പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 09 DEC 2023 6:13PM by PIB Thiruvananthpuram

നമസ്‌കാരം!

ചെറുതും വലുതുമായ എല്ലാ ഗ്രാമങ്ങളിലും മോദിയുടെ 'ഉറപ്പുള്ള വാഹനം' സംബന്ധിച്ച്  കാണുന്ന ആവേശം, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഭാരതത്തിന്റെ ഓരോ കോണിലും ദൃശ്യമാണ്. ഈ വാഹനം അവരുടെ റൂട്ടിലൂടെ കടന്നുപോകാത്തപ്പോള്‍, ആളുകള്‍ തനിയെ വന്ന് ഗ്രാമത്തിലെ റോഡിന്റെ നടുവില്‍ നിന്ന് വാഹനം നിര്‍ത്തിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അവിശ്വസനീയമായ ഒരു കാര്യമാണിത്.  കൂടാതെ ഞാന്‍ ഇപ്പോള്‍ ചില ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ 1.5 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് അവരുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ അവസരം ലഭിച്ചുവെന്നും ഈ അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. കഴിഞ്ഞ 10-15 ദിവസങ്ങളില്‍, ഗ്രാമത്തിലെ ആളുകളുടെ വികാരങ്ങള്‍ ഞാന്‍ ഇടയ്ക്കിടെ കാണുന്നുണ്ട്; പദ്ധതികള്‍ എത്തിയിട്ടുണ്ടോ; അവ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതടക്കം അവര്‍ക്ക് എല്ലാ വിശദാംശങ്ങളും അറിയാം.

നിങ്ങളുടെ വീഡിയോകള്‍ കാണുമ്പോള്‍, എന്റെ ഗ്രാമത്തിലെ ജനങ്ങള്‍ അവര്‍ക്ക് ലഭ്യമായ സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെ നന്നായി ഉപയോഗിക്കുന്നുവെന്ന് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇപ്പോള്‍, ആര്‍ക്കെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായ ഒരു പക്കാ വീട് ലഭിച്ചാല്‍ അത് അവന്റെ ജീവിതത്തില്‍ ഒരു പുതിയ തുടക്കമാണ്. ആര്‍ക്കെങ്കിലും ടാപ്പിലൂടെ വെള്ളം കിട്ടിയാല്‍, അവസാനം തന്റെ വീട്ടിലേക്ക് വെള്ളം എത്തിയല്ലോ എന്ന സന്തോഷമാകും അയാള്‍ക്ക്. കാരണം അവര്‍ ഇതുവരെ വെള്ളത്തിന്റെ ലഭ്യതയില്ലാതെ  ബുദ്ധിമുട്ടിയിരുന്നു. ആര്‍ക്കെങ്കിലും ശൗചാലയം കിട്ടിയാല്‍ ഈ 'ഇസത് ഘര്‍' കാരണം അയാള്‍ക്ക് സന്തോഷം തോന്നുന്നു കാരണം പണ്ട് പ്രമുഖരുടെ വീടുകളില്‍ മാത്രമേ കക്കൂസ് ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ അവന്റെ വീട്ടിലും ഒരു കക്കൂസ് ഉണ്ട്. അതിനാല്‍, അത് അദ്ദേഹത്തിന് സാമൂഹിക അന്തസ്സായി മാറിയിരിക്കുന്നു.

ചിലര്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു; ചിലര്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചു; ചിലര്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിച്ചു; ചിലര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു; ചിലര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി; ചിലര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നു; ചിലര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമ ലഭിക്കുന്നു. ചിലര്‍ക്ക് പ്രധാനമന്ത്രി സ്വനിധി യോജനയുടെ ആനുകൂല്യം ലഭിച്ചു, ചിലര്‍ക്ക് പ്രധാനമന്ത്രി സ്വാമിത്വ യോജനയ്ക്ക് കീഴില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ലഭിച്ചു. അതായത്, ഈ പദ്ധതികളെല്ലാം ഭാരതത്തിന്റെ എല്ലാ കോണിലും എത്തിയിരിക്കുന്നു. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു ഗവണ്‍മെന്റ് പദ്ധതിയില്‍ നിന്ന് തീര്‍ച്ചയായും പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുമ്പോള്‍, അവന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഓരോ ചെറിയ നേട്ടത്തിലും, ജീവിതം നയിക്കാനുള്ള ഒരു പുതിയ ശക്തി അവനില്‍ സംജാതമാകുന്നു. ഇതിനായി അവര്‍ക്ക് ഒരു  ഗവണ്‍മെന്റ് ഓഫീസും വീണ്ടും വീണ്ടും സന്ദര്‍ശിക്കേണ്ടി വന്നില്ല. ആനുകൂല്യങ്ങള്‍ക്കായി യാചിക്കേണ്ട ആവശ്യമില്ല. ആ മാനസികാവസ്ഥ ഇല്ലാതായി. ഗവണ്‍മെന്റ് ഗുണഭോക്താക്കളെ കണ്ടെത്തി, തുടര്‍ന്ന് അവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അതുകൊണ്ടാണ് ഇന്ന് മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്ന് ആളുകള്‍ പറയുന്നത്.

എന്റെ കുടുംബാംഗങ്ങളേ,

ഇതുവരെ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെടാന്‍ കഴിയാത്തവരിലേക്ക് എത്തിച്ചേരാനുള്ള മികച്ച മാധ്യമമായി വികസിത് ഭാരത് സങ്കല്‍പ് യാത്ര മാറി. തുടങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. രണ്ടോ മൂന്നോ ആഴ്ചയേ ആയിട്ടുള്ളൂ, എന്നാല്‍ ഈ യാത്ര 40,000 ഗ്രാമ പഞ്ചായത്തുകളിലും നിരവധി നഗരങ്ങളിലും എത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.25 കോടിയിലധികം ആളുകള്‍ മോദിയുടെ ഉറപ്പ് വാഹനത്തിലേക്ക് എത്തി, അതിനെ സ്വാഗതം ചെയ്യുകയും മനസ്സിലാക്കാനും ബന്ധപ്പെടാനും ശ്രമിക്കുകയും വിജയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് വലിയ കാര്യമാണ്.

ഉറപ്പിന്റെ ഈ വാഹനത്തെ ആളുകള്‍ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പിന്നെ പലയിടത്തും പരിപാടി തുടങ്ങുന്നതിനു മുന്‍പു തന്നെ പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതായും എന്നോട് പറഞ്ഞിട്ടുണ്ട്. അതായത്, ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുക, ഗ്രാമത്തെ മുന്നോട്ട് കൊണ്ടുപോകുക, കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുക, സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേടുക എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു പ്രമുഖ നേതാവില്ലാത്ത ഇത്തരമൊരു പ്രചാരണം  മുന്നോട്ട് പോകുന്നത്. എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഈ ഗാരന്റി വാഹനം എത്തുന്നതിന് മുമ്പ് ഗ്രാമവാസികള്‍ പല കാര്യങ്ങളിലും ഇടപെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മോദിയുടെ ഗ്യാരണ്ടിയുടെ വാഹനം എത്താന്‍ പോകുന്നതിനാല്‍ ചില ഗ്രാമങ്ങളില്‍ ഒരാഴ്ചയോ മറ്റോ വന്‍തോതില്‍ ശുചീകരണ കാമ്പയിന്‍ നടത്തി. അങ്ങനെ ഗ്രാമം മുഴുവന്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ചില ഗ്രാമങ്ങളില്‍, അവര്‍ രാവിലെ ഒരു മണിക്കൂര്‍ പ്രഭാതഭേരി നടത്തി, ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോയി ബോധവല്‍ക്കരണം നടത്തി. ചില സ്ഥലങ്ങളില്‍, സ്‌കൂളുകളിലെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍, വികസിത ഭാരതം എങ്ങനെയാണെന്നും ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുന്നതുവരെ എങ്ങനെ മുന്നോട്ട് പോകാമെന്നും ബോധവാനായ അധ്യാപകര്‍ സംസാരിക്കുന്നു. ഈ കുട്ടികള്‍ക്ക് 25-30 വയസ്സാകുമ്പോള്‍ അവരുടെ ഭാവി എന്തായിരിക്കും? ഈ വിഷയങ്ങളെല്ലാം ഈ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതേക്കുറിച്ച് അറിവുള്ള അധ്യാപകര്‍  നാട്ടുകാരേയും പഠിപ്പിക്കുന്നു. ഉറപ്പിന്റെ വാഹനത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ പല ഗ്രാമങ്ങളിലും മനോഹരമായ രംഗോലികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിലര്‍ നിറങ്ങള്‍ കൊണ്ട് രംഗോലി ഉണ്ടാക്കാറില്ല, ഗ്രാമത്തിലെ പൂക്കളും ഇലകളും ചെടികളും ഉണങ്ങിയ ഇലകളും ഉപയോഗിച്ചാണ് രംഗോലി ഉണ്ടാക്കുന്നത്. രംഗോലികള്‍ ഉണ്ടാക്കി, ആളുകള്‍ നല്ല മുദ്രാവാക്യങ്ങള്‍ എഴുതി, ചില സ്‌കൂളുകളില്‍ മുദ്രാവാക്യ രചനാ മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. ചില ഗ്രാമങ്ങളില്‍, ഗാരന്റിയുടെ വാഹനം എല്ലാ വീടിന്റെയും വാതില്‍പ്പടിയില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ആളുകള്‍ വൈകുന്നേരം വീടിന് പുറത്ത് വിളക്ക് കൊളുത്തി, അങ്ങനെ ഗ്രാമം മുഴുവന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അതിനാല്‍, ആളുകളില്‍ ഇത്തരമൊരു ആവേശമാണ്, വാഹനം വരാന്‍ പോകുമ്പോള്‍ ചിലര്‍ ഗ്രാമത്തിന് പുറത്തേക്ക് പോകുന്നതായി ഞാന്‍ കേട്ടു. അവര്‍ പൂജാസാമഗ്രികളായ ആരതിയുഴിയുന്ന പാത്രം, പൂക്കള്‍ എന്നിവ കൊണ്ടുവന്ന് ഗ്രാമത്തിന്റെ പ്രവേശന കവാടത്തിലേക്ക്, അതായത് ഗ്രാമത്തിന് പുറത്തുള്ള നാക എന്ന വൃക്ഷത്തിലേക്ക് പോകുന്നു. അവിടെ ചെന്ന് മുദ്രാവാക്യം വിളിച്ച് വാഹനത്തെ സ്വാഗതം ചെയ്ത് അകത്തേക്ക് കൊണ്ടുപോകുന്നു.ഇത്് ഗ്രാമം മുഴുവന്‍ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യെ സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ പഞ്ചായത്തുകള്‍ എല്ലാ ഗ്രാമങ്ങളിലും നല്ല സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഗ്രാമത്തിലെ എല്ലാ മുതിര്‍ന്നവരെയും, സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും സ്വാഗതസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം സ്വാഗതസംഘം ഭാരവാഹികള്‍ അതിനെ വരവേല്‍ക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ വാഹനത്തിന്റെ വരവ് - തീയതിയും സമയവും - ഒന്നോ രണ്ടോ ദിവസം മുമ്പ് ഗ്രാമങ്ങളോട് പറയണമെന്ന് ഞാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ അതിനെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞാല്‍ ഗ്രാമവാസികള്‍ വളരെ ആവേശഭരിതരാകുകയും അവര്‍ക്ക് മികച്ച തയ്യാറെടുപ്പുകള്‍ നടത്താനാവുകയും ചെയ്യും. ഈ വാഹനം എവിടേക്കാണ് പോകുന്നതെന്ന് അടുത്തുള്ള ഗ്രാമങ്ങളോടും നിങ്ങള്‍ക്ക് പറയാനാകും, എന്നാല്‍ രണ്ടോ നാലോ കിലോമീറ്ററിനുള്ളില്‍ ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും ഉണ്ട്. അവര്‍ക്ക് വരാം. കൂടാതെ സ്‌കൂള്‍ കുട്ടികളെയും പ്രായമായവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ സെല്‍ഫി പോയിന്റുകള്‍ സൃഷ്ടിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആളുകള്‍ നിരവധി സെല്‍ഫികള്‍ എടുക്കുന്നു, ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും സെല്‍ഫി എടുക്കുകയും ഈ സെല്‍ഫികള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ആളുകള്‍ വളരെ സന്തുഷ്ടരാണെന്ന് എനിക്ക് കാണാന്‍ കഴിയും. ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുമ്പോള്‍ ജനങ്ങളുടെ ആവേശം കൂടിക്കൂടി വരുന്നതിനാല്‍ ഞാന്‍ സംതൃപ്തനാണ്.

ഒഡീഷയിലെ വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ പരമ്പരാഗത ഗോത്ര നൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. അത്തരം അത്ഭുതകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ സ്വാഗതം ചെയ്യുന്നത്. വെസ്റ്റ് ഖാസി കുന്നില്‍ നിന്നുള്ള ചിലര്‍ അതിന്റെ ഫോട്ടോകളും വീഡിയോകളും എനിക്ക് അയച്ചുതന്നു. വെസ്റ്റ് ഖാസി ഹില്ലിലെ രാംബ്രായിയില്‍ നടന്ന പരിപാടിയില്‍ നാട്ടുകാര്‍ മനോഹരമായ നൃത്തങ്ങള്‍ അവതരിപ്പിക്കുകയും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ആന്‍ഡമാനും ലക്ഷദ്വീപും വിദൂരമായി സ്ഥിതി ചെയ്യുന്നു. അത്തരം സ്ഥലങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. പക്ഷേ, അവിടെയുള്ളവര്‍ ഇത്തരം ഗംഭീര പരിപാടികള്‍ സംഘടിപ്പിക്കുകയും വളരെ ഭംഗിയോടെ നടത്തുകയും ചെയ്യുന്നു. മഞ്ഞുമൂടിയ കാര്‍ഗിലില്‍ പോലും സ്വാഗത പരിപാടിക്ക് ഒരു കുറവും ഇല്ലെന്ന് തോന്നുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ 4000-4500 ആളുകള്‍ വളരെ ചെറിയ ഗ്രാമത്തില്‍ ഒത്തുകൂടിയതായി എന്നോട് പറഞ്ഞു. ഇത്തരം എണ്ണമറ്റ ഉദാഹരണങ്ങള്‍ ദിനംപ്രതി കണ്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ കാണുകയും സോഷ്യല്‍ മീഡിയ മുഴുവന്‍ ഇത് കൊണ്ട് നിറയുകയും ചെയ്യുന്നു.

ഞാന്‍ പറയും, ഒരുപക്ഷെ എല്ലാ ജോലികളെക്കുറിച്ചും നടക്കുന്ന എല്ലാ തയ്യാറെടുപ്പുകളെക്കുറിച്ചും എനിക്ക് പൂര്‍ണ്ണമായി അറിയില്ലായിരിക്കാം. ആളുകള്‍ വ്യത്യസ്തമായ മാനങ്ങളില്‍ പുതിയ നിറങ്ങളും പുതിയ ആവേശവും ചേര്‍ത്തു. ഒരുപക്ഷെ ഈ പ്രവര്‍ത്തനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാല്‍ മതിയെന്ന് ഞാന്‍ കരുതുന്നു, വാഹനം എത്തുമ്പോഴെല്ലാം ആളുകള്‍ക്ക് സ്വീകരണമൊരുക്കാന്‍ ഈ ലിസ്റ്റ് ഉപയോഗപ്രദമാകും. ജനങ്ങളുടെ ഈ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും അവര്‍ക്ക് ഉപയോഗപ്രദമാകണം. അതുകൊണ്ട് തന്നെ ഇതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവര്‍ക്ക് അയച്ചുകൊടുത്താല്‍ ഗ്രാമങ്ങളില്‍ ആവേശം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. അതിനാല്‍ ഉറപ്പിന്റെ ഈ വാഹനം എത്താന്‍ പോകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഇത് സഹായകമാകും. എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും, എന്തുചെയ്യണമെന്ന് അറിയാത്തവര്‍ക്ക് ഇതിലൂടെ ചില ആശയങ്ങള്‍ ലഭിക്കും.


സുഹൃത്തുക്കളേ,

മോദിയുടെ ഉറപ്പിന്റെ വാഹനം എത്തുമ്പോള്‍ ഗ്രാമത്തിലെ ഓരോ വ്യക്തിയും ആ വാഹനത്തില്‍ എത്തിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിക്കുന്നു. ഒരാള്‍ ഒരു മണിക്കൂര്‍ ഫീല്‍ഡ് ജോലി ഉപേക്ഷിക്കണം. കുട്ടികളെയും പ്രായമായവരെയും ഉള്‍പ്പെടെ എല്ലാവരേയും അതിലേക്ക് കൊണ്ടുപോകണം, കാരണം നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇത് സംഭവിക്കുമ്പോള്‍ മാത്രമേ നമുക്ക് ഓരോ ഗുണഭോക്താവിലേക്കും എത്തിച്ചേരാനാകൂ, അപ്പോള്‍ മാത്രമേ 100 ശതമാനം സമ്പൂര്‍ണത എന്ന പ്രമേയം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. ഞങ്ങളുടെ പ്രയത്‌നത്തിന്റെ ഫലം എല്ലാ ഗ്രാമങ്ങളിലും ദൃശ്യമാണ്. മോദി ഗ്യാരന്റി ബാന്‍ഡ്വാഗണില്‍ എത്തിയതിന് ശേഷം, ഉജ്ജ്വല സ്‌കീമിന് കീഴില്‍ ഒരു ലക്ഷത്തോളം പുതിയ ഗുണഭോക്താക്കള്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നേടുകയും അതിനായി അപേക്ഷിക്കുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലുള്ള ചില ഗ്രാമങ്ങളുണ്ട്; ബീഹാറില്‍ നിന്നുള്ള പ്രിയങ്ക പറഞ്ഞു, ഇത് എന്റെ ഗ്രാമത്തിലെ എല്ലാവരിലും എത്തിയിട്ടുണ്ട്, പക്ഷേ ഒന്നോ രണ്ടോ ആളുകള്‍ മാത്രം അവശേഷിക്കുന്ന ചില ഗ്രാമങ്ങളുണ്ട്. അതുകൊണ്ട് ഈ വാഹനം എത്തുമ്പോള്‍ അവരും അന്വേഷിച്ച് അവര്‍ക്ക് കൊടുക്കുന്നു. ഈ സന്ദര്‍ശന വേളയില്‍ 35 ലക്ഷത്തിലധികം ആയുഷ്മാന്‍ കാര്‍ഡുകളും സ്ഥലത്തു തന്നെ വിതരണം ചെയ്തിട്ടുണ്ട്. ആയുഷ്മാന്‍ കാര്‍ഡ് കൊണ്ട് അര്‍ത്ഥമാക്കുന്നത്, അത്, ഏതൊരു രോഗിക്കും മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള ഒരു വലിയ അവസരത്തിന്റെ ഗ്യാരണ്ടിയായി മാറുന്നു എന്നതാണ്. ഗ്യാരണ്ടിയുടെ വാഹനം ലഭ്യമായതിന് ശേഷം ലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ആരോഗ്യ പരിശോധന നടത്തുന്നു. അതോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിനാല്‍, ഡോക്ടര്‍മാര്‍ ഗ്രാമത്തിലേക്ക് വരുന്നു, മെഷീനുകള്‍ അവിടെ കൊണ്ടുപോകുന്നു, അങ്ങനെ എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്തുന്നു. ശരീരം പരിശോധിക്കുമ്പോഴാണ് എന്തെങ്കിലും അസുഖമുണ്ടെന്ന് അറിയുന്നത്. ഇതും ഒരു മഹത്തായ സേവന പ്രവര്‍ത്തനമാണെന്ന് ഞാന്‍ കരുതുന്നു; അത് സംതൃപ്തി നല്‍കുന്നു. നേരത്തെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ എന്നറിയപ്പെട്ടിരുന്ന ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളിലേക്കാണ് ഇപ്പോള്‍ ധാരാളം ആളുകള്‍ പോകുന്നത്. ഇപ്പോള്‍ ആളുകള്‍ അവയെ ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ എന്ന് വിളിക്കുന്നു, കൂടാതെ അവിടെ വിവിധ തരത്തിലുള്ള പരിശോധനകള്‍ അവിടെ നടത്തുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

കേന്ദ്ര ഗവണ്‍മെന്റും രാജ്യത്തെ ജനങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ട്, വൈകാരിക ബന്ധമുണ്ട്, നിങ്ങള്‍ എന്റെ കുടുംബാംഗങ്ങളാണെന്ന് ഞാന്‍ പറയുമ്പോള്‍, ഇത് എന്റെ കുടുംബാംഗങ്ങളിലേക്കെത്താനുള്ള നിങ്ങളുടെ ദാസന്റെ എളിയ ശ്രമമാണ്. ഈ വാഹനത്തിലാണ് ഞാന്‍ നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നത്. എന്തുകൊണ്ട്? അങ്ങനെ നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഞാന്‍ നിങ്ങളുടെ കൂട്ടാളിയാകും; നിങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കാനും ആ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ മുഴുവന്‍ സര്‍ക്കാരിന്റെയും അധികാരം ഉപയോഗിക്കാനും. നമ്മുടെ ഗവണ്‍മെന്റ് ഒരു 'മൈ-ബാപ്' (സ്വേച്ഛാധിപത്യ) ഗവണ്‍മെന്റല്ല, മറിച്ച് നമ്മുടെ ഗവണ്‍മെന്റ് അമ്മമാരുടെ-അച്ഛന്മാരുടെ സേവക സര്‍ക്കാരാണ്. ഒരു കുട്ടി മാതാപിതാക്കളെ സേവിക്കുന്നതുപോലെ, ഈ മോദി നിങ്ങളെയും അതുപോലെ സേവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, മുമ്പ് സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ട, ദരിദ്രര്‍, നിരാലംബര്‍ തുടങ്ങി അവഗണിക്കപ്പെട്ട എല്ലാ ആളുകളും എന്റെ മുന്‍ഗണനകളാണ്. മോദി അവരെ ആദ്യം പരിഗണിക്കുക മാത്രമല്ല, അവരെ ആരാധിക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തെ എല്ലാ പാവപ്പെട്ടവനും ഒരു വിഐപിയാണ്. നാട്ടിലെ ഓരോ അമ്മയും പെങ്ങളും മകളും എനിക്ക് വിഐപികളാണ്. രാജ്യത്തെ ഓരോ കര്‍ഷകനും എനിക്ക് വിഐപികളാണ്. രാജ്യത്തെ എല്ലാ ചെറുപ്പക്കാരും എനിക്ക് വിഐപികളാണ്.

എന്റെ കുടുംബാംഗങ്ങളേ,

രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മോദിയുടെ ഉറപ്പിന് കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മോദിയുടെ ഉറപ്പിനെ ഇത്രയധികം വിശ്വസിച്ച എല്ലാ വോട്ടര്‍മാരോടും ഞാന്‍ നന്ദിയുള്ളവനാണ്.

എന്നാല്‍ സുഹൃത്തുക്കളെ,

നമുക്കെതിരെ നില്‍ക്കുന്നവരെ എന്തുകൊണ്ട് രാജ്യം വിശ്വസിക്കുന്നില്ല എന്നതും ചോദ്യമാണ്. സത്യത്തില്‍ തെറ്റായ പ്രഖ്യാപനങ്ങള്‍ നടത്തി ഒന്നും നേടാനാവില്ലെന്ന ലളിതമായ സത്യം മനസ്സിലാക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നത് സോഷ്യല്‍ മീഡിയയിലല്ല, ജനങ്ങളുടെ ഇടയില്‍ പോയി സന്നിഹിതരായതുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് മുമ്പ് ജനങ്ങളുടെ ഹൃദയം കീഴടക്കണം. പൊതു മനസാക്ഷിയെ വിലകുറച്ച് കാണുന്നത് ശരിയല്ല. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്ക് പകരം സേവന മനോഭാവത്തെ പരമോന്നതമായി കണക്കാക്കുകയും സേവന മനോഭാവം തങ്ങളുടെ ജോലിയായി കണക്കാക്കുകയും ചെയ്തിരുന്നെങ്കില്‍, രാജ്യത്തെ ഒരു വലിയ ജനവിഭാഗം ദാരിദ്ര്യത്തിലും പ്രശ്നങ്ങളിലും കഷ്ടപ്പാടുകളിലും കഴിയുമായിരുന്നില്ല. പതിറ്റാണ്ടുകളോളം ഗവണ്‍മെന്റുകള്‍ ഭരിച്ചവര്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് മോദി നല്‍കുന്ന ഉറപ്പുകള്‍ 50 വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു.


എന്റെ കുടുംബാംഗങ്ങളേ,

വികസിത് ഭാരത് സങ്കല്‍പ് യാത്ര നടക്കുകയാണ്. ഈ പ്രചാരണത്തിലും നമ്മുടെ സ്ത്രീകള്‍ വന്‍തോതില്‍ അണിനിരക്കുന്നു; ഞങ്ങളുടെ അമ്മമാരും സഹോദരിമാരും പങ്കെടുക്കുന്നു. മോദിയുടെ ഗ്യാരന്റി വാഹനത്തിനൊപ്പം ഫോട്ടോ എടുക്കാനും ഇവര്‍ക്കിടയില്‍ മത്സരമുണ്ട്. നോക്കൂ, പാവപ്പെട്ടവര്‍ക്കായി 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു. നമ്മുടെ രാജ്യത്ത് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 4 കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ, ഈ വീടുകളുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ് എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. അതായത് ഒരു വില്ലേജില്‍ 10 വീടുകള്‍ പണിതാല്‍ അതില്‍ 7 എണ്ണം നേരത്തെ സ്വത്ത് ഇല്ലാത്ത അമ്മമാരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത പക്കാ വീടുകളാണ്. ഇന്ന് മുദ്ര വായ്പയുടെ 10 ഗുണഭോക്താക്കളില്‍ 7 പേര്‍ സ്ത്രീകളാണ്. ചിലര്‍ കടകള്‍ തുറന്നു; ചിലര്‍ ടെയ്ലറിംഗും എംബ്രോയ്ഡറിയും തുടങ്ങി; ചിലര്‍ സലൂണുകളും പാര്‍ലറുകളും അത്തരം നിരവധി ബിസിനസ്സുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ന്, രാജ്യത്തെ 10 കോടി സഹോദരിമാര്‍ എല്ലാ ഗ്രാമങ്ങളിലും സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രൂപ്പുകള്‍ സഹോദരിമാര്‍ക്ക് അധിക സമ്പാദ്യത്തിനുള്ള മാര്‍ഗം നല്‍കുകയും അവര്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.

സ്ത്രീകളുടെ നൈപുണ്യ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഞാന്‍ ഒരു പ്രമേയം എടുത്തിട്ടുണ്ട്, ജീവിതത്തിലുടനീളം എണ്ണമറ്റ രക്ഷാബന്ധനങ്ങള്‍ ആചരിച്ചുകൊണ്ട് പോലും ഒരു സഹോദരനും അത്തരമൊരു പ്രമേയം എടുക്കാന്‍ കഴിയില്ല. മോദി തീരുമാനിച്ചു- ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി എന്റെ സഹോദരിമാരെ 'ലക്ഷാ്പതി ദീദി' ആക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, അ 'ഞാനൊരു ലക്ഷാപതി ദീദിയാണ്. എന്റെ വരുമാനം ഒരു ലക്ഷം രൂപയിലധികമാണ്'  എന്ന് അവര്‍ക്ക് അഭിമാനത്തോടെ പറയാനും നില്‍ക്കാനും കഴിയണം.. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, 'നമോ ഡ്രോണ്‍ ദീദി' അല്ലെങ്കില്‍ 'നമോ ദീദി' എന്ന ഒരു പദ്ധതി ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു. ഞാന്‍ ഇപ്പോള്‍ ഈ സഹോദരിമാരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ ശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു.

ഈ കാമ്പെയ്നിലൂടെ, തുടക്കത്തില്‍ ഞങ്ങള്‍ 15,000 സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ പരിശീലിപ്പിക്കുകയും അവരെ 'നമോ ഡ്രോണ്‍ ദീദി' ആക്കി മാറ്റുകയും തുടര്‍ന്ന് അവര്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ചെയ്യും. ഗ്രാമങ്ങളില്‍, കീടനാശിനികള്‍ തളിക്കുക, വളം തളിക്കുക, അല്ലെങ്കില്‍ വിളകളുടെ മേല്‍നോട്ടം അല്ലെങ്കില്‍ ജലവിതരണം തുടങ്ങിയ ജോലികള്‍ ഡ്രോണുകളുടെ സഹായത്തോടെ ചെയ്യാം. ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതു പോലെയാണിത്. ഗ്രാമങ്ങളില്‍ താമസിക്കുന്ന നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഡ്രോണുകള്‍ പറത്തുന്നതില്‍ പരിശീലനം നല്‍കും. ഈ പരിശീലനത്തിന് ശേഷം, സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും 'നമോ ഡ്രോണ്‍ ദീദി' എന്ന ഐഡന്റിറ്റി ലഭിക്കും, ഇതിനെ സാധാരണ ഭാഷയില്‍ 'നമോ ദീദി' എന്നും വിളിക്കുന്നു. 'നമോ ദീദി' എന്നത് ഒരു നല്ല കാര്യമാണ്, കാരണം ഓരോ ഗ്രാമത്തിലും ആളുകള്‍ സഹോദരിമാരെ സല്യൂട്ട് ചെയ്യാന്‍ തുടങ്ങും. ഈ 'നമോ ദീദി' രാജ്യത്തെ കാര്‍ഷിക സമ്പ്രദായത്തെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുക മാത്രമല്ല, ഈ സ്ത്രീകള്‍ക്ക് അധിക വരുമാന മാര്‍ഗ്ഗവും ലഭിക്കും. തല്‍ഫലമായി, കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാകും. നമ്മുടെ കൃഷി ശാസ്ത്രീയവും ആധുനികവും സാങ്കേതികവും അമ്മമാരും സഹോദരിമാരും ചെയ്യുമ്പോള്‍ അത് എല്ലാവരും സ്വീകരിക്കും.

എന്റെ കുടുംബാംഗങ്ങളേ,

അത് സ്ത്രീ ശക്തിയോ യുവശക്തിയോ കര്‍ഷകരോ നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാരോ ആകട്ടെ, വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കുള്ള അവരുടെ പിന്തുണ അതിശയകരമാണ്. ഈ യാത്രയ്ക്കിടയില്‍ സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന നമ്മുടെ ഒരു ലക്ഷത്തിലധികം യുവതാരങ്ങള്‍ക്ക് അവാര്‍ഡും ബഹുമതിയും ലഭിച്ചു എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. കായികലോകത്ത് മുന്നേറാന്‍ യുവതാരങ്ങള്‍ക്ക് ഇത് വലിയ പ്രോത്സാഹനമാകും. ആളുകള്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിരിക്കണം. അതുപോലെ, ഓരോ ഗ്രാമത്തിലും യുവാക്കള്‍ 'എന്റെ ഭാരത് കെ സന്നദ്ധപ്രവര്‍ത്തകര്‍' ആയി മാറുകയാണ്. നമ്മുടെ മക്കളും പെണ്‍മക്കളും 'മൈ ഭാരത് വളണ്ടിയര്‍' എന്ന പേരില്‍ ഈ കാമ്പെയ്നില്‍ ചേരുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നതിന്റെ ആവേശം, അവരുടെ ശക്തി ഭാവിയില്‍ ഗ്രാമത്തിന്റെയും രാജ്യത്തിന്റെയും പരിവര്‍ത്തനത്തിന് വളരെ ഉപയോഗപ്രദമാകും. അത് ഭാരതത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. ഈ വോളന്റിയര്‍മാര്‍ക്കെല്ലാം ഞാന്‍ രണ്ട് ജോലികള്‍ നല്‍കും. മൈ ഭാരതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ നമോ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. അതിലൊരു പുതിയ കാര്യം കൂടി ചേര്‍ത്തിരിക്കുന്നു, അത് 'വിക്ഷിത് ഭാരത് അംബാസഡര്‍' ആകാനുള്ള അവസരമാണ്. 'വിക്ഷിത് ഭാരത് അംബാസഡര്‍' ആയി സ്വയം രജിസ്റ്റര്‍ ചെയ്യുക. 'വിക്ഷിത് ഭാരത് അംബാസഡര്‍ എന്ന നിലയില്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് അതില്‍ പറഞ്ഞിരിക്കുന്നതെന്തും ചെയ്യുക. ഈ ടാസ്‌ക്കിലേക്ക് എല്ലാ ദിവസവും 10 പുതിയ ആളുകളെ ചേര്‍ക്കുകയും അതിനെ ഒരു പ്രസ്ഥാനമായി വികസിപ്പിക്കുകയും ചെയ്യുക. മഹാത്മാഗാന്ധിയുടെ കാലത്ത് സത്യാഗ്രഹത്തില്‍ പങ്കെടുത്തവരെപ്പോലെയാണ് ഞങ്ങളും. എന്നിരുന്നാലും, വികസിത ഭാരത് അംബാസഡര്‍മാരായി വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ടീമിനെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്.


രണ്ടാമതായി, ഭാരതം വികസിച്ചാലും എന്റെ യുവതലമുറ ഇപ്പോഴും ദുര്‍ബലമായി തുടരുന്നു. അവര്‍ പകല്‍ മുഴുവന്‍ ടിവിയുടെ മുന്നില്‍ ഇരുന്ന്, ദിവസം മുഴുവന്‍ മൊബൈല്‍ ഫോണിലേക്ക് നോക്കുന്നു, കൈയും കാലും പോലും അനക്കുന്നില്ല. അങ്ങനെ, രാജ്യം അഭിവൃദ്ധിയിലേക്ക് നീങ്ങുമ്പോള്‍, എന്റെ യുവത്വം ശാക്തീകരിക്കപ്പെടാത്തപ്പോള്‍, രാജ്യം എങ്ങനെ പുരോഗമിക്കും? അത് എങ്ങനെ ഉപയോഗപ്രദമാകും? അതിനാല്‍, എനിക്ക് നിങ്ങളോട് മറ്റൊരു അഭ്യര്‍ത്ഥനയുണ്ട്. നമോ ആപ്പിലെ 'വികസിത് ഭാരത് അംബാസഡറുടെ' പ്രവര്‍ത്തനം പോലെ, ഗ്രാമങ്ങളിലും ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം. എന്റെ രാജ്യത്തെ പുത്രന്മാരോടും പെണ്‍മക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, അവര്‍ ശാരീരികമായി ശക്തരായിരിക്കണം, ദുര്‍ബലരായിരിക്കരുത്. ഉദാഹരണത്തിന്, രണ്ടോ നാലോ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അവര്‍ ബസ്സോ ടാക്‌സിയോ അന്വേഷിക്കരുത്. അവര്‍ക്ക് നടക്കാന്‍ കഴിയണം. എല്ലാത്തിനുമുപരി, നമുക്ക് ധൈര്യമുള്ളവരെ വേണം!

'എന്റെ യുവഭാരത'ത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ അത് മുന്നോട്ട് കൊണ്ടുപോകണം, ഫിറ്റ് ഇന്ത്യയുടെ കാര്യത്തില്‍ ഞാന്‍ നിങ്ങളോട് നാല് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഈ നാല് കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കുക. ഈ കാര്യങ്ങള്‍ തീര്‍ച്ചയായും പിന്തുടരുക. ആദ്യം, നിങ്ങള്‍ കഴിയുന്നത്ര വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരാള്‍ ദിവസം മുഴുവന്‍ പല പ്രാവശ്യം കുറച്ച് വെള്ളം കുടിക്കണം. ഇത് ശരീരത്തിന് വളരെ പ്രധാനമാണ്. ഫിറ്റ് ഇന്ത്യയ്ക്കുവേണ്ടി എന്റെ യുവജനങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥനയാണിത്. രണ്ടാമത്തേത് പോഷകാഹാരമാണ്; നമ്മുടെ ചെറുധാന്യങ്ങള്‍ അപാരമായ പോഷണവും ശക്തിയും നല്‍കുന്നു. തിന കഴിക്കുന്നത് നമുക്ക് ശീലമാക്കാം. ആദ്യം - വെള്ളം, രണ്ടാമത്തേത് - പോഷകാഹാരം, മൂന്നാമത് - ഗുസ്തി. ഗുസ്തി എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് കുറച്ച് വ്യായാമം ചെയ്യുക, വ്യായാമം ചെയ്യുക, ഓടുക; ഏതെങ്കിലും കായിക ഇനം ചെയ്യുക, മരത്തില്‍ തൂങ്ങിക്കിടക്കുക തുടങ്ങിയവ. നാലാമത്തേത് - മതിയായ ഉറക്കം. മതിയായ ഉറക്കം ശരീരത്തിന് വളരെ പ്രധാനമാണ്. ഫിറ്റ് ഇന്ത്യയ്ക്കായി ഈ നാല് കാര്യങ്ങള്‍ ഓരോ ഗ്രാമത്തിലും ചെയ്യാവുന്നതാണ്. ഇതിനായി ഗ്രാമത്തില്‍ പുതിയ സംവിധാനങ്ങളൊന്നും ആവശ്യമില്ല. നോക്കൂ, ആരോഗ്യമുള്ള ശരീരത്തിനായി നമുക്ക് ചുറ്റും ധാരാളം കാര്യങ്ങളുണ്ട്. നാം അത് പ്രയോജനപ്പെടുത്തണം. ഈ നാല് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ യുവത്വം ആരോഗ്യമുള്ളതായിരിക്കും, നമ്മുടെ യുവത്വം ആരോഗ്യകരമാവുകയും ഭാരതം വികസിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരം ഈ ചെറുപ്പക്കാര്‍ക്ക് ലഭിക്കും. അതിനാല്‍ ഇത് തയ്യാറാക്കുന്നതും പ്രധാനമാണ്.

വികസിത ഭാരതത്തിന് പണം മാത്രമല്ല ഉള്ളത്. വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഇന്ന് ഞാന്‍ ഒരു ടാസ്‌ക് സൂചിപ്പിച്ചു, അതാണ് 'ഫിറ്റ് ഇന്ത്യ'. എന്റെ ചെറുപ്പവും പുത്രന്മാരും പുത്രിമാരും ആരോഗ്യമുള്ളവരായിരിക്കണം. ഒരു യുദ്ധത്തിലും പോയി പോരാടേണ്ടതില്ല, എന്നാല്‍ ഏത് രോഗത്തെയും ചെറുക്കാനുള്ള മുഴുവന്‍ ശക്തിയും നമുക്കുണ്ടാകണം. രണ്ടോ നാലോ മണിക്കൂര്‍ കൂടി ജോലി ചെയ്യേണ്ടി വന്നാല്‍ പോലും ചില നല്ല ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള പൂര്‍ണ്ണ ശക്തി നിങ്ങള്‍ക്കുണ്ടായിരിക്കണം.

എന്റെ കുടുംബാംഗങ്ങളേ,

ഈ 'സങ്കല്‍പ യാത്ര'യില്‍ നമ്മള്‍ എടുക്കുന്ന പ്രമേയങ്ങള്‍ വെറും ചില വാചകങ്ങളല്ല. മറിച്ച്, ഇവ നമ്മുടെ ജീവിത മന്ത്രങ്ങളായി മാറണം. സര്‍ക്കാര്‍ ജീവനക്കാരോ, ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ, സാധാരണ പൗരന്മാരോ ആകട്ടെ, നാമെല്ലാവരും തികഞ്ഞ ഭക്തിയോടെ ഒന്നിക്കണം. എല്ലാവരുടെയും പരിശ്രമം ഉണ്ടാകണം, എങ്കില്‍ മാത്രമേ ഭാരതം വികസിക്കുകയുള്ളൂ. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കണം; നമ്മള്‍ ഒരുമിച്ച് പ്രയത്‌നിക്കണം. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബാംഗങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതിനാല്‍ എനിക്ക് ശരിക്കും സന്തോഷം തോന്നി. ഈ പ്രോഗ്രാം വളരെ മനോഹരമാണ്, വളരെ വിസ്മയിപ്പിക്കുന്നതാണ്, യാത്രയ്ക്കിടയില്‍ സമയം കിട്ടിയാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നിങ്ങളോടൊപ്പം ചേരാന്‍ എനിക്ക് തോന്നുന്നു. അടുത്തതായി യാത്ര നടക്കുന്ന ഗ്രാമത്തിലെ ആളുകളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നന്ദി!

--NS--



(Release ID: 1985775) Visitor Counter : 57