പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


"അടുത്ത ആരോഗ്യ അടിയന്തരാവസ്ഥ തടയാനും അതിനായി കരുതിയിരിക്കാനും   പ്രതികരിക്കാനും നാം തയ്യാറായിരിക്കണം"

"അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ആഗോള സ്വീകാര്യത സമഗ്ര ആരോഗ്യത്തിനായുള്ള സാർവത്രിക കാഴ്ചപ്പാടിന്റെ തെളിവാണ്"

 "2030ഓടെ ക്ഷയരോഗ നിർമാർജനം നേടാനുള്ള ആഗോള ലക്ഷ്യത്തേക്കാൾ വളരെ മുമ്പേ അതിലേക്കുള്ള പാതയിലാണ് നാം"

 “നമ്മുടെ നവീന വിദ്യകൾ നമുക്ക് പൊതുനന്മയ്ക്കായി തുറന്നു കൊടുക്കാം. ധനച്ചിലവിലെ ഇരട്ടിപ്പ് നമുക്ക് ഒഴിവാക്കാം. സാങ്കേതികവിദ്യയുടെ തുല്യമായ ലഭ്യത നമുക്ക് സുഗമമാക്കാം"



Posted On: 18 AUG 2023 3:30PM by PIB Thiruvananthpuram

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടർമാർ, 3.5 ദശലക്ഷം നഴ്‌സുമാർ, 1.3 ദശലക്ഷം പാരാമെഡിക്കുകൾ, 1.6 ദശലക്ഷം ഫാർമസിസ്റ്റുകൾ, ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പേർ എന്നിവരെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ആരോഗ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി ഗാന്ധിജി കണക്കാക്കിയതായും, ഈ വിഷയത്തിൽ 'ആരോഗ്യത്തിന്റെ താക്കോൽ' എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം എഴുതിയതായും രാഷ്ട്രപിതാവിനെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. മനസ്സും ശരീരവും യോജിപ്പിലും സന്തുലിതാവസ്ഥയിലും ആയിരിക്കുക എന്നതാണ് ആരോഗ്യമെന്നും ആരോഗ്യമാണ് ജീവിതത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആരോഗ്യമാണ് പരമമായ സമ്പത്ത്, നല്ല ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും' എന്ന അർത്ഥത്തിലുള്ള സംസ്‌കൃത ശ്ലോകവും പ്രധാനമന്ത്രി ഉദ്ധരിച്ചു. നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു ആരോഗ്യം ആയിരിക്കണമെന്ന് കോവിഡ്-19

മഹാമാരി നമ്മെ ഓർമ്മിപ്പിച്ചതായി പ്രധാനമന്ത്രി അടിവരയിട്ടു. മരുന്ന്, വാക്‌സിൻ വിതരണത്തിലായാലും നമ്മുടെ ജനങ്ങളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിലായാലും അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യവും മഹാമാരി വേള നമുക്ക് കാണിച്ചുതന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിൻ മൈത്രി സംരംഭത്തിന് കീഴിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യ എത്തിച്ചതായി, ലോകത്തിന് കോവിഡ്-19 വാക്‌സിൻ നൽകാനുള്ള രാജ്യത്തിൻറെ മാനുഷിക സംരംഭം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിക്കാലത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആഗോള ആരോഗ്യ സംവിധാനങ്ങൾ അതിജീവനശേഷിയുള്ളതായിരിക്കണമെന്നും പറഞ്ഞു. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാക്കാനും പ്രതികരിക്കാനും നാം തയ്യാറായിരിക്കണം. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഇത് വളരെ പ്രധാനമാണ്. മഹാമാരി സമയത്ത് നാം കണ്ടതുപോലെ, ലോകത്തിന്റെ ഒരു ഭാഗത്തെ ആരോഗ്യപ്രശ്നങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കും.

“ഇന്ത്യയിൽ ഗവണ്മെന്റ് സമഗ്രവും ഉൾക്കൊള്ളുന്നതുമായ സമീപനമാണ് പിന്തുടരുന്നത്,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള സ്വീകാര്യത സമഗ്രമായ ആരോഗ്യത്തിനായുള്ള സാർവത്രിക കാഴ്ചപ്പാടിന്റെ തെളിവാണ്. ഈ വർഷം 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നു. ചെറുധാന്യങ്ങൾക്ക് അഥവാ  ഇന്ത്യയിൽ അറിയപ്പെടുന്ന 'ശ്രീ അന്ന'യ്ക്ക് നിരവധി ആരോഗ്യകരമായ ഗുണങ്ങളുണ്ട്.

സമഗ്രമായ ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യത്തിനായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കൂടാതെ, ജ‌20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തോടൊപ്പം പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള ഉച്ചകോടി നടത്തുന്നത് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളെ ഊർജിതമാക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള ശേഖരം നിർമ്മിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമായിരിക്കണം അത്.

ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മതിയായ പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം എന്നിവ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന് , ആരോഗ്യവും പരിസ്ഥിതിയും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥയും ആരോഗ്യവും സംരംഭം തുടങ്ങുന്നതിനു വേണ്ടി സ്വീകരിച്ച നടപടികൾക്ക് അദ്ദേഹം ചർച്ചയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ അഭിനന്ദിച്ചു.ആന്റി-മൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) ഭീഷണി നേരിടാൻ സ്വീകരിച്ച നടപടികളും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പൊതുജനാരോഗ്യത്തിനും ഇതുവരെയുള്ള എല്ലാ ഔഷധ നിർമ്മാണ മുന്നേറ്റങ്ങൾക്കും എഎംആർ ഗുരുതരമായ അപകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി20 ആരോഗ്യ പ്രവർത്തക സമിതി ''ഏകാരോഗ്യം'' എന്ന ആശയത്തിന് മുൻഗണന നൽകിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മുഴുവൻ ആവാസവ്യവസ്ഥയ്ക്കും - മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും പരിസ്ഥിതിക്കും നല്ല ആരോഗ്യം വിഭാവനം ചെയ്യുന്ന ''ഏക ഭൂമി, ഏകാരോഗ്യം'' എന്നതാണ് ഗവണ്മെന്റിന്റെ കാഴ്ചപ്പാട്. ആരെയും ഒഴിവാക്കരുത് എന്ന ഗാന്ധിജിയുടെ സന്ദേശം ഉൾക്കൊള്ളുന്നതാണ് ഈ സംയോജിത വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യസംരംഭങ്ങളുടെ വിജയത്തിലെ പ്രധാന ഘടകമെന്ന നിലയിൽ പൊതുജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി, രാജ്യത്തെ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊനാണ് ഇതെന്ന് വ്യക്തമാക്കി. ക്ഷയരോഗ നിർമാർജനത്തെക്കുറിച്ചുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതിയും പൊതുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് 'നി-ക്ഷയ് മിത്ര' അല്ലെങ്കിൽ 'ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള സുഹൃത്തുക്കളായി' മാറാൻ സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ, 2030-ലെ ആഗോള ലക്ഷ്യത്തേക്കാൾ വളരെ മുമ്പേ  ക്ഷയരോഗ നിർമാർജനം കൈവരിക്കാനുള്ള പാതയിലാണ് നാം”- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ആരോഗ്യപരിരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുന്നതിൽ ഡിജിറ്റൽ പരിഹാരങ്ങളുടെയും നൂതന സംരംഭങ്ങളുടെയും പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അകലെയുള്ള രോഗികൾക്ക് ടെലി മെഡിസിൻ വഴി ഗുണനിലവാരമുള്ള പരിചരണം ലഭിക്കുമെന്നതിനാൽ ഗവണ്മെന്റിന്റെ ശ്രമങ്ങൾ തുല്യവും എല്ലാവരേയും ഉൾക്കൊള്ളാനുള്ള ഉപയോഗപ്രദമായ മാർഗവുമാണെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ ടെലി മെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനിയിലൂടെ ഇന്നുവരെ 140 ദശലക്ഷം ടെലി-ഹെൽത്ത് പരിചരണങ്ങൾ സുഗമമാക്കിയെന്നും അദ്ദേഹം അറിയിച്ചു .

ഇന്ത്യയുടെ കോവിൻ പ്ലാറ്റ്‌ഫോം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞത്തിന് വിജയകരമായി സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2.2 ബില്യണിലധികം വാക്സിൻ ഡോസുകളുടെ വിതരണവും ആഗോളതലത്തിൽ പരിശോധിക്കാവുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ലഭ്യതയും ഇത് കൈകാര്യം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളെ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരാൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് വഴിയൊരുക്കും.

“നമ്മുടെ നവീന വിദ്യകൾ നമുക്ക് പൊതുനന്മയ്ക്കായി തുറന്നു കൊടുക്കാം. ധനചിലവിന്റെ ഇരട്ടിപ്പ് നമുക്ക് ഒഴിവാക്കാം. സാങ്കേതികവിദ്യയുടെ തുല്യമായ ലഭ്യത നമുക്ക് സുഗമമാക്കാം”- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സംരംഭം ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലെ വിടവ് നികത്താൻ  അനുവദിക്കുമെന്നും ആഗോള ആരോഗ്യ സുരക്ഷ നേടുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, എല്ലാവരും രോഗത്തിൽ നിന്ന് മുക്തരാകട്ടെ' എന്ന മനുഷ്യരാശിക്ക് വേണ്ടിയുള്ള പുരാതന ഇന്ത്യൻ പ്രാർത്ഥനയോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. 'നിങ്ങളുടെ ആലോചനകൾ വിജയപ്രദമാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.- അദ്ദേഹം ഉപസംഹരിച്ചു.

 

My remarks at the G20 Health Ministers Meeting being held in Gandhinagar. @g20org https://t.co/FI5j9fEu7G

— Narendra Modi (@narendramodi) August 18, 2023

 *****

--NS--



(Release ID: 1950167) Visitor Counter : 133