പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏകദേശം 41,000 കോടി രൂപയുടെ 2000 റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും ഫെബ്രുവരി 26ന് പ്രധാനമന്ത്രി നിര്‍വഹിക്കും


അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 19,000 കോടിയിലധികം രൂപ ചെലവില്‍ 553 റെയില്‍വേ സ്‌റ്റേഷനുകള്‍ പുനര്‍വികസിപ്പിക്കുന്നതിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

പുനര്‍വികസിപ്പിച്ച ഗോമതി നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

ഏകദേശം 21,520 കോടി രൂപ ചെലവുവരുന്ന രാജ്യത്തുടനീളമുള്ള 1500 റോഡ് മേല്‍പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും

Posted On: 25 FEB 2024 3:29PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 41,000 കോടയിലധികം രൂപ ചെലവുവരുന്ന 2000 റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.

റെയില്‍വേ സ്‌റ്റേഷനുകളില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ഉദ്യമത്തിന്റെ ഒരു സുപ്രധാന ചുവടുവയ്പ്പായി, അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ 553 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ സ്‌റ്റേഷനുകള്‍ 19,000 കോടിയിലധികം രൂപ ചെലവിലാണ് പുനര്‍വികസിപ്പിച്ചെടുക്കുന്നത്. നഗരത്തിന്റെ ഇരുഭാഗങ്ങളെയും സംയോജിപ്പിക്കുന്ന സിറ്റി സെന്ററുകള്‍ ആയി ഈ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. റൂഫ് പ്ലാസ, മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഇന്റര്‍ മോഡല്‍ കണക്റ്റിവിറ്റി, മെച്ചപ്പെട്ട ആധുനിക മുന്‍ഭാഗം, കുട്ടികളുടെ കളിസ്ഥലം, കിയോസ്‌ക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ ആധുനിക യാത്രാ സൗകര്യങ്ങള്‍ ഇവയിലുണ്ടാകും. പരിസ്ഥിതി സൗഹൃദമായും ദിവ്യാംഗ സൗഹൃദമായുമാണ് ഇവ പുനര്‍വികസിപ്പിച്ചെടുക്കുക. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കും ഈ സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ രൂപകല്‍പ്പന.അതിനുപുറമെ, ഏകദേശം 385 കോടി രൂപ ചെലവില്‍ പുനര്‍വികസിപ്പിച്ച ഉത്തര്‍പ്രദേശിലെ ഗോമതി നഗര്‍ സ്‌റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഭാവിയില്‍ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ഈ സ്‌റ്റേഷനില്‍ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമുള്ള സൗകര്യങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്. നഗരത്തിന്റെ ഇരുഭാഗങ്ങളെയും ഇത് സമന്വയിപ്പിക്കും. കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ ചെയ്ത ഈ സ്റ്റേഷനില്‍ ആധുനിക യാത്രാ സൗകര്യങ്ങളായ എയര്‍ കോണ്‍കോര്‍സ്, തിരക്കില്ലാത്ത ചംക്രമണം, ഫുഡ് കോര്‍ട്ടുകള്‍, മുകളിലും താഴെയുമുള്ള ബേസ്‌മെന്റില്‍ വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവയുമുണ്ട്.

1500 റോഡ് മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടല്‍, ഉദ്ഘാടനം, രാജ്യത്തിന് സമര്‍പ്പിക്കല്‍ എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും. 21,520 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയിലെ ഈ റോഡ് മേല്‍പ്പാലങ്ങളും അടിപ്പാതകളും 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നവയാണ്. ഈ പദ്ധതികള്‍ തിരക്ക് കുറയ്ക്കുകയും, സുരക്ഷയും ബന്ധിപ്പിക്കലും വര്‍ദ്ധിപ്പിക്കുകയും, കാര്യശേഷി മെച്ചപ്പെടുത്തുകയും, റെയില്‍ യാത്രയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

--SK--



(Release ID: 2008845) Visitor Counter : 89