പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 12 JAN 2024 3:45PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അനുരാഗ് ഠാക്കൂര്‍, ഭാരതി പവാര്‍, നിസിത് പ്രമാണിക്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ ജി, സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, വിശിഷ്ട വ്യക്തികളേ, എന്റെ യുവ സുഹൃത്തുക്കളേ

കൊളോണിയല്‍ കാലഘട്ടത്തില്‍ ഭാരതത്തെ നവോന്മേഷം പകരുന്ന മഹത്തായ വ്യക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ദിനമായ ഇന്ന് ഇന്ത്യയുടെ യുവശക്തിയുടെ ആഘോഷം അടയാളപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പം നാസിക്കില്‍ ഉണ്ടായിരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരമായ ദേശീയ യുവജന ദിനം ആശംസിക്കുന്നു. ഭാരതത്തിന്റെ സ്ത്രീശക്തിയുടെ പ്രതീകമായ രാജ്മാതാ ജിജാവു മാ സാഹേബിന്റെ ജന്മദിനവും ഇന്ന് ആഘോഷിക്കുന്നു. राजमाता जिजाऊ माँ साहेब यांच्या जयंतीदिनी त्यांना वंदन करण्यासाठी, मला महाराष्ट्राच्या वीर भूमीत येण्याची संधी मिळाली, याचा मला अतिशय आनंद आहे. मी त्यांना कोटी कोटी वंदन करतो!(മറാഠിയിലെ പരാമര്‍ശങ്ങള്‍)


സുഹൃത്തുക്കളേ,

ഭാരതത്തിലെ പല മഹാരഥന്മാര്‍ക്കും മഹാരാഷ്ട്രയുടെ ഭൂമിയുമായി ശക്തമായ ബന്ധമുണ്ട് എന്നത് കേവലം യാദൃശ്ചികമല്ല. ഇതാണ് ഈ പുണ്യവും വീരോചിതവുമായ ഭൂമിയുടെ സ്വാധീനം. ഈ മണ്ണില്‍, രാജ്മാതാ ജിജാവു മാ സാഹേബിനെപ്പോലൊരു അമ്മ ഛത്രപതി ശിവജി മഹാരാജിനെപ്പോലെ ഒരു മഹാനായ നായകനെ പ്രസവിച്ചു. ദേവി അഹല്യ ബായ് ഹോള്‍ക്കര്‍, രമാഭായി അംബേദ്കര്‍ തുടങ്ങിയ മഹത്തായ സ്ത്രീകളെ ഈ ഭൂമി നമുക്ക് നല്‍കി. ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍, അനന്ത് കന്‍ഹേരെ, ദാദാസാഹേബ് പോട്നിസ്, ചാപേക്കര്‍ ബന്ധു തുടങ്ങിയ പ്രമുഖരെയും ഈ ഭൂമി സൃഷ്ടിച്ചു. ഭഗവാന്‍ ശ്രീരാമന്‍ നാസിക്-പഞ്ചവടിയില്‍ ഗണ്യമായ സമയം ചെലവഴിച്ചു. ഇന്ന് ഞാൻ ഈ ഭൂമിയെ വണങ്ങി എന്റെ ആദരവ് അർപ്പിക്കുന്നു.. ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ഥാടന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ ക്യാംപയിൻ നടത്തണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് എനിക്ക് കാലാരാം ക്ഷേത്രം സന്ദര്‍ശിക്കാനും ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാനുമുള്ള ഭാഗ്യം ലഭിച്ചു. എല്ലാ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടന സ്ഥലങ്ങളിലും ശുചീകരണ ക്യാംപെയിനുകൾ ആരംഭിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ മഹത്തായ അവസരത്തില്‍ 'ശ്രമദാനം' വഴിയോ വ്യക്തിപരമായ ശ്രമങ്ങളിലൂടെയോ സംഭാവന ചെയ്യുക.

എന്റെ യുവ സുഹൃത്തുക്കളെ,

നമ്മുടെ രാജ്യത്തെ ഋഷിമാര്‍, പണ്ഡിതന്മാര്‍, സന്യാസിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ, യുവശക്തിയുടെ പരമപ്രധാനമായ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ യുവാക്കള്‍ സ്വതന്ത്രമായ ചിന്തയോടെ മുന്നേറണമെന്ന് ശ്രീ അരബിന്ദോ ഊന്നിപ്പറഞ്ഞു. ഭാരതത്തിന്റെ അഭിലാഷങ്ങള്‍ അതിന്റെ യുവത്വത്തിന്റെ സ്വഭാവം, പ്രതിബദ്ധത, ബൗദ്ധികത എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നും സ്വാമി വിവേകാനന്ദന്‍ എടുത്തുകാണിച്ചു.

സ്വാമി വിവേകാനന്ദന്റെയും ശ്രീ അരബിന്ദോയുടെയും മാര്‍ഗനിര്‍ദ്ദേശപ്രകാരം 2024-ലും ഭാരതത്തിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഇന്ന്, ഭാരതത്തിന്റെ യുവത്വത്തിന്റെ ശക്തിയാല്‍, ആഗോളതലത്തില്‍ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി രാജ്യം മാറുന്നു. ഭാരതത്തിന്റെ യുവത്വം ലോകമെമ്പാടുമുള്ള മികച്ച മൂന്ന് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലേക്ക് രാജ്യത്തെ നയിച്ചു. ഭാരതം നിരവധി നവീകരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, റെക്കോര്‍ഡ് പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നു, ആഗോളതലത്തില്‍ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ന്നുവരുന്നു-എല്ലാം സാധ്യമാക്കിയത് ഭാരതത്തിലെ യുവാക്കളുടെ കഴിവും പ്രാഗത്ഭ്യവുമാണ്.


സുഹൃത്തുക്കളേ,

സമയം തീര്‍ച്ചയായും എല്ലാവര്‍ക്കും അവരുടെ ജീവിതകാലത്ത് ഒരു സുവര്‍ണ്ണാവസരം നല്‍കുന്നു. ഭാരതത്തിലെ യുവജനങ്ങള്‍ക്കുള്ള ഈ സുവര്‍ണ്ണാവസരം ഇപ്പോള്‍ 'അമൃത്കാല' കാലഘട്ടത്തിലാണ്. ഇന്ന്, നിങ്ങള്‍ക്ക് ചരിത്രം സൃഷ്ടിക്കാനും ചരിത്രാഖ്യാനത്തില്‍ നിങ്ങളുടെ പേര് രേഖപ്പെടുത്താനും അവസരമുണ്ട്. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ എഞ്ചിനീയറിംഗ് കഴിവുകൾ സമാനതകളില്ലാതെ നിലകൊള്ളുന്ന സർ എം വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായി ഞങ്ങൾ എഞ്ചിനീയേഴ്സ് ദിനം ആഘോഷിക്കുന്നു. ഹോക്കി സ്റ്റിക്കിന്റെ മാന്ത്രിക വൈദഗ്ദ്ധ്യം അവിസ്മരണമാക്കിയ മേജര്‍ ധ്യാന്‍ചന്ദിനെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബടുകേശ്വര്‍ ദത്ത് തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികള്‍ ധീരമായി പോരാടി ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയത് ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. ഇന്ന് നമ്മള്‍ മഹാരാഷ്ട്രയുടെ വീരഭൂമിയിലാണ്. വിദ്യാഭ്യാസത്തെ സാമൂഹിക ശാക്തീകരണത്തിന്റെ മാധ്യമമാക്കി മാറ്റിയതിന് മഹാത്മാ ഫൂലെയെയും സാവിത്രിഭായ് ഫൂലെയെയും ഞങ്ങള്‍ ഇന്നും ആദരിക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഈ മഹത് വ്യക്തിത്വങ്ങള്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു, നാടിനു വേണ്ടി ജീവിച്ചു, രാജ്യത്തിനു വേണ്ടി പോരാടി, രാജ്യത്തിനു വേണ്ടി സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി, രാജ്യത്തിനു പുതിയ ദിശ കാണിച്ചു തന്നു. ഇപ്പോള്‍  ഈ കാലയളവില്‍, ഭാരതത്തിന്റെ ഉത്തരവാദിത്തം നിങ്ങളുടെ ചുമലിലാണ്. എന്റെ യുവ സുഹൃത്തുക്കളേ. അമൃത് കാലില്‍ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്നത് നിങ്ങളുടെ കടമയാണ്. അടുത്ത നൂറ്റാണ്ടിലെ തലമുറ എന്നും ഓര്‍ക്കുന്ന ജോലി ഏറ്റെടുക്കുക; അവര്‍ നിങ്ങളുടെ ധീരതയെക്കുറിച്ച് സംസാരിക്കണം. ഭാരതത്തിന്റെയും മുഴുവന്‍ ലോകത്തിന്റെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ നിങ്ങളുടെ പേര് എഴുതുക. അതിനാല്‍, 21-ാം നൂറ്റാണ്ടിലെ ഭാരതത്തിലെ ഏറ്റവും ഭാഗ്യമുള്ള തലമുറയായി ഞാന്‍ നിങ്ങളെ കരുതുന്നു. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം; ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഭാരതത്തിന്റെ യുവജനങ്ങളില്‍, നിങ്ങളില്‍ എല്ലാവരിലും എനിക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും യുവാക്കള്‍ 'മേരാ യുവഭാരത'ത്തില്‍ ചേരുന്നതിന്റെ വേഗതയില്‍ ഞാന്‍ ആവേശഭരിതനാണ്. 'മൈ ഭാരത്' പ്ലാറ്റ്ഫോം സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ യുവജന ദിനമാണിത് . രൂപീകരിച്ച് 75 ദിവസത്തിനുള്ളില്‍ ഏകദേശം 1 കോടി 10 ലക്ഷം യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തു. നിങ്ങളുടെ ശക്തിയും സേവന മനോഭാവവും രാജ്യത്തെയും സമൂഹത്തെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പരിശ്രമങ്ങളും കഠിനാധ്വാനവും യുവഭാരതത്തിന്റെ ശക്തിയെ ആഗോളതലത്തില്‍ പ്രകടമാക്കും. 'MY  Bharat' പ്ലാറ്റ്ഫോമിലെ എല്ലാ യുവജനങ്ങള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍. 'മൈ ഭാരത്' രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ മത്സരം ശ്രദ്ധേയമാണ്. ചില സമയങ്ങളില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടികളെ മറികടക്കുന്നു, ചിലപ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലാകുന്നു. 


സുഹൃത്തുക്കളേ, നമ്മുടെ സര്‍ക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ ദശകത്തില്‍, യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കാനും തടസ്സങ്ങള്‍ നീക്കാനും ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തി. ഇന്ന്, അത് വിദ്യാഭ്യാസമോ, തൊഴിലോ, സംരംഭകത്വമോ, വളര്‍ന്നുവരുന്ന മേഖലകളോ, സ്റ്റാര്‍ട്ടപ്പുകളോ, നൈപുണ്യമോ, കായികമോ ആകട്ടെ, രാജ്യത്തെ യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനായി എല്ലാ മേഖലകളിലും ഒരു ആധുനിക ചലനാത്മക ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. ആധുനിക വിദ്യാഭ്യാസത്തിനായി ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി, ഒരു ആധുനിക നൈപുണ്യ ആവാസവ്യവസ്ഥ രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കരകൗശല നൈപുണ്യമുള്ള യുവാക്കളെ പിന്തുണയ്ക്കുന്നതിനായി പിഎം വിശ്വകര്‍മ യോജനയും പിഎം കൗശല്‍ വികാസ് യോജനയും ആരംഭിച്ചിട്ടുണ്ട്. പുതിയ ഐഐടികളും എന്‍ഐടികളും രാജ്യത്ത് തുറക്കുന്നത് തുടരുന്നു, ലോകം ഭാരതത്തെ ഒരു വൈദഗ്ധ്യമുള്ള ശക്തിയായി അംഗീകരിക്കുന്നു. വിദേശത്ത് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നമ്മുടെ യുവാക്കളെ പ്രാപ്തരാക്കാന്‍, വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്ക് സര്‍ക്കാര്‍ പരിശീലനവും നല്‍കുന്നുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, ഓസ്ട്രേലിയ, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ നിരവധി രാജ്യങ്ങളുമായി സര്‍ക്കാര്‍ ഒപ്പുവെച്ച മൊബിലിറ്റി കരാറുകളില്‍ നിന്ന് നമ്മുടെ യുവാക്കള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് സര്‍ക്കാര്‍ ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, കോമിക് മേഖലകള്‍ പ്രോത്സാഹിപ്പിക്കുന്നു. ആറ്റോമിക് സെക്ടര്‍, ബഹിരാകാശ, മാപ്പിംഗ് മേഖലകളും തുറന്നിട്ടുണ്ട്. മുന്‍ സര്‍ക്കാരുകളുടെ വേഗത്തേക്കാള്‍ ഇരട്ടിയും മൂന്നിരട്ടിയുമായാണ് പണി പുരോഗമിക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് ഈ വലിയ പാതകള്‍ നിര്‍മ്മിക്കുന്നത്? നിങ്ങള്‍ക്കായി, ഭാരതത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ആരുടെ സൗകര്യത്തിന് വേണ്ടിയാണ്? ഭാരതത്തിലെ യുവാക്കളായ നിങ്ങള്‍ക്കായി.

മുന്‍കാലങ്ങളില്‍, നമ്മുടെ പൗരന്മാര്‍ വിദേശയാത്ര നടത്തവേ, മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉള്ള സൗകര്യങ്ങള്‍ എന്ന് ഇന്ത്യയില്‍ സാധ്യമാകുമെന്ന് അവര്‍ അത്ഭുതപ്പെട്ടു. ഇന്ന്, ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ പ്രധാന ആഗോള വിമാനത്താവളങ്ങള്‍ക്കു തുല്യമാണ്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത്, വിദേശ രാജ്യങ്ങള്‍ പേപ്പര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുമ്പോള്‍, ഭാരത് വാക്‌സിനേഷനുശേഷം ഓരോ ഇന്ത്യക്കാരനും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഉയര്‍ന്ന ചിലവ് കാരണം മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകള്‍ രണ്ടുതവണ ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്ന നിരവധി പ്രധാന രാജ്യങ്ങളുണ്ട്. ഭാരതത്തിലെ യുവാക്കള്‍ അമ്പരപ്പിക്കുന്ന മിതമായ നിരക്കില്‍ മൊബൈല്‍ ഡാറ്റ ഇന്ന് ആസ്വദിക്കുന്നു, ഇത്, ലോകമെമ്പാടുമുള്ള പലര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യത്തിന്റെ ശൈലി യുവത്വത്തെ പ്രകടമാക്കുന്നു. യുവാക്കള്‍ നേതാക്കളാണ്, അനുയായികളല്ല. അതുകൊണ്ട് തന്നെ ഇന്ന് ഭാരതം സാങ്കേതിക രംഗത്ത് പോലും മുന്നിട്ട് നില്‍ക്കുന്നു. ചന്ദ്രയാന്‍, ആദിത്യ എല്‍-1 എന്നിവയുടെ വിജയം പ്രകടമാണ്. 'ഇന്ത്യന്‍ നിര്‍മ്മിത ഐഎന്‍എസ് വിക്രാന്ത് കപ്പല്‍ കടലില്‍ സഞ്ചരിക്കുമ്പോഴും, ചെങ്കോട്ടയില്‍ നിന്ന് 'മെയ്ഡ് ഇന്‍ ഇന്ത്യ' പീരങ്കി പ്രതിധ്വനിക്കുമ്പോഴും, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനം തേജസ് ആകാശത്ത് കുതിക്കുമ്പോഴും നാം അനുഭവിക്കുന്ന അഭിമാനം അളവറ്റതാണ്. ലോകത്തെ വിസ്മയിപ്പിക്കുന്ന വലിയ മാളുകള്‍ മുതല്‍ ചെറിയ കടകള്‍ വരെ ഭാരതത്തിന്റെ എല്ലാ കോണുകളിലും യുപിഐ ഇടപാടുകള്‍ വ്യാപകമാണ്. 'അമൃത് കാലിന്റെ' തുടക്കം മഹത്വത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു, അത് കൂടുതല്‍ മുന്നോട്ട് നയിക്കാനും ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കാനും നിങ്ങളെപ്പോലുള്ള യുവാക്കളാണ് ഇപ്പോള്‍ ഉത്തരവാദപ്പെട്ടിരിക്കുന്നത്.

സുഹൃത്തുക്കളേ,

നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കേണ്ട സമയമാണിത്. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും മാത്രമല്ല, പുതിയ വെല്ലുവിളികള്‍ സ്വയം സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് നാം ലക്ഷ്യം വെക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നാം മാറണം. 'ആത്മനിര്‍ഭര്‍ ഭാരത്' ക്യാംപയിനിൻ്റെ സ്വപ്നം നമുക്ക് സാക്ഷാത്കരിക്കേണ്ടതുണ്ട്. സേവനങ്ങള്‍ക്കും ഐടി മേഖലകള്‍ക്കുമൊപ്പം, ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമായി ഭാരതം ഉയര്‍ന്നുവരണം. ഈ അഭിലാഷങ്ങള്‍ കൂടാതെ, ഭാവിയിലേക്കുള്ള ഉത്തരവാദിത്തങ്ങളും നമുക്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളിയായാലും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതായാലും നമുക്ക് ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും സമയബന്ധിതമായി അവ നേടുകയും വേണം.

സുഹൃത്തുക്കളേ,

'അമൃത് കാല'ത്തിലുള്ള ഇന്നത്തെ യുവതലമുറയില്‍ എനിക്ക് ആത്മവിശ്വാസം ഉടലെടുത്തത്, കൊളോണിയല്‍ ഭരണത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും സ്വാധീനത്തില്‍ നിന്നും അവര്‍ സ്വതന്ത്രരാണെന്ന വസ്തുതയില്‍ നിന്നാണ്. ഈ തലമുറ 'വികാസ് ഭി വിരാസത് ഭി' അല്ലെങ്കില്‍ 'വികസനവും അതുപോലെ പൈതൃകവും' എന്ന തത്വത്തിനായി പരസ്യമായി വാദിക്കുന്നു. സ്വാതന്ത്ര്യാനന്തരം മറന്നുപോയ യോഗയും ആയുര്‍വേദവും ഇന്ന് ലോകം സ്വീകരിച്ചു. ഇന്ന് ഭാരതത്തിലെ യുവാക്കള്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുകയാണ്.

സുഹൃത്തുക്കള്‍,

നിങ്ങളുടെ മുത്തച്ഛനോടും മുത്തശ്ശിയോടും അന്വേഷിച്ചാല്‍, അവര്‍ പറയും, അവരുടെ കാലത്ത് അടുക്കളയില്‍ ലഭ്യമായിരുന്ന ഭക്ഷണം ബജ്റ റൊട്ടിയും കൊഡോ-കുത്കിയും റാഗി-ജോവറുമായിരുന്നുവെന്ന്. ദൗര്‍ഭാഗ്യവശാല്‍, ഒരു അടിമ മാനസികാവസ്ഥ കാരണം, ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി അവ ഉപേക്ഷിക്കപ്പെട്ടു. ഇന്ന്, ഈ ചെറുധാന്യങ്ങള്‍ ഒരു സൂപ്പര്‍ഫുഡായി തിരിച്ചുവരുന്നു. ഈ തിനകള്‍ക്കും നാടന്‍ ധാന്യങ്ങള്‍ക്കും 'ശ്രീ അന്ന' എന്ന പേരില്‍ സര്‍ക്കാര്‍ പുതിയൊരു തിരിച്ചറിയല്‍ നല്‍കി. നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്ന 'ശ്രീ അന്ന'യുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണം നിങ്ങള്‍.

സുഹൃത്തുക്കളേ,

അവസാനമായി, രാഷ്ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പ്. ആഗോള നേതാക്കളെയും നിക്ഷേപകരെയും കാണുമ്പോഴെല്ലാം അത് എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഈ പ്രതീക്ഷയ്ക്കും അഭിലാഷങ്ങള്‍ക്കും കാരണം ജനാധിപത്യമാണ്; ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. ജനാധിപത്യത്തില്‍ യുവാക്കളുടെ ഇടപെടല്‍ എത്രത്തോളം കൂടുന്നുവോ അത്രത്തോളം രാഷ്ട്രത്തിന്റെ ഭാവി ശോഭനമാകും. പങ്കാളിത്തത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്. വംശീയ രാഷ്ട്രീയം രാജ്യത്തിന് വളരെയധികം നാശമുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യത്തില്‍ പങ്കാളിയാകാനുള്ള മറ്റൊരു പ്രധാന മാര്‍ഗം വോട്ടിംഗിലൂടെ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ്. ജീവിതത്തില്‍ ആദ്യമായി വോട്ട് ചെയ്യുന്നവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകും. ആദ്യമായി വോട്ടുചെയ്യുന്നവര്‍ക്ക് നമ്മുടെ ജനാധിപത്യത്തിന് പുത്തന്‍ ഊര്‍ജവും ശക്തിയും പകരാന്‍ കഴിയും. അതിനാല്‍, നിങ്ങളുടെ പേര് വോട്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍, മുഴുവന്‍ പ്രക്രിയയും എത്രയും വേഗം പൂര്‍ത്തിയാക്കുക. നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളേക്കാൾ പ്രധാനമാണ് നിങ്ങൾ വോട്ട് രേഖപ്പെടുത്തുകയും രാജ്യത്തിന്റെ ഭാവിക്കായി പങ്കാളിയാകുകയും ചെയ്യുക എന്നത്.

സുഹൃത്തുക്കളെ,

അടുത്ത 25 വര്‍ഷത്തെ 'അമൃത് കാല്‍' നിങ്ങള്‍ക്ക് ഒരു കര്‍ത്തവ്യത്തിന്റെ കാലം അല്ലെങ്കില്‍ 'കര്‍തവ്യ കാല്‍' കൂടിയാണ്. കടമകള്‍ പരമപ്രധാനമായി നിലനിര്‍ത്തുന്നത് സാമൂഹികവും ദേശീയവുമായ പുരോഗതിയിലേക്ക് നയിക്കും. അതിനാല്‍, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കഴിയുന്നത്ര 'ഇന്ത്യയില്‍ നിര്‍മ്മിച്ച' ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ഓര്‍ക്കുക. മയക്കുമരുന്നില്‍ നിന്നും ആസക്തിയില്‍ നിന്നും അകന്നു നില്‍ക്കുക, സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുക. അത് അവസാനിപ്പിക്കുക. ഞാന്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു, ഇന്ന് ഞാന്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളേ, നിങ്ങളെല്ലാവരും, നമ്മുടെ രാജ്യത്തെ ഓരോ യുവജനങ്ങളും സമര്‍പ്പണത്തോടെയും കഴിവോടെയും എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശക്തവും കഴിവുള്ളതും പര്യാപ്തവുമായ ഒരു ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നാം കൊളുത്തിയ ദീപം ശാശ്വതമായ പ്രകാശമായി മാറുകയും ഈ 'അമൃത് കാലില്‍' ലോകത്തെ പ്രകാശിപ്പിക്കുകയും ചെയ്യും. എല്ലാവര്‍ക്കും വളരെ നന്ദി! ഭാരത് മാതാ കീ ജയ്! ഉരു മുഷ്ടികളും ചുരുട്ടി, ഉറക്കെ പറയുക; നിങ്ങളുടെ ശബ്ദം നിങ്ങള്‍ വളർന്ന സ്ഥലത്ത് എത്തണം. ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

നന്ദി!

--NK--



(Release ID: 1996854) Visitor Counter : 61