പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 'വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ (അര്‍ബന്‍)' ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 17 DEC 2023 9:37PM by PIB Thiruvananthpuram

രാജ്യത്തുടനീളം ഗവണ്‍മെന്റ്, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' വിജയകരമാക്കാന്‍ തങ്ങളുടെ സമയം വിനിയോഗിക്കുന്നു. അതിനാല്‍, ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍, ഈ പരിപാടിയിലേക്ക് എന്റെ സമയം സംഭാവന ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. അതിനാല്‍, നിങ്ങളെപ്പോലെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറായ ഒരു പാര്‍ലമെന്റ് അംഗമായും നിങ്ങളുടെ 'സേവക'നായും ഇന്ന് ഞാനും ഇവിടെ വന്നിരിക്കുന്നു.

നമ്മുടെ നാട്ടില്‍ ഗവണ്‍മെന്റുകള്‍ മാറി മാറി വന്നു അവര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു, അതിന്‍മേല്‍ ചര്‍ച്ചകള്‍ നടന്നു, വലിയ വാഗ്ദാനങ്ങള്‍ നല്‍കി. എന്നിരുന്നാല്‍, എന്റെ അനുഭവവും നിരീക്ഷണവും അനുസരിച്ച് നമുക്ക് ശ്രദ്ധ ആവശ്യമുള്ള ഏറ്റവും നിര്‍ണായകമായ കാര്യം ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ഒരു തടസ്സവുമില്ലാതെ ഉദ്ദേശിച്ച ഗുണഭോക്താക്കളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്.  'പ്രധാനമന്ത്രി ആവാസ് യോജന' (പ്രധാനമന്ത്രിയുടെ ഭവന പദ്ധതി) ഉണ്ടെങ്കില്‍ ജുഗ്ഗികളിലും ചേരികളിലും താമസിക്കുന്നവര്‍ക്ക് വീട് ലഭിക്കണം. അതിനായി അവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ചുറ്റിക്കറങ്ങേണ്ടതില്ല. സര്‍ക്കാര്‍ ഗുണഭോക്താവിനെ സമീപിക്കണം. ഈ ചുമതല നിങ്ങള്‍ എന്നെ ഏല്‍പ്പിച്ചതിലൂടെ ഏകദേശം നാല് കോടി കുടുംബങ്ങള്‍ക്ക് അവരുടെ നിര്‍മ്മാണം പൂര്‍ത്തിയായ 'പക്ക' വീടുകള്‍ ലഭിച്ചു. എന്നിരുന്നാലും, സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്ന കേസുകളും ഞാന്‍ നേരിട്ടിട്ടുണ്ട്. അതിനാല്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാനും ഉദ്ദേശിച്ച ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിച്ചോ എന്ന് മനസിലാക്കാനും കൈക്കൂലി നല്‍കാതെ പരിപാടികള്‍ ആസൂത്രണം ചെയ്തതുപോലെ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാനും ഞാന്‍ വീണ്ടും നാട്ടില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചു. അവരെ സന്ദര്‍ശി്ക്കുന്നതു വഴി കാര്യങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കും. അതിനാല്‍, ഈ 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഒരു തരത്തില്‍ എന്റെ സ്വന്തം പരീക്ഷയാണ്. ഞാന്‍ വിഭാവനം ചെയ്തതും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും അത് ഉദ്ദേശിച്ചവരില്‍ എത്തിയിട്ടുണ്ടോ എന്നും നിങ്ങളില്‍ നിന്നും രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്നും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നടക്കേണ്ടിയിരുന്ന പ്രവൃത്തി യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാന്‍ ആയുഷ്മാന്‍ കാര്‍ഡ് ഉപയോഗിക്കുന്ന ചില വ്യക്തികളെ ഞാന്‍ അടുത്തിടെ കണ്ടുമുട്ടി. ഒരാള്‍ക്ക് ഗുരുതരമായ അപകടമുണ്ടായി, കാര്‍ഡ് ഉപയോഗിച്ചതിന് ശേഷം, ആവശ്യമായ ഓപ്പറേഷന്റെ ചികിത്സാ ചിലവ് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, ഇപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്ക് എങ്ങനെ ഈ ചികിത്സ താങ്ങാന്‍ കഴിയും? ഇപ്പോള്‍ ആയുഷ്മാന്‍ കാര്‍ഡ് ഉള്ളതിനാല്‍ ധൈര്യം സംഭരിച്ച് ഒരു ഓപ്പറേഷന് നടത്തി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ' അത്തരം കഥകള്‍ എനിക്ക് അനുഗ്രഹമാണ്. 

നല്ല സ്‌കീമുകള്‍ തയ്യാറാക്കുകയും പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തിലാക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ഫണ്ട് ലഭിക്കേണ്ട 50-100 പേര്‍ക്ക് ലഭിച്ചതിന്റെ സംതൃപ്തിയുണ്ട്. ആയിരം വില്ലേജുകള്‍ക്കുള്ള ഫണ്ട് അനുവദിച്ചു. എന്നാല്‍ അവരുടെ ജോലി ഒരാളുടെ ജീവിതത്തെ ഗുണകരമായി സ്വാധീനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അവരുടെ ജോലിയിലെ സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധമാകും.  അവരുടെ പ്രയത്‌നത്തിന്റെ മൂര്‍ത്തമായ ഫലങ്ങള്‍ കാണുമ്പോള്‍, അവരുടെ ഉത്സാഹം വര്‍ധിക്കുുന്നു. അവര്‍ക്ക് സംതൃപ്തി തോന്നുന്നു. അതിനാല്‍, 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് അവരെ അവരുടെ ജോലിയില്‍ കൂടുതല്‍ ഉത്സാഹഭരിതരാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും പ്രത്യക്ഷമായ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതിന് അവര്‍ സാക്ഷ്യം വഹിക്കുമ്പോള്‍. 'ഞാന്‍ ഒരു നല്ല പ്ലാന്‍ ഉണ്ടാക്കി, ഞാന്‍ ഒരു ഫയല്‍ ഉണ്ടാക്കി, ഉദ്ദേശിച്ച ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു' എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അവരുടെ ജോലിയില്‍ സംതൃപ്തി തോന്നുന്നു. ജീവന്‍ജ്യോതി പദ്ധതി പ്രകാരം പണം ഒരു പാവപ്പെട്ട വിധവയുടെ കൈയില്‍ എത്തിയെന്നും പ്രതിസന്ധി ഘട്ടത്തില്‍ അത് അവള്‍ക്ക് വലിയ സഹായമായെന്നും കണ്ടെത്തുമ്പോള്‍, തങ്ങള്‍ നല്ല ജോലി ചെയ്തുവെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇത്തരം കഥകള്‍ കേള്‍ക്കുമ്പോള്‍ വളരെ സംതൃപ്തി തോന്നുന്നു.

'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ശക്തിയും സ്വാധീനവും മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. ബ്യൂറോക്രാറ്റിക് സര്‍ക്കിളുകളുമായി ബന്ധപ്പെട്ട ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നതും അവരുടെ സംതൃപ്തി പ്രകടിപ്പിക്കുന്നതും കേള്‍ക്കുമ്പോള്‍, അത് എന്നില്‍ പ്രതിധ്വനിക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഒരാള്‍ക്ക് പെട്ടെന്ന് 2 ലക്ഷം രൂപ കൈപ്പറ്റിയ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, തന്റെ വീട്ടിലെ ഗ്യാസ് വരവ് അവളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ഒരു സഹോദരി പരാമര്‍ശിച്ചു. പണക്കാരനും ദരിദ്രനും തമ്മിലുള്ള അതിര്‍ത്തി ഇല്ലാതായി എന്ന് ആരെങ്കിലും പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വശം. 'ഗരീബി ഹഠാവോ' (ദാരിദ്ര്യം അകറ്റൂ) എന്ന മുദ്രാവാക്യം ഒരു കാര്യമാണെങ്കിലും, ''എന്റെ വീട്ടില്‍ ഗ്യാസ് സ്റ്റൗ വന്നതോടെ ദാരിദ്ര്യവും ഐശ്വര്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി'' എന്ന് ഒരാള്‍ പറയുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത്.

'ഞാന്‍ ശരിയായ വീട്ടിലേക്ക് മാറി' എന്ന് പറയുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസം എങ്ങനെ ഉയരും എന്നത് അവിശ്വസനീയമാണ്. വ്യക്തിയില്‍ മാത്രമല്ല, അവരുടെ കുട്ടികളിലും അതിന്റെ സ്വാധീനം അഗാധമാണ്. മുമ്പ്, ഒരു താല്‍ക്കാലിക വാസസ്ഥലത്ത് താമസിക്കുമ്പോള്‍, കുട്ടികള്‍ക്ക് നാണക്കേടും ആത്മാഭിമാനമില്ലായ്മയും അനുഭവപ്പെടും. ഇപ്പോള്‍, ഉറച്ച വീടുള്ള അവരുടെ ജീവിതം ആത്മവിശ്വാസം നിറഞ്ഞതാണ്. ഗുണഭോക്താവിന്റെ വാക്കുകളില്‍ നിന്ന് തന്നെ അത് കേള്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം വ്യക്തമാകുന്നത്. അപ്പോഴാണ് ഒരു ജീവിതം യഥാര്‍ത്ഥത്തില്‍ രൂപാന്തരപ്പെട്ടുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത്.

പോസിറ്റീവ് മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ കഴിയാത്ത ഗുപ്ത ജിയെപ്പോലുള്ള വ്യക്തികളുടെ ആവേശം കാണുമ്പോള്‍ അതിശയകരമാണ്. ആളുകള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, അത് 10,000 രൂപ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും സാമ്പത്തിക സഹായമായാലും, അവരുടെ ആത്മവിശ്വാസം കുതിച്ചുയരുന്നു. അല്ലെങ്കില്‍, ഒരു പണമിടപാടുകാരനില്‍ നിന്ന് പണം കടം വാങ്ങിയാല്‍ അവര്‍ വളരെയധികം കഷ്ടപ്പെടും. ഓരോ പൗരനും ബാങ്കുകള്‍, റെയില്‍വേ, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉടമസ്ഥതയും അഭിമാനവും അനുഭവിക്കേണ്ടത് നിര്‍ണായകമാണ്. ഈ ഉടമസ്ഥതാബോധം ഉടലെടുക്കുമ്പോള്‍, രാജ്യത്തിന് സംഭാവന ചെയ്യാനുള്ള ആഗ്രഹം ഉണരും. വിത്ത് നടുന്നത് പോലെയാണ് ശ്രമങ്ങള്‍. വിത്ത് സൂചിപ്പിക്കുന്നത് നമ്മുടെ മാതാപിതാക്കള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു, നമ്മള്‍ വെല്ലുവിളികള്‍ നേരിട്ടു, എന്നാല്‍ നമ്മുടെ കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുന്ന സാഹചര്യത്തിലേക്ക് പോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ അനുഭവിച്ച അതേ ബുദ്ധിമുട്ടുകള്‍ തങ്ങളുടെ കുട്ടികള്‍ നേരിടണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ല.തങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ വിദ്യാഭ്യാസമില്ലാത്തവരാകാനോ അവര്‍ നേരിട്ട കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കാനോ ആഗ്രഹിക്കുന്നില്ല. ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍, ഇപ്പോള്‍ നടപടിയെടുക്കേണ്ട സമയമാണിതെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ ചിന്താഗതി 1.4 ബില്യണ്‍ ജനങ്ങളുടെ ഹൃദയത്തില്‍ തുളച്ചുകയറുമ്പോള്‍, രാഷ്ട്രം തീര്‍ച്ചയായും മുന്നോട്ട് പോകും.

രാജ്യത്തുടനീളമുള്ള ഐക്യ അന്തരീക്ഷത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ചിലര്‍ ചര്‍ക്ക നൂല്‍ നൂറ്റി, എന്തിന് എന്ന ചോദ്യത്തിന്, 'സ്വാതന്ത്ര്യത്തിന്' എന്നായിരുന്നു മറുപടി. ചിലര്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് വിദ്യാഭ്യാസം ഉപേക്ഷിച്ചു. അവര്‍ പോലീസ് ലാത്തികള്‍ നേരിട്ടു, അവരുടെ ത്യാഗത്തിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി' അവര്‍ പ്രഖ്യാപിച്ചു. ചിലര്‍ പ്രായമായവരെ സേവിച്ചു, 'നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' അവര്‍ മറുപടി പറഞ്ഞു, 'സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നു.' ചിലര്‍ ഖാദി ധരിച്ചു, 'നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത്?' 'സ്വാതന്ത്ര്യത്തിന്' എന്നായിരുന്നു അവരുടെ പ്രതികരണം. ഹിന്ദുസ്ഥാനിലെ ഓരോ വ്യക്തിയും പറഞ്ഞു തുടങ്ങി, 'ഞാന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നു.' നോമ്പെടുക്കുകയോ കഠിനാധ്വാനം ചെയ്യുകയോ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയോ, ശുചീകരണ ജോലികള്‍ ചെയ്യുകയോ, റിക്ഷ ഓടിക്കുകയോ തുടങ്ങി, ചെയ്യുന്നെല്ലാം  സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ജ്വരം രാഷ്ട്രത്തെ പിടികൂടി, എല്ലാ ഹൃദയങ്ങളിലും ആത്മവിശ്വാസം പകര്‍ന്നു, ഇത് ബ്രിട്ടീഷുകാരുടെ പാലായനത്തിലേക്ക് നയിച്ചു.

രാജ്യം ഉയര്‍ന്നു. 140 കോടി പൗരന്മാരും ഈ ആവേശം നിറഞ്ഞവരാണെങ്കില്‍ ഇനി നമുക്ക് രാജ്യത്തെ മുന്നോട്ട് നയിച്ചേ മതിയാകൂ; നമുക്ക് ഇങ്ങനെ ഇരിക്കാന്‍ കഴിയില്ല. ഓരോ ജീവിതവും മാറേണ്ടതുണ്ട്, ഓരോ വ്യക്തിയുടെയും ശക്തിയെ മാനിക്കണം, ആ ശക്തി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ വിനിയോഗിക്കണം. ഈ വിത്തുകള്‍ മനസ്സില്‍ പാകിയാല്‍, 2047-ഓടെ സമൃദ്ധമായ ഒരു ഭാരതം സ്ഥാപിക്കപ്പെടും. നിങ്ങളുടെ കുട്ടികള്‍ ഫലം ആസ്വദിക്കാന്‍ തുടങ്ങും. ഈ മരത്തിന്റെ തണല്‍ നിങ്ങളുടെ കുട്ടികള്‍ ആസ്വദിക്കും, അതിനാല്‍, ഓരോ പൗരനും തന്റെ മാനസികാവസ്ഥയും നിശ്ചയദാര്‍ഢ്യവും വളര്‍ത്തിയെടുക്കണം, മാനസികാവസ്ഥ വികസിപ്പിച്ചാല്‍ ലക്ഷ്യം വിദൂരമല്ല.

'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സൃഷ്ടിയല്ല. ഈ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്യുന്നത് വിശുദ്ധമായ ഒരു ദൗത്യമാണ്. അതില്‍ പങ്കെടുക്കാതെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് അവര്‍ മനസ്സിലാക്കണം. ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെങ്കിലും, ഇന്ന് നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്, ഇന്ന് 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാനും ഈ ജോലി ചെയ്തതില്‍ സംതൃപ്തി തോന്നുന്നു. നിങ്ങള്‍ ഓരോരുത്തരും അത് ചെയ്യണം. അടുത്ത ഗ്രാമത്തിലേക്കോ നഗരത്തിലേക്കോ പോകുന്ന 'യാത്ര' ഊഷ്മളമായി സ്വീകരിക്കണം. എല്ലാവരും വരണം, ഗുണഭോക്താക്കളെ എല്ലാവരും കേള്‍ക്കണം, പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണം, പദ്ധതികള്‍ പ്രയോജനപ്പെടുത്തിയവര്‍ ആത്മവിശ്വാസത്തോടെ വിജയം പങ്കിടണം. പോസിറ്റീവ് കഥകള്‍ പങ്കിടുന്നത് പോലും നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഒരു വലിയ സ്വപ്നവും വലിയ പ്രമേയവുമാണെന്നും ഈ പ്രമേയം നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ നിറവേറ്റണമെന്നും ഞാന്‍ ആഗ്രഹിക്കുന്നത്..

നിങ്ങളെ കാണാനും നിങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാനും ഈ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ 'യാത്ര' കൂടുതല്‍ വിജയകരമാക്കാന്‍ എല്ലാവരും ശ്രമിക്കണം. പൗരന്മാരുടെ മനസ്സില്‍ ഈ ചൈതന്യവും ആത്മവിശ്വാസവും നാം വളര്‍ത്തിയെടുക്കണം. വീട്ടില്‍ പണമില്ലാത്തപ്പോള്‍ പല കാര്യങ്ങളും ആഗ്രഹം ഉണ്ടായാല്‍ പോലും ചെയ്യാന്‍ പറ്റാത്തത് നമ്മള്‍ കണ്ടതാണ്. കുട്ടികള്‍ക്ക് നല്ല ഷര്‍ട്ടുകള്‍ വാങ്ങാന്‍ ഒരാള്‍ക്ക് തോന്നുന്നു, പക്ഷേ അയാള്‍ക്ക് കഴിയില്ല, കാരണം ആവശ്യത്തിന് പണമില്ല. ഒരു വീട്ടില്‍ സംഭവിക്കുന്നതുപോലെ, ഒരു രാജ്യത്തും ഇത് സംഭവിക്കുന്നു. രാജ്യത്തിനും പണമുണ്ടാകണം, പണമുണ്ടെങ്കില്‍ ഓരോ പൗരനും അവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. നാല് കോടിയോളം ദരിദ്രര്‍ക്ക് വീട് ലഭിച്ചു, ഒഴിവാക്കപ്പെട്ടവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കുമെന്ന് മോദി ഉറപ്പ് നല്‍കുന്നു. ആയുഷ്മാന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് സൗജന്യ മരുന്ന് ലഭിക്കും. ഗ്യാസ് അടുപ്പ് ആവശ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റി്ല്‍ നിന്ന് കിട്ടുന്നുണ്ട്. ഗ്യാസ് സ്റ്റൗവിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. എന്തുകൊണ്ട്? കാരണം, കൊടുക്കാനുള്ള അധികാരം ഇപ്പോള്‍ ഗവണ്‍മെന്റിന് ലഭിച്ചിരിക്കുന്നു! 25 വര്‍ഷത്തിനുള്ളില്‍ ഭാരതം വികസിക്കുമ്പോള്‍, ഈ കുഴപ്പങ്ങള്‍ ഉണ്ടാകില്ല, നമ്മള്‍ ബുദ്ധിമുട്ടുകളില്‍ നിന്ന് മുക്തരാവും.

'വികസിത് ഭാരത'ത്തിന്റെ പ്രതിബദ്ധത നിറവേറ്റുന്നതാണ് പ്രയാസങ്ങളില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഈ പാത. അതിനാല്‍, നിങ്ങളുടെ 'സേവക്' എന്ന നിലയില്‍, നിങ്ങളുടെ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് കാശിയിലെ എന്റെ സഹ പൗരന്മാര്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. മഹാദേവന്റെ അനുഗ്രഹത്താല്‍ രാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഒരിക്കലും പിന്നിലാകില്ല. മഹാദേവന്റെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ, ഈ യാത്ര നമ്മുടെ കാശിയില്‍ വിജയിക്കട്ടെ. അലസത പാടില്ല. ഒരു കുടുംബത്തിലെ ഓരോ അംഗവും പരിപാടിയില്‍ പങ്കെടുക്കണം. 'യാത്ര'യില്‍ ആരും പിന്നിലാകരുത്. ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിച്ചായാലും പരിപാടിയുടെ ഭാഗമാകുക. ഇതിനായി, ഒരു 'വികസിത് ഭാരത്' എന്ന ദൃഢനിശ്ചയത്തെ സഹായിക്കാനും ശക്തിപ്പെടുത്താനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വളരെ നന്ദി.

നമസ്‌കാരം!

--NS--



(Release ID: 1989353) Visitor Counter : 38