മന്ത്രിസഭ
യൂറോപ്യൻ യൂണിയൻ- ഇന്ത്യ വ്യാപാര-സാങ്കേതികവിദ്യാ സമിതി ചട്ടക്കൂടിനു കീഴിൽ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പ്രവർത്തനക്രമീകരണങ്ങൾ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ കമ്മീഷനും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
18 JAN 2024 12:57PM by PIB Thiruvananthpuram
യൂറോപ്യൻ യൂണിയൻ-ഇന്ത്യ വ്യാപാര-സാങ്കേതികവിദ്യാ സമിതി (TTC) ചട്ടക്കൂടിനു കീഴിൽ സെമികണ്ടക്ടർ ആവാസവ്യവസ്ഥ, വിതരണശൃംഖല, നവീകരണം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനക്രമീകരണങ്ങൾ സംബന്ധിച്ച് 2023 നവംബർ 21ന് ഇന്ത്യാ ഗവൺമെന്റും യൂറോപ്യൻ കമ്മീഷനും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
വിശദാംശങ്ങൾ:
വ്യവസായങ്ങളുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും പുരോഗതിക്കായി സെമികണ്ടക്ടർ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
ഒപ്പിട്ട തീയതി മുതൽ ധാരണാപത്രം പ്രാബല്യത്തിൽ വരും. ഈ ഉപകരണത്തിന്റെ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് ഇരുപക്ഷവും സ്ഥിരീകരിക്കുന്നത് വരെ, അല്ലെങ്കിൽ ഒരു പക്ഷം ഈ ഉപകരണത്തിലെ പങ്കാളിത്തം അവസാനിപ്പിക്കുന്നതുവരെ പ്രാബല്യത്തിൽ തുടരാം.
സ്വാധീനം:
സെമികണ്ടക്ടർ വിതരണശൃംഖലകളുടെ അതിജീവനശേഷി മെച്ചപ്പെടുത്തുന്നതിനും സെമികണ്ടക്ടർ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് പൂരകശക്തികൾ പ്രയോജനപ്പെടുത്തുന്നതിനുമായി ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം.
പശ്ചാത്തലം:
ഇലക്ട്രോണിക്സ് നിർമാണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇലക്‌ട്രോണിക്‌സ് -വിവരസാങ്കേതികവിദ്യാ മന്ത്രാലയം (MeitY) സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ദൃഢവും സുസ്ഥിരവുമായ സെമികണ്ടക്ടർ-ഡിസ്പ്ലേ നിർമാണ ആവാസവ്യവസ്ഥയുടെ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ സെമികണ്ടക്ടർ-ഡിസ്പ്ലേ നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചത്. സെമികണ്ടക്ടർ ഫാബുകൾ, ഡിസ്പ്ലേ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടറുകൾ / സിലിക്കൺ ഫോട്ടോണിക്സ് / സെൻസറുകൾ / ഡിസ്ക്രീറ്റ് സെമികണ്ടക്ടറുകൾ, സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് (എടിഎംപി) / ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റ് (ഒസാറ്റ്) സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് സാമ്പത്തിക പിന്തുണ നൽകുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, രാജ്യത്തെ സെമികണ്ടക്ടറുകളുടെയും ഡിസ്പ്ലേ നിർമ്മാണ ആവാസവ്യവസ്ഥയുടെയും വികസനത്തിനുള്ള ഇന്ത്യയുടെ തന്ത്രങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായാണു ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനു (ഡിഐസി) കീഴിൽ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐഎസ്എം) സ്ഥാപിച്ചത്.
ഉഭയകക്ഷി-പ്രാദേശിക ചട്ടക്കൂടുകൾക്കു കീഴിൽ ഇലക്‌ട്രോണിക്സിന്റെയും വിവരസാങ്കേതികവിദ്യയുടെയും ഉയർന്നുവരുന്നതും മുൻനിരയിലുള്ളതുമായ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതും ഇലക്‌ട്രോണിക്‌സ് – വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ ചുമതലയാണ്. ഈ ലക്ഷ്യത്തോടെ, ഉഭയകക്ഷി സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനും വിതരണശൃംഖലയുടെ അതിജീവനശേഷി ഉറപ്പാക്കുന്നതിനും ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ഉയർത്തുന്നതിന് മന്ത്രാലയം വിവിധ രാജ്യങ്ങളിലെ സമാന സംഘടനകളുമായി/ഏജൻസികളുമായി ധാരണാപത്രങ്ങളിൽ/എംഒസികളിൽ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. സെമികണ്ടക്ടർ വിതരണശൃംഖലകൾ മെച്ചപ്പെടുത്തുന്നതിന് ഉഭയകക്ഷിസഹകരണം വർധിപ്പിക്കുന്നതിനും സെമികണ്ടക്ടർ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്പരപൂരകമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇത് സെമികണ്ടക്ടറുമായി ബന്ധപ്പെട്ട പരസ്പരപ്രയോജനകരമായ വ്യാപാര അവസരങ്ങളിലേക്കും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പങ്കാളിത്തത്തിലേക്കുമുള്ള മറ്റൊരു ചുവടുവയ്പ്പാണ്.
--NK--
(Release ID: 1997373)
Visitor Counter : 93
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada