പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 19 JAN 2024 8:29PM by PIB Thiruvananthpuram

വണക്കം ചെന്നൈ!

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,  

പതിമൂന്നാം ഖേലോ ഇന്ത്യ ഗെയിംസിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ സ്പോര്‍ട്സിനെ സംബന്ധിച്ചിടത്തോളം, 2024 ആരംഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. ഇവിടെ ഒത്തുകൂടിയ എന്റെ യുവ സുഹൃത്തുക്കള്‍ ഒരു യുവ ഇന്ത്യയെ, ഒരു പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ഊര്‍ജവും ഉത്സാഹവും നമ്മുടെ രാജ്യത്തെ കായിക ലോകത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ യഥാര്‍ത്ഥ ചൈതന്യമാണ് നിങ്ങള്‍ ഒരുമിച്ച് കാണിക്കുന്നത്. തമിഴ്‌നാട്ടിലെ ഊഷ്മളമായ ആളുകള്‍, മനോഹരമായ തമിഴ് ഭാഷ, സംസ്‌കാരം, പാചകരീതി എന്നിവ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗൃഹാന്തരീക്ഷം നല്‍കും. അവരുടെ ആതിഥ്യം നിങ്ങളുടെ ഹൃദയം കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് തീര്‍ച്ചയായും നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കും. എന്നാല്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഇത് നിങ്ങളെ സഹായിക്കും.

സുഹൃത്തുക്കളേ,

ദൂരദര്‍ശന്റെയും ആകാശവാണിയുടെയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഇവിടെ നടന്നു. 1975-ല്‍ പ്രക്ഷേപണം ആരംഭിച്ച ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രം ഇന്ന് മുതല്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ്. ഡിഡി തമിഴ് ചാനലും പുതിയ രൂപത്തില്‍ ആരംഭിച്ചു. 8 സംസ്ഥാനങ്ങളിലായി 12 പുതിയ എഫ്എം ട്രാന്‍സ്മിറ്ററുകള്‍ ആരംഭിക്കുന്നത് ഏകദേശം 1.5 കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ന് 26 പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ പ്രോജക്ടുകള്‍ക്കും തറക്കല്ലിട്ടു. ഈ നേട്ടത്തിന് തമിഴ്നാട്ടിലെയും രാജ്യത്തെ മുഴുവനും ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിലെ കായിക വികസനത്തില്‍ തമിഴ്‌നാടിന് പ്രത്യേക സ്ഥാനമുണ്ട്. ചാമ്പ്യന്മാരെ ഉത്പാദിപ്പിക്കുന്ന നാടാണിത്. ടെന്നീസില്‍ വ്യക്തിമുദ്ര പതിപ്പിച്ച അമൃതരാജ് സഹോദരങ്ങള്‍ക്ക് ജന്മം നല്‍കിയത് ഈ മണ്ണാണ്. ഈ മണ്ണില്‍ നിന്നാണ് ഭാസ്‌കരന്‍ എന്ന ഹോക്കി ടീമിന്റെ നായകന്‍ ഉയര്‍ന്നുവന്നത്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭാരതം ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. വിശ്വനാഥന്‍ ആനന്ദ്, പ്രഗ്‌നാനന്ദ, പാരാലിമ്പിക് ചാമ്പ്യന്‍ മാരിയപ്പന്‍ തുടങ്ങിയ ചെസ് താരങ്ങളും തമിഴകത്തിന്റെ സമ്മാനങ്ങളാണ്. എല്ലാ കായിക ഇനങ്ങളിലും മികവ് പുലര്‍ത്തുന്ന നിരവധി കായികതാരങ്ങള്‍ ഈ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. നിങ്ങളെല്ലാവരും തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ പ്രചോദനം കണ്ടെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, 

ലോകത്തിലെ ഏറ്റവും മികച്ച കായിക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഭാരതത്തെ കാണാന്‍ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനായി, രാജ്യത്ത് സ്ഥിരതയാര്‍ന്ന വലിയ സ്പോര്‍ട്സ് ഇവന്റുകള്‍ നടത്തുക, അത്ലറ്റുകളുടെ അനുഭവം വര്‍ദ്ധിപ്പിക്കുക, പ്രധാന ഇവന്റുകളില്‍ പങ്കെടുക്കാന്‍ താഴെത്തട്ടില്‍ നിന്ന് കളിക്കാരെ തിരഞ്ഞെടുക്കുക എന്നിവ നിര്‍ണായകമാണ്. ഖേലോ ഇന്ത്യ അഭിയാന്‍ ഇന്ന് ഈ പങ്ക് വഹിക്കുന്നു. 2018 മുതല്‍ ഖേലോ ഇന്ത്യ ഗെയിംസിന്റെ 12 പതിപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവ കളിക്കാനും പുതിയ പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും അവസരമൊരുക്കുന്നു. വീണ്ടും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനം നടക്കുകയാണ്. തമിഴ്നാട്ടിലെ ചെന്നൈ, ട്രിച്ചി, മധുര, കോയമ്പത്തൂര്‍ എന്നീ നഗരങ്ങള്‍ ചാമ്പ്യന്മാരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

നിങ്ങളൊരു കായികതാരമായാലും കാഴ്ചക്കാരനായാലും, ചെന്നൈയിലെ മനോഹരമായ ബീച്ചുകളുടെ മാസ്മരികത എല്ലാവരെയും അവരിലേക്ക് ആകര്‍ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മധുരയിലെ അതുല്യമായ ക്ഷേത്രങ്ങളുടെ ദിവ്യ പ്രഭാവലയം നിങ്ങള്‍ക്ക് അനുഭവപ്പെടും. ട്രിച്ചിയിലെ ക്ഷേത്രങ്ങളും അവിടെയുള്ള കലയും കരകൗശലവും നിങ്ങളുടെ മനസ്സിനെ കീഴടക്കും. കോയമ്പത്തൂരിലെ കഠിനാധ്വാനികളായ സംരംഭകര്‍ നിങ്ങളെ തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യും. ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു ദിവ്യാനുഭൂതി തമിഴ്നാട്ടിലെ ഈ നഗരങ്ങളിലെല്ലാം നിങ്ങള്‍ക്ക് അനുഭവപ്പെടും.

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ 36 സംസ്ഥാനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ തങ്ങളുടെ കഴിവും അര്‍പ്പണബോധവും പ്രകടിപ്പിക്കും. 5,000-ത്തിലധികം യുവ അത്ലറ്റുകള്‍  ആവേശത്തോടെ മൈതാനത്തിറങ്ങുന്ന അന്തരീക്ഷം എനിക്ക് ഊഹിക്കാന്‍ കഴിയും. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലെ മത്സരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, അത് ഞങ്ങള്‍ക്ക് സന്തോഷം നല്‍കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ സ്‌ക്വാഷിലെ ഊര്‍ജ്ജത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. തമിഴ്നാടിന്റെ പ്രാചീന മഹത്വവും പൈതൃകവും ഉയര്‍ത്തുന്ന കായിക വിനോദമായ സിലംബത്തിന്റെ മികവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത കായിക ഇനങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ ഒരു പൊതു ദൃഢനിശ്ചയത്തോടും പ്രതിബദ്ധതയോടും ആത്മാവോടും കൂടി ഒന്നിക്കും. സ്‌പോര്‍ട്‌സിനോടുള്ള നിങ്ങളുടെ അര്‍പ്പണബോധം, നിങ്ങളിലുള്ള ആത്മവിശ്വാസം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം, അസാധാരണമായ പ്രകടനങ്ങള്‍ക്കുള്ള നിശ്ചയദാര്‍ഢ്യം എന്നിവ മുഴുവന്‍ രാജ്യവും സാക്ഷ്യപ്പെടുത്തും.


സുഹൃത്തുക്കളേ,

മഹാനായ തിരുവള്ളുവരുടെ പുണ്യഭൂമിയാണ് തമിഴ്‌നാട്. തിരുവള്ളുവര്‍ യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും തന്റെ രചനകളിലൂടെ മുന്നോട്ട് പോകാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ലോഗോയിലും മഹാനായ തിരുവള്ളുവരുടെ ചിത്രമുണ്ട്. തിരുവള്ളുവര്‍ എഴുതിയത്, 'അരുമൈ ഉടായിത്തത്ത് എന്നൊരു ആസവമായി വേണം, പെരുമൈ മുയര്‍ച്ചി തരും പാര്‍ത്ഥത്ത്' എന്നാണ്. നാം നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്തുകയും നമ്മുടെ ലക്ഷ്യങ്ങള്‍ നേടുകയും വേണം. ഇത് ഒരു കായികതാരത്തിന് വലിയ പ്രചോദനമാണ്. ഇത്തവണ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം വീര മംഗൈ വേലു നാച്ചിയാറാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു യഥാര്‍ത്ഥ ജീവിത വ്യക്തിത്വത്തെ ഒരു ചിഹ്നമായി തിരഞ്ഞെടുക്കുന്നത് അഭൂതപൂര്‍വമായ കാര്യമാണ്. സ്ത്രീ ശക്തിയുടെ പ്രതീകമാണ് വീര മങ്കൈ വേലു നാച്ചിയാര്‍. ഇന്നത്തെ പല ഗവണ്‍മെന്റ് തീരുമാനങ്ങളിലും അവരുടെ വ്യക്തിത്വം പ്രതിഫലിക്കുന്നു. അവരുടെ പ്രചോദനം കായികരംഗത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ സഹായിച്ചു. ഖേലോ ഇന്ത്യ കാമ്പയിന് കീഴില്‍ 20 കായിക ഇനങ്ങളില്‍ വനിതാ ലീഗുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 50,000-ത്തിലധികം വനിതാ കായികതാരങ്ങള്‍ ഈ സംരംഭത്തില്‍ പങ്കെടുത്തു. 'ദസ് കാ ദം' സംരംഭം ഒരു ലക്ഷത്തിലധികം വനിതാ അത്ലറ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും നല്‍കി.

സുഹൃത്തുക്കളേ,

2014 മുതല്‍ നമ്മുടെ അത്ലറ്റുകളുടെ പ്രകടനം ഇത്രയധികം മെച്ചപ്പെട്ടത് എത്ര പെട്ടെന്നാണ് എന്ന് പലരും ആശ്ചര്യപ്പെടുന്നു. ടോക്കിയോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഭാരതം ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും ഭാരതം ചരിത്രം സൃഷ്ടിച്ചു. യൂണിവേഴ്സിറ്റി ഗെയിംസിലും മെഡലുകളുടെ കാര്യത്തില്‍ രാജ്യം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഈ പരിവര്‍ത്തനം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. കായികതാരങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും എന്നും ഉണ്ടായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, അവര്‍ക്ക് പുതിയ ആത്മവിശ്വാസം ലഭിച്ചു, സര്‍ക്കാരിന്റെ സ്ഥിരതയാര്‍ന്ന പിന്തുണ എല്ലാ ഘട്ടത്തിലുമുണ്ടായി. മുന്‍കാലങ്ങളില്‍, കായികരംഗത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു, ഞങ്ങള്‍ അത്തരം ഗെയിമുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു, അത്‌ലറ്റുകള്‍ അസാധാരണമായ പ്രകടനം നടത്തി, മുഴുവന്‍ കായിക സമ്പ്രദായവും പരിവര്‍ത്തനത്തിന് വിധേയമായി. ഇന്ന്, ഖേലോ ഇന്ത്യ കാമ്പെയ്നിലൂടെ രാജ്യത്തെ ആയിരക്കണക്കിന് കായികതാരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയിലധികം സാമ്പത്തിക സഹായം ലഭിക്കുന്നു. 2014-ല്‍, ഞങ്ങള്‍ TOPS (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) ആരംഭിച്ചു, പരിശീലനം, അന്താരാഷ്ട്ര എക്‌സ്‌പോഷര്‍, പ്രധാന കായിക ഇനങ്ങളില്‍ മികച്ച കായികതാരങ്ങളുടെ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ 2024 ലെ പാരീസ് ഒളിമ്പിക്സിലും 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലുമാണ്. ടോപ്സിന് കീഴിലുള്ള അത്ലറ്റുകള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്.

സുഹൃത്തുക്കളേ

ഇന്ന് യുവാക്കള്‍ കായികരംഗത്തേക്ക് വരാന്‍ കാത്തിരിക്കുകയല്ല; ഞങ്ങള്‍ കായികരംഗം യുവാക്കളിലേക്ക് എത്തിക്കുന്നു!

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ പോലുള്ള കാമ്പെയ്നുകള്‍ ഗ്രാമീണ, ആദിവാസി, താഴ്ന്ന ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയാണ്. ഇന്ന് നമ്മള്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതില്‍ കായിക പ്രതിഭകളും ഉള്‍പ്പെടുന്നു. ഇന്ന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും കായികതാരങ്ങള്‍ക്കായി പ്രാദേശിക തലത്തില്‍ നല്ല മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് അന്താരാഷ്ട്ര എക്‌സ്‌പോഷര്‍ നല്‍കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഭാരതത്തില്‍ ആദ്യമായി ഞങ്ങള്‍ നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടത്തി.  നമുക്ക് രാജ്യത്ത് ഇത്രയും വലിയ ഒരു തീരപ്രദേശവും നിരവധി ബീച്ചുകളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍, ഞങ്ങള്‍ ആദ്യമായി ദ്വീപുകളില്‍ ബീച്ച് ഗെയിമുകള്‍ സംഘടിപ്പിച്ചു. ഈ ഗെയിമുകള്‍ മല്ലകാംബ് പോലെയുള്ള പരമ്പരാഗത ഇന്ത്യന്‍ കായിക വിനോദങ്ങള്‍ക്കൊപ്പം മറ്റ് 8 കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1600 കായികതാരങ്ങള്‍ ഈ ഗെയിമുകളില്‍ മത്സരിച്ചു. ഇത് ഭാരതത്തിലെ ബീച്ച് ഗെയിമുകള്‍ക്കും സ്പോര്‍ട്സ് ടൂറിസത്തിനും ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു, ഇത് നമ്മുടെ തീരദേശ നഗരങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുന്നു.

സുഹൃത്തുക്കളേ,

ഞങ്ങളുടെ യുവ അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര എക്സ്പോഷര്‍ നല്‍കാനും ഭാരതത്തെ ആഗോള കായിക ആവാസവ്യവസ്ഥയിലെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍, 2029-ല്‍ യൂത്ത് ഒളിമ്പിക്സും 2036-ല്‍ ഒളിമ്പിക്സും ഭാരതത്തില്‍ നടത്തുന്നതിന് ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, സ്‌പോര്‍ട്‌സ് മൈതാനത്ത് മാത്രം ഒതുങ്ങുന്നില്ല. യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സുപ്രധാന സമ്പദ്വ്യവസ്ഥയാണ് കായികം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഗ്യാരന്റിയില്‍ സമ്പദ്വ്യവസ്ഥയിലെ കായിക പങ്കാളിത്തത്തിന്റെ വര്‍ദ്ധനവ് ഉള്‍പ്പെടുന്നു, ഞങ്ങള്‍ അതിനായി പരിശ്രമിക്കുന്നു. അതിനാല്‍, കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട മേഖലകളും വികസിപ്പിക്കുന്നു. 

ഇന്ന്, കായികവുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിന് ശക്തമായ ഊന്നല്‍ നല്‍കുന്നു. മറുവശത്ത്, സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണവും സേവനങ്ങളുമായി ബന്ധപ്പെട്ട ഒരു ആവാസവ്യവസ്ഥ ഞങ്ങള്‍ വികസിപ്പിക്കുകയാണ്. സ്പോര്‍ട്സ് സയന്‍സ്, ഇന്നൊവേഷന്‍, മാനുഫാക്ചറിംഗ്, സ്പോര്‍ട്സ് കോച്ചിംഗ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് പോഷകാഹാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൊഫഷണലുകള്‍ക്ക് ഞങ്ങള്‍ ഒരു പ്ലാറ്റ്ഫോം നല്‍കുന്നു. അധികം താമസിയാതെ, രാജ്യത്തിന് ആദ്യത്തെ ദേശീയ കായിക സര്‍വകലാശാല ലഭിച്ചു. ഖേലോ ഇന്ത്യ കാമ്പെയ്നിലൂടെ, നമുക്ക് ഇപ്പോള്‍ രാജ്യത്തുടനീളം 300-ലധികം അഭിമാനകരമായ അക്കാദമികളും ആയിരത്തിലധികം ഖേലോ ഇന്ത്യ സെന്ററുകളും 30-ലധികം എക്സലന്‍സ് സെന്ററുകളും ഉണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍, സ്പോര്‍ട്സിനെ പ്രധാന പാഠ്യപദ്ധതിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു, കുട്ടിക്കാലം മുതല്‍ തന്നെ കായിക വിനോദങ്ങളെ ഒരു കരിയറായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ,

കണക്കുകള്‍ പ്രകാരം ഭാരതത്തിന്റെ കായിക വ്യവസായം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് അടുത്തായിരിക്കും. ഇത് നമ്മുടെ നാട്ടുകാര്‍ക്ക് നേരിട്ട് ഗുണം ചെയ്യും. സമീപ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള വര്‍ധിച്ച അവബോധം ബ്രോഡ്കാസ്റ്റിംഗ്, സ്‌പോര്‍ട്‌സ് ഗുഡ്‌സ്, സ്‌പോര്‍ട്‌സ് ടൂറിസം, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ്സുകളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലേക്ക് നയിച്ചു. കായിക ഉപകരണ നിര്‍മ്മാണത്തില്‍ ഭാരതത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. നിലവില്‍, ഞങ്ങള്‍ 300 തരം കായിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.

സുഹൃത്തുക്കളേ,

ഖേലോ ഇന്ത്യ കാമ്പെയ്നിന് കീഴില്‍, രാജ്യത്തുടനീളം വികസിപ്പിക്കുന്ന കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരു പ്രധാന തൊഴില്‍ സ്രോതസ്സായി മാറുകയാണ്. വ്യത്യസ്ത സ്പോര്‍ട്സുമായി ബന്ധപ്പെട്ട വിവിധ സ്പോര്‍ട്സ് ലീഗുകളും അതിവേഗം വളരുകയും നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട മേഖലകളില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളിലെയും കോളേജുകളിലെയും ഇന്നത്തെ യുവജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇതും മോദിയുടെ ഉറപ്പാണ്.

സുഹൃത്തുക്കളേ,

ഇന്ന് കായികരംഗത്ത് മാത്രമല്ല, എല്ലാ മേഖലകളിലും ഭാരതം മികച്ചു നില്‍ക്കുന്നു. പുതിയ ഭാരതം പഴയ റെക്കോര്‍ഡുകള്‍ തകര്‍ത്തു, പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു, പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നു. നമ്മുടെ യുവാക്കളുടെ ശക്തിയില്‍, ജയിക്കാനുള്ള അവരുടെ വ്യഗ്രതയില്‍ ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിലും മാനസിക ശക്തിയിലും എനിക്ക് വിശ്വാസമുണ്ട്. ഇന്നത്തെ ഭാരതത്തില്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ സ്ഥാപിക്കാനും അവ നേടാനുമുള്ള കഴിവുണ്ട്. ഒരു റെക്കോര്‍ഡും നമുക്ക് തകര്‍ക്കാന്‍ കഴിയാത്തത്ര വലുതല്ല. ഈ വര്‍ഷം, ഞങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും, നമുക്കായി പുതിയ രേഖകള്‍ വരയ്ക്കും, ലോകത്തില്‍ മായാത്ത മുദ്ര പതിപ്പിക്കും. ഭാരതം നിങ്ങളോടൊപ്പം മുന്നേറുന്നതുപോലെ നിങ്ങള്‍ മുന്നോട്ട് പോകണം. കൈകോര്‍ക്കുക, നിങ്ങള്‍ക്കായും രാജ്യത്തിനായും വിജയം കൈവരിക്കുക. ഒരിക്കല്‍ കൂടി, എല്ലാ കായികതാരങ്ങള്‍ക്കും എന്റെ ആശംസകള്‍.

നന്ദി.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ആരംഭിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു.

--SK--



(Release ID: 1999225) Visitor Counter : 66