പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 JAN 2024 12:36PM by PIB Thiruvananthpuram

വണക്കം, പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു! പൊങ്കല്‍ ആശംസകള്‍!

പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.

സുഹൃത്തുക്കളേ,

എനിക്ക് പരിചിതമായ പല മുഖങ്ങളും ഇവിടെ കാണാം. കഴിഞ്ഞ വര്‍ഷം തമിഴ് പുതു ആണ്ട് ആഘോഷത്തിനിടെയാണ് നമ്മൾ കണ്ടുമുട്ടിയത്. ഈ അത്ഭുതകരമായ പരിപാടിയുടെ ഭാഗമാകാന്‍ എനിക്ക് അവസരം തന്നതിന് മുരുകന്‍ ജിയോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു ഉത്സവം ആഘോഷിക്കുന്നത് പോലെ തോന്നുന്നു. 

സുഹൃത്തുക്കളേ,

വിശുദ്ധ തിരുവള്ളുവര്‍ പറഞ്ഞു - तळ्ळा विळैयुळुम् तक्कारुम् ताळ्विला चेव्वरुम् सेर्वदु नाडु, അതായത് നല്ല വിളകള്‍, വിദ്യാസമ്പന്നരായ വ്യക്തികള്‍, സത്യസന്ധരായ വ്യാപാരികള്‍ ഒരുമിച്ച് രാഷ്ട്രം കെട്ടിപ്പടുക്കുക. തിരുവള്ളുവര്‍ ജി രാഷ്ട്രീയക്കാരെ പരാമര്‍ശിച്ചില്ല; ഇത് നമുക്കെല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാണ്. പുതിയ വിളവെടുപ്പ് ദൈവത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് പൊങ്കല്‍ ഉത്സവകാലത്തെ ആചാരം. നമ്മുടെ 'അന്നദാതാ' (കര്‍ഷകര്‍) ഈ മുഴുവന്‍ ഉത്സവ പാരമ്പര്യത്തിന്റെയും കേന്ദ്രമാണ്. ഏതായാലും, ഭാരതത്തിലെ എല്ലാ ഉത്സവങ്ങളും ഗ്രാമങ്ങളോടും കൃഷിയോടും വിളകളോടും ബന്ധപ്പെട്ടിരിക്കുന്നു. 

മില്ലറ്റ് അഥവാ ശ്രീ അന്ന തമിഴ് സംസ്‌കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങള്‍ കഴിഞ്ഞ തവണ ചര്‍ച്ച ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു. ഈ സൂപ്പര്‍ഫുഡിനെക്കുറിച്ച് രാജ്യത്തും ലോകത്തും ഒരു പുതിയ അവബോധം ഉണ്ടായതില്‍ എനിക്ക് സന്തോഷമുണ്ട്. മില്ലറ്റ്, ശ്രീ അന്ന എന്നിവയുമായി ബന്ധപ്പെട്ട് നിരവധി യുവാക്കള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു, ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ മൂന്ന് കോടിയിലധികം ചെറുകിട കര്‍ഷകര്‍ ശ്രീ അന്ന ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നമ്മള്‍ ശ്രീ അന്നയെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍, അത് ഈ മൂന്ന് കോടി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

പൊങ്കല്‍ ദിനത്തില്‍ തമിഴ് സ്ത്രീകള്‍ വീടിന് പുറത്ത് കോലങ്ങള്‍ വരയ്ക്കും. ആദ്യം, അവര്‍ നിലത്ത് നിരവധി ഡോട്ടുകള്‍ ഉണ്ടാക്കാന്‍ മാവ് ഉപയോഗിക്കുന്നു. എല്ലാ ഡോട്ടുകളും സ്ഥാപിച്ചുകഴിഞ്ഞാല്‍, ഓരോന്നിനും പ്രാധാന്യമുണ്ട്. ഈ ചിത്രം അതില്‍ തന്നെ ആകര്‍ഷകമാണ്. എന്നിരുന്നാലും, ഈ കുത്തുകളെല്ലാം ബന്ധിപ്പിക്കുമ്പോള്‍ കോലത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ഉയര്‍ന്നുവരുന്നു, അത് നിറങ്ങള്‍ നിറഞ്ഞ ഒരു ഗംഭീരമായ കലാസൃഷ്ടിയായി മാറുന്നു.

നമ്മുടെ നാടും അതിന്റെ വൈവിധ്യവും കോലം പോലെയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളും വൈകാരികമായി പരസ്പരം ബന്ധപ്പെടുമ്പോള്‍, നമ്മുടെ ശക്തിക്ക് വ്യത്യസ്തമായ രൂപം കൈവരുന്നു. പൊങ്കല്‍ ഉത്സവം 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിന്റെ ചൈതന്യം പ്രകടമാക്കിക്കൊണ്ട് അത്തരമൊരു ഉദാഹരണമായി മാറുന്നു. അടുത്തിടെ, കാശി-തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം എന്നിവയുടെ പ്രധാന പാരമ്പര്യങ്ങള്‍ ഈ വികാരം പ്രകടമാക്കുന്നു. നമ്മുടെ ധാരാളം തമിഴ് സഹോദരങ്ങള്‍ ഈ പരിപാടികളിലെല്ലാം ആവേശത്തോടെ പങ്കെടുക്കുന്നു.

സുഹൃത്തുക്കളേ,

2047-ഓടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തിയും മൂലധനവുമാണ് ഈ ഐക്യ മനോഭാവം. ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ അഞ്ച് പ്രാണങ്ങള്‍ (പ്രതിജ്ഞകള്‍) ആഹ്വാനം ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, രാജ്യത്തിന്റെ ഐക്യത്തിലേക്ക് ഊര്‍ജ്ജം പകരുക, രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതിന്റെ പ്രാഥമിക ഘടകമായാണ് അത് ചെയ്തത്. പൊങ്കലിന്റെ ഈ പുണ്യ വേളയില്‍, രാഷ്ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമുക്ക് പുനര്‍ സമര്‍പ്പണം നടത്താം.

സുഹൃത്തുക്കളേ,

ഇന്ന്, പ്രശസ്തരായ കലാകാരന്മാര്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാരും അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ തയ്യാറാണ്. നിങ്ങളും അവര്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും, ഞാനും അങ്ങനെ തന്നെ. ഈ കലാകാരന്മാരെല്ലാം തലസ്ഥാനമായ ഡല്‍ഹിയില്‍ തമിഴ്‌നാടിനെ പ്രസന്നമാക്കാന്‍ പോകുന്നു. അൽപ സമയത്തേക്ക് നമുക്ക് തമിഴ് ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച കാണാൻ കഴിയും, അതും ഒരു വിശേഷ ഭാഗ്യമാണ്. ഈ കലാകാരന്മാര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! ഒരിക്കല്‍ കൂടി, മുരുകന്‍ ജിയോട് എന്റെ നന്ദി അറിയിക്കുന്നു.

വണക്കം!

--NK--



(Release ID: 1996928) Visitor Counter : 76