ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

അഞ്ച് സംയോജിത അക്വാപാര്‍ക്കുകള്‍ സജ്ജീകരിക്കും



2013-14 മുതല്‍ സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയായി

അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഒരു ലക്ഷം കോടി രൂപയായി കയറ്റുമതി ഇരട്ടിയാക്കി 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ചുവടുവെക്കുന്നു.

സമുദ്ര സമ്പദ് വ്യവസ്ഥ 2.0-നുള്ള പുതിയ കാലാവസ്ഥാ പ്രതിരോധ പദ്ധതി ആരംഭിക്കും

ക്ഷീരകര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള സമഗ്ര പരിപാടി ആവിഷ്‌കരിക്കും

Posted On: 01 FEB 2024 12:45PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,

ഫിഷറീസ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അഞ്ച് സംയോജിത അക്വാപാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് 2024-25ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ''മത്സ്യത്തൊഴിലാളികളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഫിഷറീസിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് നമ്മുടെ ഗവണ്‍മെന്റാണ്. ഇത് ഉള്‍നാടന്‍, അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ കാരണമായി. 2013-14 മുതല്‍ സമുദ്രോത്പന്ന കയറ്റുമതിയും ഇരട്ടിയായതായി മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന നടപ്പാക്കുന്നത് ഇവയ്ക്കായി വേഗത്തിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു: (i) മത്സ്യകൃഷി ഉല്‍പ്പാദനക്ഷമത ഹെക്റ്ററിന് 3 ടണ്‍ എന്ന നിലവിലെ ശേഷി 5 ടണ്‍ ആയി വര്‍ദ്ധിപ്പിക്കുക, (ii) ഒരു ലക്ഷം കോടി രൂപയായി കയറ്റുമതി ഇരട്ടിയാക്കുക, (iii) സമീപഭാവിയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

ബ്ലൂ എക്കണോമി 2.0

സമുദ്ര സമ്പദ് വ്യവസ്ഥ 2.0 ന് കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ക്കായി തീരദേശ അക്വാകള്‍ച്ചര്‍, മാരികള്‍ച്ചര്‍ എന്നിവയുടെ സംയോജിതവും ബഹു തല സമീപനത്തോടെയും ഒരു പദ്ധതി, ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ക്ഷീര വികസനം

ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. കുളമ്പുരോഗം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാല്‍ കറവ-മൃഗങ്ങളുടെ ഉല്‍പ്പാദനക്ഷമത കുറവാണെന്നും സീതാരാമന്‍ പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷന്‍, ദേശീയ കന്നുകാലി മിഷന്‍, കന്നുകാലി വളര്‍ത്തലിനും  മൃഗസംരക്ഷണത്തിനുമുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ടുകള്‍ തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി തയാറാക്കുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

--NS--


(Release ID: 2001451) Visitor Counter : 121