പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 13 FEB 2024 5:33PM by PIB Thiruvananthpuram


യുഎഇയിലെ ഔദ്യോഗികസന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു; തുടർന്ന് ആചാരപരമായ സ്വീകരണം നൽകി.

ഇരുനേതാക്കളും നേരിട്ടും പ്രതിനിധിതലത്തിലും ചർച്ചകൾ നടത്തി. ഉഭയകക്ഷിപങ്കാളിത്തം അവലോകനം ചെയ്ത നേതാക്കൾ സഹകരണത്തിന്റെ പുതിയ മേഖലകൾ ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ഫിൻടെക്, ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള സമഗ്രമായ തന്ത്രപ്രധാനപങ്കാളിത്തം ആഴത്തിലാക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ച ചെയ്തു.

ഇനിപ്പറയുന്ന കാര്യങ്ങളുടെ കൈമാറ്റത്തിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു:

·      ഉഭയകക്ഷി നിക്ഷേപ ഉടമ്പടി: ഇരുരാജ്യങ്ങളിലും നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ഈ കരാർ സഹായകമാകും. യുഎഇയുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിലും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും ഇന്ത്യ ഒപ്പുവച്ചു.

·      വൈദ്യുതബന്ധ-വ്യാപാര മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം: ഊർജസുരക്ഷയും ഊർജവ്യാപാരവും ഉൾപ്പെടെ ഊർജമേഖലയിൽ ഇതു സഹകരണത്തിന്റെ പുതിയപാതകൾ തുറക്കും.

·      ഇന്ത്യ-മധ്യപൂർവേഷ്യ സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള അന്തർഗവൺമെന്റ്തല ചട്ടക്കൂട് ഉടമ്പടി: ഇത് ഈ വിഷയത്തിൽ മുൻകാല ധാരണകളും സഹകരണവും കെട്ടിപ്പടുക്കുകയും പ്രാദേശിക സമ്പർക്കസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കുകയും ചെയ്യും.

·      ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം: ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപസഹകരണം ഉൾപ്പെടെ വിപുലമായ സഹകരണത്തിനായുള്ള ചട്ടക്കൂട് ഇതു സൃഷ്ടിക്കുകയും സാങ്കേതികവിജ്ഞാനം, നൈപുണ്യം, വൈദഗ്ധ്യം എന്നിവ പങ്കിടാൻ സഹായിക്കുകയും ചെയ്യും.

·      രണ്ടു രാജ്യങ്ങളിലെയും നാഷണൽ ആർക്കൈവ്സ് തമ്മിലുള്ള സഹകരണ നിർദേശങ്ങൾ: ചരിത്രപരമായ രേഖകളുടെ പുനഃസ്ഥാപനവും സംരക്ഷണവും ഉൾപ്പെടെ, ഈ മേഖലയിൽ വിപുലമായ ഉഭയകക്ഷിസഹകരണത്തിന് ഈ നിർദേശങ്ങൾ രൂപംനൽകും.

·      പൈതൃക-മ്യൂസിയ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം: ഗുജറാത്തിലെ ലോഥലിലുള്ള സമുദ്ര പൈതൃക സമുച്ചയത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപഴകലിനെ ഇതു പ്രോത്സാഹിപ്പിക്കും.

·      യുപിഐ (ഇന്ത്യ), എഎഎൻഐ (യുഎഇ) എന്നീ തൽക്ഷണ പണമിടപാടു സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ: ഇത് ഇരുരാജ്യങ്ങൾക്കുമ‌ിടയിലുള്ള തടസ്സങ്ങളില്ലാത്ത പണമ‌ിടപാടുകളുടെ പാത സുഗമമാക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രിയുടെ അബുദാബി സന്ദർശനവേളയിൽ പണമിടപാട്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തെ തുടർന്നാണിത്.

·      JAYWAN (യുഎഇ), റുപേ (ഇന്ത്യ) എന്നീ ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ: സാമ്പത്തിക മേഖലയിലെ സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്. ഇതു യുഎഇയിലുടനീളം റുപേയുടെ സാർവത്രിക സ്വീകാര്യത വർധിപ്പിക്കും.

ഡിജിറ്റൽ റുപേ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് സ്റ്റാക്കിനെ അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ ആഭ്യന്തര കാർഡായ ജയ്‌വാൻ പുറത്തിറക്കിയതിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജയ്വാൻ കാർഡ് ഉപയോഗിച്ചു നടത്തിയ ഇടപാടിനും നേതാക്കൾ സാക്ഷ്യംവഹിച്ചു.

ഊർജപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ക്രൂഡിന്റെയും എൽപിജിയുടെയും ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നായ യുഎഇയുമായി ഇന്ത്യ ഇപ്പോൾ എൽഎൻജിക്കായി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിനെ അവർ അഭിനന്ദിച്ചു.

സന്ദർശനത്തിനു മുന്നോടിയായി, അബുദാബി തുറമുഖ കമ്പനിയുമായി RITES ലിമിറ്റഡും ഗുജറാത്ത് മാരിടൈം ബോർഡും കരാർ ഒപ്പിട്ടു. തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്പർക്കസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കും.

അബുദാബിയിൽ ബിഎപിഎസ് ക്ഷേത്രനിർമാണത്തിനു സ്ഥലം അനുവദിച്ചതിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വ്യക്തിപരമായ പിന്തുണയ്ക്കും മഹാമനസ്കതയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. യുഎഇ-ഇന്ത്യ സൗഹൃദം, ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധങ്ങൾ, ഐക്യം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവയോടുള്ള യുഎഇയുടെ ആഗോള പ്രതിബദ്ധതയുടെ സാക്ഷാത്കാരമാണു ബിഎപിഎസ് ക്ഷേത്രമെന്നും ഇരുപക്ഷവും അഭിപ്രായപ്പെട്ടു.

 

NK



(Release ID: 2005668) Visitor Counter : 57