പ്രധാനമന്ത്രിയുടെ ഓഫീസ്‌

തെലങ്കാനയിലെ നിസാമാബാദില്‍ ഏകദേശം 8000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു



തെലങ്കാന സൂപ്പര്‍ താപ വൈദ്യുത പദ്ധതിയുടെ 800 മെഗാവാട്ട് യൂണിറ്റ് സമര്‍പ്പിച്ചു

വിവിധ റെയില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമര്‍പ്പിച്ചു

പ്രധാനമന്ത്രി - ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യം ദൗത്യത്തിനു കീഴില്‍ തെലങ്കാനയിലുടനീളം നിര്‍മ്മിക്കുന്ന 20 തീവ്ര പരിചരണ വിഭാഗങ്ങളുടെ തറക്കല്ലിട്ടു

സിദ്ദിപേട്ട് - സെക്കന്തരാബാദ് - സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

'വൈദ്യുതിയുടെ സുഗമമായ വിതരണം ഒരു സംസ്ഥാനത്തെ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു'.

'ഞാന്‍ തറക്കല്ലിട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രവൃത്തി സംസ്‌ക്കാരമാണ്'.

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ എല്‍പിജി മാറ്റം, ഗതാഗതം, വിതരണം എന്നിവയുടെ അടിസ്ഥാനമായി ഹാസന്‍-ചെര്‍ളപ്പള്ളി മാറും.

എല്ലാ റെയില്‍വേ ലൈനുകളും 100 ശതമാനം വൈദ്യുതീകരണം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ നീങ്ങുന്നത്.

Posted On: 03 OCT 2023 5:03PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, 03 ഒക്ടോബര്‍ 2023:

തെലങ്കാനയിലെ നിസാമാബാദില്‍ വൈദ്യുതി, റെയില്‍, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 8000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. എന്‍ടിപിസിയുടെ തെലങ്കാന സൂപ്പര്‍ താവൈദ്യുതി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 800 മെഗാവാട്ട് യൂണിറ്റിന്റെ സമര്‍പ്പണം, മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈന്‍ ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികളും ധര്‍മ്മബാദ് - മനോഹരാബാദ്, മഹബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയും ഇവയില്‍പ്പെടുന്നു; പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിനു കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 20 തീവ്ര പരിചണ വിഭാഗങ്ങളുടെ (സിസിബി) തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിച്ചു. സിദ്ദിപേട്ട് - സെക്കന്തരാബാദ് - സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസും ശ്രീ മോദി ഫ്‌ളാഗ് ഓഫ് ചെയ്തു.

 ഇന്നത്തെ പദ്ധതികളുടെ പേരില്‍ തെലങ്കാനയിലെ ജനങ്ങളെ പ്രധാനമന്ത്രി,  അഭിനന്ദിച്ചു. ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനം വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള അതിന്റെ സ്വാശ്രയ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. കാരണം അത് ഒരേസമയം ജീവിതം എളുപ്പമാക്കുകയും വ്യവസായങ്ങള്‍ വേഗത്തില്‍ നടത്താന്‍ സാധ്യമാക്കുകയും ചെയ്യുന്നു. 'വൈദ്യുതിയുടെ സുഗമമായ വിതരണം ഒരു സംസ്ഥാനത്തെ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു', പെഡപ്പള്ളി ജില്ലയില്‍ എന്‍ടിപിസിയുടെ തെലങ്കാന സൂപ്പര്‍ താപ വൈദ്യുത പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 800 മെഗാവാട്ട് യൂണിറ്റ് സമര്‍പ്പണം നടത്തിയ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ടാമത്തെ യൂണിറ്റും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇത് പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുത നിലയത്തിന്റെ സ്ഥാപിത ശേഷി 4,000 മെഗാവാട്ടായി ഉയരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ എന്‍ടിപിസി വൈദ്യുത പ്ലാന്റുകളിലുള്ളതിലും ഏറ്റവും ആധുനിക പ്ലാന്റാണ് തെലങ്കാന സൂപ്പര്‍ താപ വൈദ്യുത പ്ലാന്റ് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 'ഈ പവര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കും', തറക്കല്ലിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം ഊന്നിപ്പറയുന്നതിനിടയില്‍ പ്രധാനമന്ത്രി പറഞ്ഞു. 2016-ല്‍ ഈ പദ്ധതിക്കു തറക്കല്ലിട്ടത് അദ്ദേഹം അനുസ്മരിക്കുകയും അത് ഇന്ന് ഉദ്ഘാടനം ചെയ്തതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതാണ് നമ്മുടെ ഗവണ്‍മെന്റിന്റെ പുതിയ പ്രവൃത്തി സംസ്‌കാരം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹാസന്‍-ചെര്‍ളപ്പള്ളി പൈപ്പ്ലൈന്‍ അടുത്തിടെ സമര്‍പ്പിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ എല്‍പിജി മാറ്റം, ഗതാഗതം, വിതരണം എന്നിവയുടെ അടിസ്ഥാനമായി ഈ പൈപ്പ് ലൈന്‍ മാറും,' അദ്ദേഹം പറഞ്ഞു.
ധര്‍മ്മബാദ് - മനോഹരാബാദ്, മഹ്ബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇത് രണ്ട് ട്രെയിനുകളുടെ ശരാശരി വേഗത കൂടുന്നതിനൊപ്പം സംസ്ഥാനത്തെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു. ''എല്ലാ റെയില്‍വേ ലൈനുകളുടെയും 100 ശതമാനം വൈദ്യുതീകരണം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ നീങ്ങുന്നത്'', അദ്ദേഹം പറഞ്ഞു. മനോഹരാബാദിനും സിദ്ദിപേട്ടിനും ഇടയിലുള്ള പുതിയ റെയില്‍പാത വ്യവസായത്തിനും വ്യാപരത്തിനും ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ 2016ലെ തറക്കല്ലിടലും പ്രധാനമന്ത്രി അനുസ്മരിച്ചു.
ആരോഗ്യപരിരക്ഷാരംഗം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ ആധിപത്യത്തിലായിരുന്നതെങ്ങനെയെന്നത് പ്രധാനമന്ത്രി അനുസ്മരിച്ചു. ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം താങ്ങാനാകുന്നതാക്കുന്നതിനുവേണ്ടിയും സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ച് ശ്രീ മോദി അറിയിച്ചു. മെഡിക്കല്‍ കോളേജുകളുടെയും ബിബിനഗറിലേതുള്‍പ്പെടെ എയിംസുകളുടെയും എണ്ണം വര്‍ദ്ധിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അതോടൊപ്പം ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ജില്ലകളിലും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ഭാരത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനെ കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ഈ ദൗത്യത്തിന് കീഴില്‍ ഇന്ന് തെലങ്കാനയില്‍ 20 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. സമര്‍പ്പിത ഐസൊലേഷന്‍ വാര്‍ഡുകള്‍, ഓക്‌സിജന്‍ വിതരണം, പകര്‍ച്ചവ്യാധി പ്രതിരോധം, നിയന്ത്രണങ്ങള്‍ എന്നിവയ്ക്ക് സമ്പൂര്‍ണ സജ്ജീകരണങ്ങളുള്ള തരത്തിലെ ബ്ലോക്കുകളായിരിക്കും നിര്‍മ്മിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ''തെലങ്കാനയില്‍ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 5000-ലധികം ആയുഷ്മാന്‍ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത്, തെലങ്കാനയില്‍ 50 വലിയ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്നും വിലയേറിയ ജീവനുകള്‍ രക്ഷിക്കുന്നതില്‍ അവ സുപ്രധാന പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. വൈദ്യുതി, റെയില്‍വേ, ആരോഗ്യം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെ ഇന്നത്തെ പദ്ധതികള്‍ക്ക് ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പശ്ചാത്തലം

മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമതയോടെ രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, എന്‍.ടി.പി.സി.യുടെ തെലങ്കാന സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ആദ്യ 800 മെഗാവാട്ട് യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിച്ചു. ഇത് തെലങ്കാനയ്ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും പരിസ്ഥിതി അനുസൃതമായ പവര്‍ സ്‌റ്റേഷനുകളില്‍ ഒന്നായി ഇത് മാറും.

മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനും ധര്‍മ്മബാദ് - മനോഹരാബാദ്, മഹബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയും ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതോടെ തെലങ്കാനയുടെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉത്തേജനം ലഭിച്ചു. 76 കിലോമീറ്റര്‍ നീളമുള്ള മനോഹരാബാദ്-സിദ്ദിപേട്ട് റെയില്‍ പാത ഈ പ്രദേശത്തിന്റെ, പ്രത്യേകിച്ച് മേഡക്, സിദ്ദിപേട്ട് ജില്ലകളിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും. ധര്‍മ്മബാദ് - മനോഹരാബാദ്, മഹബൂബ് നഗര്‍ - കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതി ട്രെയിനുകളുടെ ശരാശരി വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ഈ മേഖലയെ പരിസ്ഥിതി സൗഹൃദ റെയില്‍ ഗതാഗതത്തിലേക്ക് നയിക്കുകയും ചെയ്യും. മേഖലയിലെ പ്രാദേശിക റെയില്‍വേ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന സിദ്ദിപേട്ട് - സെക്കന്തരാബാദ് - സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
തെലങ്കാനയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ സംസ്ഥാനത്തുടനീളം 20 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ (സി.സി.ബി) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അദിലാബാദ്, ഭദ്രാദ്രി കോതഗുഡെം, ജയശങ്കര്‍ ഭൂപാല്‍പള്ളി, ജോഗുലാംബ ഗഡ്വാള്‍, ഹൈദരാബാദ്, ഖമ്മം, കുമുരം ഭീം ആസിഫാബാദ്, മഞ്ചേരിയല്‍, മഹബൂബ്‌നഗര്‍ (ബേഡപള്ളി), മുലുഗു, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, നാരായണ്‍പേട്ട്, നിര്‍മ്മല്‍, രാജണ്ണ സിര്‍സില, രംഗറെഡ്ഡി (മഹേശ്വരം) സുര്യപേട്ട്, പെദ്ദപ്പള്ളി, വികാരബാദ്, വാറംഗല്‍ (നര്‍സാംപേട്ട്) എന്നീ ജില്ലകളിലാണ് ഈ സി.സി.ബികള്‍ നിര്‍മിക്കുന്നത്. ഈ സി.സി.ബികള്‍ തെലങ്കാനയിലുടനീളമുള്ള ക്രിട്ടിക്കല്‍ കെയര്‍അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

Launching projects from Nizamabad which will give fillip to the power and connectivity sectors as well as augment healthcare infrastructure across Telangana. https://t.co/iPLmwMQC9Y

— Narendra Modi (@narendramodi) October 3, 2023

*****

--NS--



(Release ID: 1963810) Visitor Counter : 93