മന്ത്രിസഭ
azadi ka amrit mahotsav

ഡിജിറ്റൽ പരിവർത്തനത്തിന് വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കിടുന്നതിനുള്ള സഹകരണത്തിന് ഇന്ത്യയും ടാൻസാനിയയും ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 15 DEC 2023 7:38PM by PIB Thiruvananthpuram

ഡിജിറ്റൽ പരിവർത്തനത്തിനായി  നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയവും ടാൻസാനിയയുടെ വിവര-വിനിമയ- വിവരസാങ്കേതിക മന്ത്രാലയവും 2023 ഒക്ടോബർ 9ന് ഒപ്പുവച്ച ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പരിവർത്തനസംരംഭം നടപ്പിലാക്കുന്നതിൽ അടുത്ത സഹകരണവും പരിചയസമ്പത്തിന്റെ കൈമാറ്റവും ഡിജിറ്റൽ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികളും പ്രോത്സാഹിപ്പിക്കുക എന്നതാണു ധാരണാപത്രം ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യമേ ഖലയിൽ (ഡിപിഐ) മേഖലയിൽ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഈ ധാരണാപത്രത്തിൽ വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അവരുടെ ഭരണസംവിധാനത്തിന്റെ പതിവു പ്രവർത്തനവിഹിതത്തിലൂടെ ധനസഹായം നൽകും.

ഐടി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു മെച്ചപ്പെട്ട സഹകരണവും ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഐസിടി മേഖലയിൽ ഉഭയകക്ഷി-ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയം വിവിധ രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും സഹകരിക്കുന്നുണ്ട്. ഈ കാലയളവിൽ, ഐസിടി മേഖലയിലെ സഹകരണവും വിവരവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാന സംഘടനകൾ/ ഏജൻസികൾ എന്നിവയുമായി ധാരണാപത്രങ്ങളിൽ/സഹകരണപത്രങ്ങളിൽ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹമായും വിജ്ഞാന സമ്പദ്‌വ്യവസ്ഥയായും രാജ്യത്തെ മാറ്റുന്നതിനായി ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങി ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി പൊരുത്തപ്പെടുന്നതാണിത്. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയിൽ, പരസ്പരസഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക അവസരങ്ങൾ പര്യവേക്ഷണം ചെയ്യൽ, മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കൽ, ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കൽ എന്നിവ അനിവാര്യമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപിഐ) നടപ്പാക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയും കോവിഡ് മഹാമാരിക്കാലത്തുപോലും പൊതുജനങ്ങൾക്കു വിജയകരമായി സേവനങ്ങൾ നൽകുകയും ചെയ്തു. തൽഫലമായി, ഇന്ത്യയുടെ അനുഭവങ്ങളിൽനിന്നു പഠിക്കാനും, ഇന്ത്യയുടെ അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളുന്നതിന് ഇന്ത്യയുമായി ധാരണാപത്രങ്ങളിൽ ഏർപ്പെടാനും പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചു.

പൊതുസേവനങ്ങളുടെ ലഭ്യതയും വി‌തരണവും ‌പ്രദാനംചെയ്യുന്നതിനായി ജനസംഖ്യാതലത്തിൽ ഇന്ത്യ വികസിപ്പിച്ചു നടപ്പാക്കിയ ഡിപിഐകളാണ് ഇന്ത്യാ സ്റ്റാക്ക് സൊല്യൂഷൻസ്. അർഥവത്തായ സമ്പർക്കസൗകര്യം നൽകുക, ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക, പൊതുസേവനങ്ങളിലേക്കു തടസമില്ലാത്ത പ്രവേശനം പ്രാപ്തമാക്കുക എന്നിവയാണ് ഇതു ലക്ഷ്യമിടുന്നത്. ഇവ തുറന്ന സാങ്കേതികവിദ്യയിൽ നിർമിച്ചവയും പരസ്പരപ്രവർത്തനക്ഷമവുമാണ്. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായത്തെയും സാമൂഹ്യപങ്കാളിത്തത്തെയും പ്രയോജനപ്പെടുത്തുന്നതിനു രൂപകൽപ്പന ചെയ്തവയാണ‌ിവ. അടിസ്ഥാനപ്രവർത്തനം സമാനമാണെങ്കിലും ഡിപിഐ കെട്ടിപ്പടുക്കുന്നതിൽ ഓരോ രാജ്യത്തിനും തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട്. അതിനാൽ ഇത് ആഗോള സഹകരണം അനുവദിക്കുന്നു.

 

NS


(Release ID: 1986969) Visitor Counter : 80