പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
05 OCT 2023 10:54PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗു ഭായ് പട്ടേല്‍, മുഖ്യമന്ത്രി ഭായി ശിവരാജ് സിംഗ് ചൗഹാന്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശ് സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, വേദിയില്‍ സന്നിഹിതരായ മറ്റു പ്രമുഖരെ, നമ്മെ അനുഗ്രഹിക്കാനായി ഇവിടെ വലിയ തോതില്‍ എത്തിച്ചേര്‍ന്ന മഹതികളെ, മഹാന്‍മാരെ!
നര്‍മ്മദാ മാതാവിന്റെ ഈ പുണ്യഭൂമിക്ക് പ്രണാമം അര്‍പ്പിക്കുന്ന ഞാന്‍ ഇന്ന് ജബല്‍പൂരിന്റെ ഒരു പുതിയ മുഖത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജബല്‍പൂരില്‍ ആവേശം ഉള്ളതായി ഞാന്‍ കാണുന്നു; 'മഹാകൗശലി'ല്‍ സന്തോഷവും ആവേശവുമുണ്ട്. ഈ തീക്ഷ്ണത യും ഈ ആവേശവും മഹാകൗശലിന്റെ മനസ്സിലുള്ളതെല്ലാം പ്രതിഫലിപ്പിക്കുന്നു. ധീര രാജ്ഞി ദുര്‍ഗ്ഗാവതി ജിയുടെ 500-ാം ജന്മവാര്‍ഷികം ഇന്ന് രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. റാണി ദുര്‍ഗാവതി ഗൗരവ് യാത്രയുടെ സമാപന വേളയില്‍, അവരുടെ ജന്മദിനം ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഈ ലക്ഷ്യത്തിനായി ഒരു പുണ്യ കര്‍മ്മം നിര്‍വഹിക്കാനും നമ്മുടെ പൂര്‍വ്വികരുടെ കടം വീട്ടാനും വേണ്ടിയാണ്. കുറച്ച് മുമ്പ്, നാം ഇവിടെ റാണി ദുര്‍ഗ്ഗാവതി ജിയുടെ മഹത്തായ സ്മാരകത്തിന്റെ ഭൂമിപൂജ നടത്തി. അത് എങ്ങനെ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഞാന്‍ ചിന്തിച്ചു. ശിവരാജ് ജി അതിന്റെ പൂര്‍ണ്ണമായ ഭൂപടം വിശദമായി കാണിച്ചുതന്നു. ഇത് പണിതതിനുശേഷം ഭാരതത്തിലെ ഓരോ അമ്മയ്ക്കും ഓരോ യുവാവനും ഈ ഭൂമി സന്ദര്‍ശിക്കാന്‍ തോന്നുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു തരത്തില്‍ ഇതൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറും. റാണി ദുര്‍ഗ്ഗാവതിയുടെ ജീവിതം എല്ലാവരുടെയും ക്ഷേമത്തിന്റെ പാഠം നമ്മെ പഠിപ്പിക്കുന്നു; നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ നമുക്ക് ധൈര്യം നല്‍കുന്നു. റാണി ദുര്‍ഗ്ഗാവതിയുടെ ജന്മവാര്‍ഷികത്തില്‍ മുഴുവന്‍ ആദിവാസി സമൂഹത്തെയും മധ്യപ്രദേശിനെയും 140 കോടി രാജ്യക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏതെങ്കിലും രാജ്യത്തിന് റാണി ദുര്‍ഗ്ഗാവതിയെ പോലെ ഒരാള്‍ നേതാവായി ഉണ്ടായിരുന്നെങ്കില്‍, ആ രാജ്യം അത് ലോകമെമ്പാടും പ്രചരിപ്പിക്കുമായിരുന്നു. സ്വാതന്ത്ര്യാനന്തരം നമ്മുടെ നാട്ടിലും ഇത് സംഭവിക്കേണ്ടതായിരുന്നു എന്നാല്‍ നമ്മുടെ മഹത് വ്യക്തിത്വങ്ങള്‍ വിസ്മരിക്കപ്പെട്ടു. ഈ മിടുക്കരും ഋഷിമാരും ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതിരൂപങ്ങളുമായ അത്തരം മഹത്തായ വ്യക്തിത്വങ്ങള്‍; അത്തരം ധീരരായ പുരുഷന്മാരും സ്ത്രീകളും വിസ്മരിക്കപ്പെട്ടു.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന് ഇവിടെ 12,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. അത് വെള്ളമോ വാതക പൈപ്പ് ലൈനോ 4 വരി പാതകളുടെ ശൃംഖലയോ ആകട്ടെ, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പദ്ധതികളാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് തീര്‍ച്ചയായും ഇതിന്റെ പ്രയോജനം ലഭിക്കും; ഇവിടെ പുതിയ ഫാക്ടറികളും പ്ലാന്റുകളും സ്ഥാപിക്കുകയും നമ്മുടെ യുവാക്കള്‍ക്ക് ഇവിടെ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ സഹോദരിമാര്‍ക്ക് പുകവലി രഹിത അടുക്കള ഒരുക്കുക എന്നതാണ് ബിജെപി ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്ന്. പുകയുന്ന സ്റ്റൗവില്‍ ഒരു അമ്മ ഭക്ഷണം പാകം ചെയ്യുമ്പോഴും അതുപോലെ, വിറക് കത്തിക്കുമ്പോഴോ കല്‍ക്കരി കത്തിക്കുമ്പോഴോ അവരുടെ ശരീരത്തില്‍ ഓരോ 24 മണിക്കൂറിലും 400 സിഗരറ്റിന് തുല്യമായ അളവില്‍ പുകയേല്‍ക്കുമെന്നു ചിലര്‍ ഗവേഷണം നടത്തി പറഞ്ഞു. എന്റെ അമ്മമാരും സഹോദരിമാരും ഈ വിഷമത്തില്‍ നിന്ന് രക്ഷപ്പെടണോ വേണ്ടയോ? ദയവായി നിങ്ങളുടെ എല്ലാ ശക്തിയോടെയും പ്രതികരിക്കുക; ഇത് അമ്മമാരെയും സഹോദരിമാരെയും കുറിച്ചാണ്. എന്റെ അമ്മമാരും സഹോദരിമാരും അടുക്കളയിലെ പുകയില്‍ നിന്ന് മുക്തരാകണോ വേണ്ടയോ? കോണ്‍ഗ്രസിന് ഈ പണി നേരത്തെ ചെയ്യാമായിരുന്നില്ലേ? അവര്‍ ചെയ്തില്ല. അമ്മമാരെയും സഹോദരിമാരെയും കുറിച്ചും അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചും അവര്‍ ശ്രദ്ധിച്ചില്ല.
സഹോദരീ സഹോദരന്മാരേ,
അതുകൊണ്ടാണ് ഞങ്ങള്‍ ഒരു വലിയ പ്രചരണം ആരംഭിക്കുകയും പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സഹോദരിമാര്‍ക്ക് സൗജന്യമായി ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ നല്‍കുകയും ചെയ്തത്. നേരത്തെ ഗ്യാസ് കണക്ഷന്‍ എടുക്കേണ്ടി വന്നാല്‍ എംപിയുടെ വീട് സന്ദര്‍ശിക്കണമായിരുന്നു. രക്ഷാബന്ധന്‍ ഉത്സവത്തില്‍ ഒരു സഹോദരന്‍ തന്റെ സഹോദരിക്ക് എന്തെങ്കിലും നല്‍കുന്നത് നിങ്ങള്‍ക്കറിയാം. അങ്ങനെ, രക്ഷാബന്ധന്‍ ഉത്സവത്തില്‍, നമ്മുടെ ഗവണ്‍മെന്റ് എല്ലാ സഹോദരിമാര്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍ വിലകുറച്ച് നല്‍കിയിരുന്നു. ആ അവസരത്തില്‍ ഉജ്ജ്വലയിലെ ഗുണഭോക്താക്കളായ സഹോദരിമാര്‍ക്ക് സിലിണ്ടറിന് 400 രൂപ കുറച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ദുര്‍ഗാ പൂജ, നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. അങ്ങനെ ഈ മോദി ഗവണ്‍മെന്റ് ഇന്നലെത്തന്നെ ഉജ്ജ്വല സിലിണ്ടറുകളുടെ വില വീണ്ടും 100 താഴ്ത്തി. അതായത് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉജ്ജ്വലയിലെ ഗുണഭോക്താക്കളായ സഹോദരിമാര്‍ക്ക് സിലിണ്ടറിന് 500 രൂപ കുറഞ്ഞു. ഇപ്പോള്‍ ഉജ്ജ്വല ഗുണഭോക്താക്കളായ എന്റെ പാവപ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും 600 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും. അടുക്കളകളില്‍ സിലിണ്ടറുകള്‍ക്ക് പകരം പൈപ്പുകള്‍ വഴി ഗ്യാസ് വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ബിജെപി ഗവണ്‍മെന്റ് അതിവേഗം പ്രവര്‍ത്തിക്കുന്നു. അതിനാലാണ് ഇവിടെ ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. മധ്യപ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.
അതിനാല്‍, സഹോദരീ സഹോദരന്മാരേ,
2014 ന് ശേഷം, സേവനമനുഷ്ഠിക്കാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍, കോണ്‍ഗ്രസ് ഗവണ്‍മെന്റ് സൃഷ്ടിച്ച കുത്തഴിഞ്ഞ സംവിധാനങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ ഒരു ക്യാമ്പയിന്‍ ആരംഭിച്ചു, അഴിമതിയുടെ മുന്നണിയിലും ഒരു ശുചിത്വ കാമ്പയിന്‍ ആരംഭിച്ചു. ഏകദേശം 11 കോടി വ്യാജ പേരുകള്‍ നീക്കം ചെയ്യാന്‍ ഞങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഈ കണക്ക് നിങ്ങള്‍ ഓര്‍ക്കുമോ? താങ്കള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നോ? ഈ കണക്ക് നിങ്ങള്‍ ഓര്‍ക്കുമോ? ഗവണ്‍മെന്റിന്റെ രേഖകളില്‍ നിന്ന് 11 കോടി വ്യാജ പേരുകള്‍ ഞങ്ങള്‍ നീക്കം ചെയ്തു. എത്ര? എത്രയെണ്ണമെന്നാണു ഞാന്‍ പറഞ്ഞത്? ഉറക്കെ പറയൂ.11 കോടി! ആരുടേതായിരുന്നു ഈ 11 കോടി പേരുകള്‍? ഒരിക്കലും ജനിക്കാത്ത ആളുകളുടെ പേരുകളായിരുന്നു ഇത്! ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന് ഖജനാവ് കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. ഈ തെറ്റായ പേരുകള്‍ക്കും വ്യാജ പേരുകള്‍ക്കും കോണ്‍ഗ്രസ് രേഖകള്‍ സൃഷ്ടിച്ചു.
ഈ 11 കോടി എന്നത് മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും മൊത്തം ജനസംഖ്യയേക്കാള്‍ വലുതാണ്. ഈ 11 കോടി വ്യാജ പേരുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ഗുണഭോക്താക്കളായ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുത്താണ് ഖജനാവ് കൊള്ളയടിച്ചത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മോദി എല്ലാം വൃത്തിയാക്കി. തങ്ങളുടെ കമ്മീഷന്‍ മുടങ്ങിയതാണ് ഇക്കൂട്ടര്‍ക്ക് ദേഷ്യം വരാന്‍ കാരണം. മോദി വന്ന് എല്ലാം ശരിയാക്കി. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കാനോ കോണ്‍ഗ്രസ് നേതാക്കളുടെ ഖജനാവ് നിറയ്ക്കാനോ ഞാന്‍ അനുവദിക്കില്ല. ജന്‍ധന്‍-ആധാറും മൊബൈലും എന്ന ത്രിത്വമാണ് നമ്മള്‍ സൃഷ്ടിച്ചത്. കോണ്‍ഗ്രസിന്റെ അഴിമതി സമ്പ്രദായം തകര്‍ത്തു. ഇന്ന് ഈ ത്രിശക്തി കാരണം രണ്ടര ലക്ഷം കോടിയിലധികം രൂപ മോഷ്ടിക്കപ്പെടാതെ ലാഭിച്ചു. ഈ കണക്ക് ഞാന്‍ നിങ്ങളോട് വീണ്ടും ചോദിക്കും. അങ്ങനെ, തെറ്റായ കൈകളിലേക്ക് പോകുകയും മോഷ്ടിക്കപ്പെടുകയും ചെയ്ത 2.5 ലക്ഷം കോടി രൂപ ലാഭിക്കുന്ന ജോലിയാണ് മോദി ചെയ്തത്. ഞാന്‍ എത്രയാണു പറഞ്ഞത്? 2.5 ലക്ഷം കോടി! ഇന്ന് പാവപ്പെട്ടവരുടെ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു.
കേവലം 600 രൂപയ്ക്ക് ഉജ്ജ്വല സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് മൂന്ന് ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ 3 ലക്ഷം കോടി രൂപ ഖജനാവില്‍ നിന്ന് നല്‍കുന്നത് എന്റെ പാവപ്പെട്ട അമ്മമാരുടെ ഒരു കുട്ടിയും രാത്രി പട്ടിണി കിടക്കാതിരിക്കാനാണ്. പാവപ്പെട്ടവന്റെ വീട്ടിലെ പാചകം മുടങ്ങില്ല. ആയുഷ്മാന്‍ പദ്ധതി പ്രകാരം രാജ്യത്തെ 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. 70,000 കോടി രൂപയാണ് നിങ്ങളുടെ ആയുഷ്മാന്‍ കാര്‍ഡിനായി ഗവണ്‍മെന്റ് ചെലവഴിച്ചത്. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ യൂറിയ ലഭിക്കണം. ലോകവിപണിയില്‍ ഒരു ചാക്ക് യൂറിയ 3000 രൂപയ്ക്കാണ് വില്‍ക്കുന്നത്, എന്നാല്‍ മോദി അത് 300 രൂപയില്‍ താഴെ വിലയ്ക്കാണ് നല്‍കുന്നത്, അതുകൊണ്ടാണ് എന്റെ കര്‍ഷകര്‍ക്ക് ഭാരമാകാതിരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ട്രഷറിയില്‍ നിന്ന് 8 ലക്ഷം കോടി രൂപ ചെലവഴിച്ചത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 2.5 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ നല്‍കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് 4 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഇന്‍ഡോറിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച 1000 ബഹുനില നല്ല വീടുകള്‍ ഞാന്‍ നല്‍കിയത് ഇന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകും.
എന്റെ കുടുംബാംഗങ്ങളെ,
എല്ലാ ഫണ്ടുകളും ചേര്‍ത്താല്‍ എത്രയിരിക്കും തുക? എത്ര പൂജ്യങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്? നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ! കോണ്‍ഗ്രസില്‍ നിന്നുള്ള ഈ ആളുകള്‍ക്ക് അത് കണക്കാക്കാന്‍ പോലും കഴിയില്ല. കേള്‍ക്കൂ, 2014-ന് മുമ്പ്, ഈ പൂജ്യങ്ങള്‍ അഴിമതികളില്‍ നിന്നുള്ള പണം കണക്കാക്കാന്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സങ്കല്‍പ്പിക്കുക, നിങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ അയച്ചാല്‍ 15 പൈസ മാത്രമാണ് യഥാര്‍ത്ഥ ഗുണഭോക്താവിലേക്ക് എത്തിയതെന്നും 85 പൈസ നടുവില്‍ നിന്ന് ആരോ തട്ടിയെടുക്കുന്നുവെന്നും ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി പറയാറുണ്ടായിരുന്നു. അവര്‍ ഒരു രൂപ അയച്ചാല്‍ 15 പൈസ മാത്രമേ ഗുണഭോക്താവിന് ലഭിക്കൂ. നമ്മള്‍ ഇപ്പോള്‍ കണക്കു കൂട്ടിയ പണമാണ് കോണ്‍ഗ്രസ് കാലത്ത് അയച്ചിരുന്നതെങ്കില്‍ അത് എത്ര വലിയ മോഷണം നടക്കുമായിരുന്നെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ഇന്ന് ബിജെപി ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഇത്രയധികം പണം നല്‍കുന്നുണ്ട്.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന്, നമ്മുടെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും, നമ്മുടെ യുവസുഹൃത്തുക്കളെയും, നമ്മുടെ കൊച്ചുകുട്ടികളെയും, പെണ്‍മക്കളെയും, ചില പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കണോ? 2014 ലെ ചില സംഭവങ്ങള്‍ ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കണോ? നോക്കൂ, ഇന്ന് 20-22 വയസ്സുള്ളവര്‍ക്ക് അത് അറിയില്ലായിരിക്കാം, കാരണം അന്ന് അവര്‍ക്ക് 8,10, അല്ലെങ്കില്‍ 12 വയസ്സ് ഉണ്ടായിരിക്കും. മോദി ഗവണ്‍മെന്റിന് മുമ്പ് സ്ഥിതി എന്തായിരുന്നുവെന്ന് അവര്‍ക്കറിയില്ലായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികളാണ് ദിവസവും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നത്. പാവപ്പെട്ടവര്‍ക്കായി ചെലവഴിക്കേണ്ടിയിരുന്ന പണം കോണ്‍ഗ്രസ് നേതാക്കളുടെ ഖജനാവിലേക്കാണ് പോയിരുന്നത്. ഈ യുവാക്കളോട് ഞാന്‍ പറയും, അവരാണ് ഓണ്‍ലൈന്‍ തലമുറയെന്ന്. അതുകൊണ്ട് ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്താല്‍ മതി. 2013-14 ലെ പത്ര തലക്കെട്ടുകള്‍ വായിക്കുക. എന്തായിരുന്നു രാജ്യത്തിന്റെ അവസ്ഥ?
എന്റെ കുടുംബാംഗങ്ങളെ,
എന്റെ മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ഇന്ന് നര്‍മ്മദാ മാതാവിന്റെ തീരത്ത് നിന്നുകൊണ്ട് ഞാന്‍ ഇത് പറയുന്നു; ഞാന്‍ ഇത് മുഴുവന്‍ മധ്യപ്രദേശിനോടും പറയുന്നു; മധ്യപ്രദേശിലെ യുവാക്കളോടാണ് ഞാനിത് പറയുന്നത്; നര്‍മ്മദാ മാതാവിന്റെ സന്നിധിയില്‍ ഞാനിത് പറയുന്നു, കാരണം ഞാനും നര്‍മ്മദാ മാതാവിന്റെ മടിയില്‍ ജനിച്ചതാണ്. ഇന്ന് നര്‍മ്മദാ മാതാവിന്റെ തീരത്ത് നില്‍ക്കുമ്പോഴാണ് ഞാന്‍ ഇത് പറയുന്നത്. എന്റെ കുഞ്ഞുങ്ങളേ, എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുവിന്‍. വികസനത്തിന്റെ ഏത് തടസ്സവും വികസനത്തിന്റെ വേഗതയിലെ ഏത് മന്ദഗതിയും എല്ലാം നശിപ്പിക്കുന്ന ഒരു ഘട്ടത്തിലാണ് മധ്യപ്രദേശ് ഇന്ന്. 20-25 വര്‍ഷം കഴിഞ്ഞാലും ഇത്തരത്തിലുള്ള വികസനം തിരിച്ചുവരില്ല. അതിനാല്‍, വികസനത്തിന്റെ ഈ വേഗത നിര്‍ത്താനോ മുടങ്ങാനോ അനുവദിക്കരുത്. ഈ 25 വര്‍ഷം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. 25 വയസ്സിന് താഴെയുള്ള മധ്യപ്രദേശില്‍ നിന്നുള്ള സുഹൃത്തുക്കള്‍ പുതിയതും പുരോഗമിക്കുന്നതുമായ മധ്യപ്രദേശ് മാത്രമേ കണ്ടിട്ടുള്ളൂ. ഇനി വരുന്ന 25 വര്‍ഷത്തിനുള്ളില്‍ അവരുടെ മക്കള്‍ വളരുമ്പോള്‍ അവര്‍ക്ക് ഒരു വികസിത മധ്യപ്രദേശ്, സമ്പന്നമായ ഒരു മധ്യപ്രദേശ്, അഭിമാനവും ബഹുമാനവും നിറഞ്ഞ ഒരു മധ്യപ്രദേശ് എന്നിവ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ഇന്ന് കൂടുതല്‍ കഠിനാധ്വാനം ആവശ്യമാണ്. ഇതിന് ഇന്ന് ശരിയായ തീരുമാനം ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍, കാര്‍ഷിക കയറ്റുമതിയുടെ കാര്യത്തില്‍ ബിജെപി ഗവണ്‍മെന്റ് മധ്യപ്രദേശിനെ ഒന്നാമതെത്തിച്ചിട്ടുണ്ട്. വ്യാവസായിക വികസനത്തിലും നമ്മുടെ മധ്യപ്രദേശ് ഒന്നാമതെത്തേണ്ടത് ഇപ്പോള്‍ പ്രധാനമാണ്. ഭാരതത്തിന്റെ പ്രതിരോധ ഉല്‍പ്പാദനവും പ്രതിരോധ കയറ്റുമതിയും വര്‍ഷങ്ങളായി പലമടങ്ങ് വര്‍ദ്ധിച്ചു. ജബല്‍പൂരിനും ഇതില്‍ വലിയ സംഭാവനയുണ്ട്. മധ്യപ്രദേശില്‍, ജബല്‍പൂരില്‍ മാത്രം പ്രതിരോധവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ നിര്‍മ്മിക്കുന്ന 4 ഫാക്ടറികളുണ്ട്. ഇന്ന് കേന്ദ്രഗവണ്‍മെന്റ് നമ്മുടെ സൈന്യത്തിന് 'മെയ്ഡ് ഇന്‍ ഇന്ത്യ' ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഭാരതത്തിന്റെ പ്രതിരോധ സാമഗ്രികളുടെ ആവശ്യം ലോകത്ത് വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിനും ഇതിന്റെ ഗുണം ഏറെയാണ്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന് ഭാരതത്തിന്റെ ആത്മവിശ്വാസം പുതിയ ഉയരത്തിലാണ്. കളിസ്ഥലം മുതല്‍ വയലുകള്‍ വരെ ഭാരതത്തിന്റെ പതാക ഉയര്‍ന്നു പൊങ്ങുന്നു. ഏഷ്യന്‍ ഗെയിംസ് ഇപ്പോള്‍ നടക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം, അതില്‍ ഭാരതത്തിന്റെ മിന്നുന്ന പ്രകടനം നാം കാണുന്നു. ഇന്ന് രാജ്യത്തെ ഓരോ യുവാവിനും ഇത് ഭാരതത്തിന്റെ യുവത്വത്തിന്റെ കാലഘട്ടമാണെന്ന് തോന്നുന്നു. ഈ കാലഘട്ടം ഭാരതത്തിന്റെ യുവത്വത്തിന്റെ കാലഘട്ടമാണ്. യുവാക്കള്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിക്കുമ്പോള്‍, വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അവരുടെ അഭിനിവേശവും വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ജി 20 പോലുള്ള മഹത്തായ ലോക പരിപാടികള്‍ വളരെ അഭിമാനത്തോടെ സംഘടിപ്പിക്കാന്‍ ഭാരതത്തിനു കഴിയുന്നത്. അതുകൊണ്ടാണ് ഭാരതത്തിന്റെ ചന്ദ്രയാന്‍ മറ്റൊരു രാജ്യത്തിനും എത്തിപ്പെടാന്‍ കഴിയാത്ത ഇടത്ത് എത്തുന്നത്. അതുകൊണ്ടാണ് തദ്ദേശീയര്‍ക്ക് വേണ്ടി വാചാലനാകുക എന്ന മന്ത്രം ദൂരവ്യാപകമായി പ്രതിധ്വനിക്കാന്‍ തുടങ്ങുന്നത്. നിങ്ങള്‍ക്ക് ഊഹിക്കാം, ഒരു വശത്ത് ഈ രാജ്യം ചന്ദ്രയാന്‍ അയച്ചപ്പോള്‍ മറുവശത്ത്, ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന്, ഡല്‍ഹിയിലെ ഒരു ഖാദി സ്റ്റോര്‍ ഒരു ദിവസം കൊണ്ട് 1.5 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റു. ഇതാണ് രാജ്യത്തിന്റെ ശക്തി. സ്വദേശിയുടെ ഈ ചൈതന്യം, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഈ ചൈതന്യം ഇന്ന് എല്ലായിടത്തും വളരുന്നുണ്ട്. എന്റെ രാജ്യത്തെ യുവാക്കളും എന്റെ രാജ്യത്തെ പുത്രന്മാരും പുത്രിമാരും ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നു. അതുകൊണ്ടാണ് ഭാരതത്തിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് ഭാരതം തെളിമയാര്‍ന്നതാകാനുള്ള ശക്തമായ പ്രതിജ്ഞ എടുക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാജ്യത്ത് ആരംഭിച്ച ശുചിത്വ കാമ്പയിനില്‍ 9 ലക്ഷത്തിലധികം സ്ഥലങ്ങളില്‍ ശുചീകരണ പരിപാടികള്‍ നടത്തി! രാജ്യത്തെ 9 കോടിയിലധികം ജനങ്ങള്‍ ആ ശുചിത്വ കാമ്പയിനില്‍ പങ്കാളികളായി. അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി, ചൂലെടുത്ത് നാട്ടിലെ റോഡുകളും പാര്‍ക്കുകളും വൃത്തിയാക്കി. മധ്യപ്രദേശിലെ ജനങ്ങളും മധ്യപ്രദേശിലെ യുവാക്കളും അതിലും അത്ഭുതങ്ങള്‍ ചെയ്തു. വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയത് മധ്യപ്രദേശാണ്. മധ്യപ്രദേശ് രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ ആവേശം നാം മുന്നോട്ട് കൊണ്ടുപോകണം. വരുന്ന 5 വര്‍ഷങ്ങളില്‍, കഴിയുന്നത്ര മേഖലകളില്‍ മധ്യപ്രദേശിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തണം.
എന്റെ കുടുംബാംഗങ്ങളെ,
ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം താല്‍പ്പര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍, നമുക്ക് അത് എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയും. ഇന്ന് ലോകം മുഴുവന്‍ ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എല്ലാം നഷ്ടപ്പെട്ട അധികാരത്തില്‍ നിന്ന് വേറിട്ടതൊന്നും കാണാന്‍ കഴിയാത്ത ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ബിജെപിയെ ദുരുപയോഗം ചെയ്യുന്നതിനിടയില്‍ ഭാരതത്തെ തന്നെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് ലോകം മുഴുവന്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്നെ പ്രശംസിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, ഇവര്‍ എങ്ങനെയാണ് ഡിജിറ്റല്‍ ഇന്ത്യക്കായി എല്ലാ ദിവസവും നമ്മെ പരിഹസിക്കുന്നത് എന്ന്. കൊറോണയ്ക്കെതിരായ ലോകത്തിലെ ഏറ്റവും ഫലപ്രദമായ വാക്സിന്‍ ഭാരതം നിര്‍മ്മിച്ചു. ഈ ആളുകള്‍ നമ്മുടെ വാക്‌സിനുകളെ കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. വാക്‌സിന്‍ അടിസ്ഥാനമാക്കി 'വാക്‌സിന്‍ വാര്‍' എന്ന ഒരു പുതിയ സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണുതുറപ്പിക്കുന്ന അത്തരമൊരു സിനിമ നമ്മുടെ നാട്ടില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആരോ എന്നോട് പറഞ്ഞു. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളെയും അത് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതിനെയും ആസ്പദമാക്കിയാണ് 'വാക്‌സിന്‍ വാര്‍' എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ,
ഇന്ത്യന്‍ സൈന്യം സംസാരിക്കുന്ന എല്ലാ കാര്യങ്ങളും ഈ ആളുകള്‍ ചോദ്യം ചെയ്യുന്നു, ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ ചോദ്യം ചെയ്യുന്നു. രാജ്യത്തിന്റെ ശത്രുക്കളുടെയും തീവ്രവാദികളുടെയും വാക്കുകള്‍ സത്യമാണെന്ന് അവര്‍ കണ്ടെത്തുന്നു. എന്റെ രാജ്യത്തെ സൈന്യത്തിന്റെയും സൈനികരുടെയും വാക്കുകള്‍ അവര്‍ വിശ്വസിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം മുഴുവന്‍ അമൃത് മഹോത്സവം ആഘോഷിച്ചതും നിങ്ങള്‍ കണ്ടു. ഇത് ബിജെപിയുടെ പരിപാടിയായിരുന്നില്ല. രാജ്യത്തിന്റെ ഒരു പരിപാടിയായിരുന്നു അത്. ഭാരതത്തിലെ ഓരോ പൗരനും സ്വാതന്ത്ര്യം ഒരു ആഘോഷമായിരുന്നു. എന്നാല്‍ ഇക്കൂട്ടര്‍ 'ആസാദി കാ അമൃതകാല'ത്തെ കളിയാക്കുകയും ചെയ്യുന്നു. വരും തലമുറകള്‍ക്കായി ഞങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും അമൃത് സരോവരങ്ങള്‍ നിര്‍മ്മിക്കുന്നു, കൂടാതെ ജലസംരക്ഷണത്തിന്റെ ഒരു വലിയ പ്രചരണം നടക്കുന്നു. എന്നാല്‍ ഈ ആളുകള്‍ക്ക് ഈ ജോലിയോടും വെറുപ്പാണ്.
എന്റെ കുടുംബാംഗങ്ങളെ,
സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വര്‍ഷം രാജ്യത്ത് ഭരണം നടത്തിയ പാര്‍ട്ടി ആദിവാസി സമൂഹത്തോട് പോലും ഒരു ബഹുമാനവും കാണിച്ചില്ല. സ്വാതന്ത്ര്യസമരം മുതല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നതയില്‍ വരെ നമ്മുടെ ഗോത്രസമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹങ്ങളിലൊന്നാണ് ഗോണ്ട് സമൂഹം. എന്നിരിക്കെ, ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ദീര്‍ഘകാലം അധികാരത്തിലിരുന്നവര്‍ എന്തുകൊണ്ട് ആദിവാസി സമൂഹത്തിന്റെ സംഭാവനയ്ക്ക് ദേശീയ അംഗീകാരം നല്‍കിയില്ല? എന്തുകൊണ്ടാണ് ഇതിനായി രാജ്യം ബിജെപിയെ കാത്തിരിക്കേണ്ടി വന്നത്? നമ്മുടെ ആദിവാസി യുവജനങ്ങള്‍ ഇത് അറിഞ്ഞിരിക്കണം. അവര്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അടല്‍ ബിഹാരി വാജ്പേയിയുടെ ഗവണ്‍മെന്റ് ആദിവാസി സമൂഹത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും പ്രത്യേക ബജറ്റ് അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മോദി ഗവണ്‍മെന്റ് ഈ ബജറ്റ് പലമടങ്ങ് വര്‍ധിപ്പിച്ചു. രാജ്യത്തിന് ആദ്യ വനിതാ ഗോത്രരാഷ്ട്രപതി നല്‍കിയെന്ന പദവിയും ബിജെപിക്ക് ലഭിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ആദിവാസി അഭിമാന ദിനമായും ബിജെപി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും ആധുനിക റെയില്‍വേ സ്റ്റേഷനുകളിലൊന്ന് റാണി കമലപതിയുടെ പേരിലാണ് അറിയപ്പെടുന്നത്. പതല്‍പാനി സ്റ്റേഷന്‍ ഇപ്പോള്‍ ജനനായക് താന്ത്യ ഭില്‍ എന്നാണ് അറിയപ്പെടുന്നത്. ഗോണ്ട് സമുദായത്തിന്റെ പ്രചോദനമായ റാണി ദുര്‍ഗ്ഗാവതി ജിയുടെ പേരില്‍ ഇന്ന് അത്തരമൊരു മഹത്തായ ആധുനിക സ്മാരകം ഇവിടെ നിര്‍മ്മിക്കപ്പെടുന്നു. ഗോണ്ട് സംസ്‌കാരം, ഗോണ്ട് ചരിത്രം, കല എന്നിവയും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. വരും തലമുറകള്‍ക്ക് സമ്പന്നമായ ഗോണ്ട് പാരമ്പര്യത്തെക്കുറിച്ച് പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. ലോകനേതാക്കളെ കാണുമ്പോള്‍ ഞാന്‍ അവര്‍ക്ക് ഗോണ്ട് ചിത്രങ്ങള്‍ സമ്മാനിക്കും. അവര്‍ ഈ മികച്ച ഗോണ്ട് കലയെ പ്രശംസിക്കുമ്പോള്‍, എന്റെ ഹൃദയം അളവറ്റ അഭിമാനത്താല്‍ നിറയുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി രാജ്യത്ത് അധികാരത്തിലിരുന്ന പാര്‍ട്ടി ചെയ്തത് ഒരേയൊരു കാര്യമാണ്, അത് ഒരു കുടുംബത്തെ ആരാധിക്കുന്നു എന്നതാണ്. ഒരു കുടുംബത്തെ ആരാധിക്കുന്നതല്ലാതെ, അവര്‍ രാജ്യത്തെക്കുറിച്ച് ശ്രദ്ധിച്ചില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഒരു കുടുംബം മാത്രമല്ല. നാടിന്റെ വികസനം ഒരു കുടുംബം കൊണ്ട് മാത്രം നേടിയെടുത്തതല്ല. എല്ലാവരോടും ബഹുമാനം കാണിക്കുകയും എല്ലാവരേയും പരിപാലിക്കുകയും ചെയ്ത നമ്മുടെ ഗവണ്‍മെന്റാണിത്. മൗ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഡോ. ബാബാ സാഹിബ് അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഈ ബിജെപി ഗവണ്‍മെന്റ് 'പഞ്ചതീര്‍ഥം' ആക്കി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, സാഗറിലെ സന്ത് രവിദാസ് ജിയുടെ സ്മാരക സ്ഥലത്തിന്റെ ഭൂമി പൂജ നടത്താനും എനിക്ക് അവസരം ലഭിച്ചു. സാമൂഹ്യ സൗഹാര്‍ദ്ദത്തിനും പൈതൃകത്തിനും വേണ്ടിയുള്ള ബിജെപി ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.
സുഹൃത്തുക്കളെ,
സ്വജനപക്ഷപാതവും അഴിമതിയും വളര്‍ത്തുന്ന പാര്‍ട്ടികള്‍ ആദിവാസി സമൂഹത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിച്ചു. 2014-ന് മുമ്പ് 8-10 വനവിഭവങ്ങള്‍ക്ക് മാത്രമാണ് താങ്ങുവില നല്‍കിയിരുന്നത്. അവശേഷിക്കുന്ന വനവിഭവങ്ങള്‍ ചിലര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയായിരുന്നു എന്നതിനാല്‍ ആദിവാസികള്‍ക്ക് ഒന്നും ലഭിച്ചില്ല. ഞങ്ങള്‍ ഈ സാഹചര്യം മാറ്റി, ഇന്ന് ഏകദേശം 90 വന ഉല്‍പന്നങ്ങള്‍ തറവില പരിധിയില്‍ കൊണ്ടുവന്നു.
സുഹൃത്തുക്കളെ,
മുന്‍കാലങ്ങളില്‍ നമ്മുടെ ആദിവാസി കര്‍ഷകരും ചെറുകിട കര്‍ഷകരും ഉത്പാദിപ്പിക്കുന്ന കൊഡോ കുത്കി പോലുള്ള നാടന്‍ ധാന്യങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ജി 20 ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള വലിയ നേതാക്കള്‍ ഡല്‍ഹിയില്‍ വന്നത് നിങ്ങള്‍ കണ്ടു. നിരവധി നേതാക്കള്‍ എത്തിയിരുന്നു. നിങ്ങളുടെ കോഡോ കുത്കിയില്‍ നിന്ന് ഉണ്ടാക്കിയ വിഭവങ്ങളും ഞങ്ങള്‍ അവര്‍ക്ക് നല്‍കി. 'ശ്രീ അന്ന'യുടെ രൂപത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ നിങ്ങളുടെ കോഡോ കുത്കി എത്തിക്കാനും ബിജെപി ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ആദിവാസി കര്‍ഷകര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഞങ്ങളുടെ ശ്രമം.
എന്റെ കുടുംബാംഗങ്ങളെ,
ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണന പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. പൈപ്പുകളിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത് പാവപ്പെട്ടവരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ സൗകര്യത്തിനും വളരെ പ്രധാനമാണ്. ഇന്നും ഇവിടെയുള്ള 1600-ഓളം ഗ്രാമങ്ങളില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തിന് എപ്പോഴും രാജ്യം മുന്‍ഗണന നല്‍കണം. എന്നാല്‍ ഇതും നേരത്തെ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടു. ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് അവകാശം നല്‍കുന്ന പ്രവര്‍ത്തനമാണ് നരിശക്തി വന്ദന്‍ അധീനത്തിലൂടെ ബിജെപി നടത്തിയത്.
സുഹൃത്തുക്കളെ,
നമ്മുടെ വിശ്വകര്‍മ സുഹൃത്തുക്കള്‍ ഗ്രാമത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നു. അവരെ ശാക്തീകരിക്കുക എന്നതിനായിരിക്കണം മുന്‍ഗണന. എന്നാല്‍ 13,000 കോടി രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതി കൊണ്ടുവന്നത് ബിജെപി ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷമാണ്.
എന്റെ കുടുംബാംഗങ്ങളെ,
ബിജെപി ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റാണ്. അഴിമതിയും സ്വജനപക്ഷപാതവും വളര്‍ത്താന്‍ ചിലര്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നു. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് മോദിയുടെ ഉറപ്പ്. മഹാകൗശലും മധ്യപ്രദേശും മോദിയുടെ ബിജെപി ഗവണ്‍മെന്റിന്റെ ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധീര രാജ്ഞി ദുര്‍ഗ്ഗാവതി ജിക്ക് ഒരിക്കല്‍ കൂടി ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കാന്‍ നിങ്ങള്‍ വളരെയധികം പേര്‍ വന്നിരിക്കുന്നു, നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഞാന്‍ റാണി ദുര്‍ഗ്ഗാവതി എന്ന് പറയും, നിങ്ങള്‍ അമര്‍ രഹേ, അമര്‍ രഹേ എന്ന് പറയണം! റാണി ദുര്‍ഗ്ഗാവതി - അമര്‍ രഹേ, അമര്‍ രഹേ. ശബ്ദം മധ്യപ്രദേശില്‍ ഉടനീളം പ്രതിധ്വനിക്കണം.
റാണി ദുര്‍ഗ്ഗാവതി - അമര്‍ രഹേ, അമര്‍ രഹേ.
റാണി ദുര്‍ഗ്ഗാവതി - അമര്‍ രഹേ, അമര്‍ രഹേ.
റാണി ദുര്‍ഗ്ഗാവതി - അമര്‍ രഹേ, അമര്‍ രഹേ.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി.
--NS--
(Release ID: 1965715)
Visitor Counter : 127
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada