പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
26 SEP 2023 8:45PM by PIB Thiruvananthpuram
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എന്റെ യുവ സുഹൃത്തുക്കള്‍! ഇന്ന്, ഭാരത് മണ്ഡപത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. 'ജി-20 യൂണിവേഴ്സിറ്റി കണക്റ്റ്' എന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
രണ്ടാഴ്ച മുമ്പ് ഇതേ ഭാരതമണ്ഡപത്തില്‍ വലിയൊരു ചടങ്ങ് നടന്നിരുന്നു. ഈ ഭാരതമണ്ഡപം തികച്ചും 'സംഭവിക്കുന്ന' സ്ഥലമായി മാറിയിരുന്നു. ഇന്ന് എന്റെ ഭാവിഭാരതം അതേ ഭാരത മണ്ഡപത്തില്‍ ഉണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ജി-20 പരിപാടിയെ ഭാരതം എത്തിച്ച ഔന്നത്യം കണ്ട് ലോകം ശരിക്കും അമ്പരന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഞാന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ല. അതിന്റെ മഹത്വം ഉണ്ടായിരുന്നിട്ടും ഞാന്‍ അത്ഭുതപ്പെടാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്താണ് കാരണം? എന്തുകൊണ്ടാണെന്ന് നിങ്ങള്ക്കറിയാമോ? നിങ്ങളെപ്പോലുള്ള യുവവിദ്യാര്‍ത്ഥികള്‍ പരിപാടി വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍, യുവാക്കള്‍ ഇടപെട്ടാല്‍ അത് വിജയകരമാകും.
നിങ്ങള്‍ യുവാക്കള്‍ കാരണം, ഭാരതം മുഴുവന്‍ ഒരു 'സംഭവിക്കുന്ന' സ്ഥലമായി മാറിയിരിക്കുന്നു. കഴിഞ്ഞ 30 ദിവസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിലവാരം വ്യക്തമായി കാണാം. ഞാന്‍ 30 ദിവസത്തെ കുറിച്ച് പറയുമ്പോള്‍, നിങ്ങളുടെ അവസാന 30 ദിവസങ്ങളും നിങ്ങള്‍ ചേര്‍ക്കുന്നത് തുടരും. നിങ്ങളുടെ സര്‍വ്വകലാശാലയുടെ 30 ദിവസങ്ങളും ചേര്‍ക്കുക. സുഹൃത്തുക്കളേ, 30 ദിവസങ്ങളില്‍ മറ്റുള്ളവര്‍ നടത്തിയ പരിശ്രമങ്ങള്‍ മറക്കരുത്. എന്റെ യുവസുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നതിനാല്‍, എന്റെ റിപ്പോര്‍ട്ട് കാര്‍ഡും ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കഴിഞ്ഞ 30 ദിവസത്തെ ഒരു റീക്യാപ്പ് നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ നിന്ന് പുതിയ ഭാരതത്തിന്റെ വേഗതയും വ്യാപ്തിയും നിങ്ങള്‍ക്ക് മനസ്സിലാകും.
സുഹൃത്തുക്കളെ,
എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടുകയും എല്ലാവരും മറ്റെല്ലാം മറന്ന് ദൗത്യം വിജയിക്കാനായി പ്രാര്‍ത്ഥിക്കുകയും തെറ്റ് സംഭവിക്കരുതെന്ന് ആശിക്കുകയും ചെയ്ത ഓഗസ്റ്റ് 23-ന് നിങ്ങള്‍ എല്ലാവരും വ്യക്തമായി ഓര്‍ക്കുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നില്ലേ? അപ്പോള്‍ പെട്ടെന്ന് എല്ലാവരുടെയും മുഖം പ്രകാശിച്ചു; ലോകം മുഴുവന്‍ ഭാരതത്തിന്റെ ശബ്ദം ശ്രവിച്ചു - 'ഇന്ത്യ ചന്ദ്രനിലാണ്'. ദേശീയ ബഹിരാകാശ ദിനമായി നമ്മുടെ രാജ്യത്ത് ഓഗസ്റ്റ് 23 എന്നേക്കുമായി മാറിയിരിക്കുന്നു. എന്നാല്‍ അതിനുശേഷം എന്താണ് സംഭവിച്ചത്? ഒരു വശത്ത് ചാന്ദ്രദൗത്യം വിജയിച്ചപ്പോള്‍ മറുവശത്ത് ഭാരതം അതിന്റെ സൗരോര്‍ജ്ജ ദൗത്യം ആരംഭിച്ചു. ഒരു വശത്ത് നമ്മുടെ ചന്ദ്രയാന്‍ 3 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ മറ്റൊന്ന് 15 ലക്ഷം കിലോമീറ്റര്‍ വരെ സഞ്ചരിക്കും. നിങ്ങള്‍ പറയൂ, ആര്‍ക്കെങ്കിലും ഭാരതത്തിന്റെ കഴിവിനെ മറികടക്കാന്‍ കഴിയുമോ?
സുഹൃത്തുക്കളെ,
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഭാരതത്തിന്റെ നയതന്ത്രം ഒരു പുതിയ ഉയരത്തിലെത്തി. ജി-20ന് മുമ്പ് ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയില്‍ നടന്നിരുന്നു. ഭാരതത്തിന്റെ ശ്രമഫലമായി 6 പുതിയ രാജ്യങ്ങള്‍ ബ്രിക്സിന്റെ ഭാഗമായി. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഞാന്‍ ഗ്രീസ് സന്ദര്‍ശിച്ചു. 40 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. എല്ലാ നല്ല പ്രവൃത്തികളും ചെയ്യാന്‍ നിങ്ങള്‍ എന്നെ നിയോഗിച്ചിരിക്കുന്നു. ജി-20 ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇന്തോനേഷ്യയില്‍ വെച്ച് നിരവധി ലോക നേതാക്കളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം, ജി-20 ഉച്ചകോടിയില്‍ ഇതേ ഭാരത് മണ്ഡപത്തില്‍ ലോകത്തിന് വേണ്ടി സുപ്രധാന തീരുമാനങ്ങള്‍ എടുത്തു.
സുഹൃത്തുക്കളെ,
ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട അന്താരാഷ്ട്ര അന്തരീക്ഷത്തില്‍, നിരവധി രാജ്യങ്ങളെ ഒരു വേദിയില്‍ ഒരുമിച്ച് കൊണ്ടുവരിക എന്നത് ചെറിയ കാര്യമല്ല. നിങ്ങള്‍ ഒരു പിക്നിക് സംഘടിപ്പിക്കുകയാണെങ്കില്‍പ്പോലും, എവിടെ പോകണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ ന്യൂഡല്‍ഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട 100% സമവായം ഒരു അന്താരാഷ്ട്ര തലക്കെട്ടായി മാറിയിരിക്കുന്നു. ഇക്കാലയളവില്‍ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഭാരതം നേതൃത്വം നല്‍കി. 21-ാം നൂറ്റാണ്ടിന്റെ മുഴുവന്‍ ദിശയും മാറ്റാന്‍ ശേഷിയുള്ള ചില തീരുമാനങ്ങള്‍ ജി-20യില്‍ എടുത്തിട്ടുണ്ട്. ഭാരതത്തിന്റെ മുന്‍കൈയില്‍ ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗമായി സ്ഥാനം ലഭിച്ചു. ആഗോള ജൈവ ഇന്ധന സഖ്യത്തിനും ഭാരത് നേതൃത്വം നല്‍കി. ജി-20 ഉച്ചകോടിയില്‍ തന്നെ നമ്മളെല്ലാം ചേര്‍ന്ന് ഇന്ത്യ-മധ്യപൂര്‍വ-യൂറോപ്പ് ഇടനാഴി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഈ ഇടനാഴി പല ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കും. ഇത് വരും നൂറ്റാണ്ടുകളില്‍ വ്യാപാരവും ടൂറിസവും വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളെ,
ജി-20 ഉച്ചകോടി അവസാനിച്ചപ്പോള്‍, സൗദി അറേബ്യയുടെ കിരീടാവകാശി ഡല്‍ഹിയില്‍ തന്റെ സംസ്ഥാന സന്ദര്‍ശനം ആരംഭിച്ചു. സൗദി അറേബ്യ ഭാരതത്തില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പോകുന്നു. ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സംഭവിച്ചു. കഴിഞ്ഞ 30 ദിവസങ്ങളില്‍ മാത്രം, ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍, ഞാന്‍ ആകെ 85 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇത് ലോകത്തിന്റെ പകുതിയോളം വരും. ഇതുകൊണ്ട് എന്ത് പ്രയോജനം കിട്ടുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, അല്ലേ? മറ്റ് രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം നല്ലതായിരിക്കുമ്പോള്‍; പുതിയ രാജ്യങ്ങള്‍ ഭാരതവുമായി ബന്ധപ്പെടുമ്പോള്‍; ഭാരതത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നമുക്ക് ഒരു പുതിയ പങ്കാളിയും പുതിയ വിപണിയും ലഭിക്കുന്നു. എന്റെ രാജ്യത്തെ യുവതലമുറയ്ക്ക് ഇതിന്റെയെല്ലാം പ്രയോജനം ലഭിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ 30 ദിവസത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുമ്പോള്‍, ഞാന്‍ ബഹിരാകാശ ശാസ്ത്രത്തെയും ആഗോള ബന്ധങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുമെന്ന് നിങ്ങള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാകുമോ? 30 ദിവസത്തിനുള്ളില്‍ ഞാന്‍ ഈ കാര്യങ്ങള്‍ മാത്രമാണോ ചെയ്തിട്ടുള്ളത്? ശരിക്കുമല്ല. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍, എസ്സി-എസ്ടി-ഒബിസി വിഭാഗങ്ങളുടെയും ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചു. ഈ പദ്ധതി നമ്മുടെ കരകൗശല വിദഗ്ധര്‍ക്കും പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. തൊഴില്‍ദാന മേളകള്‍ സംഘടിപ്പിക്കുക വഴി കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ജോലി ലഭിച്ചു. ഈ പരിപാടി ആരംഭിച്ചതു മുതല്‍ ഇതുവരെ 6 ലക്ഷത്തിലധികം യുവാക്കള്‍ക്കും യുവതികള്‍ക്കും നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്.
ഈ 30 ദിവസത്തിനുള്ളില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യത്തിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനവും നിങ്ങള്‍ കണ്ടു. രാജ്യത്തിനാകെ അഭിമാനം പകര്‍ന്ന രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ആദ്യ ബില്‍ പാസാക്കിയത്. നാരി ശക്തി വന്ദന്‍ അധീനിയത്തിലൂടെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ പ്രാധാന്യം പാര്‍ലമെന്റ് സന്തോഷത്തോടെ സ്വീകരിച്ചു.
സുഹൃത്തുക്കളെ,
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ തന്നെ രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി വിപുലീകരിക്കാന്‍ മറ്റൊരു പ്രധാന തീരുമാനം കൈക്കൊണ്ടു. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിക്ക് നമ്മുടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാം ദ്വാരകയിലെ യശോഭൂമി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. യുവാക്കള്‍ക്ക് കായികരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനായി വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടലും ഞാന്‍ നടത്തി. രണ്ട് ദിവസം മുമ്പ് ഞാന്‍ 9 വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഒരു ദിവസം ഒരേസമയം നിരവധി ആധുനിക ട്രെയിനുകള്‍ അവതരിപ്പിച്ചത് നമ്മുടെ വേഗതയുടെ തെളിവാണ്.
ഈ 30 ദിവസത്തിനുള്ളില്‍, പെട്രോകെമിക്കല്‍ മേഖലയില്‍ ഭാരതത്തിന്റെ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പ് നാം നടത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു റിഫൈനറിയിലാണ് പെട്രോകെമിക്കല്‍ കോംപ്ലക്‌സിനു തറക്കല്ലിട്ടത്. മധ്യപ്രദേശില്‍ തന്നെ പുനരുപയോഗ ഊര്‍ജം, ഐടി പാര്‍ക്ക്, ഒരു മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, 6 പുതിയ വ്യവസായ മേഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞാന്‍ പറഞ്ഞ ഈ പദ്ധതികളെല്ലാം യുവാക്കളുടെ കഴിവുകളുമായും യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ പട്ടിക വളരെ നീണ്ടതാണ്, നമുക്ക് സമയമില്ലാതാകും. ഈ 30 ദിവസം ഞാന്‍ ചെയ്ത കാര്യങ്ങളാണു പറഞ്ഞത്. കഴിഞ്ഞ 30 ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുവെച്ചിട്ടുണ്ടോ? ഒരുപക്ഷെ, നിങ്ങള്‍ പരമാവധി രണ്ട് സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് പറയും. എന്റെ യുവസുഹൃത്തുക്കളേ, ഞാന്‍ ഇത് പറയുന്നത് എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് രാജ്യം എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും വിവിധ മേഖലകളിലായി അത് എത്രമാത്രം പ്രവര്‍ത്തിക്കുന്നു എന്നും അറിയേണ്ടതിനാലാണ്.
സുഹൃത്തുക്കളെ,
ശുഭാപ്തിവിശ്വാസവും അവസരങ്ങളും തുറന്ന മനസ്സും ഉള്ളിടത്ത് മാത്രമേ യുവാക്കള്‍ക്ക് മുന്നേറാന്‍ കഴിയൂ. സുഹൃത്തുക്കളേ, ഇന്ന് ഭാരതം പുരോഗമിക്കുന്ന രീതിയില്‍, നിങ്ങള്‍ക്ക് ചിറകു വിരിച്ച് പറക്കാന്‍ ആകാശം വിശാലമാണ്. ഇതാണ് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് - വലുതായി ചിന്തിക്കുക. നിങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. ഈ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യം നിങ്ങളെ പിന്തുണയ്ക്കാത്ത ഒരു ലക്ഷ്യവുമില്ല. ഒരു അവസരവും നിസ്സാരമായി എടുക്കരുത്. പകരം, ആ അവസരം ഒരു പുതിയ മാനദണ്ഡമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഈ സമീപനത്തിലൂടെ നാം ജി20 വളരെ ഗംഭീരവും വലുതും ആക്കി. നമുക്കും ജി-20 അധ്യക്ഷത നയതന്ത്രപരവും ഡല്‍ഹി കേന്ദ്രീകൃതവുമായ ഒരു കാര്യം മാത്രമാക്കാമായിരുന്നു. എന്നാല്‍ ഭാരതം അതിനെ ജനങ്ങള്‍ നയിക്കുന്ന ദേശീയ പ്രസ്ഥാനമാക്കി മാറ്റി. ഭാരതത്തിന്റെ വൈവിധ്യം, ജനസംഖ്യാശാസ്ത്രം, ജനാധിപത്യം എന്നിവയുടെ കരുത്ത് ജി-20യെ പുതിയ ഉയരങ്ങളിലെത്തിച്ചു.
60 നഗരങ്ങളിലായി 200-ലധികം ജി-20 യോഗങ്ങള്‍ നടന്നു. 1.5 കോടിയിലധികം പൗരന്മാര്‍ ജി-20യുടെ പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ അര്‍പ്പിച്ചു. മുമ്പ് ഒരു അന്താരാഷ്ട്ര പരിപാടിയും സംഘടിപ്പിച്ചിട്ടില്ലാത്ത രണ്ടാം നിര, മൂന്നാം നിര നഗരങ്ങളും അപാരമായ കരുത്ത് കാണിച്ചു. ഇന്നത്തെ ഈ പരിപാടിയില്‍ ജി-20ക്കായി നമ്മുടെ യുവാക്കളെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലൂടെ 100-ലധികം സര്‍വകലാശാലകളും ഒരു ലക്ഷം വിദ്യാര്‍ത്ഥികളും ജി-20യില്‍ പങ്കെടുത്തു. സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 5 കോടിയിലധികം വിദ്യാര്‍ത്ഥികളിലേക്ക് എത്താന്‍ ഗവണ്‍മെന്റ് ജി-20 ഉപയോഗപ്പെടുത്തി. നമ്മുടെ ആളുകള്‍ വലുതായി ചിന്തിച്ചു. അവര്‍ നല്‍കിയതാകട്ടെ, അതിലും മഹത്തരമായിരുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ഭാരതം അതിന്റെ 'അമൃതകാല'ത്തിലാണ്. നിങ്ങളെപ്പോലുള്ള സുവര്‍ണ്ണ തലമുറയുടേതാണ് ഈ അമൃതകാലം. 2047ല്‍ രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയ്ക്കും. അത് നമുക്ക് ഒരു ചരിത്ര നിമിഷമായിരിക്കും. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്ന അതേ സമയമാണ് 2047 വരെയുള്ള കാലഘട്ടം. അതിനര്‍ത്ഥം അടുത്ത 25 വര്‍ഷം നിങ്ങളുടെ ജീവിതത്തിലും രാജ്യത്തിനും തുല്യമാണ് എന്നാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വികസനത്തിന്റെ പല ഘടകങ്ങളും ഒത്തുചേരുന്ന കാലഘട്ടമാണിത്. ഇത്തരത്തിലുള്ള കാലഘട്ടം ചരിത്രത്തില്‍ മുമ്പൊരിക്കലും വന്നിട്ടില്ല, ഭാവിയില്‍ സമാനമായ ഒരു അവസരം ഉണ്ടാകില്ല, അതായത് ഭൂതകാലമോ ഭാവിയോ ഇതുപോലെ ആയിരിക്കില്ല. ഇന്ന് നമ്മള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. നിങ്ങള്‍ക്കത് അറിയാം, അല്ലേ? സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍, പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് നാം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. ഇന്ന് ഭാരതത്തിന്‍മേല്‍ ലോകത്തിന്റെ വിശ്വാസം വളരെ ഉയര്‍ന്നതാണ്, ഭാരതത്തിലെ നിക്ഷേപം റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുന്നു. ഇന്ന് ഭാരതത്തിന്റെ ഉല്‍പ്പാദന, സേവന മേഖലകള്‍ പുതിയ ഉയരങ്ങളിലെത്തുകയാണ്. നമ്മുടെ കയറ്റുമതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. വെറും 5 വര്‍ഷത്തിനുള്ളില്‍ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഇവര്‍ ഭാരതത്തിന്റെ നവ-മധ്യവര്‍ഗമായി മാറിയിരിക്കുന്നു.
രാജ്യത്ത് സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണം വികസനത്തെ അഭൂതപൂര്‍വമായ വേഗതയിലേക്ക് നയിച്ചു. ഈ വര്‍ഷം 10 ലക്ഷം കോടി രൂപ ഭൗതിക അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കുന്നുണ്ട്, അത്തരം നിക്ഷേപം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സങ്കല്‍പ്പിക്കുക, ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ എത്ര വലിയ സ്വാധീനം ചെലുത്തുമെന്നും എത്ര പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും!
സുഹൃത്തുക്കളെ,
നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് ഇത് അവസരങ്ങളുടെ കാലഘട്ടമാണ്. 2020 ന് ശേഷം ഏകദേശം 5 കോടി ആളുകള്‍ ഇപിഎഫ്ഒ പേറോളില്‍ ചേര്‍ന്നു. ഇവരില്‍ 3.5 കോടി ആളുകളാണ് ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയില്‍ വരികയും ആദ്യമായി ഔദ്യോഗിക ജോലികള്‍ നേടുകയും ചെയ്തത്. ഇതിനര്‍ത്ഥം നിങ്ങളെപ്പോലുള്ള യുവാക്കള്‍ക്ക് നിയമവിധേയമായ ജോലികള്‍ക്കുള്ള അവസരങ്ങള്‍ ഭാരതത്തില്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.
2014ന് മുമ്പ് നൂറില്‍ താഴെ സ്റ്റാര്‍ട്ടപ്പുകളാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് അവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ഈ വളര്‍ച്ച നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മാതാവായി ഭാരതം മാറിയിരിക്കുന്നു. ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണുകളുടെ കയറ്റുമതിക്കാരായി മാറിയിരിക്കുന്നു. തല്‍ഫലമായി, ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ വലിയ വികസനം ഉണ്ടായിട്ടുണ്ട്. പ്രതിരോധ കയറ്റുമതി 2014നെ അപേക്ഷിച്ച് ഏകദേശം 23 മടങ്ങ് വര്‍ദ്ധിച്ചു. ഇത്തരമൊരു വലിയ മാറ്റം സംഭവിക്കുമ്പോള്‍, പ്രതിരോധ മേഖലയിലെ വിതരണ ശൃംഖലയിലുടനീളം ധാരാളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
നമ്മുടെ യുവസുഹൃത്തുക്കളില്‍ പലരും തൊഴിലന്വേഷകര്‍ക്ക് പകരം തൊഴില്‍ സ്രഷ്ടാക്കളാകാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗവണ്‍മെന്റിന്റെ മുദ്ര പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. ഇന്ന് 8 കോടി ആളുകള്‍ ആദ്യമായി സംരംഭകരായി സ്വന്തം ബിസിനസ്സ് ആരംഭിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 5 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഈ ഓരോ കേന്ദ്രത്തിലും 2 മുതല്‍ 5 വരെ പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
രാഷ്ട്രീയ സ്ഥിരത, നയ വ്യക്തത, നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ കൊണ്ടാണ് ഭാരതത്തില്‍ ഇതെല്ലാം സംഭവിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായി അഴിമതി നിയന്ത്രിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങളെപ്പോലുള്ള മിക്ക വിദ്യാര്‍ത്ഥികള്‍ക്കും 2014ല്‍ 10, 12 അല്ലെങ്കില്‍ 14 വയസ്സ് പ്രായമുണ്ടായിരിക്കാം. അഴിമതി നാടിനെ എങ്ങനെ നശിപ്പിച്ചു എന്നതുമായി ബന്ധപ്പെട്ടുള്ള പത്രങ്ങളിലെ തലക്കെട്ടുകള്‍ ഒരു പക്ഷേ അക്കാലത്ത് അവര്‍ അറിഞ്ഞിരിക്കില്ല.
സുഹൃത്തുക്കളെ,
ഇടനിലക്കാരും ചോര്‍ച്ചയും തടയാന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതിയ സംവിധാനങ്ങള്‍ നാം സൃഷ്ടിച്ചുവെന്ന് ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നും ഇടനിലക്കാരെ ഈ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയും സുതാര്യമായ ഒരു സംവിധാനം സൃഷ്ടിക്കപ്പെട്ടു. സത്യസന്ധതയില്ലാത്ത ആളുകള്‍ ശിക്ഷിക്കപ്പെടുകയും സത്യസന്ധതയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നു. മോദി ആളുകളെ ജയിലിലടയ്ക്കുന്നു എന്നൊരു ആരോപണം എനിക്കെതിരെ ഉയര്‍ന്നു വരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങള്‍ എന്നോട് പറയൂ, നിങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത് മോഷ്ടിച്ചെങ്കില്‍ പിന്നെ നിങ്ങള്‍ എവിടെയാണു കഴിയാന്‍ പോകുന്നത്? അത്തരത്തിലുള്ള ഒരാള്‍ എവിടെ താമസിക്കണം? അവരെ വേട്ടയാടി പിടികൂടിയ ശേഷം ജയിലിലേക്ക് അയക്കേണ്ടതല്ലേ? നിങ്ങള്‍ ആഗ്രഹിക്കുന്നത് ഞാന്‍ ചെയ്യുന്നു, അല്ലേ? ചില ആളുകള്‍ അതില്‍ വളരെ അസ്വസ്ഥരാകുന്നു എന്നതു ശരിയാണ്.
സുഹൃത്തുക്കളെ,
വികസനത്തിന്റെ യാത്ര തുടരുന്നതിന്, ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം വളരെ പ്രധാനമാണ്. നിങ്ങള്‍ ദൃഢനിശ്ചയമുള്ളവരാണെങ്കില്‍ 2047-ഓടെ ഭാരതം വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്വാശ്രയത്വമുള്ളതുമായ രാജ്യമായി മാറുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല.
സുഹൃത്തുക്കളെ,
ഒരു കാര്യം കൂടി നാം മനസ്സില്‍ സൂക്ഷിക്കണം. നിങ്ങള്‍ നന്നായി ചെയ്യണമെന്നു പ്രതീക്ഷിക്കുന്നതു ഭാരതം മാത്രമല്ല. ലോകം മുഴുവന്‍ നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഭാരതത്തിന്റെയും അതിന്റെ യുവത്വത്തിന്റെയും സാധ്യതകളെയും പ്രകടനത്തെയും കുറിച്ച് ലോകം അറിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ പുത്രന്‍മാരുടെയും പുത്രിമാരുടെയും കാര്യക്ഷമതയെക്കുറിച്ച് ഇപ്പോള്‍ ലോകത്തോടു വിശദീകരിക്കേണ്ടതില്ല. ലോകമതു മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഭാരതത്തിന്റെ പുരോഗതിയും ഭാരതത്തിന്റെ യുവത്വത്തിന്റെ പുരോഗതിയും ലോക പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടുകാരുടെ ശക്തി കാരണം അസാധ്യമെന്നു തോന്നുമ്പോഴും ഒരു മടിയും കൂടാതെ രാജ്യത്തിന് ഗ്യാരണ്ടി നല്‍കാന്‍ എനിക്ക് കഴിയുന്നു, സുഹൃത്തുക്കളേ, അതാണ് നിങ്ങളുടെ ശക്തി. എനിക്ക് ആ ഉറപ്പുകള്‍ നിറവേറ്റാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ നിങ്ങളെപ്പോലുള്ള യുവാക്കളുടെ ശക്തി മാത്രമാണ്. വിശ്വവേദികളില്‍ ഭാരതത്തിന്റെ ലക്ഷ്യം ശക്തമായി അവതരിപ്പിക്കാന്‍ എനിക്ക് പ്രചോദനം വീണ്ടും എന്റെ യുവശക്തിയാണ്. അതുകൊണ്ട്, ഭാരതത്തിന്റെ യുവത്വമാണ് എന്റെ യഥാര്‍ത്ഥ ശക്തി; എന്റെ മുഴുവന്‍ ശക്തിയും അതിലാണ്. നിങ്ങളുടെ നല്ല ഭാവിക്കായി ഞാന്‍ രാവും പകലും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
എന്നാല്‍ സുഹൃത്തുക്കളെ,
നിങ്ങളില്‍ നിന്നും എനിക്കും പ്രതീക്ഷകളുണ്ട്. ഇന്ന് ഞാനും നിങ്ങളില്‍ നിന്ന് എന്തെങ്കിലും ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് വിഷമം തോന്നില്ല, അല്ലേ? നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരില്‍ നിന്ന് എന്തെങ്കിലും ആവശ്യപ്പെടുന്ന ഞാന്‍ എങ്ങനെയുള്ള പ്രധാനമന്ത്രിയാണെന്ന് നിങ്ങള്‍ അത്ഭുതപ്പെടുമോ? സുഹൃത്തുക്കളേ, എന്നെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് എന്റെ പാര്‍ട്ടിയില്‍ ചേരാന്‍ പോലും ആവശ്യപ്പെടില്ല.
സുഹൃത്തുക്കളെ,
എനിക്ക് വ്യക്തിപരമായ അജണ്ടയില്ല; എല്ലാം രാജ്യത്തിന്റേതാണ്, രാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് നിങ്ങളോടു ചിലത് ആവശ്യപ്പെടുന്നത്. രാജ്യത്തിനു വേണ്ടിയാണ് ഞാനത് ആവശ്യപ്പെടുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ വിജയിപ്പിക്കുന്നതില്‍ നിങ്ങള്‍ യുവാക്കള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ സ്വച്ഛഗ്രഹം ഒന്നോ രണ്ടോ ദിവസത്തെ പരിപാടിയല്ല. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. നമ്മള്‍ ഇത് ഒരു ശീലമാക്കണം. അതിനാല്‍, ഒക്ടോബര്‍ 2 ന് പൂജ്യ ബാപ്പുവിന്റെ ജന്മദിനത്തിന് തൊട്ടുമുമ്പ്, ശുചിത്വവുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി ഒക്ടോബര്‍ 1 ന് രാജ്യത്തുടനീളം സംഘടിപ്പിക്കാന്‍ പോകുന്നു. ഇതില്‍ എല്ലാ യുവസുഹൃത്തുക്കളോടും ആവേശത്തോടെ പങ്കെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ആവശ്യം നിറവേറ്റുമോ? നിങ്ങള്‍ക്ക് ഉറപ്പാണോ? ഈ പരിപാടി നിങ്ങളുടെ സര്‍വകലാശാലകളില്‍ നടക്കും. നിങ്ങള്‍ ഒരു പ്രദേശം അതിര്‍ത്തി നിര്‍ണ്ണയിച്ച് പൂര്‍ണ്ണമായും വൃത്തിയായി സൂക്ഷിക്കുമോ?
എന്റെ രണ്ടാമത്തെ അഭ്യര്‍ത്ഥന യുപിഐയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഇടപാടുകളെ സംബന്ധിച്ചാണ്. ഇന്ന് ലോകം മുഴുവന്‍ ഡിജിറ്റല്‍ ഭാരതിനെയും യുപിഐയെയും പുകഴ്ത്തുകയാണ്. ഈ അഭിമാനം നിങ്ങളുടേതു കൂടിയാണ്. നിങ്ങള്‍ യുവ സുഹൃത്തുക്കളെല്ലാം ഇത് വേഗത്തില്‍ സ്വീകരിക്കുകയും ഫിന്‍ടെക്കില്‍ അതുമായി ബന്ധപ്പെട്ട അതിശയകരമായ നവീനതകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇനി അത് വിപുലീകരിക്കാനും പുതിയ ദിശാബോധം നല്‍കാനുമുള്ള ഉത്തരവാദിത്തം യുവത്വം വഹിക്കേണ്ടിവരും. യുപിഐ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും യുപിഐയില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ എങ്ങനെ നടത്താമെന്നും ആഴ്ചയില്‍ ഏഴുപേരെയെങ്കിലും പഠിപ്പിക്കുമെന്ന് നിങ്ങള്‍ ഉറപ്പാക്കുമോ? നോക്കൂ, സുഹൃത്തുക്കളേ, മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു.
സുഹൃത്തുക്കളെ,
നിങ്ങളോടുള്ള എന്റെ മൂന്നാമത്തെ അഭ്യര്‍ത്ഥന വോക്കല്‍ ഫോര്‍ ലോക്കലിനെ കുറിച്ചാണ്. സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് മാത്രമേ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ഒരിക്കല്‍ കൈയ്യില്‍ എടുത്താല്‍ ലോകം നിലയ്ക്കില്ല, വിശ്വസിക്കൂ. കാരണം നിങ്ങളുടെ ശക്തിയില്‍ എനിക്ക് വിശ്വാസമുണ്ട്. നിങ്ങളുടെ ശക്തിയില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്കുണ്ട്. നോക്കൂ, ഇത് ഉത്സവങ്ങളുടെ കാലമാണ്. ഉത്സവ വേളകളില്‍ സമ്മാന ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ വാങ്ങുന്നതെന്തും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. സുഹൃത്തുക്കളേ, ഇന്ത്യന്‍ മണ്ണില്‍ ഉല്‍പ്പാദിപ്പിച്ചതും ഇന്ത്യന്‍ തൊഴിലാളികളുടെ വിയര്‍പ്പുള്ളതുമായ വസ്തുക്കളും ഉല്‍പന്നങ്ങളും മാത്രം നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. വോക്കല്‍ ഫോര്‍ ലോക്കലിന്റെ ഈ പ്രചരണം ഉത്സവങ്ങളില്‍ മാത്രം ഒതുങ്ങരുത്.
ഞാനൊരു ജോലി ഏല്‍പിക്കട്ടെ? നിങ്ങള്‍ ചെയ്യുമോ? ഗൃഹപാഠമില്ലാതെ ഒരു ക്ലാസും പൂര്‍ത്തിയാകില്ല, അല്ലേ? ചിലര്‍ സംസാരിക്കുക പോലും ഇല്ല. നിങ്ങളുടെ കുടുംബത്തിലെ എല്ലാ ആളുകളുമായും ഒത്തുചേരുക, ഒരു പേനയും പേപ്പറും എടുക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ എഴുതുകയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഒരു പട്ടിക നിങ്ങളുടെ മൊബൈലില്‍ ഉണ്ടാക്കുക; നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന വസ്തുക്കളായിരിക്കണം അതില്‍. അവയില്‍ എത്രയെണ്ണം നമ്മുടെ നാട്ടില്‍ നിന്നും എത്രയെണ്ണം മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ളവയാണ്? പട്ടിക തയ്യാറാക്കുമോ? നിങ്ങളുടെ പോക്കറ്റിലെ ചീപ്പ് വിദേശത്തുനിന്നുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. സുഹൃത്തുക്കളേ, ഇത്തരം വിദേശ വസ്തുക്കള്‍ നമ്മുടെ വീടുകളിലേക്കും നമ്മുടെ ജീവിതത്തിലേക്കും കടന്നിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതെ; നമ്മുടെ രാജ്യത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നത്ര നല്ലതല്ലാത്ത ചില കാര്യങ്ങളുണ്ട്. നമ്മള്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് സൂക്ഷ്മമായി പരിശോധിക്കാന്‍ ശ്രമിക്കണം. നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ സുഹൃത്തുക്കളെ കാണും, നമ്മുടെ വ്യവസായവും വ്യാപാരവും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വേഗതയില്‍ വളരും! ഒരു ചെറിയ ചുവടുവെപ്പിന് പോലും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.
സുഹൃത്തുക്കളെ,
നമ്മുടെ കാമ്പസുകള്‍ക്ക് പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളും ആകാം. നമ്മുടെ കാമ്പസുകള്‍ വിദ്യാഭ്യാസത്തിന്റെ മാത്രമല്ല ഫാഷന്റെയും കേന്ദ്രങ്ങളാണ്. ഇത് നിങ്ങള്‍ക്കിഷ്ടമായോ? നമ്മള്‍ ഒരു പ്രത്യേക ദിവസം ആഘോഷിക്കുമ്പോള്‍ എന്ത് സംഭവിക്കും? ഇന്ന് റോസ് ഡേ ആണെന്ന് പറയാം. ഖാദി, ഇന്ത്യന്‍ ഫാബ്രിക്, കാമ്പസില്‍ ഫാഷന്‍ ആക്കിക്കൂടേ? നിങ്ങളെപ്പോലുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും അതിനു ശക്തിയുണ്ട്. നിങ്ങള്‍ക്ക് വിപണിയെയും ബ്രാന്‍ഡുകളെയും ഡിസൈനര്‍മാരെയും സ്വാധീനിക്കാന്‍ കഴിയും. കോളേജ്, യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നു. അവിടെ ഖാദിയുമായി ബന്ധപ്പെട്ട ഫാഷന്‍ ഷോകള്‍ സംഘടിപ്പിക്കാം.
നമ്മുടെ വിശ്വകര്‍മ സുഹൃത്തുക്കളുടെയും ഗോത്രവര്‍ഗ സുഹൃത്തുക്കളുടെയും കരകൗശല വിദ്യകള്‍ നമുക്ക് പ്രദര്‍ശിപ്പിക്കാം. ഭാരതത്തെ സ്വയം പര്യാപ്തമാക്കുന്നതിനും ഭാരതത്തെ വികസിതമാക്കുന്നതിനും ഇതാണ് വഴി. ഈ പാത പിന്തുടരുന്നതിലൂടെ, നമുക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വെച്ചിരിക്കുന്ന ഈ മൂന്ന് ചെറിയ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ നിങ്ങള്‍ക്കും മുഴുവന്‍ രാജ്യത്തിനും എങ്ങനെ പ്രയോജനം ലഭിക്കുമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നിങ്ങള്‍ക്കു കാണാന്‍ കഴിയും.
എന്റെ യുവ സുഹൃത്തുക്കളെ,
നമ്മുടെ യുവത്വവും നമ്മുടെ പുതിയ തലമുറയും നിശ്ചയദാര്‍ഢ്യമുള്ളവരാണെങ്കില്‍, തീര്‍ച്ചയായും നമുക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ഈ പ്രതിജ്ഞയുമായി നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപം വിടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ദൃഢനിശ്ചയം എടുക്കുന്നതിലൂടെ, നിങ്ങളുടെ ഈ കഴിവുകളും നിങ്ങള്‍ തീര്‍ച്ചയായും പ്രകടിപ്പിക്കും.
സുഹൃത്തുക്കളെ,
നമുക്ക് ഒരു നിമിഷം ചിന്തിക്കാം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവസരം ലഭിക്കാത്തവരാണ് നമ്മള്‍. ഭഗത് സിങ്ങിനും സുഖ്ദേവിനും ചന്ദ്രശേഖറിനും ആസാദിനും കിട്ടിയ ഭാഗ്യം നമുക്ക് കിട്ടിയില്ല. എന്നാല്‍ ഭാരതത്തിനു വേണ്ടി ജീവിക്കാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. 100 വര്‍ഷം പിന്നിലേക്ക് നോക്കൂ, 1919, 1920, 1922, 1923, 1925 വര്‍ഷങ്ങള്‍ സങ്കല്‍പ്പിക്കുക. രാജ്യത്തെ മോചിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് അന്നത്തെ യുവാക്കള്‍ തീരുമാനിച്ചിരുന്നു. അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഏത് വഴിയും അവര്‍ ഉപയോഗിക്കും. അന്നത്തെ ചെറുപ്പക്കാര്‍ യാത്ര നടത്തിയിരുന്നു. അവര്‍ തങ്ങളുടെ പുസ്തകങ്ങള്‍ അലമാരയില്‍ പൂട്ടി, ജയിലുകളില്‍ പോകാന്‍ ഇഷ്ടപ്പെട്ടു. തൂക്കുമരത്തിലേക്ക് പോകാന്‍ അവര്‍ ഇഷ്ടപ്പെട്ടു. അവര്‍ സ്വയം കണ്ടെത്തിയ വഴിയിലൂടെ നടന്നു. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധീരത അതിന്റെ പാരമ്യത്തിലെത്തി; ത്യാഗത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു; മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള സന്നദ്ധത ശക്തമായി; 25 വര്‍ഷത്തിനുള്ളില്‍ രാജ്യം സ്വതന്ത്രമായി. അത് സംഭവിച്ചോ ഇല്ലയോ സുഹൃത്തുക്കളെ? അവരുടെ പ്രയത്‌നം കൊണ്ടാണോ അല്ലയോ അത് സംഭവിച്ചത്? ആ 25 വര്‍ഷങ്ങളില്‍ ഉടലെടുത്ത രാജ്യവ്യാപകമായ അഭിനിവേശം 1947ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കി.
സുഹൃത്തുക്കളെ,
എന്റെ കൂടെ വരൂ. വരൂ, ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. 25 വര്‍ഷം നമുക്ക് മുന്നിലുണ്ട്. അത് 100 വര്‍ഷം മുമ്പ് സംഭവിച്ചു; ഒരു കാലത്ത് സ്വരാജിന് വേണ്ടി നാം മാര്‍ച്ച് ചെയ്തു, എന്നാല്‍ ഇപ്പോള്‍ നാം അഭിവൃദ്ധിക്കായാണു നീങ്ങുന്നത്. 25 വര്‍ഷം കൊണ്ട് രാജ്യത്തെ വികസിതമാക്കും. അതിനായി എന്ത് ചെയ്താലും പിന്നോട്ട് പോകില്ല. സുഹൃത്തുക്കളേ, സ്വാശ്രയ ഭാരതം സമൃദ്ധിയുടെ വാതിലില്‍ എത്തണം. സ്വാശ്രയ ഭാരതം ആത്മാഭിമാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ആ ദൃഢനിശ്ചയവുമായി നമുക്ക് മുന്നോട്ട് പോകാം; നമുക്ക് ഒരുമിച്ച് വികസിത ഭാരതം എന്ന തീരുമാനം നിറവേറ്റാം; 2047 ആകുമ്പോഴേക്കും നമ്മള്‍ ഒരു വികസിത രാജ്യമാകണം. അപ്പോള്‍ നിങ്ങളും ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തായിരിക്കും. 25 വര്‍ഷത്തിനു ശേഷം നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തായിരിക്കും നിങ്ങള്‍.
സങ്കല്‍പ്പിക്കുക സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ ചെയ്യുന്ന കഠിനാധ്വാനവും നാളെ നിങ്ങളോടൊപ്പം ഞാന്‍ ചെയ്യാന്‍ പോകുന്ന കഠിനാധ്വാനവും നിങ്ങളെ എത്രത്തോളം മുന്നോട്ടു നടത്തും? നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. കൂടാതെ സുഹൃത്തുക്കളെ, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, ഞാന്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലേക്ക് കൊണ്ടുപോകും. അതുകൊണ്ടാണ് എനിക്ക് നിങ്ങളുടെ പിന്തുണ വേണ്ടത്; ഭാരതമാതാവിന് വേണ്ടി എനിക്കത് വേണം. 140 കോടി ഇന്ത്യക്കാര്‍ക്കായി അതു വേണം.
എന്നോടൊപ്പം പറയുക - ഭാരത് മാതാ കീ - ജയ്, നിങ്ങളുടെ എല്ലാ ശക്തിയോടെയും പറയുക, സുഹൃത്തുക്കളെ - ഭാരത് മാതാ കീ - ജയ്, ഭാരത് മാതാ കീ - ജയ്
വളരെ നന്ദി.
NS
(Release ID: 1961554)
Visitor Counter : 96
Read this release in:
Assamese
,
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Odia
,
Tamil
,
Kannada