പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു



ചടങ്ങിന് അനുഗ്രഹവുമായി ക്രിക്കറ്റ് താരസമൂഹവും

''ശിവശക്തിയുടെ ഒരിടം ചന്ദ്രനിലാണ്, മറ്റേത് കാശിയിലും''

''കാശിയിലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ രൂപരേഖ മഹാദേവന് സമര്‍പ്പിക്കുന്നു''

''കായിക അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, അത് യുവ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതില്‍ ഗുണപരമായ സ്വാധീനം ചെലുത്തുക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശുഭപ്രതീക്ഷയും നല്‍കും''

''ഇപ്പോള്‍ രാജ്യത്തിന്റെ മാനസികാവസ്ഥ - ജോ ഖേലേഗാ വോ ഹി ഖിലേഗാ എന്നതാണ്''

''സ്‌കൂള്‍തലം മുതല്‍ ഒളിമ്പിക്‌സ് വേദിവരെ കായികതാരങ്ങള്‍ക്കൊപ്പം ഒരു ടീമംഗത്തെപ്പോലെ ഗവണ്‍മെന്റും നീങ്ങുന്നു''

''ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വരുന്ന യുവജനങ്ങള്‍ ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു''

''ഒരു രാജ്യത്തിന്റെ വികസനത്തിന് കായിക അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം അത്യന്താപേക്ഷിതമാണ്''

Posted On: 23 SEP 2023 3:10PM by PIB Thiruvananthpuram

വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.
ഒരിക്കല്‍ കൂടി വരാണസി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ നഗരത്തിലെ സന്തോഷം വാക്കുകള്‍ക്കതീതമാണെന്നും അഭിപ്രായപ്പെട്ടു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ കഴിഞ്ഞ മാസം 23 ന് ചന്ദ്രയാന്‍ ഇറങ്ങിക്കി ഇന്ത്യ എത്തിചേര്‍ന്നതിന്റെ കൃത്യം ഒരു മാസത്തിന് ശേഷമുള്ള ദിവസമാണ് താന്‍ കാശി സന്ദര്‍ശിക്കുന്നതെന്നത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ശിവശക്തിയുടെ ഒരു സ്ഥലം ചന്ദ്രനിലാണ്, മറ്റൊന്ന് ഇവിടെ കാശിയിലാണ്'', ഈ ചരിത്രപരമായ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


രാജ് നരേന്‍ ജി ജനിച്ച സ്ഥലമായ മോട്ടികോട്ട് ഗ്രാമത്തിന് സമീപത്തുമായി സ്ഥിതിചെയ്യുന്ന വേദിയുടെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന മഹാദേവന് സമര്‍പ്പിച്ചിരിക്കുന്നത് കാശിയിലെ പൗരന്മാരില്‍ അഭിമാനബോധം ഉള്‍ച്ചേര്‍ക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മികച്ച ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് യുവ കായികതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഇത് കാശിയിലെ പൗരന്മാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രിക്കറ്റിലൂടെ ലോകം ഇന്ത്യയുമായി ബന്ധപ്പെടുന്നുവെന്നും പുതിയ നിരവധി രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് മത്സരങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അന്താരാഷ്ട്ര സ്‌റ്റേഡിയം വരും വര്‍ഷങ്ങളില്‍ സ്‌റ്റേഡിയങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയുടെ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇത്ര വലിയതോതിലുള്ള കായിക അടിസ്ഥാനസൗകര്യ വികസനം കായികമേഖലയില്‍ സകാരാത്മകമായ സ്വാധീനം ചെലുത്തുക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഇത്തരം വികസനങ്ങള്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നും അത് മേഖലയിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, റിക്ഷകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തുഴച്ചില്‍ക്കാര്‍ എന്നിവര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കായിക പരിശീലന, മാനേജ്‌മെന്റ് സ്ഥാപനങ്ങളിലും ഇത് നല്ല സ്വാധീനം ചെലുത്തുമെന്നും അത് സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് കടക്കാന്‍ യുവജനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഫിസിയോതെറാപ്പി കോഴ്‌സുകളെ കുറിച്ചു പറഞ്ഞ അദ്ദേഹം, വരും ദിവസങ്ങളില്‍ വാരാണസിയില്‍ ഒരു പുതിയ കായിക വ്യവസായം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കായികവിനോദങ്ങളോട് മാതാപിതാക്കളുടെ മനോഭാവത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ''ഇപ്പോള്‍ രാജ്യത്തിന്റെ മാനസികാവസ്ഥ - ജോ ഖേലേഗാ വോ ഹി  ഖിലേഗാ (കളിക്കുന്നവർ ശോഭിക്കും) എന്നതാണ്'', പ്രധാനമന്ത്രി പറഞ്ഞു. സമീപകാലത്തെ തന്റെ ഷാഹ്‌ദോല്‍ സന്ദര്‍ശനവും അവിടെ ഒരു ഗോത്രവര്‍ഗ്ഗ ഗ്രാമത്തില്‍ യുവജനങ്ങളുമായി നടത്തിയ ആശയവിനിമയവും വിവരിച്ച പ്രധാനമന്ത്രി അവിടുത്തെ പ്രാദേശിക അഭിമാനമായ 'മിനി ബ്രസീലി'നേയും കാല്‍പന്തുകളിയോടുള്ള അവരുടെ അഗാധ സ്‌നേഹത്തേയും സ്മരിക്കുകയും ചെയ്തു.

കാശിയില്‍ കായികമേഖലയിലുണ്ടായ മാറ്റവും പ്രധാനമന്ത്രി വിവരിച്ചു. കാശിയിലെ യുവജനങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ സ്‌റ്റേഡിയത്തിനൊപ്പം 50-ലധികം കായിക ഇനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സിഗ്ര സ്‌റ്റേഡിയത്തിന് 400 കോടി രൂപ ചെലവഴിക്കുന്നത്. ദിവ്യാംഗ സൗഹൃദമായ ആദ്യത്തെ വിവിധോദ്ദേശ കായിക സമുച്ചയമായിരിക്കും ഇത്. പുതിയ നിര്‍മ്മാണത്തിനൊപ്പം പഴയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

യുവാക്കളുടെ കായികക്ഷമത, തൊഴില്‍, ഔദ്യോഗിക ജീവിതം എന്നിവയുമായി ഇപ്പോള്‍ സ്പോര്‍ട്സിനെ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മാറിയ സമീപനമാണ് ഇന്ത്യയുടെ സമീപകാല കായിക വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ കായിക ബജറ്റ് മൂന്നിരട്ടി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഖേലോ ഇന്ത്യയുടെ ബജറ്റില്‍ 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഒളിമ്പിക്സ് പോഡിയം വരെ ഒരു ടീമംഗത്തെപ്പോലെ കായികതാരങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നീങ്ങുന്നു,അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തവും ടോപ്‌സ് പദ്ധതിയും അദ്ദേഹം പരാമര്‍ശിച്ചു.

പങ്കെടുത്തതില്‍ മൊത്തത്തില്‍ നേടിയ എല്ലാ മെഡലുകളുടെയും ആകെ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പതിപ്പില്‍ കൂടുതല്‍ മെഡലുകള്‍ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ച ലോക യൂണിവേഴ്‌സിറ്റി ഗെയിംസിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.


രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളുടെ മുക്കിലും മൂലയിലും കായിക സാധ്യതകള്‍ ഉണ്ടെന്ന് ശ്രീ മോദി അംഗീകരിക്കുകയും അവരെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. 'ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വരുന്ന യുവാക്കള്‍ ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു', അവര്‍ക്കായി കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര തലത്തിലുള്ള കായികതാരങ്ങളാക്കി മാറ്റാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്ന ഖേലോ ഇന്ത്യയുടെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കായികരംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരാമര്‍ശിച്ച പ്രധാനമന്ത്രി, കാശിയോടുള്ള അവരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു.


'പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നല്ല പരിശീലകരും നല്ല കോച്ചിംഗും ഒരുപോലെ പ്രധാനമാണ്', ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കായികതാരങ്ങളെ പരിശീലകരുടെ റോള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാക്കള്‍ വിവിധ കായിക വിനോദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. ഖേലോ ഇന്ത്യക്ക് കീഴില്‍ സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.


പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ സ്‌പോര്‍ട്‌സ് ഒരു പാഠ്യേതര പ്രവര്‍ത്തനമെന്നതിലുപരി ശരിയായ വിഷയമായാണ് പരിഗണിക്കുന്നത്. മണിപ്പൂരിലാണ് ആദ്യത്തെ ദേശീയ കായിക സര്‍വകലാശാല സ്ഥാപിതമായത്. ഉത്തര്‍പ്രദേശിലും കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ട്. ഗോരഖ്പൂരിലെ സ്പോര്‍ട്സ് കോളേജ് വിപുലീകരിക്കുന്നതിനെക്കുറിച്ചും മീററ്റില്‍ മേജര്‍ ധ്യാന്‍ ചന്ദ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.


'ഒരു രാജ്യത്തിന്റെ വികസനത്തിന് കായിക അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം അത്യന്താപേക്ഷിതമാണ്',  രാജ്യത്തിന്റെ പ്രശസ്തിക്ക് അതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ നിരവധി നഗരങ്ങള്‍ ആഗോള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പേരുകേട്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അത്തരം ആഗോള മേളകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന വിധം രാജ്യത്ത് കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കി. ഈ സ്റ്റേഡിയം വികസനത്തിന്റെ ഈ ദൃഢനിശ്ചയത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് കേവലം ഇഷ്ടികയുടെയും കോണ്‍ക്രീറ്റിന്റെയും ഘടന മാത്രമല്ല, ഇന്ത്യയുടെ ഭാവിയുടെ പ്രതീകമായി മാറും.


കാശി നഗരത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങഎളുടെയും അംഗീകാരം കാശിയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കി. ''നിങ്ങളില്ലാതെ കാശിയില്‍ യാതൊന്നും സാക്ഷാത്കരിക്കാനാവില്ല. നിങ്ങളുടെ പിന്തുണയോടും അനുഗ്രഹത്തോടും കൂടി ഞങ്ങള്‍ കാശിയുടെ വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ബിസിസിഐ പ്രസിഡന്റ്, ശ്രീ റോജര്‍ ബിന്നി, ബിസിസിഐ സെക്രട്ടറി, ബിസിസിഐ വൈസ് പ്രസിഡന്റ്, ശ്രീ രാജീവ് ശുക്ല, ശ്രീ ജയ് ഷാ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍. , ദിലീപ് വെങ്‌സര്‍ക്കാര്‍, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ഗോപാല്‍ ശര്‍മ്മ എന്നിവരും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ആധുനിക ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. വാരണാസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 450 കോടി രൂപ ചെലവില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വികസിപ്പിക്കും. ഈ സ്റ്റേഡിയത്തിന്റെ തീമാറ്റിക് വാസ്തുവിദ്യ പരമശിവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേല്‍ക്കൂരകള്‍, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള വിളക്കുകള്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 30,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും.

 

NS

(Release ID: 1959908) Visitor Counter : 110