-ചാരിദുവാർ-തവാങ് റോഡിലെ സെലാ ചുരത്തിലൂടെ തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും ഇത് ബന്ധിപ്പിക്കൽ നൽകും. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഈ മേഖലയിൽ വേഗമേറിയതും കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗം പ്രദാനം ചെയ്യുമെന്ന് മാത്രമല്ല, അത് രാജ്യത്തിന് തന്ത്രപരമായ പ്രാധാന്യമുള്ളതുമാണ്. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയാണ് സെല ടണലിന്റെ തറക്കല്ലിട്ടത്.


അരുണാചൽ പ്രദേശിൽ 41,000 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിൽ ദിബാംഗ് വിവിധോദ്ദേശ ജലവൈദ്യുത പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 31,875 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇത്, രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും. ഇത് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സഹായിക്കുകയും മേഖലയിലെ തൊഴിലവസരങ്ങൾക്കും സാമൂഹിക സാമ്പത്തിക വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.
വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് കീഴിലുള്ള നിരവധി റോഡ്, പരിസ്ഥിതി, ടൂറിസം പദ്ധതികൾ എന്നിവയാണ് തറക്കല്ലിടുന്ന മറ്റ് പ്രധാന പദ്ധതികൾ. 50 സ്‌കൂളുകളെ സുവർണ ജൂബിലി സ്‌കൂളുകളായി ഉയർത്തി, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെ സമഗ്ര വിദ്യാഭ്യാസം നൽകുക; ഡോണി-പോളോ വിമാനത്താവളത്തിൽ നിന്ന് നഹർലഗൺ റെയിൽവേ സ്‌റ്റേഷനിലേക്ക് ബന്ധിപ്പിക്കൽ നൽകുന്നതിനുള്ള ഇരട്ടവരി പാത എന്നീ പദ്ധതികളുമുണ്ട്.

നിരവധി റോഡ് പദ്ധതികൾ; ജൽ ജീവൻ മിഷന്റെ ഏകദേശം 1100 പദ്ധതികൾ, 300 ഗ്രാമങ്ങൾക്ക് ഗുണകരമാകുന്ന യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് (യു.എസ്.ഒ.എഫ്) കീഴിലുള്ള 170 ടെലികോം ടവറുകൾ ഉൾപ്പെടെ അരുണാചൽ പ്രദേശിലെ വിവിധ സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

പ്രധാനമന്ത്രി ആവാസ് യോജന (നഗരവും ഗ്രാമവും) കീഴിൽ 450 കോടി രൂപ ചെലവിൽ നിർമ്മിച്ച 35,000 ലധികം വീടുകൾ പ്രധാനമന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറും.

മണിപ്പൂരിൽ 3400 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തറക്കല്ലിടുന്ന നിലകുത്തിയിലെ യൂണിറ്റി മാൾ നിർമ്മാണം; മന്ത്രിപുഖ്രിയിലെ മണിപ്പൂർ ഐ.ടി. സെസിന്റെ പ്രോസസ്സിംഗ് സോണിന്റെ അടിസ്ഥാന സൗകര്യ വികസനം; സ്‌പെഷ്യലൈസ്ഡ് മാനസികാരോഗ്യ പരിരക്ഷ നൽകുന്നതിനായി ലാംജെൽപട്ടിൽ 60 കിടക്കകളുള്ള സംസ്ഥാന ആശുപത്രിയുടെ നിർമ്മാണം; ഇംഫാൽ വെസ്റ്റ് ഡിസ്ട്രിക്ടിലെ മണിപ്പൂർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ അടിസ്ഥാനസൗകര്യ വികസനം, തുടങ്ങിയ പ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവയ്‌ക്കൊപ്പം മണിപ്പൂരിലെ വിവിധ റോഡ് പദ്ധതികളും നിരവധി ജലവിതരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നാഗാലാൻഡിൽ 1700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വിവിധ റോഡ് പദ്ധതികൾ; ചുമൗകെഡിമ ജില്ലയിൽ യൂണിറ്റി മാളിന്റെ നിർമാണം; ദിമാപൂരിലെ നാഗാർജനിലെ 132കെ.വി. സബ് സ്‌റ്റേഷനിൽ ശേഷി പരിവർത്തന നവീകരണം എന്നിവ തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. ചെങ്ടാങ് സാഡിൽ മുതൽ നോക്‌ലാക്ക് (ഘട്ടം-1) വരെയുള്ള റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിയും കൊഹിമ-ജെസ്സാമി റോഡ് ഉൾപ്പെടെയുള്ള നിരവധി മറ്റ് റോഡ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മേഘാലയയിൽ 290 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തുറയിലെ ഐ.ടി പാർക്കിന്റെ നിർമ്മാണവും; ന്യൂ ഷില്ലോങ് ടൗൺഷിപ്പിൽ പുതിയ നാലുവരിപ്പാതയുടെ നിർമ്മാണവും നിലവിലുള്ള രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കി മാറ്റലും തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. അപ്പർ ഷില്ലോങ്ങിൽ ഫാർമേഴ്‌സ് ഹോസ്റ്റൽ കം പരിശീലന കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

സിക്കിമിൽ 450 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. രംഗ്‌പോ റെയിൽവേ സ്‌റ്റേഷന്റെ പുനർവികസനവും നിരവധി റോഡ് പദ്ധതികളും പ്രധാനമന്ത്രി തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. സിക്കിമിലെ തർപ്പുവിനെയും ദറാംദീനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ത്രിപുരയിൽ 8,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അഗർത്തല വെസേ്റ്റൺ ബൈപാസിന്റെ നിർമ്മാണം സംസ്ഥാനത്തുടനീളമുള്ള വിവിധ റോഡ് പദ്ധതികൾ; സെക്കോർട്ടയിൽ നിർമ്മിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ഡിപ്പോ; മയക്കുമരുന്നിന് അടിമപ്പെട്ടവർക്കായുള്ള സംയോജിത പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണം എന്നിവയാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികൾ. സംസ്ഥാനത്തെ വിവിധ റോഡ് പദ്ധതികൾ; 1.46 ലക്ഷം ഗ്രാമീണ പ്രവർത്തനക്ഷമമായ ഗാർഹിക ടാപ്പ് കണക്ഷനുകൾക്കുള്ള പദ്ധതി; ഏകദേശം 230 കോടി രൂപയിൽ ദക്ഷിണ ത്രിപുര ജില്ലയിലെ സബ്‌റൂമിലെ നിർമ്മിക്കുന്ന ലാൻഡ് പോർട്ട് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് പുതുതായി വികസിപ്പിച്ച സബ്‌റൂം ലാൻഡ് പോർട്ട് സ്ഥിതി ചെയ്യുന്നത്. പാസഞ്ചർ ടെർമിനൽ ബിൽഡിംഗ്, കാർഗോ അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ്, വെയർഹൗസ്, ഫയർ സ്‌റ്റേഷൻ കെട്ടിടം, ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷൻ, പമ്പ് ഹൗസ് തുടങ്ങിയ സൗകര്യങ്ങൾ ലാൻഡ് പോർട്ട് ഒരുക്കും. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലെ യാത്രക്കാരുടെ സഞ്ചാരവും ചരക്കു ഗതാഗതവും ഇത് സുഗമമാക്കും. 1700 കിലോമീറ്റർ അകലെയുള്ള പശ്ചിമ ബംഗാളിലെ കൊൽക്കത്ത/ഹാൽദിയ തുറമുഖത്തിന് പകരമായി 75 കിലോമീറ്റർ അകലെയുള്ള ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തേക്ക് നേരിട്ട് ഒരാൾക്ക് നീങ്ങാൻ ഇതിലൂടെ സാധിക്കും. സബ്‌റൂം ലാൻഡ് പോർട്ടിന്റെ തറക്കല്ലിടൽ 2021 മാർച്ചിൽ പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.

പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ

സിലിഗുരിയിൽ നടക്കുന്ന വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാൾ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽ-റോഡ് മേഖലയിലെ 4500 കോടിയിലധികം രൂപ ചെലവുള്ള വിവിധ
വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

പരിപാടിയിൽ വടക്കൻ ബംഗാളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന റെയിൽ പാതകളുടെ വൈദ്യുതീകരണത്തിന്റെ ഒന്നിലധികം പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പദ്ധതികളിൽ ഏകലാഖി - ബാലൂർഘട്ട്; ബർസോയ് - രാധികാപൂർ വിഭാഗം; റാണിനഗർ ജൽപായ്ഗുരി - ഹൽദിബാരി വിഭാഗം; സിലിഗുരി - അലുബാരി സെക്ഷൻ ബാഗ്ഡോഗ്ര വഴി, സിലിഗുരി - സിവോക് - അലിപുർദുവാർ ജൺ - സമുക്തല (അലിപുർദുവാർ ജോൺ - ന്യൂ കൂച്ച് ബെഹാർ ഉൾപ്പെടെ) സെക്ഷനുകൾ ഉൾപ്പെടുന്നു.

മണിഗ്രാം - നിംതിത സെക്ഷനിൽ റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി ഉൾപ്പെടെയുള്ള മറ്റ് പ്രധാന റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി സമർപ്പിക്കും. ന്യൂ ജൽപായ്ഗുരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് ഉൾപ്പെടെ അംബാരി ഫലകത- അലുബാരി ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിംഗ് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. സിലിഗുരിയ്ക്കും രാധികാപൂരിനുമിടയിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. ഈ റെയിൽ പദ്ധതികൾ റെയിൽ ഗതാഗതം മെച്ചപ്പെടുത്തുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയും മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകുകയും ചെയ്യും.

പശ്ചിമ ബംഗാളിൽ 3,100 കോടി രൂപയുടെ രണ്ട് ദേശീയപാതാ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതികളിൽ എൻഎച്ച് 27-ലെ ഘോസ്പുകുർ - ധുപ്ഗുരി സെക്ഷൻ, എൻഎച്ച് 27-ലെ നാലുവരി ഇസ്ലാംപൂർ ബൈപാസ് എന്നിവ ഉൾപ്പെടുന്നു. കിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വടക്കൻ-തെക്ക് ഗതാഗത ഇടനാഴിയുടെ ഭാഗമാണ് ഗോസ്പുകുർ - ധുപ്ഗുരി സെക്ഷൻ. ഈ ഭാഗത്തിന്റെ നാലുവരിപ്പാത വടക്കൻ ബംഗാളും വടക്കുകിഴക്കൻ മേഖലകളും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്ക് നയിക്കും. ഇസ്ലാംപൂർ ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നാലുവരി ഇസ്ലാംപൂർ ബൈപാസ് സഹായിക്കും. ഈ മേഖലയിലെ വ്യാവസായിക-സാമ്പത്തിക വളർച്ചയ്ക്കും റോഡ് പദ്ധതികൾ ഊർജം നൽകും.

പ്രധാനമന്ത്രി ഉത്തർപ്രദേശിൽ

42,000 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, 9800 കോടിയിലധികം രൂപയുടെ രാജ്യത്തുടനീളമുള്ള 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പൂനെ, കോലാപൂർ, ഗ്വാളിയോർ, ജബൽപൂർ, ഡൽഹി, ലഖ്നൗ, അലിഗഡ്, അസംഗഡ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, ആദംപൂർ വിമാനത്താവളങ്ങളുടെ 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ മൂന്ന് പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

12 പുതിയ ടെർമിനൽ കെട്ടിടങ്ങൾക്ക് പ്രതിവർഷം 620 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷിയുണ്ടാകും, അതേസമയം തറക്കല്ലിടുന്ന മൂന്ന് ടെർമിനൽ ബിൽഡിംഗുകൾ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ഈ വിമാനത്താവളങ്ങളുടെ സംയോജിത ശേഷി പ്രതിവർഷം 95 ലക്ഷം ആയി ഉയർത്തും. ഈ ടെർമിനൽ കെട്ടിടങ്ങൾക്ക് അത്യാധുനിക യാത്രിക സൗകര്യങ്ങളുണ്ട്, കൂടാതെ ഡബിൾ ഇൻസുലേറ്റഡ് റൂഫിംഗ് സിസ്റ്റം, ഊർജ സംരക്ഷണത്തിനുള്ള മേലാപ്പുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. ആ സംസ്ഥാനത്തിന്റെയും നഗരത്തിന്റെയും പൈതൃക ഘടകങ്ങളുടെ വിനിയോഗം പ്രാദേശിക സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുകയും പ്രദേശത്തിന്റെ പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
എല്ലാവർക്കും വീട് നൽകുക എന്നതാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ഈ ദർശനത്താൽ നയിക്കപ്പെടുന്ന, ഇത് നേടുന്നതിനുള്ള ഒരു നൂതന മാർഗമാണ് ലൈറ്റ് ഹൗസ് പദ്ധതിയുടെ ആശയവൽക്കരണം. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ 2000-ലധികം ചെലവു കുറഞ്ഞ ഫ്ളാറ്റുകൾ നിർമ്മിച്ച ലൈറ്റ് ഹൗസ് പദ്ധതി (എൽഎച്ച്പി) പ്രധാനമന്ത്രി ലക്നൗവിലും റാഞ്ചിയിലും ഉദ്ഘാടനം ചെയ്യും. ഈ എൽഎച്ച്പികളിൽ ഉപയോഗിക്കുന്ന നൂതന നിർമ്മാണ സാങ്കേതികവിദ്യ കുടുംബങ്ങൾക്ക് സുസ്ഥിരവും ഭാവിയോടുകൂടിയതുമായ ജീവിതാനുഭവം നൽകും. നേരത്തെ, ചെന്നൈ, രാജ്കോട്ട്, ഇൻഡോർ എന്നിവിടങ്ങളിൽ സമാനമായ ലൈറ്റ് ഹൗസ് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 2021 ജനുവരി 1 ന് പ്രധാനമന്ത്രി ഈ എൽഎച്ച്പികളുടെ തറക്കല്ലിട്ടു.


റാഞ്ചി എൽഎച്ച്പിക്ക് വേണ്ടി, ജർമ്മനിയുടെ പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമാണ സംവിധാനം - ത്രീഡി വോള്യൂമെട്രിക് സാങ്കേതികവിദ്യ സ്വീകരിച്ചു. എൽഎച്ച്പി റാഞ്ചിയുടെ ഒരു പ്രത്യേകത, ഓരോ മുറിയും വെവ്വേറെ ഉണ്ടാക്കിയ ശേഷം മുഴുവൻ ഘടനയും ലെഗോ ബ്ലോക്ക് കളിപ്പാട്ടങ്ങൾ പോലെ ചേർത്തിരിക്കുന്നു എന്നതാണ്. കാനഡയുടെ സ്റ്റേ ഇൻ പ്ലേസ് പിവിസി ഫോം വർക്ക് ഉപയോഗിച്ചാണ് എൽഎച്ച്പി ലഖ്നൗ നിർമ്മിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ 19,000 കോടിയിലധികം രൂപയുടെ നിരവധി റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാജ്യത്തിന് സമർപ്പിച്ചിരിക്കുന്ന പദ്ധതികളിൽ ലഖ്നൗ റിംഗ് റോഡിന്റെ നാലുവരി പാക്കേജുകളും എൻഎച്ച്-2 ന്റെ അലഹബാദ് സെക്ഷനിൽ ചക്കേരിയിൽ നിന്നുള്ള ആറ് വരി പാതയും ഉൾപ്പെടുന്നു. രാംപൂരിന്റെ പടിഞ്ഞാറൻ ഭാഗത്തെ നാലുവരിപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും - രുദ്രപൂർ; കാൺപൂർ റിംഗ് റോഡിന്റെ ആറുവരിപ്പാതകളുടെ രണ്ട് പാക്കേജുകളും റായ്ബറേലി-പ്രയാഗ്രാജ് സെക്ഷനിലെ എൻഎച്ച് 24ബി/എൻഎച്ച്-30-ന്റെ നാല് വരിപ്പാതകളും ഇതിൽപ്പെടും. റോഡ് പദ്ധതികൾ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുകയും മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.


പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 3700 കോടിയിലധികം രൂപയുടെ 744 ഗ്രാമീണ റോഡ് പദ്ധതികളും രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതികൾ ഉത്തർപ്രദേശിലെ 5,400 കിലോമീറ്ററിലധികം ഗ്രാമീണ റോഡുകളുടെ സഞ്ചിത നിർമ്മാണത്തിന് കാരണമാകും, ഇത് സംസ്ഥാനത്തെ ഏകദേശം 59 ജില്ലകൾക്ക് പ്രയോജനം ചെയ്യും. ഇത് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുകയും ചെയ്യും.


പരിപാടിയിൽ, ഉത്തർപ്രദേശിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്ന 8200 കോടി രൂപയുടെ ഒന്നിലധികം റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഒന്നിലധികം പ്രധാന റെയിൽ സെക്ഷനുകളുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭട്നിയിലെ എഞ്ചിൻ റിവേഴ്സലിന്റെ പ്രശ്നം അവസാനിപ്പിക്കുകയും തടസ്സങ്ങളില്ലാത്തവിധം ട്രെയിനുകളുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്ന ഭട്നി-പിയോക്കോൾ ബൈപാസ് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബഹ്‌റൈച്ച്-നാൻപാറ-നേപ്പാൾഗഞ്ച് റോഡ് റെയിൽ പാതയുടെ ഗേജ് മാറ്റത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതി പൂർത്തീകരിച്ച ശേഷം, ഈ മേഖലയെ മെട്രോപൊളിറ്റൻ നഗരങ്ങളുമായി ബ്രോഡ് ഗേജ് ലൈൻ വഴി ബന്ധിപ്പിക്കും, ഇത് ദ്രുതഗതിയിലുള്ള വികസനത്തിന് സഹായകമാകും. ഗാസിപൂർ സിറ്റി, ഗാസിപൂർ ഘട്ട് എന്നിവിടങ്ങളിൽ നിന്ന് ഗംഗാനദിക്ക് കുറുകെയുള്ള റെയിൽ പാലം ഉൾപ്പെടെ താരിഘട്ടിലേക്കുള്ള പുതിയ റെയിൽ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാസിപൂർ സിറ്റി-താരിഘട്ട്-ദിൽദാർ നഗർ ജംഗ്ഷനുകൾക്കിടയിലുള്ള മെമു ട്രെയിൻ സർവീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.
കൂടാതെ, പ്രയാഗ്രാജ്, ജൗൻപൂർ, ഇറ്റാവ എന്നിവിടങ്ങളിൽ ഒന്നിലധികം മലിനജല സംസ്‌കരണ പ്ലാന്റുകളുടെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും.

മഹാതാരി വന്ദന യോജന

ഛത്തീസ്ഗഢിലെ സ്ത്രീ ശാക്തീകരണത്തിന് വലിയ ഉത്തേജനമായി, മഹാതാരി വന്ദന യോജനയുടെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. സംസ്ഥാനത്തെ വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം പ്രതിമാസം ഡിബിടിയായി നൽകുന്ന പദ്ധതിയാണ് ഛത്തീസ്ഗഡിൽ ആരംഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനും അവർക്ക് സാമ്പത്തിക സുരക്ഷ നൽകാനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനും കുടുംബത്തിൽ സ്ത്രീകളുടെ നിർണായക പങ്ക് ശക്തിപ്പെടുത്താനുമാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ 2024 ജനുവരി 1-ന് 21 വയസ്സിന് മുകളിലുള്ള അർഹരായ എല്ലാ വിവാഹിത സ്ത്രീകൾക്കും ഈ പദ്ധതി ആനുകൂല്യങ്ങൾ നൽകും. വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കും ഈ പദ്ധതിക്ക് അർഹതയുണ്ട്. 70 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

SK

 



(Release ID: 2012816) Visitor Counter : 54