പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രാൻസ്-യുഎഇ സന്ദർശനത്തിനായി പുറപ്പടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

प्रविष्टि तिथि: 13 JUL 2023 5:53AM by PIB Thiruvananthpuram

"എന്റെ സുഹൃത്തായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ജൂലൈ 13നും 14നും ഔദ്യോഗിക സന്ദർശനത്തിനായി ഞാൻ  ഫ്രാൻസിലേക്കു പോവുകയാണ്.

ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ, അഥവാ പാരീസിലെ ബാസ്റ്റിൽ ദിനാഘോഷത്തിൽ പ്രസിഡന്റ് മാക്രോണിനൊപ്പം വിശിഷ്ടാതിഥിയായി ഞാൻ പങ്കെടുക്കുന്നതിനാൽ ഈ സന്ദർശനം സവിശേഷമാണ്. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘം ബാസ്റ്റിൽ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾ ഈ അവസരത്തിൽ ഫ്ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.

ഈ വർഷം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികമാണ്. ആഴത്തിലുള്ള വിശ്വാസത്തിലും പ്രതിബദ്ധതയിലും വേരൂന്നിയ നമ്മുടെ ഇരു രാജ്യങ്ങളും പ്രതിരോധം, ബഹിരാകാശം, ആണവമേഖല, സമുദ്രസമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അടുത്തു സഹകരിക്കുന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും നാം ഒരുമിച്ചു പ്രവർത്തിക്കുന്നു.

പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താനും കാലത്തെ അതിജീവിക്കുകയും ദീർഘകാലം നിലനിന്നു പോന്നതുമായ ഈ പങ്കാളിത്തം വരുന്ന 25 വർഷത്തേയ്ക്കു മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചു വിപുലമായ ചർച്ചകൾ നടത്താനും ഞാൻ ആഗ്രഹിക്കുന്നു. 2022ൽ ഫ്രാൻസിലേക്കു ഞാൻ നടത്തിയ അവസാന ഔദ്യോഗിക സന്ദർശനത്തിനുശേഷം പ്രസിഡന്റ് മാക്രോണിനെ കാണാൻ എനിക്കു നിരവധി തവണ അവസരം ലഭിച്ചു. ഏറ്റവും ഒടുവിലായി കൂടിക്കാഴ്ച നടത്തിയത് 2023 മെയ് മാസത്തിൽ ജപ്പാനിലെ ഹിരോഷിമയിൽ ജി-7 ഉച്ചകോടിക്കിടെയാണ്.

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത്  ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ദേശീയ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവെറ്റ് എന്നിവരുൾപ്പെടെയുള്ള ഫ്രഞ്ച് നേതൃത്വവുമായുള്ള എന്റെ ആശയവിനിമയങ്ങൾക്കായി ഞാൻ ഉറ്റുനോക്കുകയാണ്.

എന്റെ സന്ദർശനവേളയിൽ ഊർജസ്വലമായ ഇന്ത്യൻ സമൂഹം, ഇരുരാജ്യങ്ങളിലെയും പ്രമുഖ സിഇഒമാർ, ഫ്രാൻസിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ എനിക്ക് അവസരം ലഭിക്കും. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് എന്റെ സന്ദർശനം പുതിയ ഉണർവേകുമെന്ന് എനിക്കുറപ്പുണ്ട്.

പാരീസിൽനിന്ന്, ജൂലൈ 15ന് ഔദ്യോഗിക സന്ദർശനത്തിനായി ഞാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയിലേക്കു പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എന്റെ സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കായും ഞാൻ കാത്തിരിക്കുകയാണ്.

വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധം തുടങ്ങിയ മേഖലകളിൽ നമ്മുടെ ഇരു രാജ്യങ്ങളും പങ്കാളികളാണ്. കഴിഞ്ഞ വർഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഞാനും നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ചുള്ള മാർഗരേഖ അംഗീകരിച്ചു. നമ്മുടെ ബന്ധം എങ്ങനെ കൂടുതൽ ആഴത്തിലാക്കാമെന്ന് അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ വർഷാവസാനം UNFCCC കക്ഷികളുടെ 28-ാം സമ്മേളനത്തിന് (COP-28) യുഎഇ ആതിഥേയത്വം വഹിക്കും. ഊർജ പരിവർത്തനത്തിനായി കാലാവസ്ഥാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്താനും പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടുകൾ കൈമാറാൻ  ഞാൻ ആഗ്രഹിക്കുന്നു.

എന്റെ യുഎഇ സന്ദർശനം നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിൽ പുതിയ അധ്യായത്തിനു തുടക്കമിടുമെന്ന് എനിക്കുറപ്പുണ്ട്."

 

ND


(रिलीज़ आईडी: 1939097) आगंतुक पटल : 201
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada