പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
01 NOV 2023 8:57PM by PIB Thiruvananthpuram
സുഹൃത്തുക്കളേ,
നിങ്ങളെയെല്ലാം കാണാനും നിങ്ങളുമായി ഇടപഴകാനും നിങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാനുമുള്ള അവസരങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. ഓരോ തവണയും നിങ്ങള്‍ ഇവിടെ ഒരു പുതിയ ഉത്സാഹത്തോടെയും ആവേശത്തോടെയും വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് തന്നെ ഒരു വലിയ പ്രചോദനമാണ്. ഒന്നാമതായി, ഞാന്‍ നിങ്ങള്‍ക്കൊപ്പമുള്ളത് നിങ്ങളെ ഏവരേയും അഭിനന്ദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനായി മാത്രമാണ്. നിങ്ങളെല്ലാവരും ഭാരതത്തിന് പുറത്ത് ചൈനയില്‍ മത്സരിക്കുകയായിരുന്നു, എന്നാല്‍ ഒരു പക്ഷേ ഞാനും നിങ്ങളോടൊപ്പമുണ്ടായിരുന്നു വെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കില്ല. നിങ്ങളുടെ ഓരോ പ്രവൃത്തിയുടേയും പ്രയത്നങ്ങളുടേയും ആത്മവിശ്വാസത്തിന്റേയും നിമിഷങ്ങള്‍ക്കൊപ്പം ഇവിടെ ഞാന്‍ ജീവിക്കുകയായിരുന്നു. നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ച രീതി യഥാര്‍ത്ഥത്തില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധമാണ്. അതിനു നിങ്ങളെയും പരിശീലകരെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ചാല്‍ മാത്രം പോരാ. ഈ ചരിത്ര വിജയം നേടിയതിന് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി, ഞാന്‍ നിങ്ങളെ എല്ലാവരേയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
കായിക രംഗം എപ്പോഴും അങ്ങേയറ്റം മത്സരാധിഷ്ഠിതമാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയാം. പരസ്പരം എല്ലാ ഗെയിമുകളിലും മത്സരിക്കുന്ന നിങ്ങള്‍ കടുത്ത പോരാട്ടം കാഴ്ചവെക്കുന്നു. പക്ഷേ നിങ്ങളുടെ ഉള്ളിലും ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ എല്ലാ ദിവസവും നിങ്ങളോട് തന്നെ മത്സരിക്കുന്നു. നിങ്ങള്‍ സ്വയം പോരാടണം, പോരാട്ടങ്ങളെ അഭിമുഖീകരിക്കണം, വീണ്ടും വീണ്ടും സ്വയം സംസാരിക്കണം. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം, എന്നാല്‍ നിങ്ങളുടെ ഉള്ളിലെ എന്തോ ഒന്ന് നിങ്ങളെ നയിക്കുകയും ഒരു ഊര്‍ജത്തോടെ നിങ്ങളെ ഉണര്‍ത്തുകയും നിങ്ങളില്‍ ചടുലത നിറയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് പരിശീലനം നടത്താന്‍ താല്‍പ്പര്യമില്ലെങ്കിലും, നിങ്ങള്‍ അത് ചെയ്യുന്നു, പരിശീലന കേന്ദ്രത്തില്‍ നിന്ന് എല്ലാവരും വീട്ടിലേക്ക് മടങ്ങിയാലും, ചിലപ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് മണിക്കൂറുകള്‍ അധികം കഠിനാധ്വാനം ചെയ്ത് വിയര്‍പ്പൊഴുക്കേണ്ടി വരാറുണ്ട്. അവര്‍ പറയുന്നതുപോലെ, ശുദ്ധമായ സ്വര്‍ണ്ണം തീജ്വാലയെ ഭയപ്പെടുന്നില്ല. അതുപോലെ തിളങ്ങാന്‍ നിങ്ങളെല്ലാവരും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഈ ഗെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിങ്ങളില്‍, ചിലര്‍ വിജയിച്ച് മടങ്ങി, ചിലര്‍ അവിടെ നിന്ന് പഠിച്ച് മടങ്ങി. നിങ്ങളില്‍ ഒരാള്‍ പോലും ഒന്നും നഷ്ടപ്പെട്ട് തിരിച്ചു വന്നിട്ടില്ല. എനിക്ക് വളരെ ലളിതമായ ഒരു നിര്‍വചനമുണ്ട്. ഏതൊരു ഗെയിമിനും രണ്ട് ഫലങ്ങളേ ഉള്ളൂ - ജയിക്കലും പഠിക്കലും. തോല്‍വിയോ പരാജയപ്പെടലോ ഇല്ല. നിങ്ങളോടെല്ലാം സംസാരിച്ചപ്പോള്‍ ചിലര്‍ പറഞ്ഞിരുന്നു ഇത്തവണ തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന്. സാരമില്ല, അടുത്ത തവണ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാം. അതായത് ഒരാള്‍ പഠിച്ച് മടങ്ങിവരുമ്പോള്‍ പുതിയൊരു ബോധ്യത്തോടെയാണ് തിരിച്ചുവരുന്നത്. ഈ ഗെയിമില്‍ പങ്കെടുത്ത നിരവധി പേരുണ്ട്; ചിലര്‍ ആദ്യമായി പങ്കെടുത്തിരിക്കാം. എന്നാല്‍ 140 കോടി രാജ്യക്കാരില്‍ നിന്ന് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതു തന്നെ ഒരു വിജയമാണ്.
നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നിങ്ങള്‍ ശക്തരായത്. നിങ്ങളുടെ മത്സരഫലത്തെ കേവലം സ്ഥിതിവിവരക്കണക്കായല്ല കാണേണ്ടത്, മറിച്ച് അത് ഓരോ രാജ്യക്കാരനും അഭിമാനമാണ്. രാജ്യത്ത് ഒരു പുതിയ ആത്മവിശ്വാസം നിറയുന്നു. നിങ്ങള്‍ മുമ്പത്തെ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, ചില മേഖലകളില്‍ നിങ്ങള്‍ ആ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിനും അപ്പുറത്തേക്ക് പോയി. അതായത് അടുത്ത രണ്ട്-മൂന്ന് ഗെയിമുകളില്‍ ചിലര്‍ക്ക് ആ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞേക്കില്ല. അതാണ് നിങ്ങള്‍ സൃഷ്ടിച്ച സാഹചര്യം! നിങ്ങള്‍ 111 മെഡലുകളുമായാണ് നാട്ടിലേക്ക് മടങ്ങിയത് - 111! ഇതൊരു ചെറിയ കണക്കല്ല. രാഷ്ട്രീയത്തില്‍ പുതുതായി വന്നതും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും ഇപ്പോഴും ഓര്‍ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 12 സീറ്റുകളില്‍ മത്സരിക്കുകയും ഗുജറാത്തില്‍ 12ല്‍ 12 എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ, ഞങ്ങള്‍ വിജയിച്ചതിന് ശേഷം ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി, അത് എന്നെ അത്ഭുതപ്പെടുത്തി. അന്ന് അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഞങ്ങളുടെ നേതാവ്. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് എന്നോട് ചോദിച്ചു, 'പന്ത്രണ്ടില്‍ പന്ത്രണ്ടും ജയിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?' അദ്ദേഹം പറഞ്ഞു, രാജ്യത്താകെ 12 സീറ്റുകള്‍ പോലും നേടാനാകാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്ത് മാത്രം നിങ്ങള്‍ക്ക് പന്ത്രണ്ട് സീറ്റുകള്‍ ലഭിച്ചു. പന്ത്രണ്ട് സീറ്റ് നേടിയിട്ടും അടല്‍ജി പറയുന്നതുവരെ ആ തിരിച്ചറിവ് എനിക്കുണ്ടായില്ല. അതുകൊണ്ട് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇത് പറയട്ടെ. ഈ 111 വിജയങ്ങള്‍ വെറുമൊരു സംഖ്യയല്ല. 140 കോടി സ്വപ്നങ്ങളാണിവ. 2014-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഭാരതം നേടിയ മെഡലുകളുടെ എണ്ണത്തേക്കാള്‍ 3 മടങ്ങ് കൂടുതലാണിത്. 2014-നെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതല്‍ സ്വര്‍ണമാണ് ഇത്തവണ ലഭിച്ചത്. 2014-ല്‍ മൊത്തത്തിലുള്ള പ്രകടനത്തില്‍ 15-ാം സ്ഥാനത്തായിരുന്നു, എന്നാല്‍ ഇത്തവണ നിങ്ങളെല്ലാവരും ചേര്‍ന്ന് രാജ്യത്തെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്ത് പത്താം സ്ഥാനത്തായിരുന്ന രാജ്യം അഞ്ചാം സ്ഥാനത്തെത്തി. ഇന്ന് നിങ്ങള്‍ പത്താം സ്ഥാനത്ത് നിന്ന് രാജ്യത്തെ അഞ്ചാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇതെല്ലാം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്, അതിനാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഭാരതത്തിലെ കായികരംഗത്തിന് അത്ഭുതകരമായിരുന്നു. അതിലെ നിങ്ങളുടെ വിജയം കേക്കിലെ ഐസിംഗ് പോലെയാണ്. ആഗസ്റ്റ് മാസത്തില്‍ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടീം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടി. ഭാരതത്തിന്റെ ആദ്യ വനിതാ ഡബിള്‍സ് ജോഡി ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് മെഡല്‍ നേടി. ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം 2022 തോമസ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. 28 സ്വര്‍ണമെഡലുകളടക്കം ആകെ 107 മെഡലുകള്‍ നേടി ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മുടെ കായികതാരങ്ങള്‍ കാഴ്ചവെച്ചത്. കൂടാതെ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇതുവരെയുള്ള മികച്ച പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത്.
സുഹൃത്തുക്കള്‍,
രാജ്യം മുഴുവന്‍ ആവേശത്തിലാണ് നിങ്ങളുടെ പ്രകടനം കാണുന്നത്. സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് പറയട്ടെ, മറ്റ് ഗെയിമുകളില്‍ ഒരു കളിക്കാരന്‍ ഒരു മെഡല്‍ കൊണ്ടുവരുമ്പോള്‍, അവന്‍ അല്ലെങ്കില്‍ അവള്‍ കായിക ലോകത്തിനും കളിക്കാര്‍ക്കും പുതിയ കളിക്കാര്‍ക്കും ഒരു വലിയ പ്രചോദനവും ഉത്സാഹത്തിന് കാരണമാകുന്നു. എന്നാല്‍ ഒരു ദിവ്യാംഗ് (പ്രത്യേക കഴിവുള്ള വ്യക്തി) വിജയിയാകുമ്പോള്‍, അവന്‍ അല്ലെങ്കില്‍ അവള്‍ കായിക ലോകത്ത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു പ്രചോദനമായി മാറുന്നു. നിരാശ നിറഞ്ഞ ഒരു വ്യക്തി അവന്റെ വിജയം കണ്ട് എഴുന്നേറ്റ് ചിന്തിക്കുന്നു - 'ദൈവം എനിക്ക് എല്ലാം തന്നു; അവന്‍ എനിക്ക് കൈകളും കാലുകളും തലച്ചോറും കണ്ണുകളും തന്നു. ചില പരിമിതികള്‍ ഉണ്ടായിരുന്നിട്ടും, അവന്‍ അത്ഭുതങ്ങള്‍ ചെയ്യുന്നു, പക്ഷേ ഞാന്‍ ഇപ്പോഴും എന്റെ ഉറക്കത്തിലാണ്. അതിനാല്‍, അവന്‍ എഴുന്നേറ്റു നില്‍ക്കുന്നു. നിങ്ങളുടെ വിജയം അവനു വലിയ പ്രചോദനമായി മാറുകയാണ്. അതിനാല്‍, നിങ്ങള്‍ വിജയിക്കുമ്പോള്‍, ആരെങ്കിലും നിങ്ങള്‍ മത്സരിക്കുന്നത് കാണുമ്പോള്‍, അത് കായിക ലോകത്ത് മാത്രം ഒതുങ്ങുന്നില്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് പ്രചോദനത്തിന്റെ ഉറവിടമായി മാറുന്നു. എന്റെ സുഹൃത്തുക്കളേ, പ്രചോദനമേകുന്ന ആ ദൗത്യമാണ് നിങ്ങള്‍ ചെയ്യുന്നത്.
സുഹൃത്തുക്കളേ,
കായിക സംസ്‌കാരത്തിന്റെയും സ്‌പോര്‍ടിംഗ് സൊസൈറ്റിയുടെയും രൂപത്തില്‍ ഭാരതത്തിന്റെ പുരോഗതി അനുദിനം നാം കാണുന്നുണ്ട്. ഭാരതത്തിന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ലഭിച്ചതിന് മറ്റൊരു കാരണമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ 2030 ലെ യൂത്ത് ഒളിമ്പിക്സും 2036 ലെ ഒളിമ്പിക് ഗെയിംസും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു.
സുഹൃത്തുക്കളേ,
സ്പോര്‍ട്സില്‍ കുറുക്കുവഴികളില്ലെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഒരു കായികതാരത്തിന്റെ ഭാഗത്തുനിന്നുള്ള കഠിനാധ്വാനം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല; നിങ്ങള്‍ അത് സ്വയം ചെയ്യണം. കായിക ലോകത്ത്, കായികതാരം എല്ലാ കഠിനാധ്വാനങ്ങളും സ്വയം ചെയ്യണം. അവിടെ പകരക്കാരില്ല. കളിയുടെ എല്ലാ സമ്മര്‍ദ്ദവും കളിക്കാര്‍ സ്വയം കൈകാര്യം ചെയ്യണം. നിങ്ങളുടെ ക്ഷമയും കഠിനാധ്വാനവുമാണ് ഏറ്റവും ഉപകാരപ്രദമായി മാറുന്നത്. ഓരോ വ്യക്തിക്കും സ്വന്തം ശക്തികൊണ്ട് പലതും ചെയ്യാന്‍ കഴിയും. ഒരാളുടെ പിന്തുണ ലഭിക്കുമ്പോള്‍, അവന്റെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുന്നു. കുടുംബം, സമൂഹം, സ്ഥാപനങ്ങള്‍, മറ്റ് പിന്തുണ നല്‍കുന്ന ആവാസവ്യവസ്ഥകള്‍ എന്നിവ കളിക്കാരെ പുതിയ ഉയരങ്ങളിലെത്താന്‍ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ കളിക്കാരെ പിന്തുണയ്ക്കാന്‍ അവരെല്ലാം എത്രത്തോളം ഒത്തുചേരുന്നുവോ അവര്‍ക്ക് അത്രയും ഗുണകരമായിരിക്കും. ഇപ്പോള്‍ കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികള്‍ കായികരംഗത്ത് തുടരാന്‍ കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. കുറച്ച് അവസരങ്ങള്‍ ലഭിച്ചതിന് ശേഷം നിങ്ങളില്‍ ചിലര്‍ക്ക് വീട്ടില്‍ നിന്ന് ചെറിയ പ്രോത്സാഹനമൊക്കെ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ അതിനുമുമ്പ്, കുടുംബങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ അമിതമായി സംരക്ഷിക്കുമായിരുന്നു; നിനക്ക് മുറിവേറ്റാല്‍ പിന്നെ ആരു നോക്കും? അവര്‍ നിങ്ങളെ പുറത്തു പോകാന്‍ അനുവദിക്കാതെ വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പലരും ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇക്കാലത്ത് ഓരോ കുടുംബവും കുട്ടികളെ ഈ മേഖലയിലും മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഞാന്‍ കാണുന്നു. ഈ പുതിയ സംസ്‌കാരം രാജ്യത്ത് ഉയര്‍ന്നുവരുന്നത് വലിയ കാര്യമാണ്. നമ്മള്‍ സമൂഹത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ആളുകളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളും കണ്ടിട്ടുണ്ടാവും, നിങ്ങള്‍ സ്പോര്‍ട്സില്‍ ആണെങ്കില്‍, പഠിക്കില്ല എന്നൊരു ധാരണയാണ് ആളുകള്‍ക്കുള്ളത്. 'ഞാന്‍ ഒരു മെഡല്‍ നേടി' എന്ന് നിങ്ങള്‍ പറഞ്ഞാല്‍. അവര്‍ പറയും, 'അപ്പോള്‍ നിങ്ങള്‍ ഇത് ചെയ്യുന്നുണ്ടോ? പഠിക്കുന്നില്ലേ? എങ്ങനെ ജീവിക്കും?' ഈ ചോദ്യങ്ങള്‍ അവര്‍ മുമ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നു, 'നീ ഒരു മെഡല്‍ നേടിയത് എത്ര അത്ഭുതകരമാണ്! ഞാന്‍ അതില്‍ ഒ്ന്ന് തൊട്ടു നോക്കട്ടെ'. ഇതാണ് ഇപ്പോള്‍ വന്ന മാറ്റം.
സുഹൃത്തുക്കളേ,
അക്കാലത്ത്, ആരെങ്കിലും കായിക രംഗത്ത് ഉണ്ടെങ്കില്‍ അവനെ നല്ല സ്ഥിതിയിലുളളതായി കണക്കാക്കില്ല. നിങ്ങള്‍ നല്ല സ്ഥിതിയിലാകാന്‍ നിങ്ങള്‍ എന്തു ചെയ്യും? എന്ന ചോദ്യം അവനോട് ചോദിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹം സ്പോര്‍ട്സിനെ ഒരു തൊഴിലായി സ്വീകരിക്കുകയാണ്.
സുഹൃത്തുക്കളേ,
ഗവണ്‍മെന്റിനെ കുറിച്ച് പറയുകയാണെങ്കില്‍, താരങ്ങള്‍ ഗവണ്‍മെന്റിന് വേണ്ടിയാണെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ് പൂര്‍ണമായും കളിക്കാര്‍ക്ക് വേണ്ടിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. സര്‍ക്കാരും നയ നിര്‍മാതാക്കളും ഗ്രൗണ്ടുമായി ബന്ധപ്പെടുമ്പോള്‍, ഗവണ്‍മെന്റിന് കളിക്കാരുടെ താല്‍പ്പര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകുമ്പോള്‍, കളിക്കാരുടെ പോരാട്ടങ്ങളും അവരുടെ സ്വപ്നങ്ങളും സര്‍ക്കാര്‍ മനസ്സിലാക്കുമ്പോള്‍, അതിന്റെ നേരിട്ടുള്ള സ്വാധീനം നയങ്ങളിലും സമീപനത്തിലും ദൃശ്യമാകും. ഗവണ്‍മെന്റിന്റെ ചിന്തയില്‍ പോലും അത് ദൃശ്യമാണ്. മുമ്പും ഞങ്ങള്‍ക്ക് മികച്ച കളിക്കാര്‍ രാജ്യത്ത് ഉണ്ടായിരുന്നു, പക്ഷേ അവരെ പിന്തുണയ്ക്കാന്‍ നയങ്ങളൊന്നും ഉണ്ടായിരുന്നില്ല. മികച്ച കോച്ചിംഗ് സംവിധാനമോ ആധുനിക അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ സാമ്പത്തിക പിന്തുണയോ നിലവിലില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മുടെ കളിക്കാര്‍ക്ക് അവരുടെ പതാകകള്‍ വീശാന്‍ കഴിയുക? കഴിഞ്ഞ 9 വര്‍ഷം കൊണ്ട്, രാജ്യം ആ പഴയ ചിന്തയില്‍ നിന്നും പഴയ വ്യവസ്ഥിതിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നു.
ഇന്ന്, 4-5 കോടി രൂപ ചെലവഴിക്കുന്ന അത്തരം നിരവധി കളിക്കാര്‍ രാജ്യത്ത് ഉണ്ട്. അത്ലറ്റ് കേന്ദ്രീകൃതമായ സമീപനമാണ് ഇപ്പോള്‍ ഗവണ്‍മെന്റിന്റേത്. കായികതാരങ്ങളുടെ വഴികളിലെ തടസ്സങ്ങള്‍ നീക്കി അവസരമൊരുക്കുകയാണ് ഗവണ്‍മെന്റ് ഇപ്പോള്‍. കഴിവ്+വേദി=പ്രകടനം എന്ന് പറയപ്പെടുന്നു. കഴിവുകള്‍ക്ക് ശരിയായ വേദി ലഭിക്കുമ്പോള്‍, പ്രകടനം കൂടുതല്‍ മെച്ചപ്പെടും. 'ഖേലോ ഇന്ത്യ' പോലുള്ള സ്‌കീമുകള്‍ കളിക്കാര്‍ക്ക് അത്തരമൊരു വേദിയായി മാറിയിരിക്കുന്നു, അത് അത്‌ലറ്റുകളെ കണ്ടെത്താനും താഴെത്തട്ടില്‍ നമ്മുടെ അത്‌ലറ്റുകള്‍ക്ക് പിന്തുണ നല്‍കാനുമുള്ള വഴി തുറന്നിരിക്കുന്നു. ഞങ്ങളുടെ അത്‌ലറ്റുകളെ അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ടോപ്‌സ് ഇനിഷ്യേറ്റീവ് എങ്ങനെ സഹായിക്കുന്നുവെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. പാരാ അത്‌ലറ്റുകളെ സഹായിക്കുന്നതിനായി ഞങ്ങള്‍ ഗ്വാളിയോറില്‍ ഒരു വികലാംഗ കായിക പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഈ രംഗത്തേക്ക് കടക്കാനുള്ള ആദ്യ ശ്രമം ഗുജറാത്തില്‍ നിന്നാണ് ആരംഭിച്ചതെന്ന് ഗുജറാത്തിനെ പരിചയമുള്ളവര്‍ക്ക് അറിയാം. ക്രമേണ ഒരു സംസ്‌കാരം മുഴുവന്‍ വികസിച്ചു. ഇന്നും നിങ്ങളില്‍ പലരും പരിശീലനത്തിനായി അവിടെ പോകുകയും ഗാന്ധിനഗറിലെ ആ സ്ഥാപനങ്ങളില്‍ പരിശീലനം നേടുകയും ചെയ്യുന്നു. അതായത്, എല്ലാ സ്ഥാപനങ്ങളും തുടക്കത്തില്‍ രൂപം പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍, അവയുടെ ശക്തി അറിയില്ല. എന്നാല്‍ തുടര്‍ച്ചയായ പരിശീലനവും പരിശീലനവും ഉണ്ടാകുമ്പോള്‍, രാജ്യം അതിന്റെ ശക്തി അനുഭവിക്കാന്‍ തുടങ്ങുന്നു. ഈ സൗകര്യങ്ങളൊക്കെയുണ്ടെങ്കില്‍ നിങ്ങളെപ്പോലുള്ള നിരവധി വിജയികളെ രാജ്യത്തിന് ലഭിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
മുന്നൂറിലധികം പേരുള്ള താങ്കളുടെ ഗ്രൂപ്പില്‍ ആരും തോറ്റിട്ടില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മന്ത്രം, ഞാന്‍ ആവര്‍ത്തിക്കുന്നു, ചിലര്‍ വിജയിച്ചു, ചിലര്‍ പഠിച്ചു. മെഡലുകളേക്കാള്‍ നിങ്ങളെയും നിങ്ങളുടെ പൈതൃകത്തെയും നിങ്ങള്‍ നോക്കണം, കാരണം അത് കൂടുതല്‍ പ്രധാനമാണ്. നിങ്ങള്‍ നേരിട്ട പ്രയാസങ്ങളും അവയെ തരണം ചെയ്യാന്‍ നിങ്ങള്‍ കാണിച്ച ശക്തിയും ഈ രാജ്യത്തിന് നിങ്ങള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ്. നിങ്ങളില്‍ പലരും ചെറിയ പട്ടണങ്ങളില്‍ നിന്നും എളിയ പശ്ചാത്തലങ്ങളില്‍ നിന്നും പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്നും ഇവിടെ എത്തിയവരാണ്. ജനനം മുതല്‍ പലരും ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്; പലരും വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നു; ചിലര്‍ അവരുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്; എങ്കിലും നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ വിജയം കാണൂ. ഒരുപക്ഷെ ഇക്കാലത്ത് ഒരു കായിക ഇനത്തിനും നിങ്ങളെപ്പോലെ ജനപ്രീതിയും പ്രശസ്തിയും ലഭിക്കില്ല. കളിയെക്കുറിച്ച് അറിവില്ലാത്തവരെല്ലാം കാണുന്നുണ്ട്. 'ശാരീരിക വെല്ലുവിളികള്‍ക്കിടയിലും ഈ കുട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു' എന്നാണ് അവര്‍ കരുതുന്നത്. ആളുകള്‍ നിങ്ങളെ നിരീക്ഷിക്കുകയും അവരുടെ വീടുകളില്‍ കുട്ടികളെ കാണിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതകഥകള്‍, ഗ്രാമങ്ങളിലെ പുത്രന്‍മാരുടെയും പുത്രിമാരുടെയും ചെറുപട്ടണങ്ങളുടെയും കഥകള്‍ ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും വീടുകളിലും കളിസ്ഥലങ്ങളിലും എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. നിങ്ങളുടെ പോരാട്ടവും ഈ വിജയവും അവരുടെ മനസ്സിലും ഒരു പുതിയ സ്വപ്നം നെയ്യുകയാണ്. ഇന്നത്തെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, ആളുകള്‍ വലുതായി ചിന്തിക്കുകയും വലിയ പ്രചോദനം തേടുകയും ചെയ്യുന്നു. വലിയവരാകാനുള്ള ആഗ്രഹങ്ങള്‍ അവരില്‍ വളരുന്നു. എല്ലാ ടൂര്‍ണമെന്റുകളിലും നിങ്ങളുടെ പങ്കാളിത്തം മനുഷ്യ സ്വപ്നങ്ങളുടെ വിജയമാണ്. ഇത് നിങ്ങളുടെ ഏറ്റവും വലിയ പൈതൃകമാണ്.
അതുകൊണ്ടുതന്നെ നിങ്ങള്‍ ഇതുപോലെ കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ ഗവണ്‍മെന്റ് നിങ്ങളോടൊപ്പമുണ്ട്; രാജ്യം നിങ്ങളോടൊപ്പമുണ്ട്. സുഹൃത്തുക്കളേ, നിശ്ചയദാര്‍ഢ്യത്തിന് വലിയ ശക്തിയുണ്ട്. നിങ്ങള്‍ക്ക് അശുഭാപ്തി ചിന്തയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ലോകത്ത് മുന്നോട്ട് പോകാനോ ഒന്നും നേടാനോ കഴിയില്ല. ഉദാഹരണത്തിന്, 'ഇവിടെ നിന്ന് റോഹ്തക്കിലേക്ക് പോകൂ' എന്ന് ആരെങ്കിലും പറഞ്ഞാല്‍. പിന്നെ ചിലര്‍ ബസ് കിട്ടുമോ ഇല്ലയോ, ട്രെയിന്‍ കിട്ടുമോ ഇല്ലയോ, എങ്ങനെ പോകും, എന്ത് ചെയ്യും എന്നൊക്കെ 50 തവണ ആലോചിക്കും. അതേസമയം ചില ആളുകള്‍ തല്‍ക്ഷണം തയ്യാറാകും! ' എനിക്ക് റോഹ്തക്കിലേക്ക് പോകണം, ഞാന്‍ വൈകുന്നേരം പോകാം'. അത്തരം ആളുകള്‍ ചിന്തിക്കുന്നില്ല, പക്ഷേ അവരുടെ ധൈര്യം കാണിക്കുന്നു. പോസിറ്റീവ് മാനസികാവസ്ഥയില്‍ ഒരു ശക്തിയുണ്ട്. 'സൗ കേ പാര്‍' പരിഹരിക്കുന്നത് അങ്ങനെയല്ല. അതിനു പിന്നില്‍ ഒരു വിദൂര ചിന്തയുണ്ട്; സമ്പൂര്‍ണ്ണ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് പോകുന്നതിന്റെ റെക്കോര്‍ഡ് ഉണ്ട്. അപ്പോള്‍ മാത്രമേ നമ്മള്‍ പറയൂ 'ഇസ് ബാര്‍ സൗ പാര്‍' (ഇത്തവണ 100ലധികം മെഡലുകള്‍). എന്നാല്‍ പിന്നീട് 101ല്‍ നിന്നില്ല. ഞങ്ങള്‍ സംഖ്യ 111 ആയി ഉയര്‍ത്തി. സുഹൃത്തുക്കളേ, ഇതാണ് എന്റെ ട്രാക്ക് റെക്കോര്‍ഡ്, അതുകൊണ്ടാണ് പത്താം സ്ഥാനത്ത് നിന്ന് രാജ്യത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ സഹായിച്ചത് ഞങ്ങളാണെന്ന് ഞാന്‍ പറയുന്നു, ഞങ്ങള്‍ ഇതേ ദശകത്തില്‍ മൂന്നാം നമ്പരില്‍ എത്തുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഇതേ തരത്തില്‍, 2047 ല്‍ ഈ രാജ്യം ഒരു വികസിത ഭാരതമായി മാറുമെന്നും എനിക്ക് പറയാന്‍ കഴിയും. എന്റെ ദിവ്യാംഗങ്ങള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കില്‍, 140 കോടി ജനങ്ങളുടെ ശക്തിയാല്‍ ഒരു സ്വപ്നം പോലും നടക്കാതെ പോകില്ല, ഇതാണ് എന്റെ വിശ്വാസം.
സുഹൃത്തുക്കളേ,
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു, ഒപ്പം എന്റെ ആശംസകള്‍ നേരുന്നു! എന്നാല്‍ നമ്മള്‍ ഇവിടെ നിര്‍ത്തരുത്. പുതിയ തീരുമാനങ്ങളും പുതിയ ആത്മവിശ്വാസവുമായി നമുക്ക് മുന്നോട്ട് പോകാം. ഓരോ പുലരിയിലും ഒരു പുതിയ പ്രഭാതം പിറക്കട്ടെ! അപ്പോഴാണ് നമ്മള്‍ ലക്ഷ്യത്തിലെത്തുന്നത്, സുഹൃത്തുക്കളേ.
വളരെ നന്ദി, ആശംസകള്‍!
NK
(Release ID: 1976762)
Visitor Counter : 132
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada