പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ ജി20 അ‌ധ്യക്ഷത: ഏകോപന സമിതിയുടെ ഒമ്പതാം യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷത വഹിച്ചു

ആൻഡ്രോയിഡ്-ഐഒഎസ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാനാകുന്ന മൊബൈൽ ആപ്പ് 'ജി20 ഇന്ത്യ' പുറത്തിറക്കി

ജി20 ഉച്ചകോടിയോടനുബന്ധിച്ചുള്ള എക്‌സിബിഷനുകളിൽ ഇന്ത്യയുടെ സാംസ്‌കാരിക, ജനാധിപത്യ ധർമചിന്തകൾ പ്രദർശിപ്പിക്കും.

നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി

ഭാരത് മണ്ഡപത്തിൽ വിവിധ ഏജൻസികളുടെ കൺട്രോൾ റൂമുകൾ സജ്ജീകരിക്കും

Posted On: 30 AUG 2023 5:02PM by PIB Thiruvananthpuram

ജി20 ഉച്ചകോടിയോടനുബന്ധിച്ചുള്ള ഏകോപന സമിതിയുടെ ഒൻപതാം യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ മിശ്ര അധ്യക്ഷനായി. 2023 ഓഗസ്റ്റ് 30ന് ആണ് യോഗം നടന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 നേതൃതല ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ലോജിസ്റ്റിക്, പ്രോട്ടോക്കോൾ, സുരക്ഷ, മാധ്യമങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. ജി20 സെക്രട്ടേറിയറ്റിലെയും വിദേശകാര്യ, ആഭ്യന്തര, സാംസ്‌കാരിക, വിവര - പ്രക്ഷേപണ മന്ത്രാലയങ്ങളിലെയും ടെലികോം വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ഭാരത് മണ്ഡപവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്ന ജോലികൾ തൃപ്തികരമാണെന്ന് വിലയിരുത്തി. ഇന്ത്യയുടേതായ തനത് അനുഭവം ലഭ്യമാക്കുന്നതിനായി ഭാരത് മണ്ഡപത്തിൽ ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ സംസ്കാരത്തെ വിളിച്ചോതുന്ന പ്രദർശനം സംഘടിപ്പിക്കും. വേദിയിൽ നടരാജ പ്രതിമ സ്ഥാപിക്കുന്നതിന്റെ പുരോഗതിയും ഒപ്പം സന്ദർശകരായ നേതാക്കളുടെ ഭാര്യമാർക്കുള്ള പരിപാടിയും പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ അവലോകനം ചെയ്തു.

ജി20ക്കായി ഇതാദ്യമായി മൊബൈൽ ആപ്പും പുറത്തിറക്കി. 'ജി20 ഇന്ത്യ' എന്ന പേരിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്, ആൻഡ്രോയിഡ്-ഐഒഎസ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം. ഭാരത് മണ്ഡപത്തിൽ സ്ഥാപിക്കുന്ന 'ഇന്നൊവേഷൻ ഹബ്ബ്', 'ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻഷ്യൽ ഹബ്' എന്നിവയിലൂടെ ജി20 പ്രതിനിധികളും മാധ്യമപ്രവർത്തകരും ഡിജിറ്റൽ ഇന്ത്യയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കും.

ലോജിസ്റ്റിക്‌സ് വിഭാഗവുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ഒപ്പം ഡ്രസ് റിഹേഴ്‌സലുകളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻപിൽ വിശദീകരിച്ചു. പൊതുജനങ്ങൾക്കായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും ഉണ്ടാകും. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യേകം ഊന്നിപ്പറഞ്ഞു. നഗരത്തിലെ അവശ്യ സർവീസുകളെ ഒരു തരത്തിലും ഒരുക്കങ്ങൾ ബാധിക്കരുതെന്ന നിർദേശവും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. കൂടാതെ, ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച ആശയവിനിമയങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനും തീരുമാനിച്ചു.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സൗകര്യങ്ങളും വിശകലനം ചെയ്തു. വിദേശ മാധ്യമങ്ങളിൽ നിന്നടക്കം ഇതുവരെ 3600-ലധികം അപേക്ഷകൾ ലഭിച്ചു. അക്രഡിറ്റേഷൻ ലെറ്ററുകൾ വിതരണം ചെയ്യുകയാണ്. ഭാരത് മണ്ഡപത്തിലെ മീഡിയ സെന്റർ ഈ ആഴ്ച അവസാനത്തോടെ പൂർണമായും സജ്ജമാകും.

കുറ്റമറ്റ രീതിയിൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടനാ മേധാവികൾക്കും നിർദേശം നൽകി. വിവിധ ഏജൻസികൾ തമ്മിലുള്ള സുഗമമായ ഏകോപനത്തിനായി ഭാരത് മണ്ഡപത്തിൽ വിവിധ ഏജൻസികളുടെ കൺട്രോൾ റൂമുകൾ സജ്ജീകരിക്കും. പ്രിൻസിപ്പൽ സെക്രട്ടറി അടുത്ത ഏതാനും ദിവസങ്ങളിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പുരോഗതികൾ പരിശോധിക്കും.

ND

 



(Release ID: 1953580) Visitor Counter : 131