പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ സന്‍സദ് സംസ്‌കൃത പ്രതിയോഗിതയുടെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു
'യുവജനശക്തിയാണ് വികസിത ഭാരതത്തിന്റെ അടിസ്ഥാനം'
'മഹാദേവന്റെ അനുഗ്രഹത്താല്‍ കഴിഞ്ഞ 10 വര്‍ഷമായി കാശിയില്‍ 'വികസനത്തിന്റെ ഡമരു' മുഴങ്ങുകയാണ്'
'കാശി നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല, അത് ഇന്ത്യയുടെ അനശ്വരമായ അവബോധത്തിന്റെ ഊര്‍ജ്ജസ്വലമായ കേന്ദ്രമാണ്'
'വിശ്വനാഥ് ധാം നിര്‍ണ്ണായക ദിശബോധം നല്‍കി ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കും'
'നവഇന്ത്യയ്ക്ക് പ്രചോദനമായി പുതിയ കാശി ഉയര്‍ന്നുവന്നു'
'ഇന്ത്യ ഒരു ആശയമാണ്, സംസ്‌കൃതം അതിന്റെ പ്രധാന ആവിഷ്‌കാരമാണ്. ഇന്ത്യ ഒരു യാത്രയാണ്, സംസ്‌കൃതം അതിന്റെ ചരിത്രത്തിന്റെ പ്രധാന അധ്യായമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ നാടാണ് ഇന്ത്യ, സംസ്‌കൃതമാണ് അതിന്റെ ഉത്ഭവം'
'പൈതൃകത്തിന്റെയും വികസനത്തിന്റെയും മാതൃകയായാണ് ഇന്ന് കാശിയെ കാണുന്നത്. പാരമ്പര്യങ്ങളെയും ആത്മീയതയെയും ചുറ്റിപ്പറ്റി ആധുനികത എങ്ങനെ വികസിക്കുന്നുവെന്ന് ഇന്ന് ലോകം കാണുന്നു.'
'കാശിയിലെയും കാഞ്ചിയിലെയും വേദപാരായണം 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ കുറിപ്പുകളാണ്'
प्रविष्टि तिथि:
23 FEB 2024 11:36AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ നടന്ന സന്‍സദ് സംസ്‌കൃത പ്രതിയോഗിതയുടെ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു. കാശി സന്‍സദ് പ്രതിയോഗിതയെക്കുറിച്ചുള്ള ലഘുലേഖയും കോഫി ടേബിള്‍ ബുക്കും അദ്ദേഹം പ്രകാശനം ചെയ്തു. കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വാരാണസിയിലെ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സംഗീതോപകരണങ്ങള്‍, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും പ്രധാനമന്ത്രി വിതരണം ചെയ്തു. കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത ചിത്രശാല സന്ദര്‍ശിച്ച അദ്ദേഹം 'സന്‍വര്‍ത്തി കാശി' എന്ന വിഷയത്തില്‍ ചിത്രങ്ങളുമായി പങ്കെടുത്തവരുമായി സംവദിക്കുകയും ചെയ്തു.
സദസ്സിനെ അഭിസംബോധന ചെയ്യവെ, യുവ പണ്ഡിതന്മാര്‍ക്കിടയില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അറിവിന്റെ ഗംഗയില്‍ സ്‌നാനം ചെയ്യുന്നതിന് തുല്യമാണ് ഈ വികാരമെന്ന് പറഞ്ഞു. പൗരാണിക നഗരത്തിന്റെ സ്വത്വം ശക്തിപ്പെടുത്തുന്ന യുവതലമുറയുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അമൃതകാലത്ത് ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നത് അഭിമാനകരവും സംതൃപ്തിയുമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'കാശി അനശ്വരമായ അറിവിന്റെ തലസ്ഥാനമാണ്', കാശിയുടെ കഴിവുകളും രൂപവും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നുവെന്നത് രാജ്യത്തിനാകെ അഭിമാനകരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത എന്നീ പുരസ്‌കാര ജേതാക്കള്‍ക്ക് അദ്ദേഹം പുരസ്‌കാരം നല്‍കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. വിജയികളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്തവരെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'പങ്കെടുത്തവരാരും തോല്‍ക്കുകയോ പിന്നിലാവുകയോ ചെയ്തിട്ടില്ല, പകരം എല്ലാവരും ഈ അനുഭവത്തില്‍ നിന്ന് പഠിച്ചു', പങ്കെടുത്തവരെല്ലാം പ്രശംസ അര്‍ഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിയുടെ എംപി എന്ന നിലയില്‍ തന്റെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോയതിന് പ്രധാനമന്ത്രി ശ്രീ കാശി വിശ്വനാഥ് മന്ദിര്‍ ന്യാസ്, കാശി വിദ്വത് പരിഷത്ത്, പണ്ഡിതര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ കാശിയുടെ പുനരുജ്ജീവനത്തിന്റെ കഥയാണ് ഇന്ന് പുറത്തിറക്കിയ കോഫി ടേബിള്‍ പുസ്തകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷത്തെ കാശിയുടെ പുരോഗതി അംഗീകരിക്കുമ്പോള്‍, നാമെല്ലാവരും മഹാദേവന്റെ ഇച്ഛയുടെ ഉപകരണങ്ങള്‍ മാത്രമാണ്. മഹാദേവന്റെ അനുഗ്രഹത്താല്‍ കഴിഞ്ഞ 10 വര്‍ഷമായി 'വികസനത്തിന്റെ ഡമരു' കാശിയില്‍ മുഴങ്ങുന്നുണ്ടെന്ന് പ്രധാനന്ത്രി പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ശിവരാത്രിക്കും രംഗഭാരി ഏകാദശിക്കും മുമ്പേ കാശി ഇന്ന് വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് പറഞ്ഞു. 'വികസനത്തിന്റെ ഗംഗ'യിലൂടെ ഈ പരിവര്‍ത്തനം എല്ലാവരും കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശി കേവലം വിശ്വാസത്തിന്റെ കേന്ദ്രമല്ലെന്നും ഇന്ത്യയുടെ അനശ്വരമായ അവബോധത്തിന്റെ ഊര്‍ജസ്വല കേന്ദ്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തില്‍ ഇന്ത്യയുടെ പ്രാചീനമായ യശസ്സ് സാമ്പത്തിക വൈദഗ്ധ്യത്തില്‍ മാത്രം അധിഷ്ഠിതമല്ലെന്നും സാംസ്‌കാരികവും ആത്മീയവും സാമൂഹികവുമായ സമ്പന്നതയാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കാശി, വിശ്വനാഥ് ധാം തുടങ്ങിയ തീര്‍ത്ഥങ്ങള്‍ രാജ്യ വികസനത്തിന്റെ യജ്ഞശാലകളാണെന്ന് പറഞ്ഞ അദ്ദേഹം, സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും സ്ഥലങ്ങളുമായുള്ള ഇന്ത്യയുടെ വിജ്ഞാനപാരമ്പര്യത്തിന്റെ ബന്ധം ഉയര്‍ത്തിക്കാട്ടി. ശിവന്റെ ഭൂമി എന്നതിനൊപ്പം ബുദ്ധന്റെ ശിക്ഷണങ്ങളുടെ സ്ഥലം കൂടിയാണ് കാശി. ജൈന തീര്‍ത്ഥങ്കരന്മാരുടെ ജന്മസ്ഥലവും ആദി ശങ്കരാചാര്യരുടെ ജ്ഞാനോദയ സ്ഥലവുമാണെന്ന് കാശിയുടെ ഉദാഹരണത്തിലൂടെ തന്റെ ആശയം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ കാശിയുടെ വിശ്വമാനവികമായ ആകര്‍ഷണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇത്തരം വൈവിധ്യങ്ങളുള്ള സ്ഥലത്താണ് പുതിയ ആദര്‍ശങ്ങള്‍ ജനിക്കുന്നത്. പുതിയ ആശയങ്ങള്‍ പുരോഗതിയുടെ സാധ്യതയെ പരിപോഷിപ്പിക്കുന്നു.''-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിശ്വനാഥ് ധാം നിര്‍ണായകമായ ദിശാബോധം നല്‍കുകയും ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും', എന്ന് കാശി വിശ്വനാഥ ധാമിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നീതിയുടെ വേദപാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം വിശ്വനാഥ് ധാം ഇടനാഴി ഇന്ന് ഒരു പണ്ഡിത പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'കാശിക്ക് ശ്രേഷ്ഠമായ സ്വരങ്ങളും വേദസംഭാഷണങ്ങളും കേള്‍ക്കാനാകും', എന്ന് പറഞ്ഞ പ്രധാനമന്ത്രി ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും പുരാതന വിജ്ഞാനം സംരക്ഷിക്കാനും പുതിയ പ്രത്യയശാസ്ത്രങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനൊപ്പം പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നല്‍കുന്ന കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിതയും കാശി സന്‍സദ് ജ്ഞാനപ്രതിയോഗിതയും ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്കും സഹായം നല്‍കുന്നുണ്ട്. കാശി തമിഴ് സംഗമം, ഗംഗാ പുഷ്‌കരുലു മഹോത്സവം തുടങ്ങിയ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' യജ്ഞങ്ങളുടെ ഭാഗമായി വിശ്വനാഥ് ധാം മാറിയിട്ടുണ്ടെന്നും ഗോത്ര സാംസ്‌കാരിക പരിപാടികളിലൂടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിനുള്ള ദൃഢനിശ്ചയത്തെ ഈ വിശ്വാസകേന്ദ്രം ശക്തിപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു. ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നിന്ന് പുരാതന വിജ്ഞാനത്തെക്കുറിച്ച് കാശിയിലെ പണ്ഡിതന്മാരും വിദ്വത് പരിഷത്തും പുതിയ ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് മോദി അറിയിച്ചു. നഗരത്തിലെ പല സ്ഥലങ്ങളിലും സൗജന്യ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നടത്തിയതും അദ്ദേഹം പരാമര്‍ശിച്ചു. സാമൂഹികവും ദേശീയവുമായ പ്രമേയങ്ങളുടെ ഊര്‍ജ കേന്ദ്രമായി വിശ്വാസത്തിന്റെ കേന്ദ്രം മാറുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടി 'നവഇന്ത്യയ്ക്ക് പ്രചോദനമായി പുതിയ കാശി ഉയര്‍ന്നുവന്നു', എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇവിടെ നിന്ന് പുറത്തേക്ക് വരുന്ന യുവാക്കള്‍ ലോകമെമ്പാടും ഇന്ത്യന്‍ അറിവിന്റെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പതാകവാഹകരായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു
നമ്മുടെ അറിവ്, ശാസ്ത്രം, ആത്മീയത എന്നിവയുടെ വികാസത്തിന് വലിയ സംഭാവന നല്‍കിയ ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംസ്‌കൃതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഒരു ആശയമാണ്, സംസ്‌കൃതം അതിന്റെ പ്രധാന ആവിഷ്‌കാരമാണ്. ഇന്ത്യ ഒരു യാത്രയാണ്, സംസ്‌കൃതം അതിന്റെ ചരിത്രത്തിന്റെ പ്രധാന അധ്യായമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ നാടാണ് ഇന്ത്യ, സംസ്‌കൃതമാണ് അതിന്റെ ഉത്ഭവം. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യം, സാഹിത്യം, സംഗീതം, കല എന്നീ മേഖലകളിലെ ഗവേഷണത്തിന്റെ പ്രധാന ഭാഷ സംസ്‌കൃതമായിരുന്ന കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ മേഖലകളിലൂടെയാണ് ഇന്ത്യയ്ക്ക് അതിന്റെ സ്വത്വം ലഭിച്ചതെന്നും കാശിയിലെയും കാഞ്ചിയിലെയും വേദപാരായണം 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ കുറിപ്പുകളാണെന്നും അദ്ദേഹം പറഞ്ഞു.
പൈതൃകത്തിന്റെയും വികസനത്തിന്റെയും മാതൃകയായാണ് ഇന്ന് കാശിയെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യങ്ങളെയും ആത്മീയതയെയും ചുറ്റിപ്പറ്റി ആധുനികത എങ്ങനെ വികസിക്കുന്നുവെന്ന് ഇന്ന് ലോകം കാണുകയാണ്. പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം കാശിയുടെ അതേ രീതിയില്‍ അയോധ്യ എങ്ങനെയാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖുശിനഗറിലെ അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി രാജ്യത്ത് ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെപറ്റിയും വ്യക്തമാക്കി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യം വികസനത്തിന് പുതിയ വേഗത നല്‍കുമെന്നും വിജയത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇത് മോദിയുടെ ഉറപ്പാണ്, മോദിയുടെ ഉറപ്പെന്നാല്‍ ഉറപ്പുകള്‍ നിറവേറ്റുമെന്നുള്ള ഉറപ്പാണ്'. പ്രദര്‍ശനത്തില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പോസ്റ്റ് കാര്‍ഡായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു സ്‌കെച്ചിംഗ് മത്സരം നടത്താനും മികച്ച രേഖാചിത്രങ്ങള്‍ ചിത്ര പോസ്റ്റ്കാര്‍ഡുകളാക്കി മാറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാശിയുടെ അംബാസഡര്‍മാരെയും വ്യാഖ്യാതാക്കളെയും സൃഷ്ടിക്കുന്നതിനുള്ള ഒരു ഗൈഡ് മത്സരത്തിനുള്ള തന്റെ നിര്‍ദ്ദേശവും അദ്ദേഹം ആവര്‍ത്തിച്ചു. കാശിയിലെ ജനങ്ങളാണ് കാശിയുടെ ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഓരോ കാശി നിവാസിയെയും സേവകനും സുഹൃത്തും എന്ന നിലയില്‍ സഹായിക്കാനുള്ള തന്റെ ദൃഢനിശ്ചയം ആവര്‍ത്തിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശ് മന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
***
--NK--
(रिलीज़ आईडी: 2008338)
आगंतुक पटल : 108
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada