പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള  പ്രധാനമന്ത്രിയുടെ പ്രസംഗം 

Posted On: 10 OCT 2023 9:05PM by PIB Thiruvananthpuram

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങൾക്ക്  വേണ്ടി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു!

1951-ൽ ഇതേ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എന്നത് അത്ഭുതകരമായ യാദൃശ്ചികതയാണ്. ഇന്ന് നിങ്ങൾ കാണിച്ച ആത്മവിശ്വാസവും ധൈര്യവും, നിങ്ങൾ നടത്തിയ പരിശ്രമങ്ങളും നിമിത്തം,  രാജ്യത്തിന് നേടിത്തന്ന വിജയങ്ങൾ കാരണം ഇന്ത്യ മുഴുവനും ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും ഒരു അന്തരീക്ഷമാണുള്ളത്. 100 മെഡൽ നേട്ടം എന്ന ലക്‌ഷ്യം  കൈവരിക്കാൻ നിങ്ങൾ രാവും പകലും പരിശ്രമിച്ചു. ഏഷ്യൻ ഗെയിംസിൽ നിങ്ങളെപ്പോലുള്ള എല്ലാ അത്‌ലറ്റുകളുടെയും പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു.

ഇന്ന്, മുഴുവൻ രാജ്യത്തിനും വേണ്ടി, നമ്മുടെ കായികതാരങ്ങളുടെ പരിശീലകരെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയെയും, സപ്പോർട്ട് സ്റ്റാഫിനെയും, ഫിസിയോയെയും, ഒഫീഷ്യൽസിനെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു. അതുപോലെ തന്നെ  നിങ്ങളുടെ മാതാപിതാക്കളെയും  ഞാൻ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു, കാരണം എല്ലാ വിജയങ്ങളും വീട്ടിൽ നിന്ന് ആരംഭിക്കുന്നു എന്നതാണ് യാഥാർഥ്യം. കുട്ടികൾ കായിക രംഗത്തേക്ക് നീങ്ങുമ്പോൾ, തുടക്കത്തിൽ ധാരാളം എതിർപ്പുകൾ ഉണ്ടാകാറുണ്ട്. വെറുതെ സമയം പാഴാക്കരുതെന്നും പഠിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ  അവർ നിശ്ചയിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ മാതാപിതാക്കളും ശ്രേഷ്ടമായ  അഭിനന്ദനം അർഹിക്കുന്നത്. ഒരുപക്ഷേ ഇന്ന് നിങ്ങൾ സ്‌ക്രീനിൽ ഉണ്ടായിരിക്കാം, പക്ഷേ നിങ്ങളുടെ വിജയത്തിന് പിന്നിലെ ആളുകൾ ഒരിക്കലും സ്‌ക്രീനിൽ കാണില്ല; എന്നാൽ പരിശീലനത്തിൽ നിന്ന് പോഡിയത്തിലേക്കുള്ള ഈ യാത്ര ഇവരുടെ സഹായമില്ലാതെ ഒരിക്കലും സാധ്യമാവുകയില്ല.

സുഹൃത്തുക്കളെ,

നിങ്ങളെല്ലാവരും പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.  ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ  ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. നാം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നതിൽ വ്യക്തിപരമായി എനിക്ക് സന്തോഷമുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, അത് വിജയിക്കുമോ ഇല്ലയോ എന്ന് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ പ്രവർത്തനവും വിജയകരമായിരുന്നു, 200 കോടി ഡോസുകൾ വിതരണം ചെയ്തു. മുഴുവൻ ജനങ്ങളുടേയും  ജീവൻ രക്ഷിക്കപ്പെട്ടു. കൂടാതെ ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളെ സഹായിക്കുന്നതിനും സാധിച്ചു. ഞങ്ങളുടെ ദിശ ശരിയാണെന്ന് എനിക്ക് അന്ന് ഉറപ്പായി. ഇന്ന് നിങ്ങൾ നൽകിയ വിജയം, ഞങ്ങളുടെ ദിശ ശരിയാണെന്ന് എനിക്ക് ഒരിക്കൽ കൂടി ഉറപ്പുനൽകി.

അത്‌ലറ്റിക്‌സിൽ വിദേശത്ത് നിന്നും നമ്മൾ ഏറ്റവുമധികം മെഡലുകൾ നേടിയ അവസരമാണ് ഇത്. ഷൂട്ടിംഗിലും, അമ്പെയ്ത്തിലുംഎക്കാലത്തെയും മികച്ച നേട്ടം, സ്‌ക്വാഷ്, തുഴച്ചിൽ, വനിതാ ബോക്‌സിംങ് എന്നിവയിലെ ആശ്ചര്യകരമായ പ്രകടനം, വനിതാ ക്രിക്കറ്റിലെയും , പുരുഷ ക്രിക്കറ്റിലേയും  ആദ്യ സ്വർണം,  സ്ക്വാഷ് മിക്സഡ് ഡബിൾസിലെ ആദ്യ സ്വർണം, എന്നിങ്ങനെ നിങ്ങൾ സ്വർണ്ണ മെഡലുകളുടെ അഭൂതപൂർവമായ നേട്ടം ഉൾപ്പെടെ മെഡലികളുടെ ഒരു കുത്തൊഴുക്ക് സൃഷ്ടിച്ചു. എഴുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം വനിതകളുടെ ഷോട്ട്പുട്ടിലും, അറുപത്തിയൊന്ന് വർഷത്തിന് ശേഷം 4X400 മീറ്റർ റിലേയിലും, നാല്പത്തിയൊന്ന് വർഷത്തിന് ശേഷം കുതിരസവാരിയിലും, നാൽപ്പത് വർഷത്തിന് ശേഷം പുരുഷ ബാഡ്മിന്റണിലും നിങ്ങൾ നേടിത്തന്ന വിജയങ്ങൾ നിസ്തുലമാണ്. നാലും അഞ്ചും ആറും പതിറ്റാണ്ടുകളായി രാജ്യം കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്ന വിജയ വാർത്ത നിങ്ങൾ യാഥാർഥ്യമാക്കി  തന്നിരിക്കുന്നു. നിങ്ങളുടെ ശ്രമങ്ങൾ വർഷങ്ങൾ നീണ്ട നമ്മുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്.…

പ്രിയപ്പെട്ടവരേ,

ഇത്തവണ ഞാൻ തീർച്ചയായും സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രത്യേക കാര്യം കൂടി ഉണ്ടായിരുന്നു. നിങ്ങൾ  പങ്കെടുത്ത മിക്ക ഇനങ്ങളിലും  ഒരു മെഡൽ എങ്കിലും നേടാൻ സാധിച്ചിട്ടുണ്ട്.  നമ്മുടെ കായിക മേഖലയുടെ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് വളരെ ശുഭസൂചകമാണ്. നമ്മുക്ക്  നാളിതുവരെ വിജയം ലഭിക്കാത്ത 20 ഇനങ്ങളുണ്ടായിരുന്നു. ആ സ്ഥിതിയിൽ നിന്നും നിങ്ങൾ ഒരു പുതിയ തുടക്കം മാത്രമല്ല, ഒരു പുതിയ പാത തന്നെയും സൃഷ്ടിച്ചിരിക്കുകയാണ്. യുവതലമുറയെ മുഴുവൻ പ്രചോദിപ്പിക്കുന്ന പാത;  ഏഷ്യൻ ഗെയിംസിന് അപ്പുറത്തേക്ക് , ഒളിമ്പിക്സിലേക്കുള്ള നമ്മുടെ യാത്രയിൽ പുതിയ ആത്മവിശ്വാസം പകരുന്ന  ഒരു പാത.

സുഹൃത്തുക്കളെ 

ഏഷ്യൻ ഗെയിംസിലെ വിവിധ ഇനങ്ങളിൽ നമ്മുടെ സ്ത്രീകൾ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ വനിതാ താരങ്ങൾ പ്രകടിപ്പിക്കുന്ന ആവേശം ഇന്ത്യയിലെ പെൺമക്കളുടെ കഴിവുകൾ വിളിച്ചോതുന്നു. ഏഷ്യൻ ഗെയിംസിൽ നമ്മുടെ മെഡലുകളിൽ പകുതിയിലേറെയും നമ്മുടെ വനിതാ കായികതാരങ്ങൾ നേടിയതാണ്. വാസ്തവത്തിൽ, ഈ ചരിത്രവിജയത്തിന് തുടക്കമിട്ടത് നമ്മുടെ വനിതാ ക്രിക്കറ്റ് ടീമാണ്.

ബോക്‌സിംഗിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് പെൺകുട്ടികളാണ്. ട്രാക്ക് ആൻഡ് ഫീൽഡിലും, ഇന്ത്യൻ  വനിതകൾ  മുൻ‌നിരയിൽ തന്നെ ഉണ്ടായിരുന്നു. ഒന്നാം റാങ്കിൽ കുറഞ്ഞതൊന്നും സ്വീകരിക്കാൻ നമ്മുടെ  പുത്രിമാർ തയ്യാറല്ല. ഇതാണ് പുതിയ ഇന്ത്യയുടെ  ആത്മാവ്. ഇതാണ് പുതിയ ഭാരതത്തിന്റെ ശക്തി. അന്തിമഫലം പ്രഖ്യാപിക്കുന്നതുവരെയോ അന്തിമ വിജയം നേടുന്നതുവരെയോ പുതിയ ഇന്ത്യ അതിന്റെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നില്ല. നമ്മുടെ രാജ്യം അതിന്റെ ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിക്കുന്നത്.

എന്റെ പ്രിയപ്പെട്ട കായിക താരങ്ങളേ,

നമ്മുടെ നാട്ടിൽ പ്രതിഭകൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല എന്ന വസ്തുത നിങ്ങൾക്കും അറിയാവുന്നതാണ്. വിജയത്തിന്റെ ആവേശം നമ്മുടെ നാട്ടിൽ എപ്പോഴും ഉണ്ടായിരുന്നു. മുൻകാലങ്ങളിലും നമ്മുടെ താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. എന്നാൽ പല വെല്ലുവിളികൾ കാരണം മെഡലുകളുടെ കാര്യത്തിൽ നമ്മൾ  പിന്നിലായിരുന്നു. എന്നാൽ , 2014 മുതൽ, ഇന്ത്യ  കായിക രംഗത്തിന്റെ   നവീകരണത്തിലും പുനരുജ്ജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലന സൗകര്യങ്ങൾ ഇന്ത്യൻ കായിക താരങ്ങൾക്ക്  ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. ഇന്ത്യൻ താരങ്ങൾക്ക് രാജ്യത്തും വിദേശത്തും കളിക്കാൻ പരമാവധി അവസരങ്ങൾ ഉറപ്പാക്കാനാണ് നമ്മൾ ലക്ഷ്യമിടുന്നത്.കളിക്കാരുടെ തിരഞ്ഞെടുപ്പിൽ സുതാര്യത കൊണ്ടുവരുന്നതിനും , അവർക്ക് ഒരുതരത്തിലുമുള്ള വിവേചനം ഉണ്ടാകുന്നില്ലെന്ന്   ഉറപ്പാക്കാനുമാണ്  ഞങ്ങളുടെ ശ്രമം. ഗ്രാമങ്ങളിലെ കായിക പ്രതിഭകൾക്കും പരമാവധി അവസരങ്ങൾ ലഭ്യമാക്കും.. ഞങ്ങളുടെ എല്ലാ കളിക്കാരുടെയും മനോവീര്യം ഉയർന്ന നിലയിൽ നിലനിർത്തുന്നതിനും അവർക്കുള്ള സൗകര്യങ്ങളിൽ ഒരു കുറവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു.

കായികമേഖലക്കുള്ള  ബജറ്റ് വിഹിതം  9 വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 3 മടങ്ങ് വർധിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച  ടോപ്‌സും ഖേലോ ഇന്ത്യ സ്കീമുംസമൂലമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഗുജറാത്തിലെ ജനങ്ങൾക്ക് ഒരു കളി മാത്രമേ അറിയൂ - പണത്തിന്റെ കളി. എന്നാൽ ഖേലോ ഗുജറാത്ത് ആരംഭിച്ചപ്പോൾ ക്രമേണ അവിടെ ഒരു കായിക സംസ്കാരം വികസിക്കാൻ തുടങ്ങി. ആ അനുഭവം എനിക്ക് ഒരു ആശയം നൽകി, ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ  ഖേലോ ഇന്ത്യ ആരംഭിക്കുകയും അത് വാൻ വിജയമാവുകയും ചെയ്തു.

സുഹൃത്തുക്കളേ ,

ഈ ഏഷ്യൻ ഗെയിംസിൽ ഖേലോ ഇന്ത്യ കാമ്പെയ്‌നിലൂടെ കണ്ടെത്തിയ  125 ഓളം അത്‌ലറ്റുകൾ ഉണ്ടായിരുന്നു.  ഇതിൽ 40ലധികം താരങ്ങൾ  മെഡലുകളും നേടിയിട്ടുണ്ട്. ഇത് ഖേലോ ഇന്ത്യ കാമ്പെയ്‌ൻ ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നു. നിങ്ങൾ  സ്കൂളുകളിലും കോളേജുകളിലും പ്രസംഗിക്കുമ്പോഴെല്ലാം, ഖേലോ ഇന്ത്യയിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കണമെന്ന്  ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അവിടെ നിന്നും അവരുടെ പുതിയ ജീവിതം ആരംഭിക്കുന്നു.

മികച്ച പ്രതിഭകളെ കണ്ടെത്തുന്നത്  മുതൽ ലോകത്തിലെ ഏറ്റവും മികച്ച  ആധുനിക പരിശീലനം നൽകുന്നത് വരെയും , ഇന്ന് നമ്മുടെ രാജ്യം പിന്നിലല്ല. നിലവിൽ 3000-ലധികം പ്രതിഭാധനരായ കായികതാരങ്ങൾ ഖേലോ ഇന്ത്യ സ്കീമിലൂടെ പരിശീലനം നേടുന്നു. ഓരോ കളിക്കാരനും അവരുടെ കോച്ചിംഗ്, മെഡിക്കൽ, ഡയറ്റ്, ട്രെയിനിംഗ് തുടങ്ങി വിവിധ മേഖലകളിലായി  എല്ലാ വർഷവും 6 ലക്ഷം രൂപയിലധികം സ്‌കോളർഷിപ്പും സർക്കാർ നൽകുന്നുണ്ട്.

 ഈ പദ്ധതിക്ക് കീഴിൽ, ഇപ്പോൾ ഏകദേശം 2500 കോടി രൂപയുടെ സഹായം അത്ലറ്റുകൾക്ക് നേരിട്ട് നൽകുന്നു. പണത്തിന്റെ അഭാവം നിങ്ങളുടെ ശ്രമങ്ങളെ ഒരിക്കലും തടസ്സപ്പെടുത്തില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. കായികരംഗത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3000 കോടി രൂപ കൂടി സർക്കാർ ചെലവഴിക്കും. ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിലും നിങ്ങൾക്കായി ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ടവരേ,

ഏഷ്യൻ ഗെയിംസിലെ നിങ്ങളുടെ പ്രകടനം ഒരു കാര്യത്തിന് കൂടി പ്രചോദനം നല്കുന്നുണ്ട്. ഇത്തവണ നിരവധി യുവ കായികതാരങ്ങൾ മെഡൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. യുവാക്കൾ മികച്ച ഉയരങ്ങൾ കൈവരിക്കുമ്പോൾ, അവർ നമ്മുടെ കായിക രാജ്യത്തിന്റെ പ്രതീകമായി മാറുന്നു. അതുകൊണ്ടുതന്നെ   വളരെക്കാലം രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ച് നിലനിർത്താൻ വിജയികളായി ഉയർന്നുവന്ന ഈ യുവ  കായികതാരങ്ങളെ ഞാൻ ഇന്ന് പ്രത്യേകം അഭിനന്ദിക്കുന്നു. ഇവർ  ദീർഘകാലം രാജ്യത്തിന് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തും. പുതിയ ചിന്താഗതി അനുസരിച്ച്, യുവ ഭാരത് ഇപ്പോൾ വെറും പ്രകടനത്തിൽ മാത്രം  തൃപ്തരല്ല , പകരം അവർ മെഡലുകളും വിജയങ്ങളും ആഗ്രഹിക്കുന്നു.

 സുഹൃത്തുക്കളേ ,

യുവതലമുറ ഇക്കാലത്ത് ധാരാളമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്  - 'GOAT' - അതായത് എക്കാലത്തെയും മഹത്തായത് (Greatest of all time). രാജ്യത്തിന് നിങ്ങളെല്ലാവരും 'GOAT' ആണ് . നിങ്ങളുടെ അഭിനിവേശം, നിങ്ങളുടെ അർപ്പണബോധം, നിങ്ങളുടെ ബാല്യകാല അനുഭവങ്ങൾ, തുടങ്ങിയവ എല്ലാവർക്കും പ്രചോദനമാണ്. വലിയ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ  മറ്റ് യുവാക്കളെ പ്രചോദിപ്പിക്കുന്നു. കൊച്ചുകുട്ടികൾ നിങ്ങളിൽ  അത്രയധികം ആകൃഷ്ടരാകുന്നത് ഞാൻ കണ്ടു. അവർ  നിങ്ങളെപ്പോലെ ആകാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഈ  സ്വാധീനം നിങ്ങൾ നന്നായി ഉപയോഗിക്കുകയും കഴിയുന്നത്ര ചെറുപ്പക്കാരുമായി ബന്ധപ്പെടുകയും വേണം. നേരത്തെ സ്‌കൂളിൽ പോയി കുട്ടികളെ കാണാൻ കളിക്കാരോട് അഭ്യർത്ഥിച്ചപ്പോൾ നിരവധി താരങ്ങൾ സ്‌കൂളിൽ പോയിരുന്നതായി ഓർക്കുന്നു. അവരിൽ ചിലർ ഇവിടെയും ഉണ്ട്. നീരജ് ഒരു സ്കൂളിൽ പോയി, അവിടെയുള്ള കുട്ടികൾ നീരജിനെ ഒരുപാട് പ്രശംസിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ എല്ലാവരോടും സമാനമായ ഒരു അഭ്യർത്ഥന വീണ്ടും നടത്താൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ നിന്നും എന്തെങ്കിലും ആവശ്യപ്പെടാൻ രാജ്യത്തിന് അവകാശമുണ്ട്, അല്ലേ? എന്തുകൊണ്ടാണ് നിങ്ങൾ മിണ്ടാതിരുന്നത്? . നിങ്ങളിൽ നിന്നും രാജ്യം വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ നിറവേറ്റുമോ?

 എന്റെ പ്രിയപ്പെട്ട കായികതാരങ്ങളെ,

രാജ്യം ഇപ്പോൾ മയക്കുമരുന്നിനെതിരെ നിർണായക പോരാട്ടത്തിലാണ്. ഉത്തേജക മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾക്കെല്ലാം നന്നായി അറിയാം.  ഉത്തേജക മരുനിന്റെ ഉപയോഗം ഒരു കളിക്കാരന്റെ കരിയർ  നശിപ്പിക്കുന്നു. പലപ്പോഴും, വിജയിക്കാനുള്ള ആഗ്രഹം ചിലരെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു, എന്നാൽ ഇതാണ് നിങ്ങളിലൂടെ നമ്മുടെ യുവാക്കൾക്ക്  മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നത്. ശരിയായ പാതയിലൂടെ നടന്ന്, നിങ്ങൾ വലിയ വിജയം നേടി. അതുകൊണ്ട് ആരും തെറ്റായ വഴിക്ക് പോകേണ്ട കാര്യമില്ല. നമ്മുടെ യുവാക്കൾ നിങ്ങളെ ശ്രദ്ധിക്കും. അതിനാൽ നിങ്ങൾക്ക് ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും.

മെഡലുകൾ കായിക ബലത്തിൽ നിന്ന്  മാത്രം വരുന്നതല്ല; മാനസിക ശക്തിയുടെ പിൻബലം  ഒരു വലിയ പങ്ക് വഹിക്കുന്നു. നിങ്ങളുടെ മാനസിക ബലമാണ്  നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്, ആ സ്വത്ത് രാജ്യത്തിന് ഉപയോഗപ്രദമായിരിക്കണം. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഭാരതത്തിലെ യുവതലമുറയെ ബോധവൽക്കരിക്കുന്ന ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാർ  കൂടിയാണ് നിങ്ങൾ. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ആരെങ്കിലും നിങ്ങളോട് ഒരു ബൈറ്റോ അഭിമുഖമോ ചോദിച്ചാൽ, ദയവായി ഈ രണ്ട് വാചകങ്ങൾ അവരോട് പറയുക - രാജ്യത്തെ എന്റെ യുവ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ദയവായി ഇത് പറയൂ, കാരണം നിങ്ങൾ രാജ്യത്തെ യുവാക്കളുടെ മാതൃകകളാണ്, അവർ നിങ്ങൾ പറയുന്നത് കേൾക്കും.

ആളുകളെ കാണുമ്പോഴും അഭിമുഖങ്ങൾ നൽകുമ്പോഴും സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ വിപത്തിനെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് നിങ്ങളുടെ ദൗത്യമാക്കാൻ ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. ലഹരിമുക്ത ഇന്ത്യക്കായുള്ള  പോരാട്ടം ശക്തിപ്പെടുത്താൻ നിങ്ങൾ മുന്നോട്ടുവരണം.

പ്രിയപ്പെട്ടവരേ,

പോഷകാഹാരങ്ങളുടെ പ്രാധാന്യവും , കായിക ക്ഷമതക്ക്  അത് എത്രത്തോളം നിർണ്ണായകമാണെന്നും നിങ്ങൾക്കറിയാം. നിങ്ങളുടെ ജീവിതശൈലിയിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന് നിങ്ങൾ മുൻഗണന നൽകുന്നു. സ്വാദിഷ്ടമായ പല ഭക്ഷ്യ വസ്തുക്കളും  കഴിക്കുന്നതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുകയും ചെയ്യുന്നു. എന്ത് കഴിക്കണം എന്നതിനേക്കാൾ പ്രധാനമാണ് എന്ത് കഴിക്കരുത് എന്നറിയുന്നത്. രാജ്യത്തെ കുട്ടികൾക്ക് നല്ല  ഭക്ഷണ ശീലങ്ങളെക്കുറിച്ചും, പോഷകാഹാരത്തെക്കുറിച്ചും  ധാരാളം മാർഗനിർദേശങ്ങൾ നൽകാൻ നിങ്ങൾക്ക് തീർച്ചയായും കഴിയുമെന്ന് എനിക്ക് അറിയാം.. മില്ലറ്റ് പ്രസ്ഥാനത്തിലും പോഷകാഹാര ദൗത്യത്തിലും നിങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. സ്‌കൂളിലെ ശരിയായ ഭക്ഷണശീലങ്ങളെക്കുറിച്ച് കുട്ടികളോട് കൂടുതൽ സംസാരിക്കണം.

സുഹൃത്തുക്കളെ,

മൈതാനങ്ങളിൽ  നിങ്ങൾ പ്രകടിപ്പിച്ച മികവ്  വലിയ ഒരു പ്രവർത്തനത്തിന്റെ ഭാഗമാണ്. രാജ്യം പുരോഗമിക്കുമ്പോൾ അതിന്റെ സ്വാധീനം എല്ലാ മേഖലയിലും ദൃശ്യമാണ്. ഭാരതത്തിന്റെ കായിക മേഖലയിലും ഇതുതന്നെ യാണ് കാണുന്നത്. രാജ്യത്ത് സാഹചര്യങ്ങൾ മോശമായിരുന്നപ്പോൾ  അത് കായിക മേഖലയിലും പ്രതിഫലിച്ചിരുന്നു. ഇന്ന്, ഭാരതം ലോക വേദിയിൽ സുപ്രധാന സ്ഥാനം നേടുമ്പോൾ, കായിക മേഖലയിലും നിങ്ങളിലൂടെ അത് നേടാനായി. ഇന്ന്,നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മികച്ച-3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി  മാറുന്നതിനുള്ള പാതയിൽ സഞ്ചരിക്കുന്ന അവസരത്തിൽ, നമ്മുടെ യുവജനങ്ങൾക്ക്  അതിന്റെ  പ്രയോജനം നേരിട്ട് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ന് ബഹിരാകാശത്ത് പോലും  ഇന്ത്യയുടെ  നാമം തിളങ്ങുന്നത് കാണാം. ഇപ്പോൾ എല്ലായിടത്തും ആളുകൾ ചന്ദ്രയാനെ കുറിച്ചാണ് സംസാരിക്കുന്നത്.

 ഇന്ന് നമ്മുടെ രാജ്യം  സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ അദ്ഭുതകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭാരതത്തിന്റെ യുവജനങ്ങൾ സംരംഭകത്വത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ലോകമെമ്പാടുമുള്ള ചില മുൻനിര കമ്പനികളുടെ സിഇഒമാർ ഇൻഡ്യാക്കാരാണ്. അതായത് നമ്മുടെ യുവാക്കളുടെ സാധ്യത എല്ലാ മേഖലയിലും ദൃശ്യമാണ്. നിങ്ങളെപ്പോലുള്ള എല്ലാ കായിക താരങ്ങളിലും  രാജ്യത്തിന് വലിയ വിശ്വാസമുണ്ട്. ഈ ആത്മവിശ്വാസത്തോടെയാണ്  ഞങ്ങൾ ‘100 പാർ’ എന്ന മുദ്രാവാക്യം നൽകിയത്. നിങ്ങൾ ആ ആഗ്രഹം നിറവേറ്റി. അടുത്ത തവണ നമ്മൾ ഈ റെക്കോർഡിനേക്കാൾ ഒരുപാട് മുന്നോട്ട് പോകും. ഇപ്പോൾ ഒളിമ്പിക്സും നമ്മുടെ മുന്നിലുണ്ട്. പാരീസിനായി ഉത്സാഹത്തോടെ തയ്യാറെടുക്കുക. ഇത്തവണ വിജയിക്കാൻ കഴിയാത്തവർ നിരാശപ്പെടേണ്ടതില്ല. തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയും പുതിയ ശ്രമങ്ങൾ നടത്തുകയും ചെയ്യുക. നിങ്ങളും തീർച്ചയായും വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒക്ടോബർ 22 മുതൽ ഏതാനും ദിവസങ്ങൾക്ക് ശേഷം പാരാ ഏഷ്യൻ ഗെയിംസും ആരംഭിക്കാൻ പോകുന്നു. നിങ്ങളിലൂടെ, പാരാ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും കളിക്കാർക്കും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഈ മിന്നുന്ന പ്രകടനത്തിനും ഈ ഉജ്ജ്വലമായ നേട്ടത്തിനും രാജ്യത്തിന് അഭിമാനം നൽകിയതിനും ഞാൻ ഒരിക്കൽ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു .

 വളരെ നന്ദി.

--NS--

 


(Release ID: 1967082) Visitor Counter : 124