പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി

Posted On: 14 FEB 2024 3:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 14 ന് ദുബായില്‍ വെച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള അതിവേഗം വളരുന്ന സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രത്യേകം അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവെച്ചതിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തോട് കാരുണ്യത്തോടെ പെരുമാറുന്ന പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. വ്യാപാരം, സേവനങ്ങള്‍, വിനോദസഞ്ചാരം എന്നിവയുടെ ആഗോള കേന്ദ്രമായുള്ള ദുബായിയുടെ പരിണാമത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ സംഭാവനയെ ഇരു നേതാക്കളും അംഗീകരിച്ചു.

മിതമായ നിരക്കില്‍ ഇന്ത്യന്‍ ബ്ലൂകോളര്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിന് ദുബായില്‍ സ്ഥലം അനുവദിച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനോട് പ്രധാനമന്ത്രി അഗാധമായ കൃതജ്ഞത അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ  അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു.

--SK--



(Release ID: 2005955) Visitor Counter : 59