ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

'ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ' - ന്യൂ ഡൽഹിയിൽ നടക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയിലെ പ്രധാന ആകർഷണം

Posted On: 04 SEP 2023 3:49PM by PIB Thiruvananthpuram


ന്യൂ ഡൽഹി: സെപ്റ്റംബർ 4, 2023

18-ാമത് ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ന്യൂ ഡൽഹി ഒരുങ്ങിക്കഴിഞ്ഞു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പൗര സമൂഹം എന്നിവർ പങ്കാളികളായ ഈ വർഷം നടന്ന എല്ലാ G20 പ്രക്രിയകളുടെയും യോഗങ്ങളുടെയും പരിസമാപ്തിയാണിത്. ജി20 ഉച്ചകോടി 2023 സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കും.

ന്യൂ ഡൽഹിയിൽ നടക്കുന്ന 18-ാമത് G20 ഉച്ചകോടിയിലെ ഒരു പ്രധാന ആകർഷണമായി ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോൺ സജ്ജീകരിക്കുന്നു. G20 പ്രതിനിധികൾക്ക്, ഇന്ത്യയിലെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിന്റെയും ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റൽ പരിവർത്തനത്തിന്റെയും നേർകാഴ്ച നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത്  പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവവും മികച്ച സമ്പ്രദായങ്ങളും പങ്കിടുക, ആഗോളതലത്തിൽ തല്പരകക്ഷികൾക്ക് അനുകരിക്കാവുന്ന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുക, സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് അനുഭവിക്കാൻ സന്ദർശകർക്ക് സവിശേഷമായ അവസരം നൽകുക എന്നിവ ലക്ഷ്യമിട്ട്, കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയം, പ്രഗതി മൈതാനത്ത് ഹാൾ 4, ഹാൾ 14 എന്നിവിടങ്ങളിൽ രണ്ട് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണുകൾ സജ്ജമാക്കുന്നു.  

എക്‌സ്‌പോയുടെ പിന്നിലെ ലക്ഷ്യം, പൗരന്മാരുടെ ജീവിതം അനായാസം ആക്കുന്നതിനും, ബിസിനസ് നടപടികൾ ലളിതമാക്കുന്നതിനും, ഭരണ സംവിധാനം സുഗമമാക്കുന്നതിനും ഇന്ത്യ നടപ്പാക്കിയ  ലോകോത്തര സംരംഭങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ്.

ഡിജിറ്റൽ ഇന്ത്യയുടെ നിർണായക സംരംഭങ്ങളെക്കുറിച്ചുള്ള അറിവും ഉൾക്കാഴ്ചയും നിറഞ്ഞ, അത്യാധുനിക സാങ്കേതികവിദ്യയുടെ ഒരു ഖനിയാണ് ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ. പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ അഥവാ ഡിപിഐകൾ നടപ്പിലാക്കുന്നതിലെ മികച്ച സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആധാർ, ഡിജിലോക്കർ, യുപിഐ, ഇ സഞ്ജീവനി, ദീക്ഷ, ഭാഷിണി, ഒഎൻഡിസി എന്നിങ്ങനെ ഏഴ് പ്രധാന സംരംഭങ്ങൾ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഡിപിഐ സംവിധാനം മനസ്സിലാക്കുന്നതിനും ആഗോള സമൂഹത്തിന്റെ പുരോഗതിക്കായി ഉൾക്കാഴ്ചകൾ നേടുന്നതിനും സന്ദർശകരെ പ്രാപ്തരാക്കുന്ന ഈ പ്രദർശനം, ആഴത്തിലുള്ള അനുഭവം പ്രധാനം ചെയ്യും.

ആധാർ ഫേസ് ഓതന്റിക്കേഷൻ സോഫ്‌റ്റ്‌വെയറിന്റെ തത്സമയ പ്രദർശനങ്ങളിലൂടെ പങ്കെടുക്കുന്നവർക്ക് അത് അനുഭവിക്കാനും അത്യാധുനിക സാങ്കേതികവിദ്യയുമായി സംവദിക്കാനും അവസരം ലഭിക്കും.

വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, യാത്ര, ഗതാഗതം, റിയൽ എസ്റ്റേറ്റ്, നിയമം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ മേഖലകളിലുടനീളമുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിലുള്ള ഡിജിലോക്കർ സംവിധാനത്തിന്റെ പങ്ക് പ്രദർശിപ്പിക്കും. ഇന്ത്യയിലെ ഡിജിലോക്കറിന്റെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് അതിഥികൾക്ക് മനസ്സിലാക്കാൻ ഇത് അവസരം നൽകുന്നു.

സന്ദർശകർക്ക്, കാർഡിയോളജി, മാനസികാരോഗ്യം, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ എന്നീ വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരുടെ ഓൺലൈൻ കൺസൾട്ടേഷനും ഇ-പ്രിസ്‌ക്രിപ്‌ഷനും ഒപ്പം, തത്സമയ ആരോഗ്യ വിശകലനവും ഉപദേശവും നൽകും എന്നതാണ് ഇസഞ്ജീവനി പ്രദർശനത്തിന്റെ പ്രത്യേകത.

ദീക്ഷ പോർട്ടലിൽ ലഭ്യമായ വിദ്യാഭ്യാസ വിഭവങ്ങളുടെ സമ്പത്ത് മനസ്സിലാക്കാൻ സന്ദർശകരെ അനുവദിക്കുന്നതാണ് ദീക്ഷ പ്രദർശനം. ആഴത്തിലുള്ളതും അവബോധജന്യവുമായ അനുഭവം ഇത് സന്ദർശകർക്ക് പ്രദാനം ചെയ്യും.

ഭാഷിണി പ്രദർശനത്തിൽ, സന്ദർശകർക്ക് എല്ലാ ഇന്ത്യൻ ഭാഷകളിലും ആറ് യുഎൻ ഭാഷകളിലും തത്സമയ സ്പീച്ച്-ടു-സ്പീച്ച് വിവർത്തനം അനുഭവിക്കാൻ കഴിയും. ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിന്, 'ജുഗൽബന്ദി' ടെലിഗ്രാം ബോട്ട്, സന്ദർശകരെ അവർക്കിഷ്ടമുള്ള ഏത് ഭാഷയിലും ചോദ്യങ്ങൾ ചോദിക്കാനും സംവദിക്കാനും സൗകര്യം നൽകും.

ഡിജിറ്റൽ ഇന്ത്യയുടെ മഹത്തായ യാത്രയുടെ ഈ പ്രദർശനം, 2014 മുതൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യ നേടിയ പ്രധാന നാഴികക്കല്ലുകളിലൂടെ സന്ദർശകരെ കൊണ്ടുപോകും. സിമുലേറ്റഡ് വെർച്വൽ റിയാലിറ്റിയിലൂടെ ഈ പ്രദർശനം ഡിജിറ്റൽ മേഖലയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങൾക്ക് ജീവൻ പകരും. സന്ദർശകർക്ക് 'ഡിജിറ്റൽ ട്രീ' പ്രദർശനത്തിലൂടെ, ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളുടെ ഡിപിഐയുടെ അടിസ്ഥാന തത്വങ്ങളും മാറ്റവും മനസ്സിലാക്കാനാകും.

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) വഴി വൻ തോതിൽ വിൽപ്പനക്കാർ, ഉപഭോക്താക്കൾ, നെറ്റ്‌വർക്ക് ദാതാക്കൾ എന്നിവർ പരസ്പരം സംവദിക്കുന്നത് എങ്ങനെയെന്ന് കാണാൻ കഴിയും. വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവദ് ഗീതയുമായി ബന്ധപ്പെടുത്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ സന്ദർശകർക്ക് കഴിയുന്ന ഒരു സംവിധാനം-G.I.T.A ആപ്ലിക്കേഷൻ-ഒരു കിയോസ്‌കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ സംവേദക ഡിസ്പ്ലേകളുടെ രൂപത്തിലും വെർച്വൽ റിയാലിറ്റിയുടെ രൂപത്തിലും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.

 ********


(Release ID: 1954721) Visitor Counter : 169