പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഡിസംബര്‍ 25-ന് ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുടെ ചെക്ക് കൈമാറുകയും 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും


ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിപാടിയിൽ പരിഹാരം കാണും

ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

സൗരോര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിനായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കി

Posted On: 24 DEC 2023 7:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 25-ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്‍ഡോറിലെ 'മസ്ദൂറോണ്‍ കാ ഹിത് മസ്ദൂറോന്‍ കോ സമര്‍പിത്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയായ ഏകദേശം 224 കോടി രൂപയുടെ ചെക്ക് ഹുക്കുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും ലേബര്‍ യൂണിയന്‍ മേധാവികള്‍ക്കും കൈമാറുകയും ചെയ്യും. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യങ്ങളുടെ പരിഹാരം അടയാളപ്പെടുത്തുന്ന പരിപാടിയാണിത്. ഈ അവസരത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.


ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ 1992-ല്‍ അടച്ചുപൂട്ടിയത്തിനെത്തുടർന്ന് തങ്ങൾക്ക് അവകാശപ്പെട്ട കുടിശികയ്ക്കായി ഹുകുംചന്ദ് മില്ലിലെ തൊഴിലാളികള്‍ നീണ്ട നിയമയുദ്ധം നടത്തിയിരുന്നു. അടുത്തിടെ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഒരു പ്രധാന പങ്ക് വഹിച്ചുകൊണ്ട് കോടതികള്‍, തൊഴിലാളി യൂണിയനുകള്‍, മില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായി വിജയകരമായി ചര്‍ച്ചചെയ്ത് ഒരു ഒത്തുതീര്‍പ്പ് പാക്കേജുണ്ടാക്കി. എല്ലാ കുടിശ്ശികയും മുന്‍കൂറായി അടച്ച്, മില്‍ ഭൂമി മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഏറ്റെടുത്ത് അതിനെ ഒരു പാര്‍പ്പിട വ്യാപാര കേന്ദ്രമായി വികസിപ്പിക്കുമെന്നതുള്‍പ്പെടുന്നതാണ് ഒത്തുതീര്‍പ്പ് പദ്ധതി.

പരിപാടിയില്‍ ഖാര്‍ഗോണ്‍ ജില്ലയിലെ സാംരാജ്, അഷുഖേദി എന്നീ ഗ്രാമങ്ങളില്‍ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്ന 60 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 308 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ വൈദ്യുതി ബിൽ ഇനത്തിൽ പ്രതിമാസം ഏകദേശം 4 കോടി രൂപ ലാഭിക്കാന്‍ സഹായിക്കും. സൗരോര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 244 കോടി രൂപയുടെ ഹരിത ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു. ഹരിത ബോണ്ടുകള്‍ പുറപ്പെടുവിക്കുന്ന രാജ്യത്തെ ആദ്യത്തെ നഗര തദ്ദേശസ്ഥാപനമായി ഇത് മാറി. 29 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഏകദേശം 720 കോടി രൂപയുടെ മൂല്യത്തിന്റെ വരിക്കാരായതോടെ ഇതിന് മികച്ച പ്രതികരണവും ലഭിച്ചു. ഇത് പ്രാരംഭമൂല്യത്തിന്റെ മൂന്നിരട്ടിയാണ്.

 

SK


(Release ID: 1990135) Visitor Counter : 95