പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഛത്തീസ്ഗഢില്‍ 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും നിര്‍വഹിച്ചു

റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ ആവശ്യങ്ങളാണ് പദ്ധതികള്‍ നിറവേറ്റുന്നത്

എന്‍.ടി.പി.സിയുടെ ലാരാ സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതി ഘട്ടം-1 രാജ്യത്തിന് സമര്‍പ്പിക്കുകയും എന്‍.ടി.പി.സിയുടെ ലാറാ സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതി ഘട്ടം-2 ന് തറക്കല്ലിടുകയും ചെയ്തു

''ഛത്തീസ്ഗഢിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണന''

''പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവജനങ്ങളുടെയും നാരീശക്തിയുടെയും ശാക്തീകരണത്തിലൂടെ വികസിത് ഛത്തീസ്ഗഢ് കെട്ടിപ്പടുക്കും''

''ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ പൂജ്യമായി കുറയ്ക്കാനാണ് ഗവണ്‍മെന്റിന്റെ ശ്രമം''

''മോദിയെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് അദ്ദേഹത്തിന്റെ കുടുംബം, നിങ്ങളുടെ സ്വപ്‌നങ്ങളാണ് അദ്ദേഹത്തിന്റെ പ്രതിജ്ഞകള്‍''

''അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമ്പോള്‍, ഛത്തീസ്ഗഡും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തും''

''അഴിമതി അവസാനിക്കുമ്പോള്‍, വികസനം ആരംഭിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും''

Posted On: 24 FEB 2024 1:30PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 24

വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ് ഈ പദ്ധതികള്‍.

ഛത്തീസ്ഗഡിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പരിപാടിയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. യുവജനങ്ങള്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍ എന്നിവരുടെ ശാക്തീകരണത്തിലൂടെ വികസിത് ഛത്തീസ്ഗഢ് സൃഷ്ടിക്കപ്പെടുമെന്നും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിത് ഛത്തീസ്ഗഡിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്യുന്ന പദ്ധതികള്‍ ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ ചെലവില്‍ പൗരന്മാര്‍ക്ക് ഇനി വൈദ്യുതി ലഭ്യമാക്കുമെന്ന് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന എന്‍.ടി.പി.സിയുടെ സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതിയെക്കുറിച്ചും 1600 മെഗാവാട്ട് ശേഷിയുള്ള രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനത്തെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിനെ സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമവും എടുത്തുകാട്ടിയ അദ്ദേഹം, സമര്‍പ്പിക്കപ്പെടുന്ന രാജ്‌നന്ദ്ഗാവിലും ഭിലായിലും സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് രാത്രിയിലും സമീപ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാന്‍ ശേഷിയുണ്ടെന്നും പരാമര്‍ശിച്ചു. ''ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യമായി കുറയ്ക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്'', നിലവില്‍ രാജ്യത്തുടനീളമുള്ള 1 കോടി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയെക്കുറിച്ച് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. പുരപ്പുറ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗവണ്‍മെന്റ് നേരിട്ട് ധനസഹായം നല്‍കുമെന്നും അതില്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കുമെന്നും ഉല്‍പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗവണ്‍മെന്റ് തിരികെ വാങ്ങുമെന്നും അതുവഴി പൗരന്മാര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ അധിക വരുമാനം സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. രൂപയുടെ. തരിശായി കിടക്കുന്ന കൃഷിയിടങ്ങളില്‍ ചെറുകിട സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കര്‍ഷകരെ സഹായിച്ചുകൊണ്ട് അന്നദാതാവിനെ ഊര്‍ജദാതാവാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലും അദ്ദേഹം പരാമര്‍ശിച്ചു.

ഛത്തീസ്ഗഡിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഉറപ്പുകള്‍ പൂര്‍ത്തിയാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ബോണസ് ഇതിനകം ലഭിച്ചിട്ടുണ്ട്. തെണ്ടു ഇല ശേഖരിക്കുന്നവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ആവാസ്, ഹര്‍ ഘര്‍ നല്‍ സേ ജല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പുതിയ ചലനക്ഷമത കരഗതമായെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മേത്തരി വന്ദന്‍ യോജനയ്ക്ക് സംസ്ഥാനത്തെ വനിതകളെ അഭിനന്ദിക്കുകയും ചെയ്തു.

കഠിനാധ്വാനികളായ കര്‍ഷകരും പ്രതിഭാധനരായ യുവനങ്ങളും പ്രകൃതിയുടെ സമ്പത്തും എന്നിങ്ങനെ വികസിതമാകാന്‍ ആവശ്യമായതെല്ലാം ഛത്തീസ്ഗഢില്‍ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിയിയില്ലായ്മയ്ക്ക് മുന്‍ ഗവണ്‍മെന്റുകളുടെ ഇടുങ്ങിയ വീക്ഷണത്തേയും സ്വാര്‍ത്ഥ പിന്തുടര്‍ച്ച രാഷ്ട്രീയത്തേയും അദ്ദേഹം വിമര്‍ശിച്ചു. ''മോദിയെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് അദ്ദേഹത്തിന്റെ കുടുംബം നിങ്ങളുടെ സ്വപ്‌നങ്ങളാണ് അദ്ദേഹത്തിന്റെ പ്രതിജ്ഞകള്‍. അതുകൊണ്ടാണ് ഞാന്‍ ഇന്ന് വികസിത് ഭാരതിനെക്കുറിച്ചും, വികസിത് ഛത്തീസ്ഗഢിനെക്കുറിച്ചും സംസാരിക്കുന്നത്'' അദ്ദേഹം പറഞ്ഞു. '' 140 കോടി ഇന്ത്യക്കാരിലോരോരുത്തര്‍ക്കും ഈ സേവകന്‍ തന്റെ പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഉറപ്പ് നല്‍കിയിട്ടുണ്ട്'' അദ്ദേഹം തുടര്‍ന്നു പറയുകയും, ലോകത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുമെന്ന തന്റെ 2014 ലെ ഉറപ്പ് അനുസ്മരിക്കുകയും ചെയ്തു. അതുപോലെ, പാവപ്പെട്ട പൗരന്മാരുടെ പണം കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നു. ഈ തുക പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍, സൗജന്യ ചികിത്സ, താങ്ങാനാവുന്ന മരുന്നുകള്‍, വീട്, പൈപ്പ് വെള്ളം, ഗ്യാസ് കണക്ഷന്‍, ശൗച്യാലയങ്ങള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയില്‍ മോദിയുടെ ഗ്യാരണ്ടി വാഹനം ഗ്രാമങ്ങള്‍ തോറും പോകുന്നത് കാണാനുമാകും.

നമ്മുടെ പൂര്‍വ്വികരുടെ സ്വപ്‌നങ്ങളുടെയും അഭിലാഷങ്ങളുടെയും ഇന്ത്യയെ സൃഷ്ടിക്കുമെന്ന് 10 വര്‍ഷം മുമ്പ് മോദി നല്‍കിയ ഉറപ്പ് അനുസ്മരിച്ച പ്രധാനമന്ത്രി അത്തരമൊരു വികസിത ഇന്ത്യയാണ് ഇന്ന് ഉയര്‍ന്നുവരുന്നതെന്ന് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ മുന്‍കൈയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, തത്സമയ പേയ്‌മെന്റുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, സ്വീകരിച്ച പേയ്‌മെന്റുകള്‍ക്കുള്ള അറിയിപ്പുകള്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കുകയും ഇന്ന് അവ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നതിന് അടിവരയിടുകയും ചെയ്തു. യുവജനങ്ങള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനുമായി മുദ്ര പദ്ധതിക്ക് കീഴില്‍ 28 ലക്ഷം കോടി രൂപയുടെ സഹായം ലഭ്യമാക്കി, പി.എം. കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 2.75 കോടി രൂപയുടെ സഹായം നല്‍കി, ഇവയിലൂടെയൊക്കെ രാജ്യത്തെ ജനങ്ങള്‍ക്ക് 34 ലക്ഷം കോടിയിലധികം രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. സുതാര്യതയില്ലായ്മ മൂലം മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഉണ്ടായിരുന്ന ഫണ്ട് കൈമാറ്റത്തിലെ ചോര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ''അഴിമതി അവസാനിക്കുമ്പോള്‍, വികസനം ആരംഭിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'', സദ്ഭരണത്തിന്റെ ഫലമായുള്ള ആരോഗ്യ സൗകര്യങ്ങളുടെയും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം, പുതിയ റോഡുകളുടെയും റെയില്‍ പാതകളുടെയും നിര്‍മ്മാണം എന്നിവയിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇത്തരം പ്രവൃത്തികള്‍ ഒരു വികസിത ഛത്തീസ്ഗഢ് സൃഷ്ടിക്കുമെന്നും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയരുമ്പോള്‍ ഛത്തീസ്ഗഡും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇത് ഒരു വലിയ അവസരമാണ്, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കും സ്‌കൂളിലും കോളേജിലും പഠിക്കുന്ന ചെറുപ്പക്കാര്‍ക്കും. വികസിത ഛത്തീസ്ഗഢ് അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റും'', പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം

 എന്‍ടിപിസിയുടെ ലാറാ സൂപ്പര്‍ താപവൈദ്യുത പദ്ധതി ഒന്നാം ഘട്ടം (2x800 മെഗാവാട്ട്) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയില്‍ എന്‍ടിപിസിയുടെ ലാറാ സൂപ്പര്‍ താപവൈദ്യുത പദ്ധതി രണ്ടാം ഘട്ടത്തിന് (2x800 മെഗാവാട്ട്)  തറക്കല്ലിടുകയും ചെയ്തു. ഏകദേശം 15,800 കോടി രൂപ മുതല്‍ മുടക്കിലാണ് ഒന്നാം ഘട്ടം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍, പദ്ധതിയുടെ രണ്ടാം ഘട്ടം, ഒന്നാം ഘട്ടത്തിന്റെ ചുറ്റുവട്ടത്ത് ലഭ്യമായ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ വിപുലീകരണത്തിന് അധിക ഭൂമി ആവശ്യമില്ല, 15,530 കോടി രൂപ നിക്ഷേപം ആവശ്യമാണ്. വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും (ഘട്ടം-I-ന്) അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും (ഘട്ടം-II-ന്) സജ്ജീകരിച്ചിരിക്കുന്ന ഈ പദ്ധതി, കുറഞ്ഞ നിര്‍ദ്ദിഷ്ട കല്‍ക്കരി ഉപഭോഗവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലും ഉറപ്പാക്കും. ഘട്ടം 1, II എന്നിവയില്‍ നിന്നുള്ള 50% വൈദ്യുതി ഛത്തീസ്ഗഢ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുമ്പോള്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ദാമന്‍, ദിയു ദാദ്ര, നാഗര്‍ ഹവേലി തുടങ്ങിനിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതി സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ മൂന്ന് പ്രധാന ഫസ്റ്റ് മൈല്‍ കണക്റ്റിവിറ്റി (എഫ്എംസി) പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് മൊത്തം 600 കോടിയിലധികം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. വേഗത്തിലും പരിസ്ഥിതി സൗഹൃദമായും കാര്യക്ഷമമായും യന്ത്രവല്‍കൃതമായി കല്‍ക്കരി ഒഴിപ്പിക്കലിന് അവ സഹായിക്കും. ഈ പദ്ധതികളില്‍ എസ്ഇസിഎല്ലിന്റെ ദിപ്ക ഏരിയയിലെയും ഛാലിലെയും ദിപ്ക ഒസിപി കല്‍ക്കരി കൈകാര്യം ചെയ്യല്‍ പ്ലാന്റ്, എസ്ഇഎല്ലിന്റെ റായ്ഗഡ് ഏരിയയിലെ ബറൗഡ് ഒസിപി കല്‍ക്കരി കൈകാര്യം ചെയ്യുന്ന പ്ലാന്റ് എന്നിവ ഉള്‍പ്പെടുന്നു. കണ്‍വെയര്‍ ബെല്‍റ്റുകള്‍ വഴി നിലവറകള്‍, ദ്രുത വേഗ ലോഡിംഗ് സംവിധാനങ്ങള്‍ എന്നിവയുള്ള കല്‍ക്കരി പ്ലാന്റുകളിലേക്ക് പിറ്റ്‌ഹെഡില്‍ നിന്ന് കല്‍ക്കരിയുടെ യന്ത്രവല്‍കൃത ചലനം എഫ്എംസി പദ്ധതികള്‍ ഉറപ്പാക്കുന്നു. റോഡ് വഴിയുള്ള കല്‍ക്കരി ഗതാഗതം കുറയ്ക്കുന്നതിലൂടെ, ഗതാഗതക്കുരുക്ക്, റോഡപകടങ്ങള്‍, കല്‍ക്കരി ഖനികള്‍ക്ക് ചുറ്റും പരിസ്ഥിതിക്കും ആരോഗ്യത്തിനും പ്രതികൂലമായ ആഘാതം എന്നിവ കുറയ്ക്കുന്നതിലൂടെ കല്‍ക്കരി ഖനികള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിത സാഹചര്യങ്ങള്‍ ലഘൂകരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കും. കുഴിയില്‍ നിന്ന് റെയില്‍വേ പദ്ധതികളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്ന ട്രക്കുകളുടെ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഗതാഗത ചെലവ് ലാഭിക്കാനും ഇത് ഇടയാക്കുന്നു.

മേഖലയിലെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്‌നന്ദ്ഗാവില്‍ 900 കോടി രൂപ ചെലവില്‍ നിര്‍മിച്ച സൗരോര്‍ജ്ജ പിവി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രതിവര്‍ഷം 243.53 ദശലക്ഷം യൂണിറ്റ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും 25 വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.87 ദശലക്ഷം ടണ്‍ സിഒടി പുറന്തള്ളല്‍ ലഘൂകരിക്കുകയും ചെയ്യും, ഇതേ കാലയളവില്‍ ഏകദേശം 8.86 ദശലക്ഷം മരങ്ങള്‍ വേര്‍തിരിച്ചെടുത്ത കാര്‍ബണിന് തുല്യമാണിത്

മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി 300 കോടി മുതല്‍മുടക്കുള്ള ബിലാസ്പൂര്‍ - ഉസ്‌ലാപൂര്‍ മേല്‍പ്പാലം സമര്‍പ്പിച്ചു. ഇത് കനത്ത ഗതാഗതക്കുരുക്കും ബിലാസ്പൂരിലെ കത്‌നിയിലേക്ക് പോകുന്ന കല്‍ക്കരി ഗതാഗതം നിര്‍ത്തലും കുറയ്ക്കും. ഭിലായില്‍ 50 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുത നിലയവും പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഓടുന്ന ട്രെയിനുകളില്‍ സൗരോര്‍ജ്ജം വിനിയോഗിക്കാന്‍ ഇത് സഹായിക്കും.

എന്‍എച്ച് 49-ന്റെ 55.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ പുനരധിവാസവും നവീകരണവും, രണ്ടുവരിപ്പാതകളാക്കി ഉയര്‍ത്തിയ അനുബന്ധ റോഡുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രണ്ട് പ്രധാന നഗരങ്ങളായ ബിലാസ്പൂരും റായ്ഗഡും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിക്കും. എന്‍എച്ച്-130 ന്റെ 52.40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ പുനരധിവാസവും നവീകരണവും പ്രധാനമന്ത്രി സമര്‍പ്പിച്ചു. അംബികാപൂര്‍ പട്ടണത്തിന് റായ്പൂര്‍, കോര്‍ബ നഗരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.

छत्तीसगढ़ का विकास और जन-जन का कल्याण ही डबल इंजन सरकार की प्राथमिकता है। 'विकसित भारत विकसित छत्तीसगढ़' कार्यक्रम को संबोधित कर रहा हूं। https://t.co/tQRJZcAqIz

— Narendra Modi (@narendramodi) February 24, 2024

विकसित छत्तीसगढ़ का निर्माण, गरीब, किसान, युवा और नारीशक्ति के सशक्तिकरण से होगा: PM @narendramodi pic.twitter.com/vJtyhi8wc4

— PMO India (@PMOIndia) February 24, 2024

हमने पीएम सूर्यघर- मुफ्त बिजली योजना शुरु की है: PM @narendramodi pic.twitter.com/kllvhYF3u9

— PMO India (@PMOIndia) February 24, 2024

आने वाले 5 वर्षों में जब भारत दुनिया की तीसरी बड़ी आर्थिक ताकत बनेगा, तो छत्तीसगढ़ भी विकास की नई बुलंदी पर होगा। pic.twitter.com/B1ZwceVQwM

— PMO India (@PMOIndia) February 24, 2024

 

***

--NS--



(Release ID: 2008641) Visitor Counter : 60