ധനകാര്യ മന്ത്രാലയം

ഇന്ത്യ-പശ്ചിമേഷ്യൻ -യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും മറ്റു ബന്ധപെട്ട രാജ്യങ്ങൾക്കും തന്ത്രപരവും സാമ്പത്തികവുമായ പരിവർത്തനം ഉറപ്പാക്കും


2014-23 കാലയളവിലെ എഫ്ഡിഐ വരവ് 596 ബില്യൺ ഡോളറാണ്; 2005-14 കാലയളവിലേതിൻ്റെ ഇരട്ടി

ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ ‘ആദ്യം ഇന്ത്യയുടെ വികസനം ’ എന്ന ആശയത്തിൽ ചർച്ച ചെയ്യുന്നു

Posted On: 01 FEB 2024 12:44PM by PIB Thiruvananthpuram

അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും മറ്റുള്ള രാജ്യങ്ങൾക്കും തന്ത്രപരവും സാമ്പത്തികവുമായ മാറ്റം കൊണ്ടുവരുന്നതാണെന്ന്  കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ  പറഞ്ഞു. 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കവേ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഉദ്ധരിച്ച്, ഈ ഇടനാഴി “വരാനിരിക്കുന്ന നൂറുകണക്കിനു വർഷങ്ങളിൽ ലോക വ്യാപാരത്തിൻ്റെ അടിസ്ഥാനമായി മാറുമെന്നും  ഈ ഇടനാഴി ആരംഭിച്ചത് ഇന്ത്യൻ മണ്ണിലാണെന്നു ചരിത്രം ഓർക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

നിലവിലെ ആഗോള സാഹചര്യം എടുത്തുകാണിച്ചുകൊണ്ട്, രാഷ്ട്രീയമായി, ആഗോള കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണവും, യുദ്ധങ്ങളും സംഘർഷങ്ങളും കൊണ്ട്  അവ വെല്ലുവിളി നിറഞ്ഞതുമാകുകയാണെന്നും ശ്രീമതി  നിർമ്മല സീതാരാമൻ പറഞ്ഞു. ആഗോളവൽക്കരണം, സൗഹൃദം എന്നിവ വിതരണ ശൃംഖലകളുടെ തടസ്സവും വിഘടനവും, നിർണായകമായ ധാതുക്കൾക്കും സാങ്കേതികവിദ്യകൾക്കും വേണ്ടിയുള്ള മത്സരം എന്നിവയിലൂടെ പുനർനിർവചിക്കപ്പെടുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ്  മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം ഉയർന്നുവരുന്നതായും അവർ കൂട്ടിച്ചേർത്തു
 
ലോകം വളരെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോയ വേളയിലാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ ഉയർന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, കുറഞ്ഞ വളർച്ച, വളരെ ഉയർന്ന പൊതുകടം, കുറഞ്ഞ വ്യാപാര വളർച്ച, കാലാവസ്ഥാ വെല്ലുവിളികൾ എന്നിവയിലൂടെ കടന്നുപോകുകയാണെന്ന് അവർ എടുത്തുപറഞ്ഞു. കൊവിഡ് മഹാമാരി  ലോകത്തെ ഭക്ഷണം, വളം, ഇന്ധനം, സാമ്പത്തികം എന്നിവയുടെ പ്രതിസന്ധിയിലേക്ക് നയിച്ചു, അതേസമയം ഇന്ത്യ അതിനെ വിജയകരമായി തരണം ചെയ്തു.ലോകരാജ്യങ്ങൾക്ക്  ഇന്ത്യ  മുന്നോട്ടുള്ള വഴി കാണിച്ചുകൊടുത്തുവെന്നും ആഗോള പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളിൽ സമവായം ഉണ്ടാക്കിയെന്നും ശ്രീമതി നിർമല  സീതാരാമൻ പറഞ്ഞു.

നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

2014-23 കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ (എഫ്ഡിഐ) വരവ് 596 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2005-14 കാലയളവിലേതിന്റെ ഇരട്ടിയായിരുന്നു ഇത്.
2024-25ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കവേ, സുസ്ഥിരമായ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, ‘ ആദ്യം ഇന്ത്യയുടെ വികസനം’ എന്ന ആശയത്തിൽ കേന്ദ്ര സർക്കാർ  വിദേശ പങ്കാളികളുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ ചർച്ച ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

 

NS



(Release ID: 2001636) Visitor Counter : 57