പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ‘ഇ.റ്റി. നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു



"ഇത് ഇന്ത്യയുടെ സമയമാണ്"

കഴിഞ്ഞ 10 വർഷംകൊണ്ട് ഇന്ത്യ എങ്ങനെ മാറിയെന്നു ലോകത്തെ എല്ലാ വികസന വിദഗ്ധസംഘവും ചർച്ച ചെയ്യുന്നു"

"ലോകം ഇന്ന് ഇന്ത്യയെ വിശ്വസിക്കുന്നു"

"ദൃഢതയും സ്ഥിരതയും തുടർച്ചയും ഞങ്ങളുടെ മൊത്തത്തിലുള്ള നയരൂപീകരണത്തിന്റെ 'ആദ്യ തത്വങ്ങൾക്കു' കാരണമാകുന്നു"

"ഇന്ത്യ ക്ഷേമരാഷ്ട്രമാണ്. അർഹതയുള്ള എല്ലാ ഗുണഭോക്താക്കളിലേക്കും ഗവണ്മെന്റ് എത്തിച്ചേരുന്നുവെന്നു ഞങ്ങൾ ഉറപ്പാക്കി”

"മൂലധനച്ചെലവിന്റെ രൂപത്തിലുള്ള ഉൽപ്പാദനച്ചെലവ്, ക്ഷേമപദ്ധതികളിലെ അഭൂതപൂർവമായ നിക്ഷേപം, പാഴ്‌ചെലവുകളുടെ നിയന്ത്രണം, സാമ്പത്തിക അച്ചടക്കം എന്നിവയാണു നമ്മുടെ ഓരോ ബജറ്റിലെയും നാലു പ്രധാന ഘടകങ്ങൾ"

"പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നതു നമ്മുടെ ഗവണ്മെന്റിന്റെ സ്വത്വമായി മാറി"

"ഞങ്ങൾ 20-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും 21-ാം നൂറ്റാണ്ടിന്റെ വികസനമോഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നു"

"2014നു മുമ്പുള്ള 10 വർഷങ്ങളിൽ രാജ്യം പിന്തുടർന്ന നയങ്ങളെക്കുറിച്ചുള്ള ധവളപത്രം പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചു"

Posted On: 09 FEB 2024 10:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ‘ET നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു.

ആഗോള വ്യാവസായിക ഉച്ചകോടി 2024 തിരഞ്ഞെടുത്ത 'തടസ്സം, വികസനം, വൈവിധ്യവൽക്കരണം' എന്ന വിഷയത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. "തടസ്സം, വികസനം, വൈവിധ്യവൽക്കരണം എന്നിവയുടെ കാര്യം വരുമ്പോൾ, ഇത് ഇന്ത്യയുടെ സമയമാണെന്ന് എല്ലാവർക്കും സമ്മതിക്കാൻ കഴിയും"- ലോകത്ത് ഇന്ത്യയോടുള്ള വിശ്വാസം വർധിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഡാവോസിൽ ഇന്ത്യയോടുണ്ടായ അഭൂതപൂർവമായ ആവേശത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയെ അഭൂതപൂർവമായ സാമ്പത്തിക വിജയഗാഥ എന്നു വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും അതിന്റെ ഡിജിറ്റൽ-ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനെക്കുറിച്ചും ലോകത്തെ എല്ലാ മേഖലകളിലും ഇന്ത്യ ആധിപത്യം പുലർത്തുന്നതിനെക്കുറിച്ചുള്ളമുള്ള ചർച്ചകൾ അനുസ്മരിച്ചു. ഇന്ത്യയുടെ കഴിവിനെ ‘കലിപൂണ്ട കാള’യോട് താരതമ്യപ്പെടുത്തിയ മുതിർന്ന ഉദ്യോഗസ്ഥനെ പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ പരിവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ലോകത്തിലെ വികസന വിദഗ്ധ സംഘങ്ങൾ ഇന്ന് ഇന്ത്യയോടുള്ള ലോകത്തിന്റെ വർധിച്ചുവരുന്ന വിശ്വാസമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ലോകത്ത് ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും വിജയത്തെക്കുറിച്ചും ഇത്രയും മികച്ചൊരു വികാരം നാം മുമ്പൊരിക്കലും കണ്ടിട്ടില്ല", ചുവപ്പു​കോട്ടയിൽ നിന്നുള്ള 'ഇതാണ് സമയം, ഇതാണ് ശരിയായ സമയം' എന്ന വാക്കുകൾ അനുസ്മരിച്ചു ശ്രീ മോദി പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും വികസന യാത്രയിൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായ കാലഘട്ടം വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ സമയത്താണ് രാജ്യം വരുന്ന നൂറ്റാണ്ടുകളിലേക്കുള്ള ശക്തി പ്രാപിക്കുന്നത് എന്നും വ്യക്തമാക്കി. “ഇന്ത്യയുടെ ആ സമയമാണു ഞാൻ ഇന്ന് കാണുന്നത്. ഈ കാലഘട്ടം അഭൂതപൂർവമാണ്. ഒരു തരത്തിൽ, രാജ്യത്തിന്റെ ധർമചക്രത്തിനു തുടക്കമായി”- തുടർച്ചയായി വർധിക്കുന്ന വളർച്ചാനിരക്കും കുറയുന്ന ധനക്കമ്മിയും, കയറ്റുമതി വർധനയും കറന്റ് അക്കൗണ്ട് കമ്മി കുറയുന്നതും, ഉൽപ്പാദനക്ഷമമായ നിക്ഷേപത്തിന്റെ റെക്കോർഡ് ഉയർച്ചയും പണപ്പെരുപ്പം നിയന്ത്രണവിധേയമായതും, ഉയരുന്ന അവസരങ്ങളും വരുമാനവും, കുറയുന്ന ദാരിദ്ര്യവും, വർധിക്കുന്ന ഉപഭോഗവും, കോർപ്പറേറ്റ് ലാഭവും, ബാങ്ക് നിഷ്ക്രിയ ആസ്തിയിലെ റെക്കോർഡ് കുറവും പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഇടക്കാല ബജറ്റിനെ 'ജനപ്രിയ ബജറ്റ് അല്ല' എന്ന് വിശേഷിപ്പിച്ച് സാമ്പത്തിക വിദഗ്ധരും മാധ്യമപ്രവർത്തകരും പ്രശംസിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അവരുടെ അവലോകനങ്ങൾക്ക് നന്ദി പറഞ്ഞു, മാത്രമല്ല ബജറ്റിന്റെ 'ആദ്യ തത്വങ്ങളിലേക്കും' ​മൊത്തത്തിലുള്ള നയരൂപവൽക്കരണത്തിലേക്കും ശ്രദ്ധയാകർഷിച്ചു. “ദൃഢത, സ്ഥിരത, തുടർച്ച എന്നിവയാണ് ആ ആദ്യ തത്വങ്ങൾ” - ഈ തത്വങ്ങളുടെ വിപുലീകരണമാണ് ഈ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയി​ലേക്കു തിരിഞ്ഞുനോക്കുമ്പോൾ, ആരോഗ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഇരട്ട വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ ആർക്കും ഒരു സൂചനയുമില്ലാത്ത ലോകമെമ്പാടുമുള്ള ഗവണ്മെന്റുകൾക്ക്, തുടർന്നുള്ള കാലഘട്ടമാകെ വലിയ പരീക്ഷണമായി മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇക്കാലയളവിൽ ജീവൻ രക്ഷിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകിയതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ജീവനുണ്ടെങ്കിൽ എല്ലാം ഉണ്ട്" - ജീവൻ രക്ഷാ വിഭവങ്ങൾ ശേഖരിക്കാനും അപകടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുമുള്ള ഗവൺമെന്റി‌ന്റെ ശ്രമം എടുത്തുകാട്ടി അദ്ദേഹം പറഞ്ഞു. ദരിദ്രർക്ക് സൗജന്യ റേഷൻ നൽകാൻ തീരുമാനിച്ച ഗവണ്മെന്റ്, ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേഗത്തിലുള്ള വാക്‌സിൻ ലഭ്യത ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. "ആരോഗ്യ, ഉപജീവന ആവശ്യങ്ങൾ ഗവണ്മെന്റ് അഭിസംബോധന ചെയ്തു" - സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം, തെരുവോര കച്ചവടക്കാർക്കും ചെറുകിട സംരംഭകർക്കും സാമ്പത്തിക സഹായം, കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ എന്നിവ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തെ അവസരമാക്കി മാറ്റാനുള്ള ദൃഢനിശ്ചയമാണ് ഗവണ്മെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യകത വർധിപ്പിക്കാനും വൻകിട വ്യവസായികളെ സഹായിക്കാനും കൂടുതൽ പണം അച്ചടിക്കണമെന്ന അക്കാലത്തെ വിദഗ്ധരുടെ അഭിപ്രായം അനുസ്മരിച്ച പ്രധാനമന്ത്രി, ലോകത്തിലെ പല ഗവണ്മെന്റുകളും സ്വീകരിച്ച ഈ സമീപനമാണ് പണപ്പെരുപ്പം ഉയരാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി. “ഞങ്ങളിൽ സമ്മർദം ചെലുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഞങ്ങൾ അടിസ്ഥാനയാഥാർഥ്യം അറിയുകയും അത് മനസ്സിലാക്കുകയും ചെയ്തു. ഞങ്ങളുടെ അനുഭവത്തിന്റെയും മനസ്സാക്ഷിയുടെയും അടിസ്ഥാനത്തിലാണു ഞങ്ങൾ മുന്നോട്ട് പോയത്” – ശ്രീ മോദി പറഞ്ഞു. ഒരുകാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നതും എന്നാൽ ശരിയാണെന്ന് തെളിഞ്ഞതുതുമായ ഇന്ത്യയുടെ നയങ്ങൾക്കാണ് ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അവസ്ഥയ്ക്കു പ്രധാനമന്ത്രി ഖ്യാതി നൽകിയത്.

“ഇന്ത്യ ക്ഷേമരാഷ്ട്രമാണ്. സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഗവൺമെന്റ് മുൻഗണന നൽകുന്നത്”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു വശത്ത്, പുതിയ പദ്ധതികൾ സൃഷ്ടിക്കപ്പെടുമ്പോൾ, മറുവശത്ത്, അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഗവണ്മെന്റ് ആനുകൂല്യങ്ങൾ എത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങൾ വർത്തമാനകാലത്ത് മാത്രമല്ല, രാജ്യത്തിന്റെ ഭാവിയിലും നിക്ഷേപം നടത്തി” - അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ബജറ്റിലെയും നാല് പ്രധാന ഘടകങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, മൂലധനച്ചെലവ്, ക്ഷേമപദ്ധതികളിലെ അഭൂതപൂർവമായ നിക്ഷേപം, പാഴ്ചെലവുകൾ നിയന്ത്രിക്കൽ, സാമ്പത്തിക അച്ചടക്കം എന്നിവയുടെ രൂപത്തിൽ റെക്കോർഡ് ഉൽപാദനച്ചെലവുകൾ പരാമർശിച്ചു. സന്തുലിതാവസ്ഥ നിലനിർത്തുകയും നാല് വിഷയങ്ങളിലും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ‘സംരക്ഷിച്ച പണം സമ്പാദിച്ച പണമാണ്’ എന്ന തത്വം പ്രയോജനപ്പെടുത്തിക്കൊണ്ട് സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിനെ പ്രധാനമന്ത്രി പരാമർശിച്ചു. കാലതാമസം മൂലമുണ്ടാകുന്ന വർധിച്ചുവരുന്ന പദ്ധതിച്ചെലവ് പരാമർശിച്ച പ്രധാനമന്ത്രി, 2008-ൽ ആരംഭിച്ച കിഴക്കൻ സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടുകയും കഴിഞ്ഞ വർഷം പൂർത്തിയായപ്പോൾ പദ്ധതിച്ചെലവ് 16,500 കോടി രൂപയിൽ നിന്ന് 50,000 കോടി രൂപയായി ഉയർന്നുവെന്നു പറയുകയും ചെയ്തു. 1998ൽ ആരംഭിച്ച അസമിലെ ബോഗിബീൽ പാലത്തിന്റെ പദ്ധതിച്ചെലവ് 1100 കോടി രൂപയിൽ നിന്ന് 2018ൽ പൂർത്തിയാകുമ്പോൾ 5000 കോടി രൂപയായി ഉയർന്നതായും അദ്ദേഹം പരാമർശിച്ചു.

സംവിധാനത്തില്‍ സുതാര്യത കൊണ്ടുവന്നും സാങ്കേതികവിദ്യ ഉപയോഗിച്ചും രാജ്യത്തിന്റെ പണം ലാഭിക്കുന്നതിലും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു. കടലാസില്‍ മാത്രം നിലനിന്നിരുന്ന 10 കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കി തെറ്റായ കൈകളില്‍ അകപ്പെട്ടതില്‍ നിന്ന് 3.25 ലക്ഷം കോടിരൂപയുടെ ഫണ്ട് ചോര്‍ച്ച അവസാനിപ്പിക്കുന്നതിന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സഹായിച്ചുവെന്ന് പരാമര്‍ശിച്ച അദ്ദേഹം, ഗവണ്‍മെന്റ് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ജെം പോര്‍ട്ടല്‍, 65,000 കോടിരൂപയുടെ ലാഭമുണ്ടാക്കി, എണ്ണ സംഭരണത്തിലെ വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ 25,000 കോടി ലാഭിച്ചുവെന്നുമുള്ള കാര്യങ്ങളും വിശദീകരിച്ചു. ''പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയതിലൂടെ കഴിഞ്ഞ വര്‍ഷം നമുക്ക് 24,000 കോടി രൂപ ലാഭിക്കാനായി'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് കെട്ടിടങ്ങളില്‍ കെട്ടികിടന്ന ഓഫീസുകളില്‍ നിന്നുള്ള ചപ്പുചവറുകള്‍ വിറ്റ് ഗവണ്‍മെന്റ് 1100 കോടി രൂപ സമ്പാദിച്ച സ്വച്ഛത അഭിയാനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
പൗരന്മാര്‍ക്ക് പണം ലാഭിക്കാവുന്ന തരത്തിലാണ് ഗവണ്‍മെന്റ് പദ്ധതികള്‍ സൃഷ്ടിച്ചതെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. പാവപ്പെട്ടവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയ ജല്‍ ജീവന്‍ മിഷനെ സ്പര്‍ശിച്ച അദ്ദേഹം, അതുവഴി ജലജന്യ രോഗങ്ങളിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള അവരുടെ ചെലവ് കുറച്ചു. ആയുഷ്മാന്‍ ഭാരതിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നതില്‍ നിന്ന് ഇത് രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിച്ചപ്പോള്‍ പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളിലെ 80% വിലകുറവുള്ള മരുന്നുകളിലൂടെ 30,000 കോടി രൂപ ജനങ്ങള്‍ക്ക് ലാഭിക്കാനായെന്നും പറഞ്ഞു.
തന്റെ ഉത്തരവാദിത്തം ഇന്നത്തെ തലമുറയോട് മാത്രമല്ലെന്നും വരാനിരിക്കുന്ന നിരവധി തലമുറകളോടുകൂടിയാണെന്നും ശ്രീ മോദി ആവര്‍ത്തിച്ചു. അതിനാല്‍, നയങ്ങളിലും തീരുമാനങ്ങളിലും സാമ്പത്തിക മാനേജ്‌മെന്റിന് മുന്‍തൂക്കം നല്‍കുന്നു.
വൈദ്യുതിയുടെ ഉദാഹരണം നല്‍കികൊണ്ട്, ഒരു കോടി വീടുകള്‍ക്കുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇതിലൂടെ ആളുകള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവരുടെ വൈദ്യുതി ബില്‍ പൂജ്യമായി കുറയ്ക്കാനാകുന്നതിനോടൊപ്പം അധിക വൈദ്യുതി വിറ്റ് പണം സമ്പാദിക്കാനും കഴിയുമെന്നും പറഞ്ഞു. വൈദ്യുതി ബില്ലില്‍ 20,000 കോടി രൂപ ലാഭിക്കാന്‍ സഹായിച്ച ഉജാല പദ്ധതിക്ക് കീഴില്‍ നല്‍കിയ എല്‍.ഇ.ഡി ബള്‍ബുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി രാജ്യത്ത് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതില്‍ അന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ദരിദ്രര്‍ ദരിദ്രരായി തുടരുമ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍ കോടീശ്വരന്മാരായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014 ന് ശേഷം, ആരംഭിച്ച സര്‍വതോന്മുഖമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ നേട്ടം നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് അദ്ദേഹം നല്‍കി. ''ഞാന്‍ ദാരിദ്ര്യത്തില്‍ നിന്നാണ് ഇവിടെ വന്നത്, അതുകൊണ്ട് ദാരിദ്ര്യത്തിനെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. ഈ ദിശയില്‍ മുന്നോട്ട് പോകുന്നതിലൂടെ, രാജ്യത്തിന്റെ ദാരിദ്ര്യം കുറയ്ക്കുകയും നമ്മുടെ രാജ്യത്തെ വികസിതമാക്കുകയും ചെയ്യും.'', ശ്രീ മോദി ഉദ്‌ഘോഷിച്ചു.

''ഒരേസമയം രണ്ട് ധാരകളിലൂടെയാണ് ഇന്ത്യയുടെ ഭരണ മാതൃക മുന്നേറുന്നത് '്, പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് 20-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിസംബോധനചെയ്യേണ്ടി വരുമ്പോള്‍ മറുവശത്ത് 21-ാം നൂറ്റാണ്ടിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 11 കോടി ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചതും ബഹിരാകാശ മേഖലയില്‍ പുതിയ സാദ്ധ്യതകള്‍ സൃഷ്ടിച്ചതും പാവപ്പെട്ടവര്‍ക്ക് 4 കോടി വീടുകള്‍ നല്‍കിയതും പതിനായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകള്‍ വികസിപ്പിച്ചതും 300 ലധികം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചതും അതേസമയം. ചരക്ക് ഇടനാഴി, പ്രതിരോധ ഇടനാഴി, വന്ദേ ഭാരത് ട്രെയിനുകള്‍, ഡല്‍ഹി ഉള്‍പ്പെടെ പല നഗരങ്ങളിലായി ഏകദേശം 10,000 ഇലക്ര്ടിക് ബസുകള്‍ ഓടുന്നതുമൊക്കെ വികസന മാനദണ്ഡങ്ങളുടെ താരതമ്യപഠനം നടത്തികൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയിലൂടെയും ഫിന്‍ടെക്കിലൂടെയും വിവിധ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
സങ്കീര്‍ണ്ണമായ പരമ്പരാഗത ചിന്തയുടെ ശാപത്തെ സ്പര്‍ശിച്ച പ്രധാനമന്ത്രി അത് ഒരു പരിധി സൃഷ്ടിക്കുന്നുവെന്നും സ്വന്തം വേഗതയില്‍ സഞ്ചരിക്കാന്‍ ഒരാളെ അത്അനുവദിക്കുന്നില്ലെന്നും വിശദീകരിച്ചു. നിലവിലെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ സമാനമായ പ്രശ്‌നം ബ്യൂറോക്രസിയിലും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം കൊണ്ടുവരാന്‍, മുന്‍ ഗവണ്‍മെന്റുകളേക്കാള്‍ വളരെ വലിയ തോതിലും വേഗത്തിലും പ്രവര്‍ത്തിക്കാന്‍ താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം 20,000 കിലോമീറ്ററില്‍ നിന്ന് 40,000 കിലോമീറ്ററിലധികം വര്‍ദ്ധിച്ചതും, നാലുവരി ദേശീയ പാതകളുടെ നിര്‍മ്മാണം 18,000 കിലോമീറ്ററില്‍ നിന്ന് 30,000 കിലോമീറ്ററായി വര്‍ദ്ധിച്ചതും. 250 കിലോമീറ്ററില്‍ താഴെയുണ്ടായിരുന്ന മെട്രോ റെയില്‍ ശൃംഖല 650 കിലോമീറ്ററില്‍ കൂടുതലായി വികസിപ്പിച്ചതിലും വെളിച്ചംവീശികൊണ്ട് 2014 വരെ നടന്ന പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ 10 വര്‍ഷവുമായി താരതമ്യപ്പെടുത്തി പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. 2014 വരെയുള്ള ഏഴ് ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ 3.5 കോടി ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ ലഭിച്ചപ്പോള്‍, 2019 തൊട്ടുമാത്രം ജല്‍ ജീവന്‍ മിഷനു കീഴില്‍, കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളിലെ 10 കോടി വീടുകള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു.
2014ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ രാജ്യം പിന്തുടര്‍ന്ന നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ദാരിദ്ര്യത്തിന്റെ പാതയിലേക്ക് കൊണ്ടുപോയതെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ധവളപത്രം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ മേശപ്പുറത്ത് വച്ചതും അവതരിപ്പിച്ചതും ചൂണ്ടിക്കാട്ടുകയും ചെയ്തു.
അഴിമതികളും നയപക്ഷാഘാതവും മൂലം ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടായിരുന്നതായും അത് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നുള്ള വലിയ അപകടസാദ്ധ്യതയിലേക്ക് നയിക്കുമായിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ ശക്തമായ നിലയിലാണ്, മുഴുവന്‍ വസ്തുതകളും ധവളപത്രത്തിന്റെ രൂപത്തില്‍ ഗവണ്‍മെന്റ് രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നതിനും അദ്ദേഹം അടിവരയിട്ടു.
''ഇന്ത്യ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്'', ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം എന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്‍മെന്റിന്റെ മൂന്നാം ടേം വലിയ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ഇന്ത്യയുടെ വികസനത്തിന് പുതിയ ഉണര്‍വ് നല്‍കുന്നതിനോടൊപ്പം തന്നെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 15 ലക്ഷത്തിലധികം പേരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. ''നവ ഇന്ത്യ സൂപ്പര്‍ സ്പീഡില്‍ പ്രവര്‍ത്തിക്കും. ഇതാണ് മോദിയുടെ ഉറപ്പ്.''പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

*****

NS

(Release ID: 2004765) Visitor Counter : 95