പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
''ഇന്ത്യയുടെ ആത്മീയതയുടെ നവകേന്ദ്രമായി ശ്രീ കല്‍ക്കി ധാം ക്ഷേത്രം ഉയര്‍ന്നുവരും''
''വികാസ് ഭി വിരാസത് ഭി'' - വികസനത്തോടൊപ്പം പൈതൃകവും എന്ന മന്ത്രത്തോടെ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നേറുന്നു''
''ഛത്രപതി ശിവജി മഹാരാജ് ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിന് പിന്നിലെ പ്രചോദനവും നമ്മുടെ സ്വത്വത്തിന്റെ അഭിമാനവും അത് സ്ഥാപിക്കാനുള്ള ആത്മവിശ്വാസവുമാണ്''
''രാം ലാലയുടെ സാന്നിദ്ധ്യത്തിലെ ദിവ്യാനുഭവം, ആ ദിവ്യാനുഭൂതി, നമ്മെ ഇപ്പോഴും വികാരഭരിതരാക്കുന്നു''
''ഭാവനയ്ക്ക് അതീതമായത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി''
''ഇന്ന്, ഒരു വശത്ത്, നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നു, മറുവശത്ത്, നഗരങ്ങളില്‍ ഹൈടെക് അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു''
''കല്‍ക്കിയാണ് കാലചക്രത്തില്‍ മാറ്റത്തിന് മുന്‍കൈയെടുക്കുന്നത്. കൂടാതെ, പ്രചോദനത്തിന്റെ ഉറവിടം കൂടിയാണ് ''
''തോല്‍വിയുടെ ദംഷ്ട്രങ്ങളില്‍ നിന്ന് എങ്ങനെ വിജയം പിടിച്ചെടുക്കണമെന്ന് ഇന്ത്യക്ക് അറിയാം''
''ആരേയും പിന്തുടരേണ്ടതില്ലാത്ത ഒരു ഘട്ടത്തിലാണ് ആദ്യമായി ഇന്ത്യ. ഇപ്പോള്‍ നാം ഒരു മാതൃകയാകുന്നു''
''ഇന്നത്തെ ഇന്ത്യയില്‍ നമ്മുടെ ശക്തി അനന്തമാണ്, നമുക്കുള്ള സാദ്ധ്യതകളും അപാരമാണ്''
'' എപ്പോഴൊക്കെ ഇന്ത്യ വലിയ പ്രതിജ്ഞകള്‍ എടുക്കുന്നുവോ അപ്പോഴെല്ലാം, അതിനെ നയിക്കാന്‍ ഏതെങ്കിലും രൂപത്തില്‍ ദൈവിക ചേതന നമുക്കിടയില്‍ തീര്‍ച്ചയായുമുണ്ടാകും''
Posted On:
19 FEB 2024 12:37PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആചാര്യ പ്രമോദ് കൃഷ്ണം ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതനേതാക്കളും മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
മറ്റൊരു സുപ്രധാന തീര്‍ഥാടനകേന്ദ്രത്തിന് തറക്കല്ലിടുമ്പോള്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാട് ഒരിക്കല്‍ കൂടി ഭക്തിയും വികാരവും ആത്മീയതയും കൊണ്ട് നിറയുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സംഭാലിലെ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അവസരം ലഭിച്ചതില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ മോദി ഇന്ത്യയുടെ ആത്മീയതയുടെ ഒരു നവകേന്ദ്രമായി ഇത് ഉയര്‍ന്നുവരുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള എല്ലാ പൗരന്മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചു.
ധാമിന്റെ ഉദ്ഘാടനത്തിനായുള്ള 18 വര്‍ഷത്തെ കാത്തിരിപ്പിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, തനിക്ക് പൂര്‍ത്തീകരിക്കാന്‍ ഇനിയും ഒരുപാട് നല്ല പ്രവൃത്തികള്‍ ബാക്കിയുണ്ടെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ജനങ്ങളുടെയും സന്യാസിമാരുടെയും അനുഗ്രഹത്തോടെ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഛത്രപതി ശിവജി മഹാരാജിന്റെ ജയന്തിയാണ് ഇന്നെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്നത്തെ സാംസ്‌കാരിക നവോത്ഥാനത്തിനും അഭിമാനത്തിനും നമ്മുടെ വ്യക്തിത്വത്തിലുള്ള ആത്മവിശ്വാസത്തിനുമുള്ള നേട്ടം ശിവജി മഹാരാജിന് സമര്‍പ്പിക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചു.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഭഗവാന്റെ 10 അവതാരങ്ങളുടെയും ഇരിപ്പിടമായി 10 ഗര്‍ഭഗൃഹങ്ങള്‍ ഇവിടെയുണ്ടാകുമെന്നും വിശദീകരിച്ചു. മനുഷ്യരൂപം ഉള്‍പ്പെടെ ഭഗവാന്റെ എല്ലാ രൂപങ്ങളേയും ഈ 10 അവതാരങ്ങളിലൂടെ, വിശുദ്ധഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ''ജീവിതത്തില്‍, ഒരാള്‍ക്ക് ഭഗവാന്റെ ചേതന അനുഭവിക്കാന്‍ കഴിയും. സിംഹ (സിംഹം), വരാഹം(കാട്ടുപന്നി), കച്ചപ്പ് (ആമ) എന്നിവയുടെ രൂപത്തില്‍ നാം ഭഗവാനെ അനുഭവിച്ചിട്ടുണ്ട് '', പ്രധാനമന്ത്രി തുടര്‍ന്നു. ഇത്തരം രൂപങ്ങളിലുള്ള ഭഗവാന്റെ വ്യവസ്ഥാപനം, ഭഗവാനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സമഗ്രമായ പ്രതിച്ഛായയുടെ അംഗീകാരത്തിന്റെ ചിത്രമാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി ഭഗവാനോട് നന്ദി പറഞ്ഞു. മാര്‍ഗ്ഗനിര്‍ദേശത്തിന് ചടങ്ങില്‍ സന്നിഹിതരായ എല്ലാ സന്യാസിമാരേയും വണങ്ങിയ പ്രധാനമന്ത്രി ശ്രീ ആചാര്യ പ്രമോദ് കൃഷ്ണനമിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിലെ മറ്റൊരു വിശേഷമായ നിമിഷമാണ് ഇന്നത്തെ പരിപാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യാധാമിലെ ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠയേയും അബുദാബിയില്‍ അടുത്തിടെ നടന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെയേയും പരാമര്‍ശിച്ച പ്രധാനമന്ത്രി ''ഭാവനയ്ക്ക് അതീതമായിരുന്നവയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്'' എന്ന് പറഞ്ഞു .
അടുത്തടുത്തായി ഇത്തരം സംഭവങ്ങള്‍ വരുന്നതിലെ മൂല്യത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. കാശിയിലെ വിശ്വനാഥ് ധാം, കാശിയുടെ പരിവര്‍ത്തനം, മഹാകാല്‍ മഹാലോക്, സോമനാഥ്, കേദാര്‍നാഥ് ധാം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ആത്മീയ പുനരുജ്ജീവനത്തെക്കുറിച്ച് അദ്ദേഹം തുടര്‍ന്നു സംസാരിച്ചു. '' 'വികാസ് ഭി വിരാസത് ഭി' - വികസനത്തോടൊപ്പം പൈതൃകവും എന്ന മന്ത്രവുമായാണ് നാം മുന്നോട്ടുപോകുന്നത്'', അദ്ദേഹം പറഞ്ഞു. ഹൈടെക് നഗര അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗിച്ച് ആത്മീയ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, ക്ഷേത്രങ്ങളോടൊപ്പം പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്, വിദേശ നിക്ഷേപത്തോടെ വിദേശത്ത് നിന്ന് പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത് എന്നിവയെ അദ്ദേഹം ഒരിക്കല്‍ കൂടി പരാമർശിച്ചു. കാലചക്രം നീങ്ങി എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുവപ്പുകോട്ടയില്‍ നിന്നുള്ള തന്റെ ആഹ്വാനമായ - 'യേ ഹേ സമയ ഹൈ സഹി സമയ ഹേ' എന്നത് അദ്ദേഹം അനുസ്മരിക്കുകയും ഈ ആഗമനത്തെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങിനെ അനുസ്മരിച്ച പ്രധാനമന്ത്രി, 2024 ജനുവരി 22 മുതല്‍ ഒരു പുതിയ കാല ചക്രം (സമയത്തിൻ്റെ ചക്രം) ആരംഭിച്ചുവെന്നത് ആവര്‍ത്തിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശ്രീരാമന്റെ ഭരണത്തിന്റെ സ്വാധീനം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതുപോലെ, ആസാദി കാ അമൃത് കാലില്‍ ഒരു വികസിത് ഭാരതത്തിനായുള്ള പ്രതിജ്ഞ രാം ലല്ലയുടെ പ്രതിഷ്ഠയോടെ, ഇപ്പോള്‍ കേവലം ഒരു ആഗ്രഹം മാത്രമല്ല, ഇന്ത്യ അതിന്റെ പുതിയ യാത്ര ആരംഭിക്കുകയാണ്. ''ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എല്ലാ കാലഘട്ടത്തിലും ഈ ദൃഢനിശ്ചയത്തിലാണ് നിലനിന്നിരുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. ശ്രീ കല്‍ക്കിയുടെ രൂപങ്ങളെക്കുറിച്ചുള്ള ആചാര്യ പ്രമോദ് കൃഷ്ണം ജിയുടെ ഗവേഷണത്തെയും പഠനത്തെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അതിന്റെ ഭാവങ്ങളും വേദപാഠജ്ഞാനവും ഉയര്‍ത്തിക്കാട്ടുകയും, ഭഗവാന്‍ ശ്രീരാമനെപ്പോലെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഭാവിയുടെ പാത നിര്‍ണ്ണയിക്കുന്നത് കല്‍ക്കിയുടെ രൂപങ്ങളായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
'കാലചക്രത്തിലെ മാറ്റത്തിന്റെ തുടക്കക്കാരനും പ്രചോദനത്തിന്റെ ഉറവിടവുമാണ് കല്‍ക്കി', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇനിയും അവതാരമെടുക്കാത്ത ഭഗവാനു സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് കല്‍ക്കിധാം എന്ന് അദ്ദേഹം പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അത്തരമൊരു ആശയം നൂറായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസങ്ങളെ പൂര്‍ണ്ണ വിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവരുടെ ജീവിതം അതിനായി സമര്‍പ്പിക്കുന്നതിനും ആചാര്യ പ്രമോദ് കൃഷ്ണമിനെ ശ്രീ മോദി അഭിനന്ദിച്ചു. കല്‍ക്കി ക്ഷേത്രം സ്ഥാപിക്കുന്നതിനായി മുന്‍ ഗവണ്‍മെന്റുകളുമായി ആചാര്യജി നടത്തിയ നീണ്ട പോരാട്ടം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും അതിനായി നടത്തിയ കോടതി സന്ദര്‍ശനങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. ആചാര്യ ജിയുമായുള്ള തന്റെ സമീപകാല ആശയവിനിമയങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തെ ഒരു രാഷ്ട്രീയ വ്യക്തിത്വമായി മാത്രമാണ് അറിഞ്ഞിരുന്നത് എന്നും എന്നാല്‍ മതത്തോടും ആത്മീയതയോടും ഉള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും അറിയാന്‍ കഴിഞ്ഞു എന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന്, പ്രമോദ് കൃഷ്ണം ജിക്ക് മനസ്സമാധാനത്തോടെ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞു', മെച്ചപ്പെട്ട ഭാവിയിലേക്കുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്റെ ക്രിയാത്മക വീക്ഷണത്തിന്റെ തെളിവായി ക്ഷേത്രം മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരാജയമുഖത്തു നിന്നു പോലും വിജയം തട്ടിയെടുക്കാൻ ഇന്ത്യക്ക് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷണങ്ങളുടെ ഒരു പരമ്പരയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിരോധശേഷി അദ്ദേഹം എടുത്തുകാട്ടി. 'ഇന്നത്തെ ഇന്ത്യയുടെ അമൃതകാലത്ത്, ഇന്ത്യയുടെ മഹത്വത്തിന്റെയും ഉയരത്തിന്റെയും ശക്തിയുടെയും വിത്ത് മുളച്ചുവരികയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസിമാരും മതമേലധ്യക്ഷന്മാരും പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനാല്‍, രാഷ്ട്രക്ഷേത്ര നിര്‍മ്മാണത്തിനായി തന്നെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. "രാവും പകലും രാഷ്ട്രക്ഷേത്രത്തിന്റെ മഹത്വത്തിനും വിപുലീകരണത്തിനും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ന്, ആദ്യമായി, മറ്റുള്ളവരെ പിന്തുടരാതെ മാതൃക കാണിക്കുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യ', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഈ പ്രതിബദ്ധതയുടെ ഫലങ്ങള്‍ പട്ടികപ്പെടുത്തി, ഇന്ത്യ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നു: ചന്ദ്രയാനിന്റെ വിജയം, വന്ദേ ഭാരത്, നമോ ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകള്‍, വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍, ഉന്നത നിലവാരമുള്ള പാതകളുടെ ശക്തമായ ശൃംഖല എന്നിവയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ നേട്ടം ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്നും രാജ്യത്ത് ഈ പോസിറ്റീവ് ചിന്തയുടെയും ആത്മവിശ്വാസത്തിന്റെയും തരംഗം അത്ഭുതകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "അതുകൊണ്ട് ഇന്ന് നമ്മുടെ കഴിവുകള്‍ അനന്തമാണ്, നമുക്കുള്ള സാധ്യതകളും വളരെ വലുതാണ്."
"ഒരു രാജ്യത്തിന് വിജയിക്കാനുള്ള ഊര്‍ജം ലഭിക്കുന്നത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാ"ണെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയില്‍ വലിയൊരു കൂട്ടായ ബോധം അദ്ദേഹം കണ്ടു. "സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഓർ സബ്കാ പ്രയാസ് എന്ന ആ സമീപനത്തിന്റെ സമ്പൂര്‍ണ മനോഭാവത്തോടെയാണ് ഓരോ പൗരനും പ്രവര്‍ത്തിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 4 കോടിയിലധികം കെട്ടുറപ്പുള്ള വീടുകള്‍, 11 കോടി ശുചിമുറികള്‍, 2.5 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി, 10 കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം, 80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍, സബ്സിഡി എന്നിങ്ങനെ കഴിഞ്ഞ 10 വര്‍ഷത്തെ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി പട്ടികപ്പെടുത്തി. 10 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍, 50 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍, 10 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി, പകര്‍ച്ചവ്യാധി സമയത്ത് സൗജന്യ വാക്‌സിന്‍, സ്വച്ഛ് ഭാരത്.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ വേഗത്തിലും വ്യാപ്തിയിലും രാജ്യത്തെ പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നത്തെ ഗവണ്‍മെന്റ് പദ്ധതികളുടെ പ്രയോജനം പാവപ്പെട്ടവരെ സഹായിക്കുകയും 100 ശതമാനം പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അടിവരയിട്ടു. ദരിദ്രരെ സേവിക്കുക എന്ന മനോഭാവം ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അത് 'നര്‍ മേ നാരായണന്‍' (ജനങ്ങളില്‍ ദൈവത്തിന്റെ അസ്തിത്വം) പ്രചോദിപ്പിക്കുന്നു. 'വികസിത ഭാരതം കെട്ടിപ്പടുക്കുക', 'നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുക' തുടങ്ങിയ അഞ്ച് തത്വങ്ങളിലേക്കുള്ള തന്റെ അഭ്യര്‍ത്ഥന അദ്ദേഹം രാജ്യത്തോട് ആവര്‍ത്തിച്ചു.
'ഇന്ത്യ വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോഴെല്ലാം, അതിനെ നയിക്കാന്‍ ദൈവിക ബോധം ഏതെങ്കിലും രൂപത്തിലോ മറ്റോ തീര്‍ച്ചയായും നമ്മുടെ ഇടയില്‍ വരും', പ്രധാനമന്ത്രി പറഞ്ഞു. ഗീതയുടെ തത്ത്വചിന്തയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ''അടുത്ത 25 വര്‍ഷത്തേക്ക് ഈ 'കര്‍ത്തവ്യ കാല'ത്തില്‍ നാം കഠിനാധ്വാനത്തിന്റെ പരകോടി നേടേണ്ടതുണ്ട്. രാജ്യസേവനം മുന്നില്‍ നിര്‍ത്തി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. നമ്മുടെ ഓരോ പ്രയത്‌നത്തില്‍ നിന്നും രാഷ്ട്രത്തിന് എന്ത് പ്രയോജനം ലഭിക്കും, ഈ ചോദ്യം നമ്മുടെ മനസ്സില്‍ ആദ്യം വരണം. ഈ ചോദ്യം രാഷ്ട്രത്തിന്റെ കൂട്ടായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും,'' പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ശ്രീ കല്‍ക്കി ധാമിലെ പിതാധീശ്വര്‍, ആചാര്യ പ്രമോദ് കൃഷ്ണം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
SK
(Release ID: 2007060)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada