വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വാതുവെപ്പ് സംബന്ധിച്ച് പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിക്കുന്നതിനെതിരെ ഐ &ബി മന്ത്രാലയം മാധ്യമ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി

Posted On: 25 AUG 2023 1:20PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഓഗസ്റ്റ് 25, 2023    
 
വാതുവെപ്പ്/ചൂതാട്ടം എന്നിവ സംബന്ധിച്ച് എല്ലാ രീതികളിലുമുള്ള പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ കാണിക്കുന്നതിൽ നിന്ന് ഉടൻ വിട്ടുനിൽക്കാൻ, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളോടും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് നിർദ്ദേശിച്ചു. ഈ നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ വിവിധ ചട്ടങ്ങൾ പ്രകാരം കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഉചിതമായ നടപടിയ്ക്ക് വിധേയമാകേണ്ടി വരും എന്ന് കൂട്ടിച്ചേർത്തു.

ചൂതാട്ട/വാതുവയ്പ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും, കാര്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നതായി മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളിൽ നിന്ന് ഗണ്യമായ തോതിൽ പണം പിരിച്ചെടുത്ത ഏജന്റുമാരുടെ ശൃംഖലയ്‌ക്കെതിരായ കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നടപടിയെ മന്ത്രാലയം എടുത്ത് പറഞ്ഞു. ഈ സംവിധാനത്തിന് കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ നിയമവിരുദ്ധതയ്‌ക്കൊപ്പം ഇത്തരം പരസ്യങ്ങൾക്ക് പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനായി, ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവ, വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ, ഒരു പ്രധാന കായിക മത്സരത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ, അത്തരം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത്തരത്തിലുള്ള ഒരു പ്രധാന അന്താരാഷ്ട്ര മത്സരം ആരംഭിക്കാനിരിക്കുന്നു.

വാതുവെപ്പ്/ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പരസ്യo നൽകുന്നതിനെതിരെ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പ്രേക്ഷകർക്ക് വേണ്ടി ഇത്തരം പരസ്യങ്ങൾ നൽകരുതെന്ന് ഓൺലൈൻ പരസ്യ ഇടനിലക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 13.06.2022, 03.10.2022, 06.04.2023 തീയതികളിൽ മന്ത്രാലയം ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അതിനാൽ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ടോ അല്ലാതെയോ അത്തരം പ്രവർത്തനങ്ങളുടെ പരസ്യങ്ങൾ/പ്രമോഷൻ എന്നിവ ഉപഭോക്തൃ സംരക്ഷണ നിയമം, 2019, പ്രസ് കൗൺസിൽ ആക്റ്റ് 1978 എന്നിവ ഉൾപ്പെടെയുള്ള വിവിധ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഈ നിർദേശത്തിൽ പ്രസ്താവിക്കുന്നു.

കൂടാതെ, ഈയിടെ ഭേദഗതി വരുത്തിയ ചട്ടം 3 (1) (ബി) ഇൻഫർമേഷൻ ടെക്‌നോളജി (ഇടനിലക്കാർക്കുള്ള മാർഗ്ഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ , 2021, പ്രകാരം ഇടനിലക്കാർ സ്വയം ഇത്തരം പരസ്യങ്ങൾ നല്കരുതെന്നും അതിന്റെ കമ്പ്യൂട്ടർ സ്രോതസ്സുകൾ ഉപയോഗിക്കുന്നവർ അത്തരം പരസ്യങ്ങൾ നൽകുകയോ, പ്രദർശിപ്പിക്കുകയോ,അപ്‌ലോഡ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ, അപ്ഡേറ്റ് ചെയ്യുകയോ, വിവരങ്ങൾ കൈമാറ്റം ചെയ്യാൻ ഇടനൽകുകയോ, ചെയ്യരുതെന്നും നിർദേശിക്കുന്നു. അനുവദനീയമായ ഓൺലൈൻ ഗെയിമായി അംഗീകരിക്കാത്തതും എന്നാൽ ഒരു ഓൺലൈൻ ഗെയിമിന്റെ സ്വഭാവത്തിലുള്ള ഏതെങ്കിലും വിവരങ്ങൾ; അനുവദനീയമല്ലാത്ത ഓൺലൈൻ ഗെയിമിന്റെയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ഓൺലൈൻ ഗെയിം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഇടനിലക്കാരുടെയോ പരസ്യം അല്ലെങ്കിൽ അവർക്കു വേണ്ടിയുള്ള പരസ്യം എന്നിവയ്ക്ക് ചൂതാട്ടം / വാതുവെപ്പ് പ്രോത്സാഹനത്തിന്റെ സ്വഭാവമുള്ളതായി ഈ ചട്ടത്തിൽ വ്യക്തമാക്കുന്നു

 മുൻകാല മാർഗ നിർദേശങ്ങൾക്കൊപ്പം പുതിയ നിർദേശവും ലിങ്കിൽ ലഭ്യമാണ്: https://mib.gov.in/sites/default/files/Advisory%20dated%2025.08.2023%20with%20enclosures.pdf



(Release ID: 1952302) Visitor Counter : 71