രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ഭൂമി സമ്മാൻ 2023 വിതരണം ചെയ്തു

Posted On: 18 JUL 2023 2:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 18, 2023

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇന്ന് (ജൂലൈ 18, 2023) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു "ഭൂമി സമ്മാൻ " 2023 വിതരണം ചെയ്തു. ഭൂമി രേഖകളുടെ ഡിജിറ്റൽ നവീകരണ പദ്ധതിയുടെ (ഡിഐഎൽആർഎംപി) പ്രധാന ഘടകങ്ങൾ പൂർത്തീകരിക്കുന്നതിൽ മികവ് പുലർത്തിയ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ കളക്ടർമാരും ഉദ്യോഗസ്ഥ സംഘവും അവാർഡുകൾ ഏറ്റുവാങ്ങി.

ഭൂരിഭാഗം ഗ്രാമീണരും ഉപജീവനമാർഗത്തിന് ഭൂവിഭവങ്ങളെ ആശ്രയിക്കുന്നതിനാൽ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ ഒരു സംയോജിത ഭൂമി പരിപാലന സംവിധാനം വളരെ പ്രധാനമാണ്.

ഡിജിറ്റൈസേഷൻ സുതാര്യത വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂരേഖകൾ ഡിജിറ്റലാക്കുന്നതും വിവിധ ഗവൺമെന്റ് വകുപ്പുകളുമായി അവ ബന്ധിപ്പിക്കുന്നതും ക്ഷേമപദ്ധതികൾ കൃത്യമായി നടപ്പാക്കാൻ സഹായിക്കും. ദുരന്തങ്ങൾ മൂലം രേഖകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകും.

ഡിജിറ്റൽ ഇന്ത്യ ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മന്റ് സംവിധാനത്തിന് കീഴിൽ ഒരു പ്രത്യേക ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ നമ്പർ, പുതിയ ക്ഷേമപദ്ധതികൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഭൂമിയുടെ ശരിയായ ഉപയോഗത്തിനും സഹായിക്കുമെന്ന് അവർ പറഞ്ഞു. ഭൂരേഖകളും രജിസ്ട്രേഷൻ ഡാറ്റാ ബേസും ഇ-കോടതികളുമായി ബന്ധിപ്പിക്കുന്നത് നിരവധി പ്രയോജനങ്ങൾ സൃഷ്ടിക്കും. ഡിജിറ്റൈസേഷനിലൂടെ ലഭിക്കുന്ന സുതാര്യത ഭൂമിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയും. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ പദ്ധതിയിലൂടെ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
 
രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/jul/doc2023718224301.pdf


(Release ID: 1940463) Visitor Counter : 112