പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ ഉപരാഷ്ട്രപതി ശ്രീ ഭൈറോൺ സിങ് ഷെഖാവത്തിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

Posted On: 23 OCT 2023 1:27PM by PIB Thiruvananthpuram

മുൻ ഉപരാഷ്ട്രപതി ശ്രീ ഭൈറോൺ സിങ് ഷെഖാവത്തിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യഘടന മെച്ചപ്പെടുത്തുന്നതിൽ ഭൈറോൺ സിങ് ജി നിർണായക പങ്കുവഹിച്ചെന്നും പാർലമെന്ററി സംവാദങ്ങളുടെയും ചർച്ചകളുടെയും നിലവാരം ഉയർത്താനുള്ള പ്രതിബദ്ധതയുടെ പേരിൽ അദ്ദേഹത്തിന്റെ ഭരണകാലം സ്മരിക്കപ്പെടുന്നുവെന്നും ശ്രീ മോദി പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയുമായുള്ള ആശയവിനിമയത്തിന്റെ ചില ഓർമകളും പ്രധാനമന്ത്രി പങ്കുവച്ചു.

സമൂഹമാധ്യമമായ ‘എക്സി’ലെ ത്രെഡ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്നു വളരെ സവിശേഷമായ ദിനമാണ്. ബഹുമാന്യനായ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ ഭൈറോൺ സിങ് ഷെഖാവത് ജിയുടെ നൂറാം ജന്മവാർഷികമാണിത്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വത്തിനും പ്രയത്നങ്ങൾക്കും ഇന്ത്യ എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കും. രാഷ്ട്രീയരംഗത്തും ജീവിതത്തിന്റെ വി‌വിധ തുറകളിലുമുള്ളവർക്ക് ഏ​റെ പ്രിയങ്കരനായ വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹവുമായി ഇടപഴകിയ ചില നിമിഷങ്ങൾ പങ്കുവയ്ക്കുന്നു.

ഭൈ​റോൺ സിങ് ജി ദീർഘവീക്ഷണമുള്ള നേതാവും കാര്യക്ഷമതയുള്ള ഭരണാധികാരിയുമായിരുന്നു. രാജസ്ഥാനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിച്ച അദ്ദേഹം മികച്ച മുഖ്യമന്ത്രിയായി വേറിട്ടുനിന്നു. രാജസ്ഥാനിലെ ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ ഊന്നൽ ശ്രദ്ധേയമായിരുന്നു. ഗ്രാമവികസനത്തിനായി അദ്ദേഹം നിരവധി നടപടികൾക്കു തുടക്കംകുറിച്ചു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഭൈറോൺ സിങ് ജി നമ്മുടെ ജനാധിപത്യഘടന മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. പാർലമെന്ററി സംവാദങ്ങളുടെയും ചർച്ചകളുടെയും നിലവാരം ഉയർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പേരിൽ അദ്ദേഹത്തിന്റെ ഭരണകാലം ഓർമിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിവേകവും നർമബോധവും ഏറെ സന്തോഷത്തോടെ ഓർക്കുന്നു.

ഭൈറോൺ സിങ് ജിയുമായി ഇടപഴകിയതിന്റെ എണ്ണമറ്റ ഓർമകൾ എനിക്കുണ്ട്. ഞാൻ പാർട്ടി സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ച സമയവും 1990-കളുടെ തുടക്കത്തിലെ ഏകതാ യാത്രയുടെ കാലവും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ജലസംരക്ഷണം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ഞാൻ ധാരാളം ചോദിച്ചറിയുമായിരുന്നു.

2001ൽ ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായി. ഒരു വർഷത്തിനുശേഷം ഭൈറോൺ സിങ് ജി ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായി. ആ വർഷങ്ങളിൽ അദ്ദേഹത്തിന്റെ നിരന്തരമായ പിന്തുണ ലഭിക്കാൻ എനിക്കു ഭാഗ്യമുണ്ടായി. 2005-ലെ ‘വൈബ്രന്റ് ഗുജറാത്ത്’ ഉച്ചകോടിയിൽ പങ്കെടുത്ത് അദ്ദേഹം ഗുജറാത്തിൽ ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു.

ഞാൻ എഴുതിയ ‘ആംഖ് ആ ധന്യ ചേ’ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തിരുന്നു. ആ പരിപാടിയിൽനിന്നുള്ള ചിത്രം ഇതാ.

നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള ഭൈറോൺ സിങ് ജിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനും, ഓരോ ഇന്ത്യക്കാരനും അന്തസുറ്റ ജീവിതം നയിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വളർച്ചയെ പ്രകാശിപ്പിക്കാനും സമ്പന്നമാക്കാനുമുള്ള നിരവധി അവസരങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇന്നു ഞങ്ങൾ ആവർത്തിക്കുന്നു.”

 

SK

(Release ID: 1970046) Visitor Counter : 91