പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യസമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 23 FEB 2024 5:30PM by PIB Thiruvananthpuram

ഹര്‍ ഹര്‍ മഹാദേവ്!

വേദിയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രജേഷ് പഥക് ജി, ബനാസ് ഡയറി ചെയര്‍മാന്‍ ശങ്കര്‍ഭായ് ചൗധരി, സംസ്ഥാന പ്രസിഡന്റ്. ഭാരതീയ ജനതാ പാര്‍ട്ടി ശ്രീ ഭൂപേന്ദ്ര ചൗധരി ജി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിനിധികള്‍, കാശിയില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരേ. 

ഒരിക്കല്‍ കൂടി കാശിയുടെ മണ്ണില്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ ബനാറസില്‍ വരാത്തിടത്തോളം കാലം എന്റെ മനസ്സ് തൃപ്തമല്ല. പത്ത് വര്‍ഷം മുമ്പ് നിങ്ങള്‍ എന്നെ ബനാറസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാക്കി. ഇപ്പോഴിതാ, ഈ പത്തുവര്‍ഷത്തിനുള്ളില്‍ ബനാറസ് എന്നെ ബനാറസിയാക്കി.

സഹോദരീ സഹോദരന്മാരേ,

ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങളെല്ലാവരും ഇത്രയധികം കൂട്ടമായി വന്നിരിക്കുന്നത്. ഈ കാഴ്ച നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ, കാശി നിരന്തരം പുതുക്കാനുള്ള കാമ്പയിന്‍ തുടരുകയാണ്. 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടന്നു. ഈ പദ്ധതികള്‍ കാശിയുടെ വികസനം മാത്രമല്ല, പൂര്‍വാഞ്ചല്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഇന്ത്യയുടെയും വികസനം ത്വരിതപ്പെടുത്തും. റെയില്‍, റോഡ്, വിമാനത്താവളങ്ങള്‍, മൃഗസംരക്ഷണം, വ്യവസായം, കായികം, നൈപുണ്യ വികസനം, ആരോഗ്യം, ശുചിത്വം, ആത്മീയത, ടൂറിസം, എല്‍ പി ജി ഗ്യാസ്, മറ്റ് വിവിധ മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മൂലം ബനാറസിനും മുഴുവന്‍ പൂര്‍വാഞ്ചല്‍ മേഖലയ്ക്കും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ന്, സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ പദ്ധതികള്‍ക്കായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. 

സുഹൃത്തുക്കളേ,

കാശിയിലും പൂര്‍വാഞ്ചലിലും എന്തെങ്കിലും നല്ലത് സംഭവിച്ചാല്‍ എനിക്ക് സന്തോഷം തോന്നുക സ്വാഭാവികമാണ്. ഇന്ന് എന്റെ കൂടെയുള്ള ഒരുപാട് ചെറുപ്പക്കാരും ഇവിടെ വന്നിട്ടുണ്ട്. ഇന്നലെ രാത്രി ഞാന്‍ ബാബത്പൂരില്‍ നിന്ന് റോഡ് മാര്‍ഗം BLW ഗസ്റ്റ് ഹൗസില്‍ എത്തി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ബനാറസില്‍ വന്നപ്പോള്‍, ഞാന്‍ ഫുല്‍വാരിയ ഫ്ലൈഓവര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ബനാറസിന് ഈ മേല്‍പ്പാലം എത്രമാത്രം അനുഗ്രഹമായി മാറിയെന്ന് വ്യക്തമാണ്. നേരത്തെ, ആര്‍ക്കെങ്കിലും BLW ല്‍ നിന്ന് ബാബത്പൂരിലേക്ക് പോകേണ്ടിവന്നാല്‍, അവര്‍ ഏകദേശം 2-3 മണിക്കൂര്‍ മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നിരുന്നു. മണ്ഡുവാദിയില്‍ നിന്ന് ഗതാഗതക്കുരുക്ക് ആരംഭിക്കും, ഇത് മഹമൂര്‍ഗഞ്ചില്‍, കാന്റ്റില്‍, ചൗക്കാഘട്ടില്‍, നടേസറില്‍ എല്ലാം തുടരും. അതായത് ഇതു വഴി പോയി വിമാനം പിടിക്കാന്‍ ഡല്‍ഹിയിലേക്ക് വിമാനത്തില്‍ പോകുന്നതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ഈ മേല്‍പ്പാലം വന്നതോടെ ഈ സമയം പകുതിയായി കുറഞ്ഞു.

ഇന്നലെ രാത്രി, ഞാന്‍ പ്രത്യേകമായി അവിടെ പോയി എല്ലാം കണ്ടു, അതിന്റെ ക്രമീകരണം ശ്രദ്ധിച്ചു. രാത്രി ഏറെ വൈകിയും ഞാന്‍ അവിടെ നടന്നു. ഈ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍, ബനാറസിലെ വികസനത്തിന്റെ വേഗത പലമടങ്ങ് വര്‍ദ്ധിച്ചു. അല്‍പം മുമ്പ് സിഗ്ര സ്റ്റേഡിയത്തിലെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നിരുന്നു. ബനാറസിലെ യുവ കായികതാരങ്ങള്‍ക്കായി ആധുനിക ഷൂട്ടിംഗ് റേഞ്ചും ഉദ്ഘാടനം ചെയ്തു. ബനാറസിലെയും ഈ മേഖലയിലെയും യുവ കായികതാരങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

ഇവിടെ വരുന്നതിന് മുമ്പ് ഞാന്‍ ബനാസ് ഡയറി പ്ലാന്റില്‍ പോയിരുന്നു. അവിടെ, പല കന്നുകാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി സഹോദരിമാരോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. 2-3 വര്‍ഷം മുമ്പ് ഞങ്ങള്‍ ഈ കര്‍ഷക കുടുംബങ്ങള്‍ക്ക് നാടന്‍ ഇനം ഗിര്‍ പശുക്കളെ നല്‍കിയിരുന്നു. മികച്ച ഇനം നാടന്‍ പശുക്കള്‍ നല്‍കുക വഴി പൂര്‍വാഞ്ചലിലെ കര്‍ഷകര്‍ക്ക്-കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക്  ഇതേക്കുറിച്ച് അറിവും പ്രയോജനവും ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഗിര്‍ പശുക്കളുടെ എണ്ണം ഇവിടെ മുന്നൂറ്റമ്പതിനടുത്ത് എത്തിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. മുമ്പ് ഒരു സാധാരണ പശു 5 ലിറ്റര്‍ പാല്‍ തരുന്നിടത്ത് ഇപ്പോള്‍ ഒരു ഗിര്‍ പശു 15 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുവെന്ന് അവരുമായുള്ള സംഭാഷണത്തിനിടയില്‍, സഹോദരിമാര്‍ എന്നോട് പറഞ്ഞു, . ഒരു കുടുംബത്തില്‍ പശു 20 ലീറ്റര്‍ വരെ പാല്‍ കൊടുക്കാന്‍ തുടങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. ഇതുമൂലം ഈ സഹോദരിമാര്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ അധികമായി സമ്പാദിക്കുന്നു. ഇപ്പോള്‍ നമ്മുടെ സഹോദരിമാരും 'ലക്ഷാധിപതി ദീദികള്‍' ആയി മാറുകയാണ്. രാജ്യത്തുടനീളമുള്ള സ്വയം സഹായ സംഘവുമായി ബന്ധപ്പെട്ട 10 കോടി സഹോദരിമാര്‍ക്ക് ഇത് വലിയ പ്രചോദനമാണ്.

സുഹൃത്തുക്കളേ,

രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ബനാസ് ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വാരണാസി ഉള്‍പ്പെടെയുള്ള പൂര്‍വാഞ്ചലിലെ എല്ലാ കന്നുകാലി സംരക്ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഞാന്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് മോദിയുടെ ഉറപ്പ് നിങ്ങളുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് ആളുകള്‍ പറയുന്നത് - മോദിയുടെ ഗ്യാരണ്ടി എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്നാണ്. ശരിയായ നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ബനാസ് ഡയറി. നിലവില്‍, ബനാസ് ഡയറി വാരണാസി, മിര്‍സാപൂര്‍, ഗാസിപൂര്‍, റായ്ബറേലി ജില്ലകളിലെ കന്നുകാലി സംരക്ഷകരില്‍ നിന്ന് ഏകദേശം 2 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നുണ്ട്.

ഈ പ്ലാന്റ് ആരംഭിക്കുന്നതോടെ ബല്ലിയ, ചന്ദൗലി, പ്രയാഗ്രാജ്, ജൗന്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ ലക്ഷക്കണക്കിന് കന്നുകാലി സംരക്ഷകര്‍ക്ക് പ്രയോജനം ലഭിക്കും. ഈ പദ്ധതിയിലൂടെ വാരണാസി, ജൗന്‍പൂര്‍, ചന്ദൗലി, ഗാസിപൂര്‍, അസംഗഡ് ജില്ലകളിലെ ആയിരത്തിലധികം ഗ്രാമങ്ങളില്‍ ഡയറി മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. കന്നുകാലികളില്‍ നിന്നുള്ള കൂടുതല്‍ പാല്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെങ്കില്‍, ഓരോ കര്‍ഷക-കന്നുകാലി കുടുംബവും കൂടുതല്‍ സമ്പാദിക്കാന്‍ ബാധ്യസ്ഥരാണ്. ഈ പ്ലാന്റ് മികച്ച മൃഗങ്ങളെ കുറിച്ചും മികച്ച കാലിത്തീറ്റയെ കുറിച്ചും കര്‍ഷകര്‍-കന്നുകാലി സംരക്ഷകര്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും പരിശീലനം നല്‍കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇത് മാത്രമല്ല, ബനാസ് കാശി സങ്കുല്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ പദ്ധതികളിലൂടെ മേഖലയിലാകെ 3 ലക്ഷത്തിലധികം കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. പാലിന് പുറമെ മോര്, തൈര്, ലസ്സി, ഐസ്‌ക്രീം, പനീര്‍, വിവിധതരം നാടന്‍ പലഹാരങ്ങള്‍ എന്നിവയും ഉണ്ടാക്കും. ഇതൊക്കെ ഉണ്ടാക്കിയാല്‍ പിന്നെ വില്‍ക്കുന്നവര്‍ക്കും ജോലി കിട്ടും. രാജ്യത്തിന്റെ എല്ലാ കോണുകളിലും ബനാറസിന്റെ പ്രശസ്തമായ മധുരപലഹാരങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഈ പ്ലാന്റ് ഒരു പ്രധാന പങ്ക് വഹിക്കും. പാലിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട ബിസിനസ്സിലും നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. മൃഗങ്ങളുടെ തീറ്റയുമായി ബന്ധപ്പെട്ട ബിസിനസ്സുകളുടെയും പ്രാദേശിക വിതരണക്കാരുടെയും വ്യാപ്തിയും വര്‍ദ്ധിക്കും. ഇത് നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും.


സുഹൃത്തുക്കളേ,

ഈ ശ്രമങ്ങള്‍ക്കിടയില്‍, ബനാസ് ഡയറിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു പുരുഷ അംഗത്തിനും പണം നല്‍കാതെ, നിങ്ങള്‍ പാലിനുള്ള പണം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഞങ്ങളുടെ സഹോദരിമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മികച്ച ഫലം നല്‍കുമെന്ന് എന്റെ അനുഭവം പറയുന്നു. നമ്മുടെ സഹോദരിമാര്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന മേഖലയാണ് കന്നുകാലി വളര്‍ത്തല്‍. നമ്മുടെ സഹോദരിമാരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണിത്. ചെറുകിട കര്‍ഷകര്‍ക്കും ഭൂരഹിത കുടുംബങ്ങള്‍ക്കും കന്നുകാലി വളര്‍ത്തല്‍ ഗണ്യമായ പിന്തുണയാണ്. അതുകൊണ്ടാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ കന്നുകാലി-ക്ഷീര മേഖലയ്ക്ക് ഇത്രയധികം ഊന്നല്‍ നല്‍കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ സര്‍ക്കാര്‍ കര്‍ഷകനെ ഊര്‍ജദാതാവാക്കി മാറ്റാന്‍ മാത്രമല്ല, ഇപ്പോള്‍ കര്‍ഷകനെ വളം നല്‍കുന്നവനാക്കി മാറ്റാനും പ്രവര്‍ത്തിക്കുന്നു. കന്നുകാലി സംരക്ഷകര്‍ക്ക് ചാണകത്തില്‍ നിന്നും പാലില്‍ നിന്നും സമ്പാദിക്കാനുള്ള അവസരങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു, അങ്ങനെ അവര്‍ വളം ഉത്പാദകരായി മാറുന്നു. നമ്മുടെ ഡയറി പ്ലാന്റുകള്‍ ചാണകത്തില്‍ നിന്ന് ജൈവ-സിഎന്‍ജി ഉത്പാദിപ്പിക്കുന്നു, കൂടാതെ കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ജൈവ വളങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇത് ജൈവകൃഷിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഗംഗാനദിയുടെ തീരത്ത് പ്രകൃതി കൃഷി ചെയ്യുന്ന പ്രവണത ഇപ്പോള്‍ത്തന്നെ വര്‍ദ്ധിച്ചുവരികയാണ്. ഇന്ന്, ഗോബര്‍ ധന് പദ്ധതി പ്രകാരം, മറ്റ് പാഴ് വസ്തുക്കളോടൊപ്പം ചാണകത്തില്‍ നിന്ന് ബയോഗ്യാസ്, ബയോ-സിഎന്‍ജി എന്നിവ നിര്‍മ്മിക്കുന്നു. ഇത് ശുചിത്വം ഉറപ്പാക്കുക മാത്രമല്ല മാലിന്യത്തില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

മാലിന്യം സ്വര്‍ണമാക്കി മാറ്റുന്നതില്‍ കാശി രാജ്യത്ത് മാതൃകയാവുകയാണ്. ഇന്ന് അത്തരത്തിലുള്ള മറ്റൊരു പ്ലാന്റ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ പ്ലാന്റ് നഗരത്തില്‍ നിന്ന് പ്രതിദിനം 600 ടണ്‍ മാലിന്യം 200 ടണ്‍ കരിയാക്കി മാറ്റും. ഈ മാലിന്യം ഏതെങ്കിലും വയലില്‍ തുടര്‍ച്ചയായി തള്ളുകയാണെങ്കില്‍, അത് എത്ര വലിയ മാലിന്യമല സൃഷ്ടിക്കുമെന്ന് സങ്കല്‍പ്പിക്കുക. കാശിയിലെ മലിനജല സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

കര്‍ഷകരും കന്നുകാലി സംരക്ഷകരുമാണ് ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന. രണ്ട് ദിവസം മുമ്പാണ് സര്‍ക്കാര്‍ കരിമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയത്. ക്വിന്റലിന് 340 രൂപ. കന്നുകാലി സംരക്ഷകരുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത്, കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയും എളുപ്പമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൂര്‍വാഞ്ചലില്‍ കരിമ്പിന് പണമിടപാട് നടത്തിയിരുന്ന സാഹചര്യം ഓര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ ഇത് ബിജെപി സര്‍ക്കാരാണ്. കര്‍ഷകരുടെ കുടിശ്ശിക കൊടുക്കുക മാത്രമല്ല, വിളകളുടെ വിലയും വര്‍ധിപ്പിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഒരു 'വികസിത് ഭാരതിന്റെ (വികസിത ഭാരതം) നിര്‍മ്മാണം 'ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ (സ്വാശ്രയ ഭാരതം) ശക്തിയില്‍ അധിഷ്ഠിതമായിരിക്കും. പുറത്തുനിന്ന് എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്ത് 'വികസിത് ഭാരത്' നിര്‍മ്മിക്കാനാവില്ല. ഇതാണ് മുന്‍ സര്‍ക്കാരുകളുടെയും നമ്മുടെ സര്‍ക്കാരിന്റെയും സമീപനം തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം. ചെറുകിട കര്‍ഷകര്‍, കന്നുകാലി സംരക്ഷകര്‍, കൈത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് സഹായം നല്‍കുമ്പോള്‍, രാജ്യത്തെ ഓരോ ചെറുശക്തിയും ഉണര്‍ന്ന് വരുമ്പോള്‍ മാത്രമേ 'ആത്മനിര്‍ഭര്‍ ഭാരത്' സാധ്യമാകൂ. അതുകൊണ്ടാണ് ഞാന്‍ തദ്ദേശീയര്‍ക്ക് വേണ്ടി വാചാലനാകുന്നത്. പിന്നെ നാട്ടുകാരന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിക്കുമ്പോള്‍, ലക്ഷക്കണക്കിന് രൂപ മുടക്കി പത്രങ്ങളിലും ടിവിയിലും പരസ്യം കൊടുക്കാന്‍ പറ്റാത്ത നെയ്ത്തുകാരുടെ, ചെറുകിട സംരംഭകരുടെ പ്രോത്സാഹനമാണ്. പ്രാദേശിക ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന അത്തരം സഹയാത്രികരെ മോദി തന്നെ പ്രോത്സാഹിപ്പിക്കുന്നു.

ഇന്ന് എല്ലാ ചെറുകിട കര്‍ഷകരുടെയും എല്ലാ ചെറുകിട സംരംഭകരുടെയും അംബാസഡറാണ് മോദി. ഖാദി വാങ്ങാനും ഖാദി ധരിക്കാനും ഞാന്‍ ആളുകളെ പ്രേരിപ്പിക്കുമ്പോള്‍, എല്ലാ ഗ്രാമങ്ങളിലെയും ഖാദി ധരിക്കുന്ന സഹോദരിമാരെ ഞാന്‍ മാര്‍ക്കറ്റുമായി ബന്ധിപ്പിക്കുന്നു. രാജ്യത്ത് നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍, അത് തലമുറകളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നു. മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ചെറുകിട, കുടില്‍ വ്യവസായങ്ങളുടെ, നമ്മുടെ MSME-കളുടെ കഴിവുകള്‍ ഉയര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നു. 'ദേഖോ അപ്നാ ദേശ്' (നിങ്ങളുടെ സ്വന്തം രാജ്യം കാണുക) എന്ന് ഞാന്‍ പറയുമ്പോള്‍, ഞാന്‍ നമ്മുടെ സ്വന്തം രാജ്യത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു.

കാശിയില്‍ പ്രാദേശിക തൊഴിലും സ്വയം തൊഴിലും എങ്ങനെ വര്‍ധിക്കുന്നുവെന്ന് നാം അനുഭവിച്ചറിയുകയാണ്. വിശ്വനാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണത്തിനു ശേഷം 12 കോടിയോളം ആളുകള്‍ കാശിയിലെത്തി. ഇത് കടയുടമകള്‍, ധാബ ഉടമകള്‍, വഴിയോരക്കച്ചവടക്കാര്‍, റിക്ഷാ വലിക്കുന്നവര്‍, പൂക്കച്ചവടക്കാര്‍, ബോട്ടുകാര്‍ തുടങ്ങി ഇവിടെയുള്ള എല്ലാവരുടെയും തൊഴില്‍ വര്‍ധിപ്പിച്ചു.

ഇന്ന് ഒരു പുതിയ തുടക്കത്തിന്റെ അടയാളപ്പെടുത്തലാണ്. കാശിയിലേക്കും അയോധ്യയിലേക്കും ചെറു വൈദ്യുത വിമാനങ്ങളുടെ പദ്ധതി ആരംഭിച്ചു. ഇത് കാശിയിലും അയോധ്യയിലുമെത്തുന്ന തീര്‍ഥാടകരുടെ അനുഭവം വര്‍ധിപ്പിക്കും.

സഹോദരീ സഹോദരന്മാരേ,

പതിറ്റാണ്ടുകള്‍ നീണ്ട സ്വജനപക്ഷപാതവും അഴിമതിയും പ്രീണനവും ഉത്തര്‍പ്രദേശിനെ വികസനത്തില്‍ പിന്നോട്ടടിച്ചു. മുന്‍ സര്‍ക്കാരുകള്‍ യുപിയെ ബീമാരു (രോഗബാധിത) സംസ്ഥാനമാക്കി മാറ്റി, യുവാക്കളുടെ ഭാവി കവര്‍ന്നു. എന്നാല്‍ ഇന്ന്, യുപി മാറുകയാണ്, യുപിയിലെ യുവാക്കള്‍ അവരുടെ പുതിയ ഭാവി എഴുതുമ്പോള്‍, ഈ കുടുംബാധിപത്യക്കാര്‍ എന്താണ് ചെയ്യുന്നത്? അവരുടെ വാക്കുകള്‍ കേട്ട് ഞാന്‍ അത്ഭുതപ്പെടുന്നു. കോണ്‍ഗ്രസ് രാജകുടുംബത്തിലെ ഇളതലമുറക്കാരന്‍ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, കാശിയുടെ ഭൂമിയെ കുറിച്ച് കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ പിന്‍ഗാമി പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും -- അദ്ദേഹം പറയുന്നത് കാശിയിലെ യുവാക്കള്‍, യുപിയിലെ യുവാക്കള്‍, അടിമപ്പെട്ടു എന്നാണ്. ഇത് ഏതുതരം ഭാഷയാണ്?

അവര്‍ മോദിയെ ശപിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ട് ചെലവഴിച്ചപ്പോള്‍, ഇപ്പോള്‍, അവര്‍ തങ്ങളുടെ നിരാശ ഉളവാക്കുന്നത് യുപിയിലെ യുവാക്കളായ എന്റെ കാശിയിലെ യുവാക്കളിലേക്കാണ്. യുപിയിലെ യുവാക്കളായ കാശിയിലെ കുട്ടികളെയാണ് ബോധം നഷ്ടപ്പെട്ടവര്‍ അടിമകളെന്ന് വിളിക്കുന്നത്. ഓ, നിര്‍ലജ്ജമായ രാജവംശങ്ങളേ, കാശിയിലെയും യുപിയിലെയും യുവാക്കള്‍ ഒരു 'വികസിത് യുപി' (വികസിത യുപി) കെട്ടിപ്പടുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, അവരുടെ സമ്പന്നമായ ഭാവി എഴുതാന്‍ കഠിനമായി പരിശ്രമിക്കുന്നു. യുപിയിലെ യുവാക്കളെ ഇന്ത്യ സഖ്യം അപമാനിച്ചത് ആരും മറക്കില്ല.

സുഹൃത്തുക്കളേ,

ഇതാണ് കടുത്ത നിലപാടുകളുള്ള രാജവംശങ്ങളുടെ യാഥാര്‍ത്ഥ്യം. ഈ രാജവംശങ്ങള്‍ എപ്പോഴും യുവശക്തിയെ ഭയപ്പെടുന്നു, യുവപ്രതിഭകളെ ഭയപ്പെടുന്നു. സാധാരണ യുവാക്കള്‍ക്ക് അവസരം ലഭിച്ചാല്‍ എല്ലായിടത്തും തങ്ങളെ വെല്ലുവിളിക്കുമെന്ന് അവര്‍ കരുതുന്നു. രാവും പകലും നിരന്തരം അവരെ പുകഴ്ത്തുന്നവരെ അവര്‍ ഇഷ്ടപ്പെടുന്നു. ഇക്കാലത്ത് അവരുടെ ദേഷ്യത്തിനും നിരാശയ്ക്കും മറ്റൊരു കാരണമുണ്ട്. കാശിയുടെയും അയോധ്യയുടെയും പുതിയ മുഖം അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ പ്രസംഗങ്ങളില്‍ രാമക്ഷേത്രത്തെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നുവെന്ന് നോക്കൂ. എങ്ങനെയാണ് അവര്‍ തങ്ങളുടെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത്. ശ്രീരാമനോട് കോണ്‍ഗ്രസിന് ഇത്ര വെറുപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

സഹോദരീ സഹോദരന്മാരേ,

അവര്‍ക്ക് അവരുടെ കുടുംബത്തിനും വോട്ട് ബാങ്കിനും അപ്പുറം കാണാന്‍ കഴിയില്ല; അതിനപ്പുറം ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ ഒന്നിക്കുന്നത്, ഫലം വലിയ പൂജ്യമാകുമ്പോള്‍, അവര്‍ പരസ്പരം അധിക്ഷേപിച്ചുകൊണ്ട് വേര്‍പിരിയുന്നു. എന്നാല്‍ ഈ ആളുകള്‍ക്ക് അറിയില്ല -- ഇതാണ് ബനാറസ്, ഇവിടെ എല്ലാവര്‍ക്കും അറിയാം. ഇവിടെ ഇന്ത്യസഖ്യം പ്രവര്‍ത്തിക്കില്ല. ബനാറസിന് മാത്രമല്ല... യു.പി.ക്കെല്ലാം അറിയാം. ഉല്‍പ്പന്നം ഒന്നുതന്നെയാണ്, എന്നാല്‍ പാക്കിംഗ് പുതിയതാണ്. ഇക്കുറി കെട്ടിവെച്ച കാശ് കിട്ടാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യമൊട്ടാകെ ഒരേ മാനസികാവസ്ഥയാണ് - ഇത്തവണ എന്‍ഡിഎ 400 (സീറ്റ്) കടക്കും. ഇത് മോദിയുടെ ഉറപ്പാണ് -- ഓരോ ഗുണഭോക്താവിനും 100% ആനുകൂല്യം ലഭിക്കും. മോദി ഗുണഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഗ്യാരണ്ടി നല്‍കുന്നു, അതിനാല്‍ യുപിയും മോദിക്ക് എല്ലാ സീറ്റുകളും നല്‍കാന്‍ തീരുമാനിച്ചു. ഇതിനര്‍ത്ഥം ഇത്തവണ യുപി എല്ലാ സീറ്റുകളും എന്‍ഡിഎയ്ക്ക് നല്‍കുമെന്നാണ്.

സഹോദരീ സഹോദരന്മാരേ,

ലോകത്തിലെ ഭാരതത്തിന്റെ കഴിവുകളുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഘട്ടമാണ് മോദിയുടെ മൂന്നാം വട്ടം. ഈ സമയത്ത്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ, സമൂഹം, പ്രതിരോധം മുതല്‍ സംസ്‌കാരം വരെയുള്ള എല്ലാ മേഖലകളും പുതിയ ഉയരങ്ങളിലെത്തും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, 11-ാം സ്ഥാനത്ത് നിന്ന് ഭാരതം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും.


കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, രാജ്യത്ത് എല്ലാം ഡിജിറ്റലായി മാറിയത് നിങ്ങള്‍ കണ്ടു. നാലുവരിപ്പാതകളും ആറുവരിപ്പാതകളും എട്ടുവരിപ്പാതകളും ആധുനിക റെയില്‍വേ സ്റ്റേഷനുകളുമുള്ള വിശാലമായ റോഡുകളാണ് ഇന്ന് നിങ്ങള്‍ കാണുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകള്‍ വളരെ വേഗത്തില്‍ ഓടുന്നു, ഇതാണ് പുതിയ ഭാരതം. വരുന്ന 5 വര്‍ഷത്തിനുള്ളില്‍, അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത ഉണ്ടാകും, രാജ്യം പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു.

വികസനം നിഷേധിക്കപ്പെട്ട ഭാരതത്തിന്റെ കിഴക്കന്‍ ഭാഗം 'വികസിത് ഭാരത'ത്തിന്റെ വളര്‍ച്ചാ യന്ത്രമായി മാറുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. വാരണാസി മുതല്‍ ഔറംഗബാദ് വരെയുള്ള ആറുവരി പാതയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമ്പോള്‍, യുപിക്കും ബിഹാറിനും വലിയ നേട്ടമുണ്ടാകും. വാരണാസി-റാഞ്ചി-കൊല്‍ക്കത്ത എക്‌സ്പ്രസ് വേ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയ്ക്കിടയിലുള്ള ദൂരവും സമയവും കുറയ്ക്കും. വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്ര ഭാവിയില്‍ പകുതിയോളം കുറയും.

സുഹൃത്തുക്കളേ,

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ യുപിയുടെയും കാശിയുടെയും വികസനത്തിന് പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. എങ്കില്‍് കാശിയിലെ ജനങ്ങള്‍ക്ക് കാശി റോപ് വേ പോലെയുള്ള ആധുനിക ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനാകും. വിമാനത്താവളത്തിന്റെ ശേഷി പലമടങ്ങ് കൂടും. യുപിയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ പ്രധാന കായിക നഗരമായി കാശി മാറും. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ എന്റെ കാശി, മെയ്ഡ് ഇന്‍ ഇന്ത്യ, 'ആത്മനിര്‍ഭര്‍ ഭാരത്' കാമ്പെയ്‌നുകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. വരുന്ന 5 വര്‍ഷത്തിനുള്ളില്‍, നിക്ഷേപവും തൊഴിലും, നൈപുണ്യവും തൊഴിലവസരവും കാശിയുടെ കേന്ദ്രമായി മാറും.

വരുന്ന 5 വര്‍ഷത്തിനുള്ളില്‍ കാശിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കാമ്പസ് സജ്ജമാകും. ഇത് യുപിയിലെ യുവാക്കള്‍ക്ക് നൈപുണ്യത്തിനും തൊഴിലിനും നിരവധി അവസരങ്ങള്‍ നല്‍കും. ഇത് നമ്മുടെ സഹ നെയ്ത്തുകാരായ നമ്മുടെ കരകൗശല തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതികവിദ്യയും പുതിയ വൈദഗ്ധ്യവും ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തില്‍, ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ കാശിക്ക് ഞങ്ങള്‍ ഒരു പുതിയ വ്യക്തിത്വം നല്‍കി. ഇപ്പോഴിതാ പുതിയ മെഡിക്കല്‍ കോളേജും ഇതിന്റെ ഭാഗമാകാന്‍ പോകുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഏജിംഗ് സഹിതം 35 കോടി രൂപ ചെലവ് വരുന്ന നിരവധി രോഗനിര്‍ണയ മെഷീനുകളും ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വരുന്ന രോഗികളുടെ രോഗനിര്‍ണയം എളുപ്പമാക്കും. കാശിയിലെ ആശുപത്രികളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിക്കുന്നതിന് പുതിയ സൗകര്യം ഉടന്‍ ഒരുക്കും.

സുഹൃത്തുക്കളേ,

കാശിയുടെയും യുപിയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനം നിലയ്ക്കാന്‍ നാം അനുവദിക്കരുത്. കാശിയിലെ ഓരോ നിവാസിയും ഒത്തുചേരേണ്ട സമയമാണിത്. മോദിയുടെ ഉറപ്പില്‍ രാജ്യത്തിനും ലോകത്തിനും അത്രയേറെ വിശ്വാസമുണ്ടെങ്കില്‍ ഇതിന് പിന്നില്‍ നിങ്ങളുടെ അടുപ്പവും ബാബയുടെ അനുഗ്രഹവുമുണ്ട്. ഒരിക്കല്‍ കൂടി, പുതിയ പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

ഹര്‍ ഹര്‍ മഹാദേവ്!

 

NS



(Release ID: 2011465) Visitor Counter : 33