പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാനിധി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അസം സ്വദേശിനി ശ്രീമതി കല്യാണി രാജ്‌ബോംഗ്ഷി 1000 കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചു

ആസാം ഗൗരവ് പുരസ്‌ക്കാര ജേതാവായ അവർ സാമൂഹിക സേവനത്തോടുള്ള തന്റെ അഭിനിവേശം കൊണ്ട് പ്രധാനമന്ത്രിയില്‍ മതിപ്പു നേടി

''ഒരു സ്ത്രീ സ്വയാശ്രയത്തിലെത്തുമ്പോള്‍ സമൂഹത്തിന് വലിയ നേട്ടമുണ്ടാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നിങ്ങള്‍''

Posted On: 16 DEC 2023 6:07PM by PIB Thiruvananthpuram

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പ്രധാനമന്ത്രി പരിപാടിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

സ്വയം സഹായ സംഘം നടത്തുകയും ഏരിയ തല ഫെഡറേഷനും ഭക്ഷ്യ സംസ്‌കരണ യൂണിറ്റും രൂപീകരിക്കുകയും ചെയ്ത ഗുവാഹത്തിയില്‍ നിന്നുള്ള ഒരു വീട്ടമ്മയായ ശ്രീമതി കല്യാണി രാജ്‌ബോംഗ്ഷിക്ക് അസം ഗൗരവ് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. അവരുടെ വിജയഗാഥ കേട്ട പ്രധാനമന്ത്രി, ആ പേരുതന്നെ ജനങ്ങളുടെ ക്ഷേമത്തെ (കല്യാണ്‍) സൂചിപ്പിക്കുന്നതാണെന്ന് കല്യാണി ജിയോട് പറയുകയും ചെയ്തു.

2000 രൂപ ഉപയോഗിച്ച് ഒരു കൂണ്‍ യൂണിറ്റ് ആരംഭിച്ചതാണ് തുടക്കമെന്നും അതിനുശേഷം അസം ഗവണ്‍മെന്റ് നല്‍കിയ 15,000 രൂപ ഉപയോഗിച്ച് ഒരു ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുറന്നതായും തന്റെ സംരംഭത്തിന്റെ സാമ്പത്തിക പരിണാമത്തെക്കുറിച്ച് സംസാരിക്കവേ അവര്‍ അറിയിച്ചു. ഇതിനുശേഷം 200 വനിതകളുമായി കല്യാണി ഒരു ഏരിയാതല ഫെഡറേഷന്‍ സ്ഥാപിച്ചു. പി.എം.എഫ്.എം.ഇ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസ് സ്‌കീം) പ്രകാരമുള്ള സഹായവും അവര്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രി സ്വനിധിയെക്കുറിച്ച് ആയിരം കച്ചവടക്കാര്‍ക്ക് അറിവുണ്ടാക്കികൊടുത്തതിനാണ് അവര്‍ക്ക് അസം ഗൗരവ് പുരസ്‌കാരം ലഭിച്ചത്.

'മോദി കി ഗ്യാരന്റി കി ഗാഡി' എന്ന വി.ബി.എസ്.വൈ വാഹനത്തെ സ്വാഗതം ചെയ്യുന്നതിന് പ്രദേശത്തെ സ്ത്രീകളെ നയിക്കുകയും അര്‍ഹതപ്പെട്ട പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ വിശദീകരിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംരംഭകത്വത്തിന്റെയും സാമൂഹിക സേവനത്തിന്റെയും മനോഭാവം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. ''ഒരു സ്ത്രീ സ്വയം പര്യാപ്തയാകുമ്പോള്‍ സമൂഹത്തിന് വലിയ നേട്ടമുണ്ടാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നിങ്ങള്‍'', പ്രധാനമന്ത്രി പറഞ്ഞു.

--SK--



(Release ID: 1987243) Visitor Counter : 64