പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 12,700 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു


അടൽ ബിഹാരി വാജ്പേയി സേവ്‌രി - നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു

കിഴക്കൻ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റോഡ് തുരങ്കത്തിനു തറക്കല്ലിട്ടു

SEEPZ SEZ-ൽ ‘ഭാരത് രത്നം’, ന്യൂ എന്റർപ്രൈസസ് & സർവീസസ് ടവർ (NEST) 01 എന്നിവ ഉദ്ഘാടനം ചെയ്തു

റെയിൽ, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വ‌ിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

ഉറൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഖാർകോപ്പറിലേക്കുള്ള ഇഎംയു ട്രെയിനിന്റെ ഉദ്ഘാടനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു

നമോ മഹിളാ സശാക്തീകരൺ അഭിയാനു തുടക്കംകുറിച്ചു

ജപ്പാൻ ഗവണ്മെന്റിനു നന്ദി പറയുകയും ഷിൻസോ ആബെയെ സ്മരിക്കുകയും ചെയ്തു

“അടൽ സേതുവിന്റെ ഉദ്ഘാടനം ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ്; ഇതു ‘വികസിതഭാരത’ത്തിലേക്കുള്ള രാജ്യത്തിന്റെ സഞ്ചാരപഥത്തിനു കരുത്തേകുന്നു”

“നമ്മെ സംബന്ധിച്ചിടത്തോളം ഓരോ പദ്ധതിയും നവഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള മാധ്യമമാണ്”

“അടൽ സേതു വികസിത ഭാരതത്തിന്റെ ചിത്രമാണ് കാട്ടിത്തരുന്നത്”

“മുമ്പ്, ദശലക്ഷക്കണക്കിനു കോടി അഴിമതികളായിരുന്നു ചർച്ചയുടെ ഭാഗമെങ്കിൽ, ഇന്ന് ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണു ചർച്ചകൾ”

“മറ്റുള്ളവരിൽനിന്നുള്ള പ്രതീക്ഷകൾ അവസാനിക്കുന്നിടത്തു മോദിയുടെ ഉറപ്പ് ആരംഭിക്കുന്നു”

“സ്ത്രീകളുടെ ക്ഷേമമാണ് ഏതു സംസ്ഥാനത്തും ഏത് ഇരട്ട എൻജിൻ ഗവണ്മെന്റിന്റെയും സുപ്രധാന ഉറപ്പ്”

“ഇന്ന്, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ബൃഹദ് യജ്ഞങ്ങളും ഒപ്പം ബൃഹദ് പദ്ധതികളും രാജ്യത്തിന്റെ ഓരോ കോണിലും നടക്കുന്നു”

Posted On: 12 JAN 2024 7:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 12,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. നേരത്തേ, നവി മുംബൈയിൽ 17,840 കോടി രൂപ ചെലവിൽ നിർമിച്ച അടൽ ബിഹാരി വാജ്‌പേയി സേവ്‌രി-നാവ ഷേവ അടൽ സേതുവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത വികസനപദ്ധതികളിൽ റോഡ്, റെയിൽ സമ്പർക്കസൗകര്യം, കുടിവെള്ളം, രത്നങ്ങൾ, ആഭരണങ്ങൾ, സ്ത്രീശാക്തീകരണം എന്നീ മേഖലകൾ ഉൾപ്പെടുന്നു.

ഇന്ന് മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും മാത്രമല്ല, ‘വികസിതഭാരതം’ എന്ന ദൃഢനിശ്ചയത്തിനും ചരിത്രപരമായ ദിനമാണെന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഈ വികസനപദ്ധതികൾ മുംബൈയിലാണെങ്കിലും രാജ്യത്തിന്റെയാകെ ശ്രദ്ധ ഇതിലാണു പതിച്ചിരിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതുവിന്റെ ഉദ്ഘാടനം പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളർച്ചയോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ചൂണ്ടിക്കാട്ടി. 2016 ഡിസംബർ 24ന് എംടിഎച്ച്എൽ അടൽ സേതുവിന് തറക്കല്ലിട്ടത് അനുസ്മരിച്ച പ്രധാനമന്ത്രി, നിശ്ചയദാർഢ്യത്തിലൂടെ കൈവരിച്ച നേട്ടത്തിന്റെ പ്രതീകം കൂടിയാണ് ഇന്നത്തെ വേളയെന്നു വ്യക്തമാക്കി. വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ഗവണ്മെനറിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. മുൻ ഗവണ്മെന്റുകളുടെ കാലത്തുണ്ടായിരുന്ന അശ്രദ്ധമായ മനോഭാവം കാരണം മുൻകാലങ്ങളിൽ പൗരന്മാർ നിരാശരായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “രാജ്യം മുന്നോട്ടുപോകും, രാജ്യം പുരോഗമിക്കും. 2016-ലെ മോദിയുടെ ഉറപ്പ് ഇതായിരുന്നു” - പ്രധാനമന്ത്രി പറഞ്ഞു. “ഛത്രപതി ശിവാജി, മുംബ ദേവി, സിദ്ധിവിനായക് എന്നിവർക്കു മുന്നിൽ ശിരസ്സു നമിക്കുന്ന മുംബൈക്കാർക്കും രാജ്യത്തിനും ഞാൻ അടൽ സേതു സമർപ്പിക്കുന്നു” -  പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് മഹാമാരിക്കാലത്തുണ്ടായ തടസ്സങ്ങൾ വന്നിട്ടും എംടിഎച്ച്എൽ അടൽ സേതു സമയബന്ധിതമായി പൂർത്തിയാക്കിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഏതെങ്കിലും വികസനപദ്ധതിയുടെ ഉദ്ഘാടനമോ സമർപ്പണമോ തറക്കല്ലിടലോ ചിത്രമെടുക്കലിനുള്ള അവസരമല്ലെന്നും അത് ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള മാധ്യമമാണെന്നും അദ്ദേഹം പറഞ്ഞു. “അത്തരം ഓരോ പദ്ധതിയും മഹത്തായ ഇന്ത്യയുടെ വികസനത്തിന് സംഭാവന ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

റോഡ്, റെയിൽവേ, മെട്രോ, ജലം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്നത്തെ പദ്ധതികളെ പരാമർശിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളിൽ ഭൂരിഭാഗവും ആരംഭിച്ചതു സംസ്ഥാനത്ത് ഇരട്ട എൻജിൻ ഗവൺമെന്റ് നിലവിൽവന്നപ്പോഴാണെന്നു പറയുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ്, ശ്രീ അജിത് പവാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സ്ത്രീകളുടെ സാന്നിധ്യത്തിനും അനുഗ്രഹത്തിനും നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി “പെൺമക്കളുടെയും സഹോദരിമാരുടെയും ശാക്തീകരണത്തിനായി മോദി നൽകിയ ഉറപ്പ് മഹാരാഷ്ട്ര ഗവണ്മെന്റ് മുന്നോട്ട് കൊണ്ടുപോകുന്നു”വെന്നും പറഞ്ഞു. മുഖ്യമന്ത്രി മഹിളാ സക്ഷമീകരൺ അഭിയാൻ, നാരി ശക്തിദൂത് ആപ്ലിക്കേഷൻ, ലേക് ലഡ്കി യോജന തുടങ്ങിയ പദ്ധതികൾ ആ ദിശയിലുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സ്ത്രീകൾ മുന്നോട്ടുവരികയും വികസിതഭാരത മുന്നേറ്റത്തെ നയിക്കുകയും ചെയ്യുന്നത് വളരെ നിർണായകമാണ്. നമ്മുടെ അമ്മമാരുടെയും പെൺമക്കളുടെയും പാതയിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയും അവർക്ക് ജീവിതം സുഗമമാക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ഗവൺമെന്റിന്റെ മുൻഗണനയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. ഉജ്വല, ആയുഷ്മാൻ കാർഡ്, ജൻധൻ അക്കൗണ്ടുകൾ, പിഎം ആവാസിനു കീഴിലുള്ള അടച്ചുറപ്പുള്ള വീടുകൾ, മാതൃവന്ദന, 26 ആഴ്ചത്തെ പ്രസവാവധി, സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുടങ്ങിയ പദ്ധതികൾ സ്ത്രീകളുടെ ആവശ്യങ്ങളോടുള്ള കരുതൽ വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “സ്ത്രീകളുടെ ക്ഷേമമാണ് ഏതു സംസ്ഥാനത്തും ഏത് ഇരട്ട എൻജിൻ ഗവണ്മെന്റിന്റെയും സുപ്രധാന ഉറപ്പ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

അടൽ സേതു അതിന്റെ വലിപ്പം, യാത്രാ സൗകര്യം, എൻജിനിയർമാർ, മാനദണ്ഡം എന്നിവയിൽ എല്ലാവരിലും അഭിമാനം നിറയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ ഉപയോഗിച്ചിട്ടുള്ള ഉരുക്ക്, നാലു ഹൗറ പാലങ്ങളും 6 സ്റ്റാച്യു ഓഫ് ലിബർട്ടിയും നിർമിക്കാൻ  പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാൻ ഗവണ്മെന്റി‌ന്റെ സഹായത്തിന് പ്രധാനമന്ത്രി നന്ദി പറയുകയും പ്രധാനമന്ത്രി ഷിൻസോ ആബെയെ അനുസ്മരിക്കുകയും ചെയ്തു. “ഈ പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു” - പ്രധാനമന്ത്രി അനുസ്മരിച്ചു.

“2014-ൽ രാജ്യം മുഴുവൻ കൈവരിച്ച അഭിലാഷങ്ങളുടെ അംഗീകാരമാണ് അടൽ സേതു” -  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014-ലെ തിരഞ്ഞെടുപ്പിന് മുമ്പ് റായ്ഗഢ് കോട്ട സന്ദർശിച്ച് ശിവജിയുടെ സമാധിയിൽ സമയം ചെലവഴിച്ചത് അനുസ്മരിച്ച  പ്രധാനമന്ത്രി, 10 വർഷം മുമ്പത്തെ സ്വപ്നങ്ങളും തീരുമാനങ്ങളും ഇന്ന് യാഥാർഥ്യമാകുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “അടൽ സേതു ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ്, അതു വികസിത ഭാരതത്തിന്റെ ചിത്രമാണ് കാട്ടിത്തരുന്നത്” – എംഎച്ച്ടിഎൽ അടൽ സേതു യുവാക്കൾക്കിടയിൽ പുതിയ വിശ്വാസങ്ങൾ വളർത്തിയെടുക്കുന്നുവെന്ന് അടിവരയിട്ട് അദ്ദേഹം പറഞ്ഞു. “ഏവർക്കും സേവനങ്ങളും സമൃദ്ധിയും ഉൾക്കൊള്ളുന്നതാണ് വികസിത ഭാരതം. അതിന് വേഗതയും പുരോഗതിയും ഉണ്ടാകും, അത് ലോകത്തെ കൂടുതൽ അടുപ്പിക്കും. ജീവിതവും ഉപജീവനവും തുടർന്നും അഭ‌ിവൃദ്ധി പ്രാപിക്കും. ഇതാണ് അടൽ സേതുവിന്റെ സന്ദേശം”- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ വരുത്തിയ പരിവർത്തനങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, 2014-ന് മുമ്പുള്ള ഇന്ത്യയെ ഓർക്കുമ്പോൾ രൂപാന്തരപ്പെട്ട ഇന്ത്യയുടെ ചിത്രം കൂടുതൽ വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടി. “മുമ്പ്, ദശലക്ഷക്കണക്കിനു കോടി അഴിമതികളായിരുന്നു ചർച്ചയുടെ ഭാഗമെങ്കിൽ, ഇന്ന് ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണു ചർച്ചകൾ” - ശ്രീ മോദി  പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ ഭൂപൻ ഹസാരിക സേതു, ബോഗിബീൽ പാലം, അടൽ തുരങ്കം, ചെനാബ് പാലം, ഒന്നിലധികം അതിവേഗ പാതകൾ, ആധുനിക റെയിൽവേ സ്റ്റേഷനുകൾ, കിഴക്കൻ-പടിഞ്ഞാറൻ ചരക്ക് ഇടനാഴി, വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ, പുതിയ വിമാനത്താവളങ്ങളുടെ ഉദ്‌ഘാടനം എന്നിവ അദ്ദേഹം ഉദാഹരണമാക്കി.

മഹാരാഷ്ട്രയിലെ സമീപകാല ബൃഹദ് വികസനപദ്ധതികളുടെ ഉദാഹരണങ്ങൾ നൽകി, ബാലാ സാഹെബ് താക്കറെ സമൃദ്ധി മഹാമാർഗിന്റെ ഉദ്ഘാടനവും മുംബൈയിലെ സമ്പർക്കസൗകര്യങ്ങളുടെ മുഖച്ഛായ മാറ്റുന്ന നവി മുംബൈ വിമാനത്താവളത്തിന്റെയും തീരദേശള  റോഡ് പദ്ധതിയുടെയും പ്രവർത്തനങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. കിഴക്കൻ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റും മറൈൻ ഡ്രൈവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ റോഡ് തുരങ്കവും അദ്ദേഹം പരാമർശിച്ചു. “താമസിയാതെ, മുംബൈയ്ക്ക് ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ലഭിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു, “ഡൽഹി-മുംബൈ സാമ്പത്തിക ഇടനാഴി മഹാരാഷ്ട്രയെ മധ്യ- ഉത്തര ഇന്ത്യയുമായി ബന്ധിപ്പിക്കും. മഹാരാഷ്ട്രയെ തെലങ്കാന, ഛത്തീസ്ഗഢ്, മറ്റ് അയൽ സംസ്ഥാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് ട്രാൻസ്മിഷൻ ലൈൻ ശൃംഖലകളും സ്ഥാപിക്കുന്നു. എണ്ണ-വാതക പൈപ്പ്‌ലൈൻ, ഔറംഗബാദ് വ്യാവസായിക നഗരം, നവി മുംബൈ വിമാനത്താവളം, ഷെന്ദ്ര-ബിഡ്‌കിൻ വ്യാവസായിക പാർക്ക് തുടങ്ങിയ വലിയ പദ്ധതികൾ മഹാരാഷ്ട്രയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് പകരും”.

നികുതിദായകരുടെ പണം എങ്ങനെയാണ് രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, മുന്‍പ് ഈ പണം ദുരുപയോഗപ്പെടുത്തിയിരുന്നതുമായി ഇതിനെ തുലനപ്പെടുത്തുകയും ചെയ്തു. 5 പതിറ്റാണ്ട് മുമ്പ് ആരംഭിക്കുകയും ഇപ്പോഴത്തെ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കുകയും ചെയ്ത നിലവന്ദേ അണക്കെട്ട് പദ്ധതിയെ കുറിച്ച് സംസാരിച്ച അദ്ദേഹം, മൂന്ന് പതിറ്റാണ്ടുമുന്‍പ് ആരംഭിച്ച ഉറാന്‍-ഖാർകോപ്പര്‍ റെയില്‍ പാതയുടെ പ്രവൃത്തി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് അതിവേഗത്തിലാക്കിയെന്നും അതിന്റെ ആദ്യ ഘട്ടം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയാണെന്നും പറഞ്ഞു. അതുപോലെ, നവി മുംബൈ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടവും നീണ്ട കാലതാമസത്തിന് ശേഷമാണ് പൂര്‍ത്തിയായത്. അടല്‍ സേതു പോലും 5-6 പതിറ്റാണ്ടുകളായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അതിലും 5 മടങ്ങ് ചെറിയ പദ്ധതിയായ ബാന്ദ്ര-വോര്‍ലി സീലിങ്ക് പൂർത്തീകരിക്കാൻ 10 വര്‍ഷത്തിലേറെ എടുക്കുകയും, ബജറ്റ് 4-5 മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
ഗതാഗത നിര്‍മ്മാണ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ അടല്‍ സേതുവിന്റെ നിര്‍മ്മാണത്തിന് ഏകദേശം 17,000 തൊഴിലാളികളും 1500 എഞ്ചിനീയര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ''അടല്‍ സേതു മേഖലയിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തും, ഒപ്പം വ്യാപാരം സുഗമമാക്കലും ജീവിത സുഗമമാക്കലും വര്‍ദ്ധിപ്പിക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യ ഇന്ന് ഒരേസമയം രണ്ട് മുന്നണികളില്‍ പുരോഗമിക്കുകയാണ്'', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഒരു വശത്ത് പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് വലിയ സംഘടിതപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വന്‍കിട പദ്ധതികള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടല്‍ പെന്‍ഷന്‍ യോജന, അടല്‍ സേതു, ആയുഷ്മാന്‍ ഭാരത് യോജന, വന്ദേ ഭാരത്-അമൃത് ഭാരത് ട്രെയിനുകള്‍, പി.എം കിസാന്‍ സമ്മാൻ നിധി, പി.എം ഗതിശക്തി എന്നിവയെ തുലനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു. പൗരന്മാരോടുള്ള ഗവണ്‍മെന്റിന്റെ വിശ്വസ്തതയെ പ്രശംസിച്ച പ്രധാനമന്ത്രി, അതോടൊപ്പം അധികാരമോഹികളും സാധാരണ ജനങ്ങളേക്കാള്‍ സ്വന്തം കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായിരുന്ന മുന്‍ ഗവണ്‍മെന്റുകളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പരിവേദനപ്പെടുകയും ചെയ്തു. 2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 12 ലക്ഷം കോടി രൂപയുടെ ബജറ്റ് മാത്രമേ അനുവദിച്ചിരുന്നുള്ളൂവെങ്കിൽ, ഈ ഗവണ്‍മെൻ്റ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 44 ലക്ഷം കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''മഹാരാഷ്ട്രയില്‍ മാത്രം, കേന്ദ്ര ഗവണ്‍മെന്റിന്റെ ഏകദേശം 8 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒന്നുകില്‍ പൂര്‍ത്തീകരിക്കുകയോ അല്ലെങ്കിൽ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്. ഈ തുക എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''മറ്റുള്ളവരില്‍ നിന്നുള്ള പ്രതീക്ഷകള്‍ അവസാനിക്കുന്നിടത്ത് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നു'' വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വം, വിദ്യാഭ്യാസം, മെഡിക്കല്‍ സഹായം, സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്ന സമ്പാദ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍, സ്വനിധി, പി.എം ആവാസ്, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സഹായം എന്നിവ ലാഖ്പതി ദീദികളെ സൃഷ്ടിക്കുന്നു. രണ്ട് കോടി ലാഖ്പതി ദീദികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ പദ്ധതികളും ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ''മഹാരാഷ്ട്രയുടെ വികസനത്തിനായി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇതേ അര്‍പ്പണമനോഭാവത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. വികസിത ഇന്ത്യയുടെ ശക്തമായ സ്തംഭമായി മഹാരാഷ്ട്ര മാറുമെന്ന് ഉറപ്പാക്കാനുള്ള ഒരു അവസരവും ഞങ്ങള്‍ ഉപേക്ഷിക്കില്ല'', പ്രധാനമന്ത്രി മോദി ഉപസംഹരിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബായിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

അടല്‍ ബിഹാരി വാജ്‌പേയി സേവ് രി - നവ ഷേവ അടല്‍ സേതു

നഗര ഗതാഗത അടിസ്ഥാനസൗകര്യങ്ങളും ബന്ധിപ്പിക്കലും ശക്തിപ്പെടുത്തി പൗരന്മാരുടെ ചലനക്ഷമത സുഗമമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായാണ്, ഇപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി സേവ് രി - നവ ഷേവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്.എല്‍) നിര്‍മ്മിച്ചിരിക്കുന്നത്. 2016 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്.

മൊത്തം 17,840 കോടിയിലധികം രൂപ ചെലവഴിച്ചാണ് അടല്‍ സേതു നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള 6 വരി പാലത്തിന് കടലിന് മുകളിലൂടെ ഏകദേശം 16.5 കിലോമീറ്ററും കരയിലൂടെ ഏകദേശം 5.5 കിലോമീറ്ററും നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലവും, ഏറ്റവും നീളം കൂടിയ കടല്‍പ്പാലവുമാണ് ഇത്. ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗ ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കുകയും മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇത് മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്രു തുറമുഖവും തമ്മിലുള്ള ബന്ധിപ്പിക്കലും മെച്ചപ്പെടുത്തും.

 

മറ്റ് വികസന പദ്ധതികള്‍

കിഴക്കന്‍ സ്വതന്ത്ര പാതയുടെ ഓറഞ്ച് ഗേറ്റിനെ മറൈന്‍ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റോഡ് ടണലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 9.2 കിലോമീറ്റര്‍ തുരങ്കം 8700 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. ഇത് മുംബൈയിലെ ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസനമായിരിക്കും. ഇത് ഓറഞ്ച് ഗേറ്റിനും മറൈന്‍ ഡ്രൈവിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കും.
സൂര്യ പ്രാദേശിക ബൃഹദ് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 1975 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച പദ്ധതി മഹാരാഷ്ട്രയിലെ പാല്‍ഘര്‍, താനെ ജില്ലകളില്‍ കുടിവെള്ളം ലഭ്യമാക്കും. ഏകദേശം 14 ലക്ഷം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
പരിപാടിയില്‍ 2000 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നെരുള്‍/ബേലാപൂര്‍ മുതല്‍ ഖാര്‍കോപ്പര്‍ വരെയുള്ള സബര്‍ബന്‍ സര്‍വീസുകള്‍ ഇപ്പോള്‍ ഉറാനിലേക്ക് നീട്ടുന്നതിനാല്‍ നവി മുംബൈയിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്ന 'ഉറാന്‍-ഖാര്‍കോപാര്‍ റെയില്‍വേ ലൈനിന്റെ രണ്ടാം ഘട്ട' സമര്‍പ്പണവും ഇതില്‍പ്പെടുന്നു. ഉറാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഖാര്‍കോപ്പറിലേക്കുള്ള ഇഎംയു ട്രെയിനിന്റെ ഉദ്ഘാടന ഓട്ടവും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
താനെ-വാഷി/പന്‍വേല്‍ ട്രാന്‍സ്-ഹാര്‍ബര്‍ ലൈനിലെ പുതിയ സബര്‍ബന്‍ സ്റ്റേഷന്‍ 'ദിഘ ഗാവ്', ഖാര്‍ റോഡിനും ഗോരേഗാവ് റെയില്‍വേ സ്റ്റേഷനുമിടയിലുള്ള പുതിയ ആറാമത്തെ പാത എന്നിവയും രാജ്യത്തിന് സമര്‍പ്പിക്കുന്ന മറ്റ് റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മുംബൈയിലെ ആയിരക്കണക്കിന് പ്രതിദിന യാത്രക്കാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
സാന്താക്രൂസ് ഇലക്ട്രോണിക് കയറ്റുമതി സംസ്‌കരണ മേഖലയില്‍ - പ്രത്യേക സാമ്പത്തിക മേഖല - ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലയ്ക്കായുള്ള 'ഭാരത് രത്നം' (ബൃഹദ് പൊതു സേവന സൗകര്യ കേന്ദ്രം ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3ഡി മെറ്റല്‍ പ്രിന്റിംഗ് ഉള്‍പ്പെടെ ലോകത്തു ലഭ്യമായ ഏറ്റവും മികച്ച യന്ത്രങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണിത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ തൊഴില്‍ ശക്തിയുടെ നൈപുണ്യത്തിനായി ഒരു പരിശീലന സ്‌കൂള്‍ ഇവിടെ സ്ഥാപിക്കും. മെഗാ സിഎഫ്സി ജെംസ് ആന്‍ഡ് ജ്വല്ലറി വ്യാപാരത്തിലെ കയറ്റുമതി മേഖലയെ മാറ്റിമറിക്കുകയും ആഭ്യന്തര ഉല്‍പ്പാദനത്തെ സഹായിക്കുകയും ചെയ്യും.
പ്രത്യേക സാമ്പത്തിക മേഖലയില്‍ പുതിയ എന്റര്‍പ്രൈസസ് ആന്റ് സര്‍വീസസ് ടവര്‍ (എന്‍ഇഎസ്ടി)- 01-ന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. എന്‍ഇഎസ്ടി-01 പ്രാഥമികമായി ജെം ആന്റ് ജ്വല്ലറി മേഖലയിലെ യൂണിറ്റുകള്‍ക്കുള്ളതാണ്, അത് നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി - I-ല്‍ നിന്ന് മാറ്റിയാണു സ്ഥാപിക്കുക. പുതിയ ടവര്‍ വ്യവസായത്തിന്റെ ആവശ്യാനുസരണമുള്ള വലിയ തോതിലുള്ള ഉല്‍പ്പാദനത്തിന് യോജിച്ച വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരിപാടിയില്‍ പ്രധാനമന്ത്രി നമോ മഹിളാ ശശക്തികരണ്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്തു. നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസനവുമായി സമ്പര്‍ക്കവും നല്‍കി മഹാരാഷ്ട്രയിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് അഭിയാന്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വനിതാ വികസന പരിപാടികളുടെ സംയോജനത്തിനും പൂര്‍ത്തീകരണത്തിനുമുള്ള ശ്രമവും അഭിയാന്‍ ഏറ്റെടുക്കും.

 


....

*****

NK

(Release ID: 1995725) Visitor Counter : 141