പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും


പാർവതി കുണ്ഡിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും

കരസേന, ഐടിബിപി, ബിആർഒ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രദേശവാസികളുമായി ആശയവിനിമയം നടത്താൻ പ്രധാനമന്ത്രി ഗുഞ്ജി ഗ്രാമം സന്ദർശിക്കും

ജഗേശ്വർ ധാമിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും

പിത്തോരാഗഢിൽ 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും


Posted On: 10 OCT 2023 7:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും.

രാവിലെ 8.30നു പിത്തോരാഗഢ് ജില്ലയിലെ ജോലിങ്‌കോങ്ങിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി പാർവതി കുണ്ഡിൽ പൂജയും ദർശനവും നടത്തും. പ്രധാനമന്ത്രി ഈ സ്ഥലത്തു വിശുദ്ധ ആദി-കൈലാസത്തിൽനിന്ന് അനുഗ്രഹം തേടും. ആത്മീയ പ്രാധാന്യത്തിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട ഇടമാണിത്.

രാവിലെ 9.30നു പിത്തോരാഗഢ് ജില്ലയിലെ ഗുഞ്ജി ഗ്രാമത്തിലെത്തുന്ന പ്രധാനമന്ത്രി, പ്രദേശവാസി‌കളുമായി സംവദിക്കും. പ്രാദേശിക കലകളും ഉൽപ്പന്നങ്ങളും ഉയർത്തിക്കാട്ടുന്ന പ്രദർശനം അദ്ദേഹം സന്ദർശിക്കും. കരസേന, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി), അതിർത്തി റോഡ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയിലെ ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

ഉച്ചയ്ക്കു പന്ത്രണ്ടോടെ അൽമോറ ജില്ലയിലെ ജഗേശ്വരിൽ എത്തുന്ന പ്രധാനമന്ത്രി ജഗേശ്വർ ധാമിൽ പൂജയും ദർശനവും നടത്തും. ഏകദേശം 6200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജഗേശ്വർ ധാമിൽ ഏകദേശം 224 ശിലാക്ഷേത്രങ്ങളുണ്ട്.

ഉച്ചകഴിഞ്ഞ് 2.30നു പിത്തോരാഗഢിൽ എത്തുന്ന പ്രധാനമന്ത്രി, ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, ഉദ്യാനനിർമാണം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏകദേശം 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും നിർവഹിക്കും.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ഇനി പറയുന്നു: പിഎംജിഎസ്‌വൈ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ നിർമിച്ച 76 ഗ്രാമീണ റോഡുകളും 25 പാലങ്ങളും; 9 ജില്ലകളിലായി ബിഡിഒ ഓഫീസുകളുടെ 15 കെട്ടിടങ്ങൾ; കേന്ദ്ര റോഡ് ഫണ്ടിൽ നിർമിച്ച കൗസാനി ബാഗേശ്വർ റോഡ്, ധാരി-ദൗബ-ഗിരിചീന റോഡ്, നാഗാല-കിച്ച റോഡ് എന്നീ മൂന്നു റോഡുകളുടെ നവീകരണം; ദേശീയ പാതയിലെ അൽമോറ പേട്ശാൽ  - പനുവാനൗല - ദന്യ (NH 309B), ടനക്പുർ - ചൽഥി (NH 125) എന്നീ രണ്ടു റോഡുകളുടെ നവീകരണം; 38 പമ്പിങ് കുടിവെള്ള പദ്ധതികൾ, 419 ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ജലവിതരണ പദ്ധതികൾ, കുഴൽക്കിണർ അടിസ്ഥാനമാക്കിയുള്ള മൂന്നു ജലവിതരണ പദ്ധതികൾ എന്നിങ്ങനെ കുടിവെള്ളവുമായി ബന്ധപ്പെട്ട മൂന്നു പദ്ധതികൾ; പിത്തോരാഗഢിലെ താർകോട്ട് കൃത്രിമ തടാകം; 132 കെവി പിത്തോരാഗഢ്-ലോഹാഘാട്ട് (ചമ്പാവത്ത്) ഊർജ പ്രസരണ ലൈൻ; ഉത്തരാഖണ്ഡിലുടനീളമുള്ള 39 പാലങ്ങൾ; ലോകബാങ്ക് ധനസഹായത്തോടെ ഉത്തരാഖണ്ഡ് ദുരന്തനിവാരണ പദ്ധതിപ്രകാരം ഡെറാഡൂണിൽ നിർമിച്ച ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (യുഎസ്‌ഡിഎംഎ) കെട്ടിടം.

പ്രധാനമന്ത്രി തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നവ ഇനി പറയുന്നു: പൂക്കളുടേയും പച്ചക്കറികളുടേയും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന 21,398 പോളി ഹൗസുകൾ നിർമിക്കുന്നതിനുള്ള പദ്ധതി; ഉയർന്ന സാന്ദ്രതയുള്ള ആപ്പിൾ തോട്ടങ്ങൾ നട്ടുവളർത്തുന്നതിനുള്ള പദ്ധതി; ദേശീയ പാത റോഡ് നവീകരണത്തിനുള്ള അഞ്ചു പദ്ധതികൾ; പാലങ്ങളുടെ നിർമാണം, ഡെറാഡൂണിലെ സംസ്ഥാന അടിയന്തരസഹായ പ്രവർത്തന കേന്ദ്രം നവീകരിക്കൽ, നൈനിറ്റാൾ ബലിയാനാലയിൽ ഉരുൾപൊട്ടൽ തടയുന്നതിനുള്ള നടപടികൾ, തീപിടിത്തവും ആരോഗ്യവും വനവുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ; സംസ്ഥാനത്തെ 20 മാതൃകാ ബിരുദ കോളേജുകളിൽ ഹോസ്റ്റലുകളുടെയും കമ്പ്യൂട്ടർ ലാബുകളുടെയും വികസനം; അൽമോറയിലെ സോമേശ്വറിൽ 100 കിടക്കകളുള്ള ഉപജില്ല ആശുപത്രി; ചമ്പാവത്തിലെ 50 കിടക്കകളുള്ള ആശുപത്രി കെട്ടിടം; നൈനിറ്റാളിലെ ഹൽദ്വാനി സ്റ്റേഡിയത്തിലെ ആസ്ട്രോടർഫ് ഹോക്കി മൈതാനം; രുദ്രാപുരിലെ വെലോഡ്രോം സ്റ്റേഡിയം; ജഗേശ്വർ ധാം (അൽമോറ), ഹാഥ് കലിക (പിത്തോരാഗഢ്), നൈന ദേവി (നൈനിറ്റാൾ) ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള മാനസ്ഖണ്ഡ് മന്ദിർമാല ദൗത്യപദ്ധതി; ഹൽദ്വാനിയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ; ഉധംസിങ് നഗർ സിതാർഗഞ്ജിൽ 33/11 കെവി സബ്‌സ്റ്റേഷൻ നിർമാണം.

 

NS


(Release ID: 1966455) Visitor Counter : 105