പ്രധാനമന്ത്രിയുടെ ഓഫീസ്‌

വള്ളാളര്‍ എന്ന ശ്രീരാമലിംഗ സ്വാമിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 05 OCT 2023 1:52PM by PIB Thiruvananthpuram

വണക്കം! വള്ളാളര്‍ എന്നറിയപ്പെടുന്ന മഹാനായ ശ്രീരാമലിംഗ സ്വാമി ജിയുടെ ഇരുനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഈ പരിപാടിയെ അഭിസംബോധന ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണ്. വള്ളാളരുമായി അടുത്ത ബന്ധമുള്ള വടല്ലൂരിലാണ് ഈ പരിപാടി നടക്കുന്നത് എന്നത് കൂടുതല്‍ പ്രത്യേകതയാണ്. നമ്മുടെ ഏറ്റവും ആദരണീയരായ സന്യാസിമാരില്‍ ഒരാളാണ് വള്ളാളര്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ മണ്ണില്‍ സഞ്ചരിച്ച് അദ്ദേഹം നല്‍കിയ ആത്മീയ ഉള്‍ക്കാഴ്ചകള്‍ ഇന്നും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം ആഗോളമാണ്. അദ്ദേഹത്തിന്റെ ചിന്തകളിലും ആദര്‍ശങ്ങളിലും നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

വള്ളാളറിനെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും മനോഭാവമാണ് നാം ഓര്‍ക്കുന്നത്. സഹജീവികളോടുള്ള അനുകമ്പയായ ജീവകാരുണ്യത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയില്‍ അദ്ദേഹം വിശ്വസിച്ചു. വിശപ്പ് അകറ്റാനുള്ള ശക്തമായ പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്ന്. ഒരു മനുഷ്യന്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നതാണ് അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്. വിശക്കുന്നവരുമായി ഭക്ഷണം പങ്കിടുന്നത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു, 'വാടിയ പയറൈ കണ്ട പോതെല്ലാം വാടിനേന്‍' അതിനര്‍ത്ഥം 'വിളകള്‍ വാടുന്നത് കാണുമ്പോഴെല്ലാം ഞാനും വാടിപ്പോയി' എന്നാണ്. നമുക്കെല്ലാം പ്രതിബദ്ധതയുള്ള ഒരു ആദര്‍ശമാണിത്. നൂറ്റാണ്ടിലൊരിക്കല്‍ കൊവിഡ്-19 എന്ന മഹാമാരി വന്നപ്പോള്‍ ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. പരീക്ഷണ സമയത്ത് ഇത് വലിയ ആശ്വാസമായിരുന്നു.

സുഹൃത്തുക്കളേ,

പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശക്തിയില്‍ വളളാളര്‍ വിശ്വസിച്ചിരുന്നു. ഒരു മാര്‍ഗദര്‍ശി എന്ന നിലയില്‍, അദ്ദേഹത്തിന്റെ വാതില്‍ എപ്പോഴും തുറന്നിരുന്നു. എണ്ണമറ്റ ആളുകളെ അദ്ദേഹം നയിച്ചു. തിരുക്കുറലിനെ കൂടുതല്‍ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പരക്കെ അറിയപ്പെടുന്നു. ആധുനിക പാഠ്യപദ്ധതികള്‍ക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യവും ഒരുപോലെ പ്രധാനമാണ്. യുവാക്കള്‍ തമിഴിലും സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കഴിഞ്ഞ 9 വര്‍ഷമായി ഇന്ത്യയുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. നീണ്ട 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യക്ക് ഒരു ദേശീയ വിദ്യാഭ്യാസ നയം ലഭിച്ചു. ഈ നയം മുഴുവന്‍ വിദ്യാഭ്യാസ മേഖലയെയും മാറ്റിമറിച്ചു. ഇത് നവീകരണം, ഗവേഷണം, വികസനം എന്നിവയിലേക്ക് നമ്മുടെ ശ്രദ്ധയെ നയിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ സ്ഥാപിതമായ സര്‍വ്വകലാശാലകളുടെയും എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍, യുവാക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ പഠിച്ച് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകാം. ഇത് യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നു നല്‍കുന്നു.

സുഹൃത്തുക്കളേ,

സാമൂഹിക പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ വള്ളാളര്‍ തന്റെ കാലത്തെക്കാള്‍ മുന്നിലായിരുന്നു. വള്ളാളരുടെ ദൈവദര്‍ശനം മതം, ജാതി, വര്‍ഗം എന്നിവയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിലും അദ്ദേഹം ദൈവികത കണ്ടു. ഈ ദൈവിക ബന്ധം തിരിച്ചറിയാനും വിലമതിക്കാനും അദ്ദേഹം മനുഷ്യരാശിയെ പ്രേരിപ്പിച്ചു. സമത്വ സമൂഹത്തിനായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഞാന്‍ വള്ളാളര്‍ക്ക് പ്രണാമം അര്‍പ്പിക്കുമ്പോള്‍, സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയിലുള്ള എന്റെ വിശ്വാസം കൂടുതല്‍ ശക്തമാകുന്നു.  ഇന്ന്, നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്ന നാരീ ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിന് അദ്ദേഹം അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വള്ളാളരുടെ കൃതികള്‍ വായിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്. സങ്കീര്‍ണ്ണമായ ആത്മീയ ജ്ഞാനം ലളിതമായ വാക്കുകളില്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാലത്തിനും സ്ഥലത്തിനുമപ്പുറം, ഇന്ത്യയുടെ സാംസ്‌കാരിക ജ്ഞാനത്തിലെ വൈവിധ്യത്തെ ബന്ധിപ്പിക്കുന്ന, മഹാന്‍മാരായ സന്യാസിമാരുടെ ദര്‍ശനങ്ങളുടെ പൊതു സത്തയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന കൂട്ടായ ആശയത്തിന് ശക്തിപകരുന്നത്. 

ഈ പുണ്യ അവസരത്തില്‍ അദ്ദേഹത്തിന്റെ ദര്‍ശങ്ങള്‍ നിറവേറ്റാനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവര്‍ത്തിക്കാം. നമുക്ക് അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും ദയയുടെയും നീതിയുടെയും സന്ദേശം പ്രചരിപ്പിക്കാം. അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള മേഖലകളില്‍ നമുക്കും കഠിനാധ്വാനം ചെയ്യാം. നമുക്ക് ചുറ്റുമുള്ള ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാം. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാക്കാം. അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടി മഹാനായ ഋഷിവര്യന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

നന്ദി.

 

NS



(Release ID: 1964770) Visitor Counter : 82