പ്രധാനമന്ത്രിയുടെ ഓഫീസ്‌

പത്താമതു ‘വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024’നോട് അനുബന്ധിച്ച് പ്രധാനമന്ത്രി മൊസാംബീക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 09 JAN 2024 2:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 9നു ഗാന്ധിനഗറിൽ മൊസാംബീക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസിയുമായി കൂടിക്കാഴ്ച നടത്തി.

മൊസാംബീക്കിന്റെ വികസനമുൻഗണനകളെ പിന്തുണയ്ക്കുന്നതിനുള്ള കരുത്തുറ്റ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ മോദി പ്രകടിപ്പിച്ചു. പ്രതിരോധം, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, ആരോഗ്യം, വ്യാപാരം, നിക്ഷേപം, കൃഷി, ജലസുരക്ഷ, ഖനനം, ശേഷി വർധിപ്പിക്കൽ, സമുദ്രസഹകരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുനേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി. വ്യാപാരം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്ക് ഉത്തേജനം പകരുന്നതിനായി വ്യോമബന്ധം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും പ്രവർത്തിക്കാനാകുമെന്നു പ്രധാനമന്ത്രി നിർദേശിച്ചു.

ആഫ്രിക്കൻ യൂണിയനെ (എയു) ജി-20യിൽ ഉൾപ്പെടുത്തിയതിനു പ്രസിഡന്റ് ന്യൂസി പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു. യുഎൻ ഉൾപ്പെടെയുള്ള ബഹുരാഷ്ട്രവേദികളിലെ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

2023 ജനുവരിയിലും നവംബറിലും നടന്ന ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ ഉച്ചകോടിയിൽ പ്രസിഡന്റ് ന്യൂസി പങ്കെടുത്തതിനെ പ്രധാനമന്ത്രി സ്നേഹപൂർവം അഭിനന്ദിച്ചു.

വിവിധ വികസന പദ്ധതികൾക്കും ശേഷിവർധിപ്പിക്കൽ ഉദ്യമങ്ങൾക്കും കടൽസുരക്ഷാമേഖലയിൽ ഇന്ത്യ നൽകുന്ന പിന്തുണയ്ക്കും പ്രസിഡന്റ് ന്യൂസി നന്ദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയബന്ധങ്ങളുടെ ഗതിവേഗം നിലനിർത്താനും ബന്ധം  തുടർന്നുപോകാനും ഇരുനേതാക്കളും  ധാരണയായി.

--NK--



(Release ID: 1994498) Visitor Counter : 75