സാംസ്‌കാരിക മന്ത്രാലയം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന ചടങ്ങായ മേരി മാട്ടി മേരാ ദേശിൽ ധീരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിക്കും
ഒക്‌ടോബര്‍ 31-ന് നടക്കുന്ന പരിപാടിയില്‍ 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള 20,000-ത്തിലധികം പ്രതിനിധികള്‍ 8000-ലധികം അമൃത് കലശങ്ങളുമായി ദേശീയ തലസ്ഥാനത്ത് എത്തും
Posted On:
27 OCT 2023 5:40PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 ഒക്‌ടോബര്‍ 27
വിജയ് ചൗക്കില്‍/ കര്‍ത്തവ്യ പഥില്‍ നടക്കുന്ന മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ സമാപന പരിപാടിയെ 2023 ഒക്‌ടോബര്‍ 31-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ അമൃത്കലശ് യാത്രയുടെ സമാപനം അടയാളപ്പെടുത്തുന്ന ഈ പരിപാടിയില്‍ 766 ജില്ലകളിലെ 7000 ബ്ലോക്കുകളില്‍ നിന്നുള്ള അമൃത് കലശ് യാത്രികരും പങ്കെടുക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 2021 മാര്‍ച്ച് 12-ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിന്റെ രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രചാരണത്തിന്റെ സമാപനവും ഇത് അടയാളപ്പെടുത്തും. അന്നുമുതല്‍ ആവേശകരമായ പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തുടനീളം സംഘടിപ്പിച്ച രണ്ട് ലക്ഷത്തിലധികം പരിപാടികള്‍ക്ക് ആസാദി കാ അമൃത് മഹോത്സവ് സാക്ഷ്യം വഹിച്ചു.
യുവജനങ്ങള്‍ നയിക്കുന്ന വികസനത്തില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യുവജനങ്ങളെ വികസനത്തിന്റെ സജീവ ചാലകങ്ങള്‍ ആക്കുന്നതിനും സഹായിക്കുന്ന സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരതിന്റെ (മൈ ഭാരത്) സമാരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും. സമൂഹമാറ്റത്തിന്റെ ഏജന്റുമാരാകാനും രാഷ്ട്ര നിര്‍മ്മാതാക്കളാകാനും യുവജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റിനും പൗരന്മാര്‍ക്കുമിടയിലെ യുവസേതുവായി പ്രവര്‍ത്തിക്കാന്‍ യുവാക്കളെ അനുവദിക്കുക എന്നതാണ് ഈ സ്വയംഭരണ സ്ഥാപനത്തിന്റെ ലക്ഷ്യം.
ഒകേ്ടാബര്‍ 30, 31 തീയതികളില്‍ കര്‍ത്തവ്യ പാതയിൽ നടക്കുന്ന മേരി മാട്ടി മേരാ ദേശിന്റെ ദ്വിദിന സമാപന പരിപാടിയുടെ ഭാഗമാകാനായി, 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 20,000 ത്തിലധികം അമൃത് കലശ് യാത്രക്കാര്‍ പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട ട്രെയിനുകള്‍, ബസ്സുകള്‍, പ്രാദേശിക ഗതാഗതം തുടങ്ങി വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെ ഒകേ്ടാബര്‍ 29 ന് ദേശീയ തലസ്ഥാനത്ത് എത്തിച്ചേരും. ഗുഡ്ഗാവിലെ ധന്‍ചിരി ക്യാമ്പ്, ഡല്‍ഹിയിലെ രാധാ സോമി സത്സംഗ് ബിയാസ് ക്യാമ്പ് എന്നീ രണ്ട് ക്യാമ്പുകളിൽ ഈ അമൃത് കലശ് യാത്രക്കാര്‍ താമസിക്കും.
എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന അവരുടെ ബന്ധപ്പെട്ട ബ്ലോക്കുകളും നഗര തദ്ദേശ സ്ഥാപനങ്ങളും ഒകേ്ടാബര്‍ 30-ന്, അവരുടെ കലശത്തിലുള്ള മണ്ണ് , ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ഒരു വലിയ അമൃത് കലശത്തില്‍ നിക്ഷേപിക്കും. ചടങ്ങില്‍ ഓരോ സംസ്ഥാനത്തു നിന്നുമുള്ള ജനപ്രിയ കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കും. രാവിലെ 10.30 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം വരെ നീണ്ടുനില്‍ക്കും.
ഉജ്ജ്വലമായ സാംസ്‌കാരിക പ്രകടനങ്ങളോടെ ഒക്‌ടോബര്‍ 31ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ നടക്കുന്ന പൊതുപരിപാടിയില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമൃത് കലശ യാത്രികരെയും രാജ്യത്തെയും അഭിസംബോധന ചെയ്യും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ജീവന്‍ ത്യജിച്ച ധീരർക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിക്കും.
മേരി മാട്ടി മേരാ ദേശ് പ്രചാരണം
രണ്ട് വര്‍ഷം നീണ്ടുനിന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ അവസാന പ്രചാരണമെന്ന നിലയില്‍, ഇന്ത്യയുടെ മണ്ണിന്റെയും വീര്യത്തിന്റെയും ഏകീകൃത ആഘോഷമായിരുന്നു''മേരി മാട്ടി മേരാ ദേശ്- മാട്ടി കോ നമന്‍ വീരോന്‍ കാ വന്ദന്‍''. രാജ്യത്തെ 766 ജില്ലകളിലെ 7000-ലധികം ബ്ലോക്കുകളിലധികത്തില്‍ നിന്ന് മഹത്തായ ജന്‍ ഭാഗിദാരിക്ക് ഇത് സാക്ഷ്യം വഹിച്ചു. സമാപന പരിപാടിക്കായി 8500-ലധികം കലശങ്ങള്‍ ഒകേ്ടാബര്‍ 29-ന് ഡല്‍ഹിയിലെത്തും. മേരി മാട്ടി മേരാ ദേശ് പ്രചാരണം രണ്ട് ഘട്ടങ്ങളായാണ് ആഘോഷിച്ചത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും സുരക്ഷാ സേനയ്ക്കും വേണ്ടിയുള്ള ശിലാഫലകം, പഞ്ച് പ്രാണ്‍ പ്രതിജ്ഞ, വസുധ വന്ദന്‍, വീരോന്‍ കാ വന്ദന്‍ ധീരഹൃദയരുടെ ത്യാഗത്തെ ആദരിക്കല്‍ തുടങ്ങിയ മുന്‍കൈകള്‍ അതില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.
അതിന്റെ ആദ്യ ഘട്ടത്തിലെ പ്രചാരണം വലിയ വിജയമായിരുന്നു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2.33 ലക്ഷത്തിലധികം ശിലഫലകങ്ങള്‍ നിര്‍മ്മിച്ചു, ഏകദേശം 4 കോടി പഞ്ച് പ്രണ്‍ പ്രതിജ്ഞ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്തു, കൂടാതെ രാജ്യവ്യാപകമായി 2 ലക്ഷത്തിലധികം വീരോന്‍ കാ വന്ദന്‍ പരിപാടികളും നടന്നു. കൂടാതെ, 2.36 കോടിയിലധികം നാടന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും വസുധ വന്ദന്‍ ആശയത്തിന് കീഴില്‍ 2.63 ലക്ഷം അമൃത് വാടികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
രാജ്യത്തെ എല്ലാ വീടുകളേയും സ്പര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന അമൃത് കലശ് യാത്രകളായിരുന്നു മേരി മാട്ടി മേരാ ദേശിന്റെ രണ്ടാം ഘട്ടം. ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലെ 6 ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലെ വാര്‍ഡുകളില്‍ നിന്നും മണ്ണും നെല്‍മണികളും ശേഖരിച്ചു. ഓരോ ഗ്രാമത്തില്‍ നിന്നും ശേഖരിച്ച മണ്ണ് ബ്ലോക്ക് തലത്തില്‍ കലര്‍ത്തി സംസ്ഥാന തലസ്ഥാനത്ത് എത്തിച്ച് ആചാരപരമായ യാത്രയയപ്പോടെ ആയിരക്കണക്കിന് അമൃത് കലശ യാത്രികര്‍ക്കൊപ്പം ദേശീയ തലസ്ഥാനത്തേക്ക് അയച്ചു.
*****
(Release ID: 1972137)
Visitor Counter : 137