പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന 

Posted On: 19 DEC 2023 11:12PM by PIB Thiruvananthpuram

 

സുഹൃത്തുക്കളെ,

നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ യുവതലമുറ അഹോരാത്രം പ്രയത്നിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഹാക്കത്തണുകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഹാക്കത്തണിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ സ്വന്തമായി സ്റ്റാർട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളും പരിഹാരങ്ങളും സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്നു. ഇന്ന് ഈ ഹാക്കത്തണിൽ പങ്കെടുക്കുന്ന ടീമുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.


സുഹൃത്തുക്കളെ,

'ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ ' എന്ന മന്ത്രവുമായി 21-ാം നൂറ്റാണ്ടിലെ ഭാരതം മുന്നേറുകയാണ്. ഒന്നും സംഭവിക്കില്ല, രാജ്യത്തിന് മാറ്റമുണ്ടാകില്ല എന്ന ചിന്താഗതിയിൽ നിന്ന് ഓരോ ഇന്ത്യക്കാരനും പുറത്തുകടന്നിരിക്കുന്നു. ഈ പുതിയ സമീപനം കാരണം, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 10-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 5-ആം വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഭാരതം മാറിയിരിക്കുന്നു. ഇന്ന് ഭാരതത്തിന്റെ യുപിഐ ലോകമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൊറോണ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ, ഭാരതം ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ വികസിപ്പിച്ചെടുത്തു. ഭാരത് അതിന്റെ പൗരന്മാർക്ക് സൗജന്യ വാക്സിനേഷനുകൾ മാത്രമല്ല, ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുകയും ചെയ്തു.


ഇന്ന്, വ്യത്യസ്ത മേഖലകളിൽ  നിന്നുള്ള യുവ നൂതനാശയക്കാരും പ്രൊഫഷണലുകളും ഇവിടെയുണ്ട്. സമയത്തിന്റെ പ്രാധാന്യവും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യത്തിലെത്തുക എന്നതിന്റെ അർത്ഥവും നിങ്ങൾ എല്ലാവരും മനസ്സിലാക്കുന്നു. നമ്മുടെ ഓരോ പ്രയത്നവും അടുത്ത ആയിരം വർഷത്തേക്ക് ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന ഒരു വഴിത്തിരിവിലാണ് ഇന്ന് നാം. ഈ അദ്വിതീയ സമയത്തിന്റെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയണം. നിരവധി ഘടകങ്ങൾ ഒത്തുചേരുന്നതിനാൽ ഇത് സവിശേഷമാണ്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. ഇന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ ടാലന്റ് പൂളാണ് ഭാരതത്തിനുള്ളത്. ഇന്ന് ഭാരതത്തിന് സുസ്ഥിരവും ശക്തവുമായ ഒരു സർക്കാരുണ്ട്. ഇന്ന് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് വേഗത്തിലാണ് വളരുന്നത്. ഇന്ന് ഭാരതത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് അഭൂതപൂർവമായ ഊന്നൽ നൽകപ്പെടുന്നു.

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയ സമയമാണിത്. നമ്മുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം മുൻകാലങ്ങളിൽ സമാനതകളില്ലാത്തതാണ്. ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് സുഖകരമാകുന്നതിന് മുമ്പ് ഒരു നവീകരിച്ച പതിപ്പ് വരുന്നതാണ് സാഹചര്യം. അതിനാൽ, നിങ്ങളെപ്പോലുള്ള യുവ നൂതനാശയക്കാരുടെ പങ്ക് നിർണായകമാണ്.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലം, അതായത് വരാനിരിക്കുന്ന 25 വർഷം, 2047-ലേക്കുള്ള രാജ്യത്തിന്റെ യാത്രയെ മാത്രമല്ല, നിങ്ങളുടെ ജീവിതത്തിലെ നിർണായക വർഷങ്ങളെയും സൂചിപ്പിക്കുന്നു. രണ്ട് യാത്രകൾ അടുത്തടുത്തായി നടക്കുന്നു. ഒരു 'വികസിത്  ഭാരത്' കെട്ടിപ്പടുക്കാൻ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ഭാരതത്തിന്റെ സ്വാശ്രയത്വമായിരിക്കണം. നമ്മുടെ ഭാരതത്തിന് എങ്ങനെ സ്വയം പര്യാപ്തമാകും? ഭാരതത്തിന് ഒരു സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യേണ്ടതില്ല, ഒരു സാങ്കേതികവിദ്യയ്ക്കും മറ്റുള്ളവരെ ആശ്രയിക്കരുത് എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. പ്രതിരോധ മേഖലയുടെ ഒരു ഉദാഹരണം പറയാം. നിലവിൽ പ്രതിരോധ സാങ്കേതിക വിദ്യയിൽ സ്വാശ്രയത്വത്തിനുവേണ്ടിയാണ് ഭാരതം  പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, നാം ഇറക്കുമതി ചെയ്യേണ്ട പ്രതിരോധ സാങ്കേതികവിദ്യയുടെ നിരവധി വശങ്ങൾ ഇനിയും ഉണ്ട്. അതുപോലെ, നമ്മുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് അർദ്ധചാലകത്തിലും ചിപ്പ് സാങ്കേതികവിദ്യയിലും നാം സ്വയം ആശ്രയിക്കേണ്ടതുണ്ട്. ക്വാണ്ടം സാങ്കേതികവിദ്യ, ഹൈഡ്രജൻ ഊർജം തുടങ്ങിയ മേഖലകളിൽ ഭാരതത്തിന് ഉയർന്ന അഭിലാഷമുണ്ട്. 21-ാം നൂറ്റാണ്ടിനായി ഒരു ആധുനിക ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് ഈ മേഖലകളിലെല്ലാം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ അതിന്റെ വിജയം നിങ്ങളെപ്പോലുള്ള യുവമനസ്സുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ലോകം നിങ്ങളെപ്പോലുള്ള യുവമനസ്സുകളിലേക്ക് ഉറ്റു നോക്കുന്നു. ആഗോള വെല്ലുവിളികൾക്ക് ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതും സുസ്ഥിരവും അളക്കാവുന്നതുമായ പരിഹാരങ്ങൾ ഭാരതം  നൽകുമെന്ന് ലോകം വിശ്വസിക്കുന്നു. നമ്മുടെ ചന്ദ്രയാൻ ദൗത്യം ലോകത്തിന്റെ പ്രതീക്ഷകളെ വളരെയധികം വർദ്ധിപ്പിച്ചു. ഈ പ്രതീക്ഷകൾ മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങൾ വിവിധ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ നവീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ആധുനിക ആവശ്യങ്ങൾ കണക്കിലെടുത്ത്, നിങ്ങളുടെ ഗതി നിർണയിക്കണം  .

സുഹൃത്തുക്കളെ,

രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും പരിഹാരങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ലക്ഷ്യം. പരിഹാരങ്ങളുടെ ഒരു ശൃംഖലയാണ് ഹാക്കത്തോൺ നയിക്കുന്നത്. രാജ്യത്തെ യുവാക്കൾ സ്മാർട്ട് ഇന്ത്യ ഹാക്കത്തണിൽ നിന്ന് ‘വികസിത് ഭാരത'ത്തിനായുള്ള  പരിഹാരങ്ങളുടെ അമൃത് ഊറ്റിയെടുക്കുകയാണ് രാജ്യത്തെ യുവജനങ്ങളിൽ എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. ഏത് പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താനും നവീകരിക്കാനും നിങ്ങൾ ശ്രമിക്കുമ്പോഴെല്ലാം, ഒരു 'വികസിത് ഭാരത്, 'ആത്മനിർഭർ ഭാരത്' എന്നിവയുടെ പ്രമേയം നിങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. നിങ്ങൾ എന്ത് ചെയ്താലും അത് മികച്ചതായിരിക്കണം. ലോകം നിങ്ങളെ പിന്തുടരുന്ന തരത്തിൽ നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ!

വളരെ നന്ദി!

--NS--



(Release ID: 1988749) Visitor Counter : 44