വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രക്ഷേപണ സേവനങ്ങൾ (നിയന്ത്രണ) ബിൽ, 2023 ശുപാർശ ചെയ്തു
ന്യൂ ഡൽഹി: നവംബര്‍ 10, 2023
Posted On:
10 NOV 2023 5:10PM by PIB Thiruvananthpuram
2023ലെ പ്രക്ഷേപണ സേവനങ്ങൾ (നിയന്ത്രണ) ബില്ലിനെക്കുറിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു. 1995ലെ കേബിൾ ടെലിവിഷൻ ശൃംഖലാ (നിയന്ത്രണ) നിയമം മൂന്ന് പതിറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ട്. ഇത് കേബിൾ ശൃംഖലകൾ ഉൾപ്പെടെ ലീനിയർ ബ്രോഡ്‌കാസ്റ്റിംഗിലെ ഉള്ളടക്കത്തിന് മേൽനോട്ടം വഹിക്കുന്ന പ്രാഥമിക നിയമ സംവിധാനമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, പ്രക്ഷേപണ മേഖല ഈ കാലയളവിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. പ്രക്ഷേപണ മേഖലയുടെ പ്രത്യേകിച്ച് കേബിൾ ടിവി മേഖലയിലെ ഡിജിറ്റൈസേഷൻ മൂലം നിയന്ത്രണ ചട്ടക്കൂട് കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പo ഉറപ്പാക്കുകയും പ്രക്ഷേപകരും വിതരണ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാരും പ്രോഗ്രാം ചട്ടവും പരസ്യ ചട്ടവും പാലിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് . കൂടുതൽ യോജിച്ച സമീപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിലുള്ള വിഘടിത നിയന്ത്രണ ചട്ടക്കൂട് മാറ്റി പുതിയതും സമഗ്രവുമായ നിയമം കൊണ്ടുവരേണ്ടതുണ്ട്.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം, ഒരു കരട് പ്രക്ഷേപണ സേവനങ്ങൾ (നിയന്ത്രണ) ബിൽ, 2023 ശുപാർശ ചെയ്തു . രാജ്യത്തെ പ്രക്ഷേപണ സേവനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഏകീകൃത ചട്ടക്കൂട്, കരട് ബിൽ മുന്നോട്ടുവയ്ക്കുന്നു.1995 ലെ നിലവിലുള്ള കേബിൾ ടെലിവിഷൻ ശൃംഖലാ (നിയന്ത്രണ) നിയമത്തിനും നിലവിൽ രാജ്യത്തെ പ്രക്ഷേപണ മേഖലയെ നിയന്ത്രിക്കുന്ന മറ്റ് നയ മാർഗ്ഗനിർദ്ദേശങ്ങൾക്കും പകരമായാണ് പുതിയ കരട് ബിൽ ശുപാർശ ചെയ്തിരിക്കുന്നത്.
ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളും ഉൾപ്പെടുന്നു. പ്രധാനപ്പെട്ടവ :
1. ഏകീകരണവും ആധുനികവൽക്കരണവും: വിവിധ പ്രക്ഷേപണ സേവനങ്ങൾക്കായുള്ള നിയന്ത്രണ വ്യവസ്ഥകൾ ഒരൊറ്റ നിയമത്തിന് കീഴിൽ ഏകീകരിക്കുകയും കാലാനുസൃതമായി പുതുക്കുകയും ചെയ്യുന്നതിനുള്ള ദീർഘകാല ആവശ്യം ഇത് അഭിസംബോധന ചെയ്യുന്നു. 2000-ലെ ഐടി നിയമത്തിലൂടെയും അതിന്റെ അനുബന്ധ നിയന്ത്രണങ്ങളിലൂടെയും നിലവിൽ നിയന്ത്രിക്കപ്പെടുന്ന ഓവർ-ദി-ടോപ്പ് (OTT) ഉള്ളടക്കം, ഡിജിറ്റൽ വാർത്തകൾ, സമകാലിക സംഭവങ്ങൾ എന്നിവയെയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ നിയന്ത്രണ പരിധി വിപുലീകരിക്കുന്നു.
2. സമകാലിക നിർവചനങ്ങളും ഭാവി-സജ്ജമായ വ്യവസ്ഥകളും: ബിൽ സമകാലിക പ്രക്ഷേപണ നിബന്ധനകൾക്ക് സമഗ്രമായ നിർവചനങ്ങൾ അവതരിപ്പിക്കുകയും ഉയർന്നുവരുന്ന പ്രക്ഷേപണ സാങ്കേതികവിദ്യകൾക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
3. സ്വയം നിയന്ത്രണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു: 'ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ' അവതരിപ്പിക്കുന്നതിലൂടെ ഇത് സ്വയം നിയന്ത്രണം വർദ്ധിപ്പിക്കുന്നു. നിലവിലുള്ള അന്തർ-വകുപ്പ് സമിതിയെ കൂടുതൽ പങ്കാളിത്തമുള്ള വിശാലമായ 'പ്രക്ഷേപണ ഉപദേശക സമിതി' ആയി വികസിപ്പിക്കുകയും ചെയ്യുന്നു.
4. വ്യത്യസ്‌തമായ പ്രോഗ്രാം കോഡും പരസ്യ കോഡും: വിവിധ സേവനങ്ങളിലുടനീളം പ്രോഗ്രാമുകളിലേക്കും പരസ്യ ചട്ടങ്ങളിലേക്കും ഒരു വ്യത്യസ്‌ത സമീപനം ഇത് അനുവദിക്കുന്നു. പ്രക്ഷേപകരുടെ സ്വയം വർഗ്ഗീകരണവും നിയന്ത്രിത ഉള്ളടക്കത്തിന് ശക്തമായ നിയന്ത്രണ നടപടികളും ആവശ്യമാണ്.
5. ഭിന്നശേഷിയുള്ളവർക്കുള്ള പ്രവേശനക്ഷമത: സമഗ്രമായ പ്രവേശനക്ഷമത മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ ബില്ല്, ഭിന്നശേഷിയുള്ളവരുടെ പ്രത്യേക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നു.
6. നിയമാനുസൃത പിഴകൾ: കരട് ബിൽ, ഓപ്പറേറ്റർമാർക്കും പ്രക്ഷേപകർക്കും ഉപദേശം, മുന്നറിയിപ്പ്, താക്കീത് അല്ലെങ്കിൽ സാമ്പത്തിക പിഴ തുടങ്ങിയ നിയമപരമായ പിഴകൾ അവതരിപ്പിക്കുന്നു. വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് മാത്രം തടവ് കൂടാതെ/അല്ലെങ്കിൽ പിഴകൾക്കുള്ള വ്യവസ്ഥ അവശേഷിക്കുന്നു.
7. നിഷ്‌പക്ഷമായ പിഴകൾ: നിക്ഷേപം-വിറ്റുവരവ് മുതലായവ കണക്കിലെടുത്ത് സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന പിഴ.
8. അടിസ്ഥാന സൗകര്യങ്ങൾ പങ്കിടൽ, പ്ലാറ്റ്ഫോം സേവനങ്ങൾ, 'റൈറ്റ് ഓഫ് വേ': പ്രക്ഷേപണ ശൃംഖലയിലെ ഓപ്പറേറ്റർമാർക്കിടയിൽ അടിസ്ഥാന സൗകര്യം പങ്കിടൽ, പ്ലാറ്റ്ഫോം സേവനങ്ങൾ എന്നിവയ്ക്കുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു. സ്ഥലംമാറ്റവും മറ്റു മാറ്റങ്ങളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള 'റൈറ്റ് ഓഫ് വേ' കാര്യക്ഷമമാക്കുകയും ഘടനാപരമായ തർക്ക പരിഹാര സംവിധാനം സ്ഥാപിക്കുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിവിധ പങ്കാളികളിൽ നിന്ന് മന്ത്രാലയം ക്ഷണിക്കുന്നു. ഈ വാർത്താക്കുറിപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ jsb-moib[at]gov[dot]in എന്ന ഇ-മെയിലിൽ അഭിപ്രായങ്ങൾ അയക്കാം.
***
(Release ID: 1976298)
Visitor Counter : 245
Read this release in:
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada