ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് അമ്പത് ശതമാനം വനിതാ അംഗങ്ങളെ രാജ്യസഭാ ചെയർമാൻ നാമനിർദ്ദേശം ചെയ്‌തു

Posted On: 20 JUL 2023 1:57PM by PIB Thiruvananthpuram



ന്യൂഡൽഹി :ജൂലൈ 20,2023

ചരിത്രപരമായ നീക്കത്തിൽ രാജ്യസഭാ ചെയർമാൻ ശ്രീ ജഗ്ദീപ് ധൻഖർ നാല് വനിതാ പാർലമെന്റ് അംഗങ്ങളെ  
 ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക്  നാമനിർദ്ദേശം ചെയ്തു.  ശ്രീമതി പി.ടി.ഉഷ, ശ്രീമതി എസ്.ഫാങ്‌നോൺ കൊന്യാക് , ഡോ.ഫൗസിയ ഖാൻ, ശ്രീമതി സുലത ദിയോ എന്നിവരെയാണ് ഉപാധ്യക്ഷന്മാരുടെ  പാനലിലേക്ക് നാമനിർദ്ദേശം ചെയ്തത്.

പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ വനിതാ അംഗങ്ങളും ആദ്യമായി പാർലമെന്റ് അംഗങ്ങൾ ആയവരാണ്  . നാഗാലാൻഡിൽ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ശ്രീമതി എസ് ഫാങ്നോൺ കൊന്യാക്.

വർഷ കാല സമ്മേളനത്തിന് മുമ്പ് പുനസംഘടിപ്പിച്ച പാനലിൽ  ആകെ എട്ട് പേരുകളാണുള്ളത്, അതിൽ  പകുതിയും സ്ത്രീകളാണ്. ഉപരിസഭയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഉപാധ്യക്ഷന്മാരുടെ പാനലിൽ   വനിതാ അംഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകുന്നത്.

മറ്റൊരു ശ്രദ്ധേയമായ സംഭവവികാസത്തിൽ, രാജ്യസഭാ ചെയർ പൂർണ്ണമായും ഡിജിറ്റലായി മാറി. സഭയിലെ ബിസിനസ്സ് നടത്തിപ്പ്, ഹാജർ, സംസാരിക്കുന്ന അംഗങ്ങളുടെ വിശദാംശങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രാജ്യസഭാ ചെയർ ഇലക്ട്രോണിക് ടാബ്ലെറ്റുകൾ ഉപയോഗിക്കും.

മേൽപ്പറഞ്ഞ വനിതാ അംഗങ്ങളെ കൂടാതെ ശ്രീ വി വിജയസായി റെഡ്ഡി, ശ്രീ ഘനശ്യാം തിവാരി, ഡോ എൽ ഹനുമന്തയ്യ, ശ്രീ സുഖേന്ദു ശേഖർ റേ എന്നിവരെയും ഉപാധ്യക്ഷന്മാരുടെ   പാനലിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

 

**********************


(Release ID: 1941003) Visitor Counter : 130