പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ ഏകദേശം 6,350 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു


ഛത്തീസ്ഗഡിലെ 9 ജില്ലകളിലെ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ക്ക് തറക്കല്ലിട്ടു

1 ലക്ഷം സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്തു

''ഇന്ന്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ മേഖലകള്‍ക്കും വികസനത്തില്‍ തുല്യ മുന്‍ഗണന ലഭിക്കുന്നു''

''ദ്രുതഗതിയിലുള്ള ആധുനിക വികസനത്തിനും ഇന്ത്യയുടെ സാമൂഹിക ക്ഷേമ മാതൃകയ്്ക്കും ലോകം മുഴുവന്‍ സാക്ഷ്യം വഹിക്കുക മാത്രമല്ല, പ്രശംസിക്കുകയും ചെയ്യുന്നു''

''രാജ്യത്തിലെ വികസനത്തിന്റെ ശക്തികേന്ദ്രമാണ് ഛത്തീസ്ഗഡ്''

''വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനൊപ്പം വനസമ്പത്തിലൂടെ സമൃദ്ധിയുടെ പുതിയ വഴികള്‍ തുറക്കുന്നതിനാണ് ഗവണ്‍മെന്റിന്റെ ദൃഢനിശ്ചയം''

''എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്) എന്ന പ്രതിജ്ഞയോടെ നമ്മള്‍ മുന്നോട്ട് പോകേണ്ടതുണ്ട്


Posted On: 14 SEP 2023 5:26PM by PIB Thiruvananthpuram

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ 6,350 കോടി രൂപയുടെ വിവിധ റെയില്‍ മേഖലപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഛത്തീസ്ഗഡിലെ 9 ജില്ലകളിലെ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം പേര്‍ക്കുള്ള സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതി ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവ റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.


സംസ്ഥാനത്ത് 6,400 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ അനാച്ഛാദനം ചെയ്യുന്നതോടെ ഛത്തീസ്ഗഢ് വികസനത്തിലേക്ക് സുപ്രധാനമായ ചുവടുവെപ്പ് നടത്തുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഊര്‍ജ ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുന്നതിനുമായുള്ള വിവിധ പുതിയ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിയ്ക്കുന്നതെന്നതിനും അദ്ദേഹം അടിവരയിട്ടു. സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ അദ്ദേഹം പരാമര്‍ശിച്ചു.
ദ്രുതഗതിയിലുള്ള ആധുനിക വികസനത്തിനും സാമൂഹ്യ ക്ഷേമത്തിന്റെ ഇന്ത്യന്‍ മാതൃകയ്ക്കും ലോകം മുഴുവന്‍ സാക്ഷ്യം വഹിക്കുക മാത്രമല്ല, പ്രശംസിക്കുകയും ചെയ്യുകയാണെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ ലോക നേതാക്കള്‍ക്ക് ആതിഥേയത്വം വഹിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ വികസന മാതൃകയിലും സാമൂഹിക ക്ഷേമത്തിലും അവര്‍ വളരെയധികം ആകൃഷ്ടരായതായും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നതിനെക്കുറിച്ചാണ് ആഗോള സംഘടനകള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് ഗവര്‍ണമെന്റ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും എല്ലാ മേഖലകളുടെയും വികസനത്തിന് നല്‍കുന്ന തുല്യ മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ''ഛത്തീസ്ഗഢിലെയും റായ്ഗഡിലെയും ഈ മേഖലയും ഇതിന് സാക്ഷിയാണ്'', ഇന്നത്തെ പദ്ധതികള്‍ക്ക് പൗരന്മാരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


''രാജ്യത്തിന്റെ വികസന ശക്തികേന്ദ്രമാണ് ഛത്തീസ്ഗഡ്'', അതിന്റെ ശക്തികേന്ദ്രങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ട് പോകാനാകൂ എന്ന് ചൂണ്ടിക്കാട്ടികൊണ്ട് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വര്‍ഷമായി, ഛത്തീസ്ഗഡിന്റെ ബഹുമുഖ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണെന്നും ആ വീക്ഷണത്തിന്റെയും ആ നയങ്ങളുടെയും ഫലങ്ങള്‍ക്ക് ഇന്ന് ഇവിടെ ദൃക്‌സാക്ഷിയാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഗവണ്‍മെന്റിന്റെ എല്ലാ മേഖലയിലുമുള്ള ബൃഹത്തായ പദ്ധതികള്‍ ഛത്തീസ്ഗഢില്‍ നടപ്പാക്കുന്നുവെന്നും പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം മുതല്‍ റായ്പൂര്‍ വരെയുള്ള സാമ്പത്തിക ഇടനാഴി, റായ്പൂര്‍ മുതല്‍ ധന്‍ബാദ് വരെയുള്ള സാമ്പത്തിക ഇടനാഴി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ ജൂലൈയില്‍ റായ്പൂര്‍ സന്ദര്‍ശിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. സംസ്ഥാനത്തിന് അനുവദിച്ച വിവിധ പ്രധാന ദേശീയ പാതകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''ഇന്ന്, ഛത്തീസ്ഗഢിന്റെ റെയില്‍വേ ശൃംഖലയുടെ വികസനത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ്'', മെച്ചപ്പെട്ട റെയില്‍ ശൃംഖല ബിലാസ്പൂര്‍-മുംബൈ റെയില്‍ പാതയിലെ ജാര്‍സുഗുഡ ബിലാസ്പൂര്‍ ഭാഗത്തിലെ തിരക്ക് കുറയ്ക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ, തുടക്കം കുറിച്ച മറ്റ് റെയില്‍വേ പാതകളും നിര്‍മ്മിക്കുന്ന റെയില്‍വേ ഇടനാഴികളും ഛത്തീസ്ഗഢിന്റെ വ്യാവസായിക വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ത്തിയാകുന്നതോടെ, ഈ പാതകള്‍ ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് സൗകര്യം നല്‍കുക മാത്രമല്ല, മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും വരുമാന സാദ്ധ്യതകളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് വൈദ്യുതി നിലയങ്ങളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള ചെലവും സമയവും കുറയുമെന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കുറഞ്ഞ ചെലവില്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്, ഗവണ്‍മെന്റ് ഒരു പിറ്റ് ഹെഡ് തെര്‍മല്‍ പവര്‍ പ്ലാന്റും നിര്‍മ്മിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. തലൈപ്പള്ളി ഖനിയെ ബന്ധിപ്പിക്കുന്നതിനുള്ള 65 കിലോമീറ്റര്‍ മെറി-ഗോ-റൗണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തതും സ്്്പര്‍ശിച്ച അദ്ദേഹം അത്തരം പദ്ധതികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയേ ഉള്ളൂവെന്നും വരുംകാലങ്ങളില്‍ ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെയിധികം പ്രയോജനം ലഭിക്കുമെന്നും പറഞ്ഞു.


അമൃത് കാലിന്റെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള പ്രതിജ്ഞയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വികസനത്തില്‍ ഓരോ പൗരന്റെയും തുല്യ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം സൂരജ്പൂര്‍ ജില്ലയിലെ അടച്ചുപൂട്ടിയ കല്‍ക്കരി ഖനി
ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിച്ചത് പരാമര്‍ശിക്കുകയും ചെയ്തു. കോര്‍വയിലും സമാനമായ ഇക്കോ പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രദേശത്തെ ഗോത്ര വിഭാഗത്തിനുള്ള നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഖനികളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് ജലസേചന, കുടിവെള്ള സൗകര്യങ്ങള്‍ നല്‍കുന്നത് എടുത്തുപറഞ്ഞു.


വനസമ്പത്തിലൂടെ സമൃദ്ധിയുടെ പുതിയ വഴികള്‍ തുറക്കുന്നതിനൊപ്പം വനങ്ങളേയും ഭൂമിയേയും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. വന്ദന്‍ വികാസ് യോജനയെ പരാമര്‍ശിച്ച ശ്രീ മോദി ലക്ഷക്കണക്കിന് ഗോത്രവര്‍ഗ്ഗ യുവാക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ലോകം മില്ലറ്റ് വര്‍ഷം ആഘോഷിക്കുന്നതില്‍ സ്പര്‍ശിച്ച അദ്ദേഹം വരും വര്‍ഷങ്ങളില്‍ ശ്രീ അന്ന അല്ലെങ്കില്‍ മില്ലറ്റ് വിപണിയുടെ വര്‍ദ്ധിച്ചുവരുന്ന സാദ്ധ്യതകളും എടുത്തുകാട്ടി. ഒരു വശത്ത്, രാജ്യത്തിന്റെ ഗോത്ര പാരമ്പര്യത്തിന് പുതിയ സ്വത്വബോധം ലഭിക്കുമ്പോള്‍ മറുവശത്ത് പുരോഗതിയുടെ പുതിയ പാതകള്‍ രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരിവാള്‍കോശ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഗോത്രവര്‍ഗ്ഗ ജനതയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വിവരങ്ങള്‍ വ്യാപിക്കുന്നത് രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നതുകൊണ്ട് സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളുടെ വിതരണം ഗോത്രവര്‍ഗ്ഗ സമൂഹത്തിന് വേണ്ടിയുള്ള ഒരു വലിയ ചുവടുവെപ്പാണെന്നതിനും അടിവരയിട്ടു. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്) എന്ന പ്രതിജ്ഞയോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഛത്തീസ്ഗഡ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.


കേന്ദ്ര ഗോത്രവര്‍ഗ്ഗകാര്യ സഹമന്ത്രി ശ്രീമതി രേണുക സിംഗ് സരുത, ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി ശ്രീ ടി എസ് സിംഗ്‌ദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം


റായ്ഗഡിലെ പൊതുപരിപാടിയില്‍ ഏകദേശം 6,350 കോടി രൂപയുടെ പ്രധാനപ്പെട്ട റെയില്‍ മേഖല പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചതോടെ രാജ്യത്തുടനീളമുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തണമെന്നതിന് പ്രധാനമന്ത്രി നല്‍കുന്ന ഊന്നലിന് ഉത്തേജനം ലഭിക്കും. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതി ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവ ഉള്‍പ്പെടുന്നവയാണ് പദ്ധതികള്‍. ഈ മേഖലയിലെ യാത്രക്കാരുടെ സഞ്ചാരവും ചരക്ക് ഗതാഗതവും സുഗമമാക്കുന്നതിലൂടെ ഈ റെയില്‍ പദ്ധതികള്‍ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും.
ഗാരെ-പെല്‍മയിലേക്കുള്ള ഒരു സ്പര്‍ ലൈനും ചാല്‍, ബറൂദ്, ദുര്‍ഗ്ഗാപൂര്‍, മറ്റ് കല്‍ക്കരി ഖനികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന 3 ഫീഡര്‍ ലൈനുകളും ഉള്‍പ്പെടെ ഖാര്‍സിയയില്‍ നിന്ന് ധരംജയ്ഗഡിലേക്കുള്ള 124.8 കിലോമീറ്റര്‍ റെയില്‍ പാതയാണ് അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഗതിശക്തി - ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ വികസിപ്പിച്ചെടുക്കുന്ന ബഹുമാതൃകാ ബന്ധിപ്പിക്കലിന് വേണ്ടിയുള്ള ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതിഘട്ടം 1. വൈദ്യുതീകരിച്ച ബ്രോഡ്‌ഗേജ് ലെവല്‍ ക്രോസിംഗുകളും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളോടുകൂടിയ ഫ്രീ പാര്‍ട്ട് ഡബിള്‍ ലൈനും സജ്ജീകരിച്ചിരിക്കുന്നതാണ് 3,055 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റെയില്‍വേ പാത. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ സ്ഥിതി ചെയ്യുന്ന മാന്‍ഡ്-റായ്ഗഡ് കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള റെയില്‍ ബന്ധിപ്പിക്കല്‍ ഇതിലൂടെ ലഭ്യമാകും.


50 കിലോമീറ്റര്‍ നീളമുള്ള പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത ഏകദേശം 516 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചമ്പയ്ക്കും ജംഗയ്ക്കും ഇടയില്‍ 98 കിലോമീറ്റര്‍ നീളമുള്ള മൂന്നാമത്തെ പാതയുടെ നിര്‍മ്മാണ ചെലവ് ഏകദേശം 796 കോടി രൂപയുമാണ്. ഈ പുതിയ റെയില്‍വേ പാതകള്‍ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


65 കിലോമീറ്റര്‍ നീളമുള്ള വൈദ്യുതീകരിച്ച എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്‍.ടി.പി.സിയുടെ തലൈപ്പള്ളി കല്‍ക്കരി ഖനിയില്‍ നിന്ന് ഛത്തീസ്ഗഡിലെ 1600 മെഗാവാട്ട് എന്‍.ടി.പി.സി ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനിലേക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗ്രേഡ് കല്‍ക്കരി എത്തിക്കും. ഇത് എന്‍.ടി.പി.സി ലാറയില്‍ നിന്ന് കുറഞ്ഞ ചെലില്‍ വിശ്വാസയോഗ്യമായ വൈദ്യുതിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും. കല്‍ക്കരി ഖനികളില്‍ നിന്ന് പവര്‍ സ്‌റ്റേഷനുകളിലേക്കുള്ള കല്‍ക്കരിയുടെ നീക്കം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിസ്മയമാണ് 2070 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എം.ജി.ആര്‍ സംവിധാനം.


ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലായി 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ദുര്‍ഗ്, കൊണ്ടഗാവ്, രാജ്‌നന്ദ്ഗാവ്, ഗാരിയാബന്ദ്, ജഷ്പൂര്‍, സൂരാജ്പൂര്‍, സര്‍ഗുജ, ബസ്തര്‍, റായ്ഗഡ് ജില്ലകളില്‍ 210 കോടിയിലിധികം രൂപ ചെലവില്‍ പ്രധാന്‍ മന്ത്രി -ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ (പി.എം-എ.ബി.എച്ച്.ഐ.എം) കീഴിലാണ് ഈ ഒന്‍പത് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നത്.


അരിവാള്‍ കോശ രോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേകിച്ചു ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ളവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, സ്‌ക്രീന്‍ (തെരഞ്ഞെടുക്കപ്പെട്ട) ചെയ്യപ്പെട്ട ജനങ്ങള്‍ക്ക് ഒരു ലക്ഷം സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. 2023 ജൂലൈയില്‍ മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ പ്രധാനമന്ത്രി സമാരംഭം കുറിച്ച ദേശീയ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന്‍ മിഷന് (എന്‍.എസ്.എ.ഇ.എം)കീഴിലാണ് സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

 

NS

(Release ID: 1957451) Visitor Counter : 113