പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
02 FEB 2024 8:43PM by PIB Thiruvananthpuram
എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ നിതിന്‍ ഗഡ്കരി ജി, നാരായണ്‍ റാണെ ജി, പിയൂഷ് ഗോയല്‍ ജി, ഹര്‍ദീപ് സിംഗ് പുരി ജി, മഹേന്ദ്ര നാഥ് പാണ്ഡെ ജി, വ്യവസായത്തിലെ പ്രമുഖരേ, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യവ്യക്തികളേ!
ഇപ്പോള്‍, ഞാന്‍ പിയൂഷ് ജി പറയുന്നത് കേള്‍ക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു - 'നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു'. എന്നിരുന്നാലും, ഇവിടെ സന്നിഹിതരാകുന്ന തരത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ഒന്നാമതായി, ഈ ഗംഭീരമായ ഇവന്റ് സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഞാന്‍ കണ്ടവ വലിയ മതിപ്പ് സൃഷ്ടിച്ചു. നമ്മുടെ നാട്ടിലെ ഇത്തരം സംഭവങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ഞാന്‍ ഒരിക്കലും ഒരു കാറോ സൈക്കിളോ പോലും വാങ്ങിയിട്ടില്ല, അതിനാല്‍ എനിക്ക് അക്കാര്യത്തില്‍ പരിചയമില്ല. ഈ എക്‌സ്‌പോ കാണാന്‍ വരാന്‍ ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. ഈ ഇവന്റ് മൊബിലിറ്റി കമ്മ്യൂണിറ്റിയെയും മുഴുവന്‍ വിതരണ ശൃംഖലയെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഒരു ആഗോള തലത്തിലുള്ള മൊബിലിറ്റി കോണ്‍ഫറന്‍സ് ആസൂത്രണം ചെയ്തിരുന്നതായി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ആ കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ബാറ്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാരണം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അതിവേഗ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍, ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി കാണാനാകും. ഇന്ന്, എന്റെ രണ്ടാം ടേമില്‍, കാര്യമായ പുരോഗതി കൈവരിച്ചതായി ഞാന്‍ കാണുന്നു. മൂന്നാം ടേമില്‍.... ജ്ഞാനികളോട് ഒരു വാക്ക് മതിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ മൊബിലിറ്റി മേഖലയുടെ ഭാഗമായതിനാല്‍, ഈ സന്ദേശം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കും.
സുഹൃത്തുക്കളേ,
2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ ഭാരതം പുരോഗമിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ മൊബിലിറ്റി മേഖല നിര്‍ണായക പങ്ക് വഹിക്കാനൊരുങ്ങുകയാണ്. ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പരാമര്‍ശിക്കുകയും ഇന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ, എനിക്ക് ഒരു ദര്‍ശനം ഉണ്ടായിരുന്നു, അതില്‍ എന്റെ ആത്മവിശ്വാസം എന്റേത് മാത്രമായിരുന്നില്ല. 140 കോടി രാജ്യക്കാരുടെ ശക്തിയില്‍ നിന്നാണ് ആത്മവിശ്വാസത്തിന്റെ പ്രകടനം ഉടലെടുത്തത്. അന്ന്, ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, 'ഇതാണ് സമയം, ഇതാണ് ശരിയായ സമയം' എന്ന് ഞാന്‍ പ്രഖ്യാപിച്ചു. ഈ മന്ത്രം നിങ്ങളുടെ മേഖലയുമായി തികച്ചും യോജിക്കുന്നു. ഒരു വിധത്തില്‍, ഇന്ത്യ മുന്നേറ്റത്തിലാണ്, അതിവേഗം മുന്നേറുകയാണ്. ഭാരതത്തിന്റെ മൊബിലിറ്റി മേഖലയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമാണിത്. നിലവില്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം വികസിക്കുകയാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമില്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാരിന്റെ ശ്രമഫലമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടിയോളം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ ഈ വ്യക്തികളുടെ അഭിലാഷങ്ങളില്‍ ഒരു സൈക്കിള്‍, സ്‌കൂട്ടി, അല്ലെങ്കില്‍ സ്‌കൂട്ടര്‍, സാധ്യമെങ്കില്‍ ഒരു നാലുചക്ര വാഹനം എന്നിവയും ഉള്‍പ്പെടുന്നു. ഈ 25 കോടി ജനങ്ങള്‍ രൂപീകരിച്ച ഭാരതത്തിലെ ഈ വിശാലമായ നവ-മധ്യവര്‍ഗം അതിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും കാത്തുസൂക്ഷിക്കുന്നു. ഈ സാമ്പത്തിക സ്റ്റാര്‍ട്ടപ്പ്-ഈ സമൂഹം കാണിക്കുന്ന ആവേശം മറ്റൊരിടത്തും കാണുന്നില്ല. 14-നും 20-നും ഇടയിലുള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രത്യേക കാലഘട്ടത്തിന് സമാനമായി, നവ-മധ്യവര്‍ഗം ഒരു സവിശേഷ ഘട്ടം അനുഭവിക്കുന്നു. ഈ ജനസംഖ്യാശാസ്ത്രത്തെ അഭിസംബോധന ചെയ്താല്‍ ഇവര്‍ക്ക് നമ്മെ വലിയ ഉയരങ്ങളിലേക്ക് നയിക്കാനാകും. ഒരു വശത്ത്, നവ-മധ്യവര്‍ഗം അതിന്റെ അഭിലാഷങ്ങളുള്ളവരായിരിക്കുമ്പോള്‍, മറുവശത്ത്, ഭാരതത്തിലെ മധ്യവര്‍ഗത്തിന്റെ വ്യാപ്തിയും വരുമാനവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘടകങ്ങള്‍ ഭാരതത്തിന്റെ മൊബിലിറ്റി മേഖലയെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ സജ്ജമാണ്. വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കും വര്‍ദ്ധിച്ചുവരുന്ന വരുമാനത്തിനും ഇടയില്‍, ഉയരുന്ന കണക്കുകള്‍ നിങ്ങളുടെ മേഖലയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ഈ കണക്കുകള്‍ മോദി സൃഷ്ടിച്ചതല്ല. 2014 ന് മുമ്പുള്ള പത്ത് വര്‍ഷത്തിനിടെ 12 കോടി വാഹനങ്ങളാണ് ഭാരതത്തില്‍ വിറ്റഴിച്ചതെങ്കില്‍ 2014 മുതല്‍ 21 കോടിയിലധികം വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്.
ഒരു ദശാബ്ദം മുമ്പ്, ഏകദേശം 2000 ഇലക്ട്രിക് വാഹനങ്ങള്‍ ഭാരതത്തില്‍ പ്രതിവര്‍ഷം വിറ്റഴിച്ചിരുന്നു. നിലവില്‍ ഓരോ വര്‍ഷവും 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഭാരതത്തില്‍ വില്‍ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാസഞ്ചര്‍ വാഹന വില്‍പ്പന 60 ശതമാനം ഉയര്‍ന്നു, ഭാരതത്തിലെ ഇരുചക്രവാഹന വില്‍പ്പനയും 70 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ജനുവരിയിലെ കാര്‍ വില്‍പ്പന മുന്‍കാല റെക്കോഡുകളെല്ലാം തകര്‍ത്തുവെന്നാണ് ഇന്നലെ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്രയും റെക്കോര്‍ഡ് വില്‍പ്പനയുള്ളവര്‍ ഇവിടെയുണ്ട്, അല്ലേ? വിഷമിക്കേണ്ട, ആദായനികുതി വകുപ്പ് കേള്‍ക്കുന്നില്ല, അതിനാല്‍ പരിഭ്രാന്തരാകരുത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും, മൊബിലിറ്റി മേഖലയില്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ പോസിറ്റീവ് അന്തരീക്ഷം ഇന്ന് പ്രകടമാണ്. ഈ അവസരം ഉപയോഗിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
സുഹൃത്തുക്കളേ,
ഇന്നത്തെ ഭാരതം ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ നയങ്ങള്‍ രൂപീകരിക്കുകയാണ്. ഈ ദര്‍ശനത്തില്‍ മൊബിലിറ്റി മേഖലയ്ക്ക് നിസ്സംശയമായും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ഇന്നലത്തെ ബജറ്റില്‍ നിങ്ങള്‍ ഈ ദര്‍ശനം കണ്ടിരിക്കണം. അതൊരു ഇടക്കാല ബജറ്റായിരുന്നു, നമ്മള്‍ മൂന്നാം തവണ വരുമ്പോള്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. 2014ല്‍ ഭാരതത്തിന്റെ മൂലധനച്ചെലവ് 2 ലക്ഷം കോടിയില്‍ താഴെയായിരുന്നെങ്കില്‍ ഇന്ന് അത് 11 ലക്ഷം കോടി കവിഞ്ഞു. മൂലധനച്ചെലവിലേക്ക് 11 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന പ്രഖ്യാപനം ഭാരതത്തിന്റെ മൊബിലിറ്റി മേഖലയ്ക്ക് നിരവധി അവസരങ്ങള്‍ തുറന്നു. ഇത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ അഭൂതപൂര്‍വമായ നിക്ഷേപം കാരണം, റെയില്‍, റോഡ്, എയര്‍വേ, ജലപാത ഗതാഗതത്തിന്റെ എല്ലാ മേഖലകളും ഭാരതത്തില്‍ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കടലിനെയും പര്‍വതങ്ങളെയും വെല്ലുവിളിക്കുന്നു, ഒന്നിനുപുറകെ ഒന്നായി എഞ്ചിനീയറിംഗ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു, റെക്കോര്‍ഡ് സമയത്ത് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നു. അടല്‍ ടണല്‍ മുതല്‍ അടല്‍ സേതു വരെ ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഭാരതത്തില്‍ 75 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു, 90 ആയിരം കിലോമീറ്റര്‍ ദേശീയ പാതകള്‍ വികസിപ്പിച്ചെടുത്തു. 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ ഇടനാഴികള്‍ സ്ഥാപിച്ചു. 15 പുതിയ നഗരങ്ങളില്‍ മെട്രോ റെയില്‍ അവതരിപ്പിച്ചു, 25 ആയിരം കിലോമീറ്റര്‍ റെയില്‍ പാതകള്‍ നിര്‍മ്മിച്ചു. വന്ദേഭാരത് ട്രെയിനിന് സമാനമായി 40,000 റെയില്‍വേ കോച്ചുകള്‍ നവീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ 40,000 കോച്ചുകള്‍ സാധാരണ ട്രെയിനുകളില്‍ സ്ഥാപിക്കും, ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമികയെ പുനര്‍നിര്‍മ്മിക്കും.
സുഹൃത്തുക്കളേ,
നമ്മുടെ ഗവണ്‍മെന്റിന്റെ വേഗതയും വ്യാപ്തിയും ഭാരതത്തിലെ മൊബിലിറ്റിയെ പുനര്‍നിര്‍വചിച്ചു. കൃത്യസമയത്ത് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുക, ഗതാഗതത്തിലെ കാലതാമസം, വ്യതിയാനങ്ങള്‍, തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കുക എന്നതിലാണ് ഞങ്ങളുടെ ഊന്നല്‍. ഗതാഗതം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് വെല്ലുവിളികള്‍ നേരിടുന്നതിനുമായി ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ രാജ്യം ഇപ്പോള്‍ സംയോജിത ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ്. ഗിഫ്റ്റ് സിറ്റിയില്‍ എയര്‍ക്രാഫ്റ്റ് ആന്‍ഡ് ഷിപ്പ് ലീസിങ്ങിന് റെഗുലേറ്ററി ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. ലോജിസ്റ്റിക് ശൃംഖല നവീകരിക്കുന്നതിനായി സര്‍ക്കാര്‍ ദേശീയ ലോജിസ്റ്റിക് നയം അവതരിപ്പിച്ചു, ചരക്ക് ഗതാഗതത്തിന്റെ സമയവും ചെലവും കുറയ്ക്കുന്നതിന് പ്രത്യേക ചരക്ക് ഇടനാഴികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബജറ്റില്‍ പുതുതായി പ്രഖ്യാപിച്ച മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ ഭാരതത്തിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.
സുഹൃത്തുക്കളേ,
ദേശീയ പാതകളുടെയും ആധുനിക എക്‌സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തിലൂടെ ഭാരതത്തിലെ കണക്റ്റിവിറ്റി തുടര്‍ച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയതോടെ ചരക്കുനീക്കം കാര്യക്ഷമമാക്കുകയും സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കുകയും ചെയ്തു. ഫാസ്റ്റ് ടാഗ് സാങ്കേതികവിദ്യ വ്യവസായത്തിന് ഇന്ധനവും സമയവും ലാഭിക്കുന്നു, ഇത് സമ്പദ് വ്യവസ്ഥയ്ക്ക് 40,000 കോടി രൂപയുടെ വാര്‍ഷിക നേട്ടം നല്‍കുന്നതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
സുഹൃത്തുക്കളേ,
ഓട്ടോ, ഓട്ടോമോട്ടീവ് ഘടക വ്യവസായം ഒരു നിര്‍ണായക പങ്ക് വഹിക്കാന്‍ സജ്ജമായതോടെ ഭാരതം ലോകത്തിന്റെ സാമ്പത്തിക ശക്തിയായി മാറാനുള്ള കുതിപ്പിലാണ്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ നിങ്ങളുടെ വ്യവസായത്തിന് ഗണ്യമായ പ്രാതിനിധ്യമുണ്ട്. ഇന്ന്, യാത്രാ വാഹനങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയും ആഗോളതലത്തില്‍ വാണിജ്യ വാഹനങ്ങളുടെ മൂന്നാമത്തെ വലിയ നിര്‍മ്മാതാവുമാണ് ഭാരതം. ഞങ്ങളുടെ അനുബന്ധ ഘടകങ്ങളുടെ വ്യവസായവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായി മാറുകയാണ്. ഈ 'അമൃത്കാല'ത്തില്‍, ഈ മേഖലകളില്‍ ലോകനേതാവാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ ശ്രമങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. വ്യവസായത്തിനായി 25,000 കോടിയിലധികം രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം സൃഷ്ടിച്ചു, ഇത് മുഴുവന്‍ മൂല്യ ശൃംഖലയുടെയും സ്വാശ്രയത്വത്തിന് സംഭാവന നല്‍കുകയും MSME-കളെ ശാക്തീകരിക്കുകയും ചെയ്യുന്നു. കൂടാതെ, ബാറ്ററി സംഭരണത്തിനായി 18,000 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ബാറ്ററി സംഭരണത്തിന്റെ കാര്യത്തില്‍ ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. ശുദ്ധമായ പാചക പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നു; രാജ്യത്ത് 25 കോടി വീടുകള്‍ ഉണ്ടെന്ന് കരുതുക, ഓരോ വീടുകളിലും സോളാര്‍, ബാറ്ററി സ്റ്റോറേജ് എന്നിവയുടെ റൂഫ് ടോപ്പ് സിസ്റ്റം നിലവിലുണ്ട്. അത് ബാറ്ററികള്‍ക്ക് പല മടങ്ങ് ഡിമാന്‍ഡ് സൃഷ്ടിക്കും. അത് ഓട്ടോമാറ്റിക്കായി വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ വളരെ വിലകുറഞ്ഞതാക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ഫീല്‍ഡിലേക്ക് സുഖമായി മാറുകയും ഒരു സമ്പൂര്‍ണ്ണ പാക്കേജ് സൃഷ്ടിക്കുകയും ചെയ്യാം.
മുന്നോട്ട് നോക്കുമ്പോള്‍, ഇലക്ട്രിക് വാഹനങ്ങളുമായി മേല്‍ക്കൂരയിലെ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സംയോജിപ്പിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു. ആദ്യ സെക്ഷനിലെ ഒരു കോടി കുടുംബങ്ങള്‍ക്ക് പുരപ്പുറ സോളാര്‍ പവര്‍ വഴി കുറഞ്ഞത് 300 യൂണിറ്റെങ്കിലും സൗജന്യ വൈദ്യുതി നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്റെ പദ്ധതി അനുസരിച്ച്, പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം ആളുകളെ അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ അവരുടെ വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഒരു വ്യക്തിയുടെ കാര്‍, സ്‌കൂട്ടി അല്ലെങ്കില്‍ സ്‌കൂട്ടര്‍ രാത്രി പാര്‍ക്ക് ചെയ്യുമ്പോള്‍, അത് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യണം, അത് രാവിലെ ഉപയോഗിക്കാനാകും. അതായത്, ഒരു തരത്തില്‍, വികേന്ദ്രീകൃത സംവിധാനത്തെ റൂഫ് ടോപ്പ് സോളാര്‍ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് വിഭാവനം ചെയ്യപ്പെടുന്നു. നിങ്ങളുടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ ഘടകങ്ങളെല്ലാം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഗവേഷണവും പരിശോധനയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ദേശീയ പദ്ധതിക്ക് 3200 കോടി രൂപ അനുവദിച്ചു. ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ ഭാരതത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഉത്തേജനം നല്‍കി. EV-കളുടെ ആവശ്യം ഉത്തേജിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏകദേശം 10,000 കോടി രൂപ നിക്ഷേപിച്ചു, കൂടാതെ FAME സ്‌കീം ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് ഇലക്ട്രിക് ബസുകള്‍ വിജയകരമായി അവതരിപ്പിച്ചു. കൂടാതെ, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഇന്നലത്തെ ബജറ്റില്‍ സൂചിപ്പിച്ചതുപോലെ, ഗവേഷണത്തിനും നവീകരണത്തിനും ഉത്തേജനം നല്‍കാന്‍ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. മൊബിലിറ്റി മേഖലയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) ഇന്ന് അഭിമുഖീകരിക്കുന്ന പ്രാഥമിക വെല്ലുവിളികള്‍, അതായത് അവയുടെ വിലയും ബാറ്ററികളും, ഈ സംരംഭത്തിന്റെ ധനസഹായത്തോടെ ഗവേഷണത്തിലൂടെ പരിഹരിക്കാനാകും. ഞങ്ങളുടെ റൂഫ്‌ടോപ്പ് സോളാര്‍ സ്‌കീമില്‍ ഇവി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു ഘടകം ഉള്‍പ്പെടുന്നു, അത് വാഹന മേഖലയ്ക്ക് ഗുണം ചെയ്യും. സൗരോര്‍ജ്ജ മേല്‍ക്കൂരകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ബാറ്ററികളുടെ ആവശ്യം സ്വാഭാവികമായും ഉയരും, ഇത് ഈ മേഖലയില്‍ ഗണ്യമായ വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതത്തില്‍ ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ തരം ബാറ്ററികള്‍ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തില്‍ വ്യവസായത്തിന് ഏര്‍പ്പെടാന്‍ കഴിയും, കാരണം ലോകം വിഭവ സുസ്ഥിരതയെക്കുറിച്ച് ആശങ്കാകുലരാണ്. എന്തുകൊണ്ട് നമുക്ക് സമാന്തര സ്രോതസുകള്‍ എടുത്തുകൂടാ? രാജ്യത്തിന് നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, കൂടാതെ നിരവധി ആളുകള്‍ സോഡിയത്തിലും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ, ബാറ്ററികളില്‍ മാത്രമല്ല, ഗ്രീന്‍ ഹൈഡ്രജന്‍, എത്തനോള്‍ എന്നിവയിലും പുതിയ ഗവേഷണങ്ങള്‍ നടക്കുന്നു. മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ വാഹന മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. ഭാരതത്തിലെ ഡ്രോണ്‍ മേഖലയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഡ്രോണുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനും ഈ ഫണ്ട് ഉപയോഗിക്കാം. ഭാരതത്തിന്റെ ജലപാതകള്‍ ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈബ്രിഡ് കപ്പലുകള്‍ സൃഷ്ടിക്കുന്നതിലേക്ക് ഷിപ്പിംഗ് മന്ത്രാലയം നീങ്ങുന്നു. ഈ മുന്നേറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വ്യവസായത്തോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
മാര്‍ക്കറ്റ് ചര്‍ച്ചകള്‍ക്കിടയില്‍, മൊബിലിറ്റി മേഖലയിലെ ഒരു നിര്‍ണായക മാനുഷിക വശത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നു - ഈ മേഖലയില്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രക്ക്, ടാക്സി ഡ്രൈവര്‍മാര്‍ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയില്‍ അവിഭാജ്യ പങ്ക് വഹിക്കുന്നു. പലപ്പോഴും, ഈ ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം ചക്രത്തിന് പിന്നില്‍ ജോലി ചെയ്യുന്നു, എന്നിട്ടും ഉടമകള്‍ സ്ഥിരമായി അവരെ ചോദ്യം ചെയ്യുകയോ ശകാരിക്കുകയോ ചെയ്യുന്നു. തല്‍ഫലമായി, ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സമയം നഷ്ടപ്പെടുന്നു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍, ഈ വ്യക്തികള്‍ പലപ്പോഴും റോഡപകടങ്ങളില്‍ പെടുന്നു. ട്രക്ക്, ടാക്സി ഡ്രൈവര്‍മാരും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നു. യാത്രാവേളയില്‍ ഡ്രൈവര്‍മാരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചതായി നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളില്‍, ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ ദേശീയ പാതകളിലും പുതിയ സൗകര്യങ്ങളോടുകൂടിയ ആധുനിക കെട്ടിടങ്ങള്‍ സ്ഥാപിക്കും. ഭക്ഷണ സേവനങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ വ്യവസ്ഥകള്‍ ഈ കെട്ടിടങ്ങളില്‍ ഉള്‍പ്പെടും. ഈ പരിപാടിയുടെ പ്രാരംഭ ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇത്തരത്തിലുള്ള ആയിരം സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള ഈ സമര്‍പ്പിത കെട്ടിടങ്ങള്‍ അവരുടെ ജീവിത സാഹചര്യങ്ങളും യാത്രാ അനുഭവങ്ങളും മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, അവരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കാനും അതുവഴി അപകടങ്ങള്‍ തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
മുന്നോട്ട് നോക്കുമ്പോള്‍, അടുത്ത 25 വര്‍ഷത്തേക്ക് മൊബിലിറ്റി മേഖലയ്ക്ക് വലിയ സാധ്യതകള്‍ ഉണ്ട്. ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്, വ്യവസായം ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകണം. ഈ മേഖലയ്ക്ക് വിദഗ്ധരായ സാങ്കേതിക തൊഴിലാളികളും പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും ആവശ്യമാണ്. ഇന്ന്, രാജ്യത്തെ 15 ആയിരത്തിലധികം ഐടിഐകള്‍ ഈ വ്യവസായത്തിന് മനുഷ്യശേഷി നല്‍കുന്നു. കോഴ്‌സുകള്‍ കൂടുതല്‍ പ്രസക്തമാക്കാന്‍ ഈ ഐടിഐകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വ്യവസായ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് കഴിയില്ലേ? കൂടാതെ, പുതിയവ വാങ്ങുമ്പോള്‍ പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിന് നല്‍കിയിട്ടുള്ള റോഡ് നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്ന ഗവണ്‍മെന്റിന്റെ സ്‌ക്രാപ്പേജ് നയത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ വാഹന വ്യവസായത്തെ പ്രചോദിപ്പിക്കും.
സുഹൃത്തുക്കളേ,
'ബിയോണ്ട് ബൗണ്ടറീസ്' എന്ന ടാഗ്ലൈനോടെയാണ് നിങ്ങള്‍ എക്‌സ്‌പോ സമ്മാനിച്ചത്. ഈ വാക്കുകള്‍ ഭാരതത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. ഇന്ന് നമ്മുടെ ലക്ഷ്യം പഴയ വേലിക്കെട്ടുകള്‍ പൊളിച്ച് ആഗോള ഐക്യം വളര്‍ത്തുക എന്നതാണ്. ആഗോള വിതരണ ശൃംഖലയില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ വാഹന വ്യവസായം വിശാലമായ സാധ്യതകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. 'അമൃത്കാലിന്റെ' ദര്‍ശനത്തിന് അനുസൃതമായി നമുക്ക് മുന്നോട്ട് പോകാം, ഈ മേഖലയില്‍ ഭാരതത്തെ ഒരു ആഗോള നേതാവാക്കാന്‍ ആഗ്രഹിക്കുന്നു. ടയറുകളുടെ വിസ്തീര്‍ണ്ണം ഒന്ന് കണ്ണോടിച്ചു. ആദ്യ ദിവസം മുതല്‍, ടയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് എനിക്ക് ആശങ്കയുണ്ട്. കാര്‍ഷിക രാഷ്ട്രമായിട്ടും ഭാരതം റബ്ബര്‍ ഇറക്കുമതി ചെയ്യുന്നു എന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു. ആവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉറപ്പുനല്‍കുന്ന വിപണികളും നടപ്പിലാക്കാന്‍ ടയര്‍ വ്യവസായത്തിലെ അംഗങ്ങള്‍ കര്‍ഷകരുമായി സഹകരിച്ചിട്ടുണ്ടോ? ഇന്ത്യന്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ജനിതകമാറ്റം വരുത്തിയ റബ്ബര്‍ മരങ്ങള്‍ കാര്യമായ ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം ഭാരതത്തില്‍ പരിമിതമാണ്. ടയര്‍ നിര്‍മ്മാതാക്കളോടും റബറുമായി ബന്ധപ്പെട്ട വ്യവസായങ്ങളോടും കര്‍ഷകരുമായി ഇടപഴകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഛിന്നഭിന്നമായ ചിന്തകള്‍ ഒഴിവാക്കി, സമഗ്രവും സമഗ്രവും സംയോജിതവുമായ സമീപനത്തിലൂടെ നമുക്ക് മുന്നേറാം. അതെ, റബ്ബര്‍ വിദേശത്ത് നിന്ന് ലഭിക്കും, പക്ഷേ എന്തുകൊണ്ട് നമ്മുടേതായി ഉത്പാദിപ്പിച്ചുകൂടാ? നമ്മുടെ കര്‍ഷകര്‍ കൂടുതല്‍ ശക്തരാകുന്ന ഒരു സാഹചര്യം സങ്കല്‍പ്പിക്കുക; അതിനുശേഷം അവര്‍ നമ്മുടെ രാജ്യത്ത് നാല് അധിക കാറുകള്‍ വാങ്ങും. അവര്‍ ഏത് കാര്‍ തിരഞ്ഞെടുത്താലും, ടയറുകള്‍ നിങ്ങളുടേതായിരിക്കും. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ആദ്യമായി ഇത്രയധികം പേര്‍ ഒത്തുകൂടുമ്പോള്‍, നിങ്ങളുടെ സമീപനത്തെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നും നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കാമെന്നും പരസ്പരം പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക എന്നതാണ്. കൂട്ടായ ശ്രമങ്ങള്‍ നമ്മുടെ ശക്തിയെ ശക്തിപ്പെടുത്തുന്ന ഒരു ഘട്ടത്തിലാണ് നാം നമ്മെ കണ്ടെത്തുന്നത്, ലോകത്തെ നയിക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തരുത്.
സുഹൃത്തുക്കളേ!
ഡിസൈനിന്റെ മേഖലയായാലും മറ്റേതെങ്കിലും പ്രധാന മേഖലയായാലും ഭാരതത്തില്‍ ഗവേഷണ ലാബ് ഇല്ലാത്ത ഒരു മേഖല ലോകമെമ്പാടും ഉണ്ടാകില്ല. രൂപകല്പന ചെയ്യാനുള്ള കഴിവ് ഭാരതത്തിനുണ്ട്. നമ്മുടെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഉത്ഭവിക്കുന്ന ഡിസൈനുകള്‍ നമുക്ക് സൃഷ്ടിക്കാം, അതുവഴി വാഹനം ഇന്ത്യന്‍ നിര്‍മ്മിതമാണെന്ന് ലോകം തിരിച്ചറിയും. ഈ വികാരം വളര്‍ത്തിയെടുക്കണം. റോഡിലൂടെ പോകുന്ന ഏതൊരു വഴിയാത്രക്കാരനും അഭിമാനത്തോടെ വിളിച്ചുപറയണം, 'ഹേയ്, ഇതൊരു മെയ്ഡ്-ഇന്‍-ഇന്ത്യ കാര്‍ ആണ്-കാര്‍ ഒന്നു നോക്കൂ.' നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍ ലോകം നിങ്ങളില്‍ വിശ്വസിക്കും. ഐക്യരാഷ്ട്രസഭയില്‍ യോഗയെക്കുറിച്ച് സംസാരിച്ചപ്പോള്‍, ഭാരതത്തിലേക്ക് മടങ്ങുമ്പോള്‍, ആളുകള്‍ എന്നെ ചോദ്യം ചെയ്തു, എന്നാല്‍ ഇന്ന് ലോകം അതിന്റെ പ്രാധാന്യം അംഗീകരിക്കുന്നു. സ്വയം വിശ്വസിക്കുക, ശക്തിയോടെ നില്‍ക്കുക, നിങ്ങളുടെ സാന്നിധ്യം അനുഭവിക്കാത്ത ലോകത്തിന്റെ ഒരു കോണും ഉണ്ടാകാതിരിക്കട്ടെ സുഹൃത്തുക്കളെ. നിങ്ങളുടെ കണ്ണുകള്‍ എവിടെ പരതിയാലും നിങ്ങളുടെ കാറുകള്‍ കാണണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! നന്ദി.
--NS--
(Release ID: 2005870)
Visitor Counter : 81
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada